ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
ആദി കര്‍മയോഗി അഭിയാന്‍: പ്രതികരണാത്മക ഭരണനിര്‍വഹണ പരിപാടി
Posted On:
19 AUG 2025 4:28PM by PIB Thiruvananthpuram
ലോകത്തെ ഏറ്റവും വലിയ ആദിവാസി അടിസ്ഥാന നേതൃത്വ പരിപാടിയായി വിഭാവനം ചെയ്ത ആദി കര്‍മയോഗി അഭിയാന് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം ഔദ്യോഗികമായി തുടക്കം കുറിച്ചു. ഗോത്ര സമൂഹങ്ങളെ ശാക്തീകരിക്കുക, പ്രതികരണാത്മക ഭരണനിര്‍വഹണം ശക്തിപ്പെടുത്തുക, രാജ്യത്തുടനീളം പ്രാദേശിക നേതൃത്വ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ്, സബ്കാ വിശ്വാസ്' എന്ന മാര്‍ഗനിര്‍ദേശക തത്വത്തിലൂന്നി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ദൗത്യം സേവനത്തിനും നിശ്ചയദാര്‍ഢ്യത്തിനും സമര്‍പ്പണത്തിനും ഊന്നല്‍ നല്‍കുന്നു. 2047-ഓടെ വികസിതഭാരതം എന്ന കാഴ്ചപ്പാടിലേക്ക് സംഭാവന നല്‍കുന്ന ഈ സംരംഭം ജന്‍ജാതീയ ഗൗരവ് വര്‍ഷ് പരിപാടിയുടെ സുപ്രധാന ഭാഗമാണ്.
ആദി കര്‍മയോഗി അഭിയാന്റെ ലക്ഷ്യങ്ങള്‍:
ഗ്രാമീണ സാമുദായിക തലങ്ങളില്‍ പ്രതികരണാത്മകവും ജനകേന്ദ്രീകൃതവുമായ ഭരണനിര്‍വഹണം പ്രോത്സാഹിപ്പിക്കുക.
സംസ്ഥാനതലം മുതല്‍ ജില്ലാ - ബ്ലോക്ക് തലങ്ങള്‍ വരെ മുഖ്യ പരിശീലകരുടെ ശേഷി വികസനം ലക്ഷ്യമിട്ട് 2025 ജൂലൈ 10 മുതല്‍ ബഹു-വകുപ്പുതല ഭരണനിര്‍വഹണ ശില്പശാലകളും പ്രായോഗിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുക.
ഗോത്ര സമൂഹങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംയുക്തമായി വിശദ പ്രവര്‍ത്തന പദ്ധതികളും നിക്ഷേപ തന്ത്രങ്ങളും ഉള്‍പ്പെടുത്തി ഒരുലക്ഷം ആദിവാസി ഗ്രാമങ്ങളെന്ന 2030-ലേക്കുള്ള ദര്‍ശനം രൂപീകരിക്കുക.
താഴെത്തട്ടിലെ വികസന സംരംഭങ്ങള്‍ നടപ്പാക്കാന്‍ 550 ജില്ലകളിലും 30 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 20 ലക്ഷം പരിവര്‍ത്തന നായകരുടെ ശൃംഖല കെട്ടിപ്പടുക്കുക.
ദൗത്യ ഫലങ്ങള്‍:
- ആദി സേവാ കേന്ദ്രം: ഗോത്രവിഭാഗങ്ങള്‍ കൂടുതലായി വസിക്കുന്ന എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാമുദായിക അംഗങ്ങളും രണ്ടാഴ്ചയിലൊരിക്കല്‍ 'ആദി സേവാ സമയ്' എന്ന പേരില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ സഹകരിച്ച് പരിഹരിക്കാനും യുവജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ഭരണ സംരംഭങ്ങളെ പിന്തുണയ്ക്കാനും ഒന്നോ രണ്ടോ മണിക്കൂര്‍ സമയം നീക്കിവെയ്ക്കുന്ന നിര്‍ദിഷ്ട സംരംഭം.
- ഭരണനിര്‍വഹണ പ്രായോഗിക ശില്പശാലകള്‍: സംസ്ഥാനം മുതല്‍ ഗ്രാമ തലം വരെ ഘടനാപരമായി സംഘടിപ്പിക്കുന്ന പ്രായോഗിക പരിശീലന പരിപാടിയില്‍ ആദിവാസി വികസന പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിവിധ വകുപ്പുകളെ ഒരുമിച്ചുചേര്‍ക്കുന്നു.
- ഗോത്ര ഗ്രാമ കര്‍മ പദ്ധതി: സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനം ലക്ഷ്യമിട്ട് ദേശീയ - അന്തര്‍ദേശീയ പ്രതിബദ്ധതകള്‍ക്കനുസൃതമായി ഗ്രാമവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗോത്ര ഗ്രാമീണ ദര്‍ശനം 2030 രൂപീകരിക്കും.
- സര്‍ക്കാര്‍ പദ്ധതികളുടെയും ഇടപെടലുകളുടെയും പൂര്‍ത്തീകരണം.
സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിക്കുന്നു
ആദി സഹയോഗി: സമുദായങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരും ഡോക്ടര്‍മാരും പ്രൊഫഷണലുകളും
ആദി സാത്തി: പദ്ധതിനിര്‍വഹണവും പ്രചാരണവും പിന്തുണയ്ക്കുന്ന സ്വയം സഹായ സംഘങ്ങള്‍, എന്‍ആര്‍എല്‍എം അംഗങ്ങള്‍, ആദിവാസി മൂപ്പന്മാര്‍, യുവാക്കള്‍, പ്രാദേശിക നേതാക്കള്‍.
സാമൂഹ്യ നേതൃത്വ പരിശീലനം: ഭരണനിര്‍വഹണം, പ്രശ്നപരിഹാരം, സാമൂഹ്യ സംഘാടനം എന്നിവയില്‍ ഗോത്രവിഭാഗത്തിലെ യുവജനങ്ങള്‍ക്കും വനിതകള്‍ക്കും സാമുദായിക നേതാക്കള്‍ക്കും ശേഷി വികസന പരിപാടികള്‍
പങ്കാളിത്തവും പ്രചാരണവും:
550 ജില്ലകളിലും 30 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 20 ലക്ഷം പരിവര്‍ത്തന നായകരെ അണിനിരത്തി ഒരു ലക്ഷത്തിലധികം ഗോത്രവിഭാഗ ആധിപത്യ ഗ്രാമങ്ങളില്‍ ദൗത്യം നടപ്പാക്കും. മുന്‍നിര സര്‍ക്കാര്‍ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനെ അടിസ്ഥാനമാക്കിയാണ് ദൗത്യം. അവയില്‍ ചിലത്:
ധര്‍ത്തി ആബ ജന്‍ജാതീയ ഗ്രാം ഉത്ക്കര്‍ഷ് അഭിയാന്‍
പ്രധാമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (പിഎം ജന്‍മന്‍)
ദേശീയ അരിവാള്‍ കോശ രോഗ നിര്‍മാര്‍ജന ദൗത്യം
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണവും ജനപങ്കാളിത്തവും സാക്ഷാത്കരിക്കുന്നതിലെ ചരിത്രപരമായ ചുവടുവയ്പ്പാണ് ആദി കര്‍മയോഗി അഭിയാനെന്ന് ഗോത്രകാര്യ മന്ത്രി ശ്രീ. ജുവല്‍ ഓറം പറഞ്ഞു. സേവനം, നിശ്ചയദാര്‍ഢ്യം, സമര്‍പ്പണം എന്നിവ വളര്‍ത്തിയെടുത്തും ആദിവാസി സമൂഹങ്ങളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സഹകരണാത്മക ഇടപെടലിലൂടെയും 2030-ല്‍ ഒരുലക്ഷം ആദിവാസി ഗ്രാമങ്ങള്‍ എന്ന ദര്‍ശനം സഹകരണത്തിലൂടെ സാക്ഷാത്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഗോത്ര നേതൃത്വവും സമഗ്ര വികസനവും ശക്തിപ്പെടുത്തുന്നതിന് ഈ ചരിത്രപരമായ സംരംഭത്തില്‍ സജീവമായി പങ്കെടുക്കാന്‍ ഗോത്ര സമൂഹങ്ങളും യുവജനങ്ങളും സ്വയം സഹായ സംഘങ്ങളും പൊതുസമൂഹവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം എല്ലാ പങ്കാളികളോടും ഗോത്രകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
**********************
(Release ID: 2158146)
Visitor Counter : 10