രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഫിലിപ്പീൻസ് പ്രസിഡന്റിന് ആതിഥേയത്വം വഹിച്ച്‌ രാഷ്‌ട്രപതി

ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയം, വിഷൻ മഹാസാഗർ, ഇൻഡോ-പസിഫിക് വിഷൻ എന്നിവയിൽ
ഫിലിപ്പീൻസിനെ ഒരു പ്രധാന പങ്കാളിയായി കരുതുന്നു : രാഷ്‌ട്രപതി ദ്രൗപദി മുർമു

Posted On: 05 AUG 2025 9:33PM by PIB Thiruvananthpuram
ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് റൊമുവൽഡെസ്  മാർക്കോസ് ജൂനിയറിന് രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് 
(2025 ,ആഗസ്റ്റ് 05) രാഷ്‌ട്രപതി ഭവനിൽ ഔപചാരിക സ്വീകരണം നൽകി. അദ്ദേഹത്തോടുള്ള  ബഹുമാനാർഥം രാഷ്‌ട്രപതി വിരുന്ന് നടത്തി.

ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രസിഡന്റ് ഫെർഡിനാൻഡ്  റൊമുവൽഡെസ് മാർക്കോസ് ജൂനിയറിനെ സ്വാഗതം ചെയ്തുകൊണ്ട്,  ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ നാഗരികവും  ചരിത്രപരവുമായ ബന്ധങ്ങൾ , പൊതുവായ മൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായി ഒരു ദീർഘകാല സൗഹൃദം പങ്കുവെക്കുന്നു എന്ന്  രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ സഹകരണത്തിൽ  സുസ്ഥിരമായ ഉന്നതതല ഇടപെടൽ, അഭിവൃദ്ധി പ്രാപിക്കുന്ന  വ്യാപാര വാണിജ്യ വളർച്ച, സമുദ്ര മേഖലയിലടക്കമുള്ള ദൃഡമായ പ്രതിരോധ - സുരക്ഷാ സഹകരണം , വികസന പങ്കാളിത്തം, ആരോഗ്യ-മരുന്ന് നിർമ്മാണ മേഖലയിലെ സഹകരണം, കൃഷി, ഡിജിറ്റൽ സാമ്പത്തിക- സാങ്കേതിക വിദ്യകൾ, സാംസ്‌കാരിക , വിനോദ സഞ്ചാര, വ്യക്തിഗത കൈമാറ്റങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു എന്നതിൽ രാഷ്‌ട്രപതി അതിയായ സന്തോഷം രേഖപ്പെടുത്തി. ഇന്നത്തെ ഉഭയകക്ഷി ബന്ധങ്ങളെ 'തന്ത്രപരമായ പങ്കാളിത്തം' ആയി ഉയർത്തുന്നത് നമ്മുടെ ബഹുമുഖ സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അവർ പറഞ്ഞു.
 

 ഇന്ത്യ-ഫിലിപ്പീൻസ് പങ്കാളിത്തം നമ്മുടെ രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾക്ക് മാത്രമല്ല പ്രയോജനകരമെന്ന് പറഞ്ഞ രാഷ്ട്രപതി,  ഈ മേഖലയിൽ സമാധാനം, സ്ഥിരത , സമൃദ്ധി എന്നിവ ഊട്ടിയുറപ്പിക്കാനും  കാരണമാകും എന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയം, വിഷൻ മഹാസാഗർ, ഇൻഡോ-പസിഫിക് സമീപനം എന്നിവയിൽ ഫിലിപ്പീൻസ്  ഒരു പ്രധാന പങ്കാളിയാണ്. അടുത്ത വർഷം  ആസിയാനിൽ നേതൃസ്ഥാനം വഹിക്കുന്നതിനായി ഫിലിപ്പീൻസിന്  രാഷ്‌ട്രപതി ഭാവുകങ്ങൾ നേർന്നു.

പഹൽഗാമിൽ നടന്ന പൈശാചികമായ ഭീകര ആക്രമണത്തെ ശക്തമായി അപലപിച്ചതിനും, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ നൽകിയതിനും ഫിലിപ്പീൻസ് ഗവണ്മെന്റിന്‌ രാഷ്‌ട്രപതി നന്ദി അറിയിച്ചു.

പ്രാദേശിക വിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തിന് നേരിട്ട് പ്രയോജനപ്രദമാകും വിധം സ്വാധീനം ചെലുത്തുന്ന ദ്രുതഗതിയിലുള്ള പദ്ധതികൾ ഉൾപ്പടെ നടപ്പാക്കുന്നത് വഴി ഫിലിപ്പീൻസുമായുള്ള വികസന സഹകരണം മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു എടുത്തു പറഞ്ഞു.

സമുദ്ര മേഖലയിൽ, പ്രത്യേകിച്ച് മാനുഷിക സഹകരണവും ദുരന്ത നിവാരണവും, തിരച്ചിലും രക്ഷാപ്രവർത്തനവും എന്നിവയിൽ ഇരു രാജ്യങ്ങൾക്കും പൊതുവായ താൽപ്പര്യങ്ങളും ആശങ്കകളുമുണ്ടെന്നും, പങ്കാളികൾ എന്ന നിലയിൽ, ഈ മേഖലകളിൽ നമുക്ക് പരസ്പരം ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നും രാഷ്‌ട്രപതി  ചൂണ്ടിക്കാട്ടി.

നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ഈ സന്ദർശനം ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ കൂടുതൽ ദൃഢമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.
 
******* 

(Release ID: 2152870)