രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രതിരോധ ഉത്‌പാദനം എക്കാലത്തേയും ഉയർന്ന നിരക്കായ 1.51 ലക്ഷം കോടി രൂപയായി ഉയർന്നു

Posted On: 09 AUG 2025 10:58AM by PIB Thiruvananthpuram
2024-25 സാമ്പത്തിക വർഷത്തിലെ വാർഷിക പ്രതിരോധ ഉത്‌പാദനം എക്കാലത്തേയും ഉയർന്ന നിരക്കായ 1,50,590 കോടി രൂപയായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തെ 1.27 ലക്ഷം കോടി രൂപയുടെ ഉത്പാദനത്തേക്കാൾ 18 ശതമാനം വളർച്ചയോടെയാണ് ഈ നാഴികക്കല്ല് നേടിയത്. 2019-20 സാമ്പത്തിക വർഷത്തെ 79,071 കോടി രൂപയിൽ നിന്നുള്ള അതിശയിപ്പിക്കുന്ന 90 ശതമാനം വർദ്ധനവും കൈവരിച്ചു.
 
ഈ നാഴികക്കല്ല് കൈവരിച്ചതിൽ പ്രതിരോധ ഉത്‌പാദന വകുപ്പിൻ്റേയും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (DPSUs) പൊതുമേഖലാ നിർമ്മാതാക്കൾ, സ്വകാര്യ വ്യവസായ മേഖല ഉൾപ്പെടെയുള്ള മറ്റെല്ലാ പങ്കാളികളുടേയും കൂട്ടായ ശ്രമങ്ങളെ രക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് അഭിനന്ദിച്ചു. ഇന്ത്യയുടെ പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്തുന്നതിൻ്റെ വ്യക്തമായ സൂചകമാണ് ഈ മുന്നേറ്റമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
 
പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും (DPSUs) മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും ചേർന്ന് മൊത്തം ഉത്‌പാദനത്തിൻ്റെ ഏകദേശം 77 ശതമാനവും സ്വകാര്യ മേഖല 23 ശതമാനവും സംഭാവന ചെയ്തു. സ്വകാര്യമേഖലയുടെ വിഹിതം 2023-24 സാമ്പത്തിക വർഷത്തെ 21 ശതമാനത്തിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 23 ശതമാനമായി ഉയർന്നു. ഇത് രാജ്യത്തെ പ്രതിരോധ ആവാസവ്യവസ്ഥയിലെ ഈ മേഖലയുടെ വളരുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നു.
 
കഴിഞ്ഞ ദശകത്തിൽ നടപ്പിലാക്കിയ ദൂരവ്യാപകമായ നയ പരിഷ്കാരങ്ങൾ, മെച്ചപ്പെടുത്തിയ വ്യവസായ സൗഹൃദ സൗകര്യം, തദ്ദേശീയവത്ക്കരണത്തിലുള്ള തന്ത്രപരമായ ശ്രദ്ധ എന്നിവ കാരണം പൊതു, സ്വകാര്യ മേഖലകൾ സ്ഥിരമായ വാർഷിക വളർച്ച പ്രകടമാക്കിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടേയും (DPSUs) സ്വകാര്യ മേഖലയുടേയും മൊത്തത്തിലുള്ള ഉത്പാദനം യഥാക്രമം 16 ശതമാനവും 28 ശതമാനവുമായി വർദ്ധിച്ചു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ പ്രതിരോധ ഉത്‌പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ വർദ്ധിച്ചുവരുന്ന വേഗതയെയാണ് ഈ റെക്കോർഡ് നേട്ടം അടിവരയിടുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതിന് പുറമേ കയറ്റുമതി സാധ്യതകളെ ശക്തിപ്പെടുത്തുന്ന ഒരു പ്രതിരോധ വ്യവസായ സമുച്ചയം സൃഷ്ടിക്കുകയെന്ന ലക്ഷ്യം മികച്ച ഫലങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
 
2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയർന്നു. ഇത് 2023-24 സാമ്പത്തിക വർഷത്തെ പ്രതിരോധ കയറ്റുമതിയായ 21,083 കോടി രൂപയേക്കാൾ 2,539 കോടി രൂപയുടെ വർദ്ധനവ് അഥവാ 12.04 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു.
 
******

(Release ID: 2154639)