ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ഹൈദരാബാദിലെ എൻ‌ഐ‌എ‌ബിയിൽ ഇന്ത്യയിലെ ആദ്യ അത്യാധുനിക വളര്‍ത്തുമൃഗ മൂലകോശ ജൈവബാങ്കും ലബോറട്ടറിയും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു

Posted On: 09 AUG 2025 4:20PM by PIB Thiruvananthpuram

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബയോടെക്നോളജിയിൽ (എന്‍ഐഎബി) രാജ്യത്തെ ആദ്യ അത്യാധുനിക വളര്‍ത്തുമൃഗ മൂലകോശ ജൈവബാങ്കും മൂലകോശ ലബോറട്ടറിയും കേന്ദ്ര ശാസ്ത്ര സാങ്കേതിക - ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ സ്വതന്ത്രചുമതല വഹിക്കുന്ന സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ - പൊതുജന പരാതി, പെൻഷന്‍, ആണവോർജ - ബഹിരാകാശ മന്ത്രാലയങ്ങളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു.

 

1.85 കോടി രൂപ ചെലവിൽ 9,300 ചതുരശ്ര അടി വിസ്തൃതിയിൽ സജ്ജീകരിച്ച വളര്‍ത്തുമൃഗ ജൈവബാങ്കിന്റെ അത്യാധുനിക സൗകര്യങ്ങള്‍ കന്നുകാലികളുടെ പുനരുൽപ്പാദന വൈദ്യശാസ്ത്രത്തിലും കോശകേന്ദ്രീകൃത ചികിത്സകളിലും ശ്രദ്ധ കേന്ദ്രീകരിക്കും. മൂലകോശ വളര്‍ത്തുകേന്ദ്രം, ത്രിമാന ജൈവപ്രിന്റർ, ബാക്ടീരിയൽ കൾച്ചർ ലാബ്, അതിശീതീകരിച്ച സംഭരണകേന്ദ്രം, ഓട്ടോക്ലേവ് മുറികള്‍, അത്യാധുനിക വായു നിയന്ത്രണ സംവിധാനങ്ങള്‍, തടസരഹിത വൈദ്യുതി ലഭ്യത എന്നിവയോടെ സജ്ജീകരിച്ച ഈ ലബോറട്ടറി രോഗനിർണ്ണയം, ടിഷ്യു എൻജിനീയറിംഗ്, പ്രത്യുൽപ്പാദന ബയോടെക്നോളജി എന്നിവയിലെ ഗവേഷണങ്ങൾക്ക് മുതൽക്കൂട്ടാകും.

 

ഡിബിടി–ബിഐആര്‍എസിയുടെ കീഴിലെ ദേശീയ ബയോഫാർമ ദൗത്യത്തിന്റെ (എന്‍ബിഎം) പിന്തുണയോടെ വളർത്തുമൃഗങ്ങളുടെ മൂലകോശങ്ങളുടെയും അവയിൽ നിന്ന് ഉരുത്തിരിഞ്ഞ മറ്റ് ഘടകങ്ങളുടെയും ജൈവ ബാങ്കിങിന് സൗകര്യം വികസിപ്പിക്കും.

 

അതിനൂതന ബയോടെക്‌നോളജി ബയോ-ഇ-3 നയത്തിന് രൂപം നൽകി ഈ രംഗത്ത് മുന്നിട്ടുനിൽക്കുന്ന രാജ്യമാകാൻ ഇന്ത്യയെ സഹായിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തെ മന്ത്രി പ്രകീർത്തിച്ചു. 

 

കൂടാതെ മൃഗസംരക്ഷണ രംഗത്തെ ആരോഗ്യപരിപാലനം മെച്ചപ്പെടുത്താനും 'ഏകാരോഗ്യ’ സമീപനത്തിന് പിന്തുണ നൽകാനും രൂപകൽപന ചെയ്ത അഞ്ച് നൂതന മൃഗ രോഗനിർണയ ഉപകരണങ്ങൾ ഡോ. ജിതേന്ദ്ര സിങ് പുറത്തിറക്കി:  

 

ബ്രൂസെല്ലോസിസ് എളുപ്പത്തില്‍ കണ്ടെത്തുന്ന സംവിധാനം: ബ്രൂസെല്ല സ്പീഷീസുകളെ കൃത്യമായും വേഗത്തിലും തിരിച്ചറിയാൻ സഹായിക്കുന്ന എവിടെവെച്ചും ഉപയോഗിക്കാവുന്ന ഡിഐവൈഎ ശേഷിയുള്ള പരിശോധന കിറ്റ്.

 

സ്തനവീക്ക രോഗനിർണയ സാങ്കേതികവിദ്യ: ക്ഷീര കന്നുകാലികളിലെ സബ്ക്ലിനിക്കൽ, ക്ലിനിക്കൽ സ്തനവീക്കം വളര്‍ത്തുകേന്ദ്രത്തില്‍ വെച്ചുതന്നെ ചെലവ് കുറഞ്ഞ രീതിയിൽ കണ്ടെത്തുന്ന പരിശോധന സംവിധാനം. 

 

ആൻ്റിമൈക്രോബിയൽ സെൻസിറ്റിവിറ്റി പരിശോധന ഉപകരണം: ഉത്തരവാദിത്തപൂര്‍ണ ആൻ്റിബയോട്ടിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടുമണിക്കൂറിനകം ഫലം നൽകുന്ന കൊണ്ടുനടക്കാവുന്ന ഉപകരണം.

 

ടോക്സോപ്ലാസ്മോസിസ് രോഗനിര്‍ണയ കിറ്റ് - മൃഗങ്ങളിലെ ടോക്സോപ്ലാസ്മ ഗോണ്ഡി അണുബാധ കണ്ടെത്തുന്ന കൃത്യതയാര്‍ന്നതും സംവേദനക്ഷമവുമായ പരിശോധന.

 

ജപ്പാൻ എൻസെഫലൈറ്റിസ് രോഗനിർണയ കിറ്റ്: മൃഗങ്ങളിലും മനുഷ്യരിലും വിപുലമായ നിരീക്ഷണത്തിന് തദ്ദേശീയമായി വികസിപ്പിച്ച റാപ്പിഡ് സ്ട്രിപ്പ്.

 

ഈ കണ്ടെത്തലുകള്‍ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ജിഡിപി വർധിപ്പിക്കുമെന്നും കന്നുകാലി ഉൽപാദനക്ഷമത മെച്ചപ്പെടുത്തുമെന്നും മൃഗസംരക്ഷണ മേഖലയിൽ ‘നിത്യഹരിത വിപ്ലവത്തിന്’ വഴിയൊരുക്കുമെന്നും മന്ത്രി എടുത്തുപറഞ്ഞു. 

 

ഇന്ത്യയെ ഭാവി സജ്ജമാക്കാന്‍ ഡോ. രാജേഷ് ഗോഖലെയുടെ നേതൃത്വത്തിൽ ബയോടെക്നോളജി വകുപ്പ് മികച്ച സംഭാവന നൽകുന്നതിൽ സന്തോഷമുണ്ടെന്നും ബയോടെക്നോളജി നയിക്കുന്ന അടുത്ത വ്യാവസായിക വിപ്ലവം ഏറ്റെടുക്കുമ്പോൾ നാം ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ഡോ ജിതേന്ദ്രസിങ് പറഞ്ഞു. ഉൽപ്പാദനത്തിൽ നിന്ന് പുനരുജ്ജീവന - ജനിതക പ്രക്രിയകളിലേക്ക് സമ്പദ്‌വ്യവസ്ഥ മാറും. രാജ്യം ഇതിനകം ഈ പരിവർത്തനത്തിന് തുടക്കംകുറിച്ചു കഴിഞ്ഞു. ബയോ-ഇ-3 നയം പോലുള്ള സംരംഭങ്ങളുടെ ദീർഘകാല പ്രസക്തി തിരിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നയരൂപകർത്താക്കളുടെ പിന്തുണ ലഭിക്കുന്ന ഏറ്റവും മികച്ച സമയങ്ങളിലൊന്നാണിതെന്നും മന്ത്രി പറഞ്ഞു.  

 

അനുസന്ധൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ ഫണ്ടിന് (എഎന്‍ആര്‍എഫ്) കീഴിൽ ഈയിടെ പ്രഖ്യാപിച്ച ഒരുലക്ഷം കോടി ആര്‍ഡിഐ ഫണ്ട് സ്വകാര്യ മേഖലയുടെ ഗവേഷണ വികസനത്തിന് പ്രത്യേക ഉത്തേജനം നൽകുമെന്നും ലോകത്തെ നാലാമത് വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഉയർന്ന റാങ്കിലേക്കെത്താന്‍ ഇത് ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബ്രൂസെല്ലോസിസ്, സ്തനവീക്കം, ടോക്സോപ്ലാസ്മോസിസ് തുടങ്ങിയ രോഗങ്ങളെക്കുറിച്ച് കർഷകർക്കിടയിൽ ബോധവല്‍ക്കരണത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞ മന്ത്രി പല കന്നുകാലി ഉടമകളും രോഗനിർണയ - ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് ഇപ്പോഴും അജ്ഞരാണെന്ന് ചൂണ്ടിക്കാട്ടി.

 

പരിപാടിയുടെ ഭാഗമായി കർഷകരുമായി സംവദിച്ച ഡോ ജിതേന്ദ്ര സിങ് കർഷക ക്ഷേമത്തിനും ഗ്രാമീണ അഭിവൃദ്ധിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന മുൻഗണന അടിവരയിട്ടു. കന്നുകാലി ഉടമകൾ അത്യാധുനിക രോഗനിർണയ ഉപകരണങ്ങളും രോഗ പ്രതിരോധ നടപടികളും അവലംബിക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം നേരത്തെ രോഗനിര്‍ണയം നടത്തുന്നതിലൂടെ മൃഗങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനൊപ്പം കാർഷിക വരുമാനം വർധിപ്പിക്കാനുമാകുമെന്ന് വ്യക്തമാക്കി. 

*****************


(Release ID: 2154808)
Read this release in: English , Urdu , Hindi , Tamil , Telugu