പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
വിരമിച്ചവർക്കുള്ള 'ദേശീയ അനുഭവ് പുരസ്‌കാരങ്ങൾ' ഡോ. ജിതേന്ദ്ര സിംഗ് സമ്മാനിച്ചു
Posted On:
19 AUG 2025 3:10PM by PIB Thiruvananthpuram
വിജ്ഞാൻ ഭവനിൽ നടന്ന എട്ടാമത് 'ദേശീയ അനുഭവ് പുരസ്‌കാര' ചടങ്ങിനെയും 57-ാമത് പ്രീ-റിട്ടയർമെന്റ് കൗൺസിലിംഗ് ശില്പശാലയെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വിദ്യ, പ്രധാനമന്ത്രിയുടെ ഓഫീസ്, പൊതുജന പരാതികൾ, പെൻഷൻ, ആണവോർജ്ജം, ബഹിരാകാശ വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ് അഭിസംബോധന ചെയ്തു. വിരമിച്ച സർക്കാർ ജീവനക്കാരുടെ അറിവും അനുഭവപരിചയവും ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞ അദ്ദേഹം വിരമിക്കൽ കാലാവധി പിന്നിട്ടിട്ടും രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാവുന്നവരെന്ന് അവരെ വിശേഷിപ്പിച്ചു.
2015-ൽ ആരംഭിച്ച അനുഭവ് പുരസ്‌കാരങ്ങൾ, വിരമിക്കുന്ന ഉദ്യോഗസ്ഥരെ ആദരിക്കുന്നതിന് മാത്രമല്ല, അവരുടെ രേഖപ്പെടുത്തിയ അനുഭവങ്ങളിലൂടെ ഭരണനിർവഹണത്തിന്റെ ഒരു സ്ഥാപനപരമായ ഓർമ്മ വളർത്തിയെടുക്കുന്നതിനും കൂടിയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. വിരമിച്ചവരിൽ നിന്നുള്ള തുറന്ന അഭിപ്രായങ്ങൾ സുതാര്യത, പൗര കേന്ദ്രീകൃത ഭരണം, മനുഷ്യവിഭവശേഷി നിർവഹണം എന്നിവ മെച്ചപ്പെടുത്തുന്നതിന് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകിയതായി അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്ഥാപനപരമായ പഠനവുമായി സാങ്കേതികവിദ്യയെ സംയോജിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. അനുഭവ് പോർട്ടലിൽ സമർപ്പിക്കുന്ന ഓർമ്മക്കുറിപ്പുകൾ വിശകലനം ചെയ്യുന്നതിനായി കൃത്രിമബുദ്ധി കൂടുതലായി വിന്യസിക്കുമെന്നും ഇത് സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, പരാതി പരിഹാരം തുടങ്ങിയ മേഖലകളിലെ വ്യവസ്ഥാപരമായ വിടവുകൾ തിരിച്ചറിയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മനുഷ്യബുദ്ധിയും കൃത്രിമബുദ്ധിയും ഒരുമിച്ച് നയ പരിഷ്‌കാരങ്ങളെ നയിക്കുന്ന ഒരു ഹൈബ്രിഡ് മാതൃകയിലേക്ക് ഞങ്ങൾ നീങ്ങുകയാണ്,' ഡോ. ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ പുരസ്‌കാരങ്ങൾ ഈ സംരംഭത്തിന്റെ ഒരു ദശാബ്ദത്തെ അടയാളപ്പെടുത്തുന്നു. അനുഭവ് പോർട്ടലിൽ ഇതുവരെ 12,500-ലധികം ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതാദ്യമായി ഒരു പൊതുമേഖലാ ബാങ്കിൽ നിന്നും ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ, 11 മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള പതിനഞ്ച് അവാർഡ് ജേതാക്കളെ ആദരിച്ചു.
2014-ലെ കാശ്മീർ വെള്ളപ്പൊക്കം, 2022- ലെ ഉക്രെയ്ൻ ഒഴിപ്പിക്കൽ എന്നിവയുൾപ്പെടെ നിർണായക സമയങ്ങളിൽ തന്റെ സേവനങ്ങൾ രേഖപ്പെടുത്തിയ, 35 വർഷത്തെ വിശിഷ്ട സർക്കാർ സേവനത്തിനൊടുവിൽ പെൻഷൻ പറ്റി വിരമിക്കുന്ന എം. വെങ്കിടേശൻ, 6.4 ലക്ഷത്തിലധികം ഗ്രാമങ്ങളിലെ ഭൂരേഖകളുടെ ഡിജിറ്റൽ വത്കരണത്തിന് നേതൃത്വം നൽകിയ ഹുകും സിംഗ് മീണ, ബാങ്കിംഗിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, പെൻഷൻ പരിഷ്‌കാരങ്ങൾ, ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പ്രചാരണങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകിയ എസ്.ബി.ഐയിലെ ശാലിനി കാക്കർ, ഗ്രാമീണ സമൂഹങ്ങളിലേക്ക് തപാൽ സമ്പാദ്യ-ഇൻഷുറൻസ് പദ്ധതികൾ വ്യാപിപ്പിച്ച തപാൽ വകുപ്പിലെ ഒ. വിരൂപാക്ഷപ്പ, അസം മുതൽ പുൽവാമ വരെയുള്ള സംവേദനക്ഷമ പ്രവർത്തന മേഖലകളിൽ സേവനമനുഷ്ഠിച്ച സിആർപിഎഫിലെ സാജു പി.കെ. എന്നിവരാണ് 'ദേശീയ അനുഭവ് പുരസ്‌കാര' ജേതാക്കളിൽ പ്രമുഖർ.
ജയ് പ്രകാശ് ശ്രീവാസ്തവ (ബി.എച്ച്.ഇ.എൽ), വിനോദ് പി., ഡോ. സാബു സെബാസ്റ്റ്യൻ (ഡി.ആർ.ഡി.ഒ), ഡോ. ജോളി ധർ (ഐ.എസ്.ആർ.ഒ), സുനിത ചെറോടത്ത് (ടെലികോം), എസ്. മീനാക്ഷി സുന്ദരം, ബാലം സിംഗ് റാവത്ത് (സി.ആർ.പി.എഫ്), വെലാഗ കുമാരി (സി.ഡബ്ല്യു.സി), ഷീല റാണി പൊദ്ദാർ (സി.ആർ.പി.എഫ്), സന്തോഷ് ഗാവ്ലി (ഐടിബിപി) എന്നിവർ ഉൾപ്പെടുന്ന ജൂറി അവാർഡ് ജേതാക്കൾ പ്രതിനിധീകരിക്കുന്ന സേവനങ്ങളുടെ വിശാലമായ ശ്രേണിയെയാണ് പ്രതിഫലിപ്പിക്കുന്നത്..
ചടങ്ങിൽ കേന്ദ്ര പെൻഷൻ മന്ത്രാലയ സെക്രട്ടറി വി. ശ്രീനിവാസ്; സി.ആർ.പി.എഫ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ശ്രീ വിതുൽ കുമാർ; സി.ജി.എച്ച്.എസ് അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ ശ്രീമതി റോളി സിംഗ്, കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ശ്രീ രാജ് കുമാർ അറോറ; പെൻഷൻ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീ ധ്രുബജ്യോതി സെൻഗുപ്ത തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
അവർ ഡോ. ജിതേന്ദ്ര സിങ്ങിനൊപ്പം പുരസ്‌കാര ജേതാക്കളെ ആദരിക്കുകയും ദേശവ്യാപക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 4.0-നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, സ്‌പെഷ്യൽ കാമ്പയിൻ 2.0-ൽ നിന്നുള്ള വിജയഗാഥകളുടെ കോഫി ടേബിൾ ഇ-ബുക്ക് തുടങ്ങിയ പുതിയ സംരംഭങ്ങൾ പുറത്തിറക്കുകയും ചെയ്തു. ഈ വർഷം പുരസ്‌കാര ജേതാക്കളിൽ മൂന്നിലൊന്ന് പേരും സ്ത്രീകളായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് ഭരണനിർവഹണത്തിൽ വനിതാ ഉദ്യോഗസ്ഥരുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
വിരമിക്കൽ തങ്ങളുടെ സേവനത്തിന്റെ അവസാനമായി കണക്കാക്കരുതെന്നും, മറിച്ച് ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായി കണക്കാക്കണമെന്നും ഡോ. ജിതേന്ദ്ര സിംഗ് പുരസ്‌കാര ജേതാക്കളോട് അഭ്യർത്ഥിച്ചു. ഭക്ഷ്യ-കാർഷിക മേഖലയിലെ വിജയകരമായ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മുതിർന്ന പൗരന്മാരിലെ മാതൃകകൾ ഉദ്ധരിച്ച അദ്ദേഹം, വിരമിച്ചവരെ അവരുടെ കഴിവുകൾ സംരംഭകത്വത്തിലേക്കും ഉപദേശക കർത്തവ്യങ്ങളിലേക്കും സാമൂഹിക സേവനത്തിലേക്കും നയിക്കാൻ പ്രോത്സാഹിപ്പിച്ചു.
SKy
*****
(Release ID: 2158017)