വാണിജ്യ വ്യവസായ മന്ത്രാലയം
ജന്‍ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബില്‍ 2025, ലോക്‌സഭയില്‍ അവതരിപ്പിച്ചു
സംരംഭാനുകൂല സാഹചര്യത്തിനുള്ള പരിഷ്‌കരണ കാര്യപരിപാടിയെ ബില്‍ വിപുലീകരിക്കുന്നു.
16 നിയമങ്ങളിലായി 288 വ്യവസ്ഥകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി.
ആദ്യതവണ നിയമലംഘനം നടത്തുന്ന 76 കേസുകളില്‍ ഉപദേശമോ മുന്നറിയിപ്പോ ലഭിക്കും
ചെറിയ പിഴകള്‍ ബില്‍ യുക്തിസഹമാക്കുന്നു, ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിഴ ചുമത്തും
Posted On:
18 AUG 2025 3:44PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ ഇന്ന് ലോക്‌സഭയില്‍ ജന്‍ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബില്‍ 2025 അവതരിപ്പിച്ചു. ഈ ബില്ലിന് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ബില്‍ തിരഞ്ഞെടുത്ത സമിതിയ്ക്ക് വിടണമെന്ന് ബഹുമാനപ്പെട്ട മന്ത്രി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. കമ്മിറ്റിയിലെ അംഗങ്ങളെ ബഹുമാനപ്പെട്ട സ്പീക്കര്‍ തിരഞ്ഞെടുക്കും. അടുത്ത സമ്മേളനത്തിന്റെ ആദ്യ ദിവസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അനേക നിയമങ്ങളിലുടനീളമുള്ള ചെറിയ കുറ്റകൃത്യങ്ങളെ വ്യവസ്ഥാപിതമായി കുറ്റവിമുക്തമാക്കുന്നതിനുള്ള ആദ്യത്തെ ഏകീകൃത നിയമനിര്‍മ്മാണമായ ജന്‍ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമം 2023 ന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ ഉദ്യമം. 2023 ഓഗസ്റ്റ് 11ന് വിജ്ഞാപനം ചെയ്ത 2023 ലെ നിയമം, 19 മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ നിയന്ത്രിക്കുന്ന 42 കേന്ദ്ര നിയമങ്ങളിലെ 183 വ്യവസ്ഥകളെയാണ് ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്.
10 മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ നിയന്ത്രിക്കുന്ന 16 കേന്ദ്ര നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി ഈ പരിഷ്‌കരണ കാര്യപരിപാടിയെ 2025 ലെ ബില്‍ വിപുലീകരിക്കുന്നു. ആകെ 355 വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട് സംരംഭാനുകൂല സാഹചര്യങ്ങള്‍ക്കായി 288 വ്യവസ്ഥകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി, ജീവിത സൗകര്യങ്ങള്‍ സുഗമമാക്കുന്നതിനായി 67 വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ജീവിതസൗകര്യ മെച്ചപ്പെടുത്തലിനായി 1994ലെ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ നിയമം (എന്‍.ഡി.എം.സി നിയമം), 1988ലെ മോട്ടോര്‍ വാഹന നിയമം എന്നിവ പ്രകാരം 67 ഭേദഗതികള്‍ 2025 ലെ ജന്‍ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബില്‍ നിര്‍ദ്ദേശിക്കുന്നു.
ബില്ലിന്റെ പ്രധാന സവിശേഷതകള്‍:
ആദ്യ തവണയുള്ള ലംഘനങ്ങള്‍: 10 നിയമങ്ങള്‍ക്ക് കീഴിലുള്ള 76 കുറ്റകൃത്യങ്ങള്‍ക്ക് ഉപദേശമോ മുന്നറിയിപ്പോ.
ക്രിമിനല്‍ കുറ്റമല്ലാതാക്കല്‍: ചെറിയ, സാങ്കേതിക, നടപടിക്രമ വീഴ്ചകള്‍ക്കുള്ള തടവ് വ്യവസ്ഥകള്‍ക്ക് പകരം പിഴ ചുമത്തലോ മുന്നറിയിപ്പുകളോ നല്‍കും.
പിഴകളുടെ യുക്തിസഹീകരണം: പിഴകള്‍ ആനുപാതികമായി നിശ്ചയിച്ച്, ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ക്രമാനുഗതമായി പിഴകള്‍ ചുമത്തും.
വിധിനിര്‍ണ്ണയ സംവിധാനങ്ങള്‍: നിയുക്ത ഉദ്യോഗസ്ഥര്‍ക്ക് ഭരണപരമായ പ്രക്രിയകളിലൂടെ പിഴ ചുമത്താന്‍ അധികാരം. ഇത് നീതിന്യായ സംവിധാനത്തിന്റെ ചുമതല ഭാരം കുറയ്ക്കുന്നു.
പിഴകളുടെയും ശിക്ഷകളുടെയും പരിഷ്‌കരണം: നിയമനിര്‍മ്മാണ ഭേദഗതികളില്ലാതെ പ്രതിരോധം നിലനിര്‍ത്തുന്നതിന് ഓരോ മൂന്ന് വര്‍ഷത്തിലും 10 ശതമാനം യാന്ത്രിക വര്‍ദ്ധനവ്.
നാല് നിയമങ്ങള്‍ 1953ലെ തേയില നിയമം, 2009 ലെ ലീഗല്‍ മെട്രോളജി നിയമം, 1988ലെ മോട്ടോര്‍ വാഹന നിയമം, 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമം എന്നിവ ജന്‍ വിശ്വാസ് നിയമം 2023 ന്റെ ഭാഗമായിരുന്നു. ഇവ നിലവിലെ ബില്ലിന് കീഴില്‍ കൂടുതല്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കല്‍ നടപടികള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയുടെ നിയന്ത്രണ പരിഷ്‌കരണ പ്രയാണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ജന്‍ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബില്‍ 2025. 'കുറഞ്ഞ സര്‍ക്കാര്‍, കൂടുതല്‍ ഭരണം' എന്നതിനായുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്കും മെച്ചപ്പെട്ട സംരംഭാനുകൂല സാഹചര്യത്തിനും ഇത് ഉത്തേജനം നല്‍കും.
****************
(Release ID: 2157755)