ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
മാലിന്യരഹിത യാത്രയായി 2025-ലെ അമര്‍നാഥ് യാത്ര
Posted On:
19 AUG 2025 4:21PM by PIB Thiruvananthpuram
2025-ലെ അമര്‍നാഥ് യാത്ര വെറുമൊരു പുണ്യ തീര്‍ത്ഥാടന യാത്രയായിരുന്നില്ല മറിച്ച് ശുചിത്വത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ശക്തമായ ഒരു പ്രസ്ഥാനമായി അത് ഉയര്‍ന്നു.കശ്മീര്‍ ഹിമാലയത്തിലെ 3880 മീറ്റര്‍ ഉയരമുള്ള പുണ്യ ഗുഹയിലേക്ക് 4 ലക്ഷത്തിലധികം ഭക്തര്‍ കഠിനമായ യാത്ര നടത്തുന്നു. മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ യാത്ര ഉറപ്പാക്കുന്നതിന് ശ്രീ അമര്‍നാഥ് ജി ക്ഷേത്ര ബോര്‍ഡ് ജമ്മു കശ്മീര്‍ സര്‍ക്കാരുമായി സഹകരിച്ച് ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനും പ്ലാസ്റ്റിക് രഹിത രീതികള്‍ക്കും ശക്തമായ ഊന്നല്‍ നല്‍കി.സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ 2.0 യുടെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ചുകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് വൃത്തിയുള്ളതും ശുചിത്വമുള്ളതും പ്ലാസ്റ്റിക് രഹിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് സമഗ്രമായ ഒരു കൂട്ടം സംരംഭങ്ങള്‍ നടപ്പിലാക്കി.
ജമ്മു കശ്മീര്‍ ഭവന,നഗരവികസന വകുപ്പിന്റെ വിവരങ്ങള്‍ പ്രകാരം സ്വച്ഛതാ എക്‌സിക്യൂട്ടീവുകള്‍,TULIP ഇന്റേണുകള്‍ എന്നിവരുടേയും വിശ്രമ കേന്ദ്രങ്ങള്‍,ഭക്ഷണശാലകള്‍, യാത്രാ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടേയും സുഗമമായ ഏകോപനത്തിലൂടെയാണ് ഈ സംരംഭം നടപ്പിലാക്കിയത്.ഈ ഉദ്യോഗസ്ഥര്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും,ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരുത്സാഹപ്പെടുത്തുകയും,ശുചിത്വ-ആരോഗ്യ ബോധവത്കരണം വ്യാപിപ്പിക്കുകയും ചെയ്തു.QR കോഡ് സംവിധാനം ഉപയോഗിച്ചുള്ള ശൗചാലയങ്ങളിലൂടെ ശുചിത്വ സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയ പ്രതികരണം ശേഖരിക്കുകയും ശക്തമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും വിപുലമായ ബോധവത്ക്കരണ പ്രചാരണങ്ങളും വഴി ശുചിത്വം പാലിക്കാനും ഉത്തരവാദിത്തത്തോടെ മാലിന്യങ്ങള്‍ നീക്കംചെയ്യാനും തീര്‍ത്ഥാടകരെ പ്രോത്സാഹിപ്പിച്ചു.

ശ്രീ അമര്‍നാഥ് ജി ക്ഷേത്ര ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം യാത്രയ്ക്കിടെ പ്രതിദിനം ഏകദേശം 11.67 മെട്രിക് ടണ്‍ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടായിരുന്നു.ഇതില്‍ 3.67 മെട്രിക് ടണ്‍ വരണ്ട മാലിന്യവും 7.83 മെട്രിക് ടണ്‍ ഈര്‍പ്പമുള്ള മാലിന്യവും ഉള്‍പ്പെടുന്നു.ഇതിലെ 100% മാലിന്യവും ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുന്നു.ജമ്മുവിലെ വിശ്രമ കേന്ദ്രങ്ങള്‍,ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഈര്‍പ്പമുള്ള മാലിന്യങ്ങള്‍ ഒരു ടണ്‍ ശേഷിയുള്ള മൂന്ന് ജൈവ മാലിന്യ കമ്പോസ്റ്ററുകളിലാണ് സംസ്‌കരിച്ചത്. . വരണ്ട മാലിന്യം അടുത്തുള്ള MRF (Material Recovery Facil ity) കേന്ദ്രങ്ങളിലേക്കാണ് അയച്ചത്. ഇതിലൂടെ വേര്‍തിരിക്കപ്പെടാത്തതും സംസ്‌കരിക്കപ്പെടാത്തതുമായ മാലിന്യങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാധിച്ചു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ക്കെതിരായ ധീരമായ ഈ മുന്നേറ്റത്തില്‍ ഭക്ഷണശാലകള്‍ പങ്കാളികളാകുകയും പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു.30 ലധികം കിയോസ്‌കുകള്‍ വഴി 15,000 ത്തിലധികം ചണ,തുണി ബാഗുകള്‍ തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്ത് സുസ്ഥിര വഴികളിലേക്ക് മാറാന്‍ അവരെ പ്രോത്സാഹിപ്പിച്ചു.തീര്‍ത്ഥാടന പാതയിലുടനീളമുള്ള ശുചിത്വ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1600 ലധികം മൊബൈല്‍ ടോയ്ലറ്റുകള്‍ സ്ഥാപിച്ചു.ഓരോന്നും ദിവസവും രണ്ടുതവണ പ്രത്യേക ശുചീകരണ സംഘങ്ങള്‍ ശുചീകരിച്ച് വൃത്തിയാക്കി.QR കോഡുകള്‍ വഴിയുള്ള തത്സമയ ഉപയോക്തൃ പ്രതികരണ സംവിധാനത്തിലൂടെ ലഭിച്ച 20,000 ത്തിലധികം പ്രതികരണങ്ങള്‍ ഉയര്‍ന്ന സേവന നിലവാരവും വേഗത്തിലുള്ള മെച്ചപ്പെടുത്തലുകളും ഉറപ്പാക്കി.യാത്രയ്ക്കിടെ ഉത്പാദിപ്പിക്കപ്പെടുന്ന മലമൂത്ര വിസര്‍ജ്ജനം 39 മാലിന്യ നിര്‍മാര്‍ജന വാഹനങ്ങള്‍ വഴി ശേഖരിച്ച് സമീപത്തുള്ള FSTP (Faecal Sludge Treatment Plant) കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. യാത്രാകാലത്ത് സൃഷ്ടിക്കപ്പെട്ട 100% മലിനജലവും റിസോഴ്സ് റിക്കവറി ഇന്‍ മോഷന്‍ പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായി സംസ്‌കരിച്ചു.

ഹരിത പ്രതിജ്ഞ പ്രചാരണത്തില്‍ 70,000 ത്തിലധികം ഭക്തരുടെ സജീവ പങ്കാളിത്തമുണ്ടാകുകയും ശുചിത്വവും സുസ്ഥിരമായ ജീവിത രീതികളും പിന്തുടരുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്യുകയും ചെയ്തു. പ്രതിജ്ഞാ മതിലുകളും സെല്‍ഫി ബൂത്തുകളും ഉള്‍പ്പെടുത്തുന്നത് മുതല്‍ ശുചിത്വ കിറ്റുകളുടെ വിതരണം വരെ ഈ സംരംഭം വെറും ബോധവത്കരണം എന്നതില്‍ നിന്ന് പ്രവര്‍ത്തിയിലേക്കുള്ള പ്രചോദനമായി മാറി.
***** ***********
(Release ID: 2158118)