പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
2025-ലെ ദേശീയ അനുഭവ് പുരസ്‌കാരങ്ങൾ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് നാളെ (18.08.2025) സമ്മാനിക്കും
Posted On:
17 AUG 2025 11:38PM by PIB Thiruvananthpuram
വിരമിച്ച ജീവനക്കാരുടെ വ്യക്തിപരമായ ഓർമ്മക്കുറിപ്പുകളിലൂടെ ഇന്ത്യയുടെ ഭരണചരിത്രം രേഖപ്പെടുത്തുന്ന ചുമതല കേന്ദ്ര പെൻഷൻ, പെൻഷനേഴ്സ് ക്ഷേമ വകുപ്പ് ഏറ്റെടുക്കുകയുണ്ടായി. ഇതിനായി, 2015 മാർച്ചിൽ 'അനുഭവ്' എന്ന പേരിൽ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു.
വിരമിക്കുന്ന/വിരമിച്ച ജീവനക്കാർക്ക് തങ്ങളുടേ സേവനകാലയളവിൽ സജീവ ഭാഗഭാക്കായിരുന്ന വിവിധ സർക്കാർ നയങ്ങളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിൽ, മികച്ച രീതികളും നൂതനാശയങ്ങളും ഉൾപ്പെടെ അവർ നൽകിയ സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനുള്ള അവസരം ഇത് നൽകുന്നു. 12,500-ലധികം രചനകൾ പ്രസിദ്ധീകരിച്ചും 78 അനുഭവ് പുരസ്‌കാരങ്ങൾ സമ്മാനിച്ചും പോർട്ടൽ ഈ വർഷം അതിന്റെ പത്താം വാർഷികം ആഘോഷിക്കുന്നു.
ഈ വർഷം, 2025 ലെ ദേശീയ അനുഭവ പുരസ്‌കാര പദ്ധതി പ്രകാരം, 42 മന്ത്രാലയങ്ങൾ/വകുപ്പുകൾ/സംഘടനകൾ എന്നിവയിൽ നിന്നുള്ള രചനകൾ പ്രസിദ്ധീകരിച്ചു. മന്ത്രാലയങ്ങളും വകുപ്പുകളും പ്രസിദ്ധീകരിച്ച ഏകദേശം 1500 രചനകളിൽ നിന്ന് 15 രചനകൾ വിശദമായ സൂക്ഷ്മപരിശോധനയിലൂടെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തു.
11 മന്ത്രാലയങ്ങളിൽ/ വകുപ്പുകളിൽ നിന്നുള്ള 15 പുരസ്‌കാര ജേതാക്കളെ കേന്ദ്ര പേഴ്സണൽ, പൊതുജനപരാതി, പെൻഷൻ മന്ത്രാലയ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആദരിക്കും.
നാല് പുരസ്‌കാരങ്ങളുമായി CRPF-നാണ് ഏറ്റവും കൂടുതൽ പ്രാതിനിധ്യം. രണ്ട് പുരസ്‌കാര ജേതാക്കളുള്ള DRDO-യാണ് തൊട്ടുപിന്നിൽ. ഇതാദ്യമായി, പൊതുമേഖലാ ബാങ്ക് (SBI), കേന്ദ്ര പൊതുമേഖലാ സംരംഭം (BHEL), ഭൂവിഭവ വകുപ്പ്, ജലശക്തി മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാർ വേദിയിൽ സന്നിഹിതരാവും. കൂടാതെ, ഈ വർഷത്തെ മൊത്തം പുരസ്‌കാര ജേതാക്കളിൽ 33 ശതമാനം പേരും സ്ത്രീ ജീവനക്കാരാണെന്നത്, ഭരണനിർവഹണത്തിൽ അവരുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിന്റെയും സംഭാവനയുടെയും സൂചനയാണ്.
കൂടാതെ, ഉടൻ വിരമിക്കാൻ പോകുന്ന 1,200-ലധികം ജീവനക്കാർ പങ്കെടുക്കുന്ന 57-ാമത് വിരമന പൂർവ്വ കൗൺസിലിങ് (Pre-retirement counseling) ശിൽപശാല കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും.
സദ്ഭരണത്തിന്റെ ഭാഗമായി, പെൻഷൻ, പെൻഷനേഴ്സ് ക്ഷേമ വകുപ്പ് വിരമിക്കാനൊരുങ്ങുന്ന ഉദ്യോഗസ്ഥർക്ക് പെൻഷൻസഹിത വിരമിക്കൽ പ്രക്രിയയിൽ സൗകര്യമൊരുക്കുന്നതിന് രാജ്യത്തുടനീളം വിരമന പൂർവ്വ കൗൺസിങ് ശില്പശാലകൾ നടത്തിവരുന്നു. കേന്ദ്ര സർക്കാർ ജോലികളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ പ്രയോജനത്തിനായി നടത്തുന്ന ഈ ശിൽപശാല, പെൻഷൻകാർക്ക് മെച്ചപ്പെട്ട ജീവിതസൗകര്യമൊരുക്കുകയെന്ന ദിശയിലുള്ള വിപ്ലവകരമായ ഒരു ചുവടുവയ്പ്പാണ്.
ഈ ശിൽപശാല വിരമിക്കുന്ന ജീവനക്കാരെ പെൻഷൻ സമയബന്ധിതമായി അടയ്ക്കൽ, ഭവിഷ്യ വഴിയുള്ള നടപടിക്രമങ്ങൾ, പെൻഷൻകാർക്ക് ലഭ്യമായ സിജിഎച്ച്എസ് ആനുകൂല്യങ്ങൾ, CPNGRAMS പോർട്ടൽ വഴിയുള്ള പരാതി പരിഹാരം, അനുഭവ് പോർട്ടൽ, നിക്ഷേപ ഐച്ഛികങ്ങൾ, ആദായനികുതി ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് സജ്ജരാക്കും.
കൂടാതെ, 19 പെൻഷൻ വിതരണ ബാങ്കുകളും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും (ഐ.പി.പി.ബി) പങ്കെടുക്കുന്ന ബാങ്കുകളുടെ ഒരു പ്രദർശനവും സംഘടിപ്പിക്കും. പെൻഷൻകാരുമായി ബന്ധപ്പെട്ട എല്ലാ ബാങ്കിംഗ് സേവനങ്ങളും പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കും. പെൻഷൻ അക്കൗണ്ടുകൾ തുറക്കുന്നതിനും പെൻഷൻ കോർപ്പസ് അവർക്ക് അനുയോജ്യമായ വിവിധ പദ്ധതികളിൽ നിക്ഷേപിക്കുന്നതിനും ബാങ്കുകൾ വിരമിച്ചവർക്ക് മാർഗ്ഗനിർദ്ദേശം നൽകും.
2025 നവംബറിൽ സുഗമമായും തടസ്സരഹിതവുമായ നടത്തിപ്പിനായി, ദേശവ്യാപക DLC പ്രചാരണം 4.0- സംബന്ധിച്ച സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളും ചടങ്ങിൽ പുറത്തിറക്കും. മൊബൈൽ ഫോണുകൾ വഴി ഗൃഹപരിധിയ്ക്കുള്ളിൽ നിന്ന് വാർഷിക ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ കഴിയാവുന്ന തരത്തിൽ പെൻഷൻകാരുടെ ജീവിതം എളുപ്പമാക്കുന്നതിൽ ഈ സംരംഭം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
*****
(Release ID: 2157426)