ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പതിനഞ്ചാമത് ദേശീയ അവയവദാന ദിനാചരണച്ചടങ്ങിനെ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ അഭിസംബോധന ചെയ്തു .
Posted On:
02 AUG 2025 5:08PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ, കേന്ദ്ര സർക്കാർ, കൂടുതൽ പൗരന്മാർക്ക് പ്രയോജനം ലഭിക്കുന്നതിനായി അവയവദാനത്തിന്റെയും അവയവം മാറ്റിവയ്ക്കലിന്റെയും പ്രക്രിയ തുടർച്ചയായി കാര്യക്ഷമമാക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ. ഗ്രാമ- നഗരഭേദമന്യേ എല്ലാ സംസ്‌ഥാനങ്ങളിലും മെച്ചപ്പെട്ട രീതിയിൽ അവയവങ്ങളുടെ സമയബന്ധിതവും സുഗമവുമായ കൈമാറ്റം ഉറപ്പാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനം ലഭിച്ച മനുഷ്യവിഭവ ശേഷിയുടെ ലഭ്യതയും ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിൽ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (NOTTO) സംഘടിപ്പിച്ച 15-ാമത് ദേശീയ അവയവദാന ദിനത്തോടനുബന്ധിച്ച് ഇന്ന് ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ സംഘടിപ്പിച്ച ദിനാഘോഷ പരിപാടിയെ കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ അഭിസംബോധന ചെയ്തു .

രാജ്യത്തുടനീളം അവയവ ദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന "അംഗദാൻ - ജീവൻ സഞ്ജീവനി അഭിയാൻ" എന്ന ദേശീയ കാമ്പയിനിന്റെ ഭാഗമായാണ് പതിനഞ്ചാമത് ദേശീയ അവയവദാന ദിനം സംഘടിപ്പിച്ചത് . പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, മിഥ്യാധാരണകൾ ഇല്ലാതാക്കൽ , അവയവ ദാനത്തിന് പ്രതിജ്ഞയെടുക്കാൻ പൗരന്മാരെ പ്രേരിപ്പിക്കൽ എന്നിവയ്ക്ക് ഈ പ്രചാരണ പരിപാടി ഊന്നൽ നൽകി. ജീവൻ സമ്മാനിച്ച നിസ്വാർത്ഥ ദാതാക്കളെയും അവരുടെ കുടുംബങ്ങളെയും ആദരിക്കുകയും അവയവദാനത്തിന്റെ നിർണായക പ്രാധാന്യത്തെക്കുറിച്ചു ബോധവൽക്കരണം വർധിപ്പിക്കുകയുമായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
"ഇന്ന് നഷ്ടത്തിനുമേൽ കാരുണ്യത്തിന്റെയും പ്രതീക്ഷയുടെയും ജീവിതത്തിന്റെ വിജയം ആഘോഷിക്കുന്ന ദിനമാണ്. മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തായ പ്രവൃത്തികളിൽ ഒന്നാണ് അവയവദാനം. വൈദ്യശാസ്ത്രം അവിശ്വസനീയമായ പുരോഗതി കൈവരിച്ച ഈ കാലത്ത് അവയവദാനം മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും ആഴമേറിയ സംഭാവനകളിൽ ഒന്നാണ്". സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ നദ്ദ പറഞ്ഞു.

അവയവദാനത്തിന്റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞ ശ്രീ നദ്ദ, "അവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി. ഇത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുകയും ആരോഗ്യസംരക്ഷണ സംവിധാനത്തിനുമേൽ സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ അവയവമാറ്റത്തിനായി കാത്തിരിക്കുന്നു. അടിയന്തര ആവശ്യം ഉണ്ടായിരുന്നിട്ടും, അവയവമാറ്റത്തിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിനും ലഭ്യമായ ദാതാക്കളുടെ എണ്ണത്തിനും ഇടയിൽ ഗണ്യമായ അന്തരം നിലനിൽക്കുന്നു. ഈ വിടവ് ദാതാക്കളുടെ സന്നദ്ധതയുടെ അഭാവം കൊണ്ടല്ല, മറിച്ച് പലപ്പോഴും മിഥ്യധാരണകളിൽ വേരൂന്നിയ ചിന്തയുടെ ഫലമാണ്. അതിനാൽ അവബോധം പ്രചരിപ്പിക്കാനും ദാതാക്കളെയും അവരുടെ കുടുംബങ്ങളെയും ബഹുമാനിക്കാനും അവസരം നൽകുന്ന സുപ്രധാന ദിനമാണിന്ന് ഇന്ന്". അദ്ദേഹം കൂട്ടിച്ചേർത്തു .

അവയവദാന രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെ ഉയർത്തിക്കാട്ടി ശ്രീ നദ്ദ പറഞ്ഞു, "2023-ൽ ആധാർ അടിസ്ഥാനമാക്കിയുള്ള NOTTO ഓൺലൈൻ പ്രതിജ്ഞാ വെബ്‌സൈറ്റ് ആരംഭിച്ചതിനുശേഷം, 3.30 ലക്ഷത്തിലധികം പൗരന്മാർ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്, ഇത് പൊതുജനപങ്കാളിത്തത്തിലെ ഒരു ചരിത്ര നിമിഷമാണ്. ഈ ലക്ഷ്യത്തിനായുള്ള പൗരന്മാരുടെ വളർന്നുവരുന്ന അവബോധത്തെയും സമർപ്പണത്തെയും പ്രതിഫലിപ്പിക്കുന്നതാണ് പ്രതിജ്ഞാ രജിസ്ട്രേഷനിലെ ഈ കുതിച്ചുചാട്ടം. നമ്മുടെ അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ദ്ധരുടെ അചഞ്ചലമായ സമർപ്പണം കാരണം, 2024-ൽ ഇന്ത്യ 18,900-ലധികം അവയവമാറ്റ ശാസ്ത്രക്രികൾ എന്ന ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടു. ഇത് ഒരു വർഷത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണ്. 2013-ൽ നടത്തിയ 5,000-ൽ താഴെ അവയവ മാറ്റിവയ്ക്കലിൽ നിന്ന് ഇത് ഒരു പ്രധാന കുതിച്ചുചാട്ടമാണ്. മൊത്തം അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്. ഇക്കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ചൈനയുമാണ് ഇന്ത്യക്കു മുന്നിൽ."

അവയവങ്ങളുടെ ആവശ്യകതയും ദാതാക്കളുടെ ലഭ്യതയും തമ്മിലുള്ള അന്തരത്തെക്കുറിച്ചും ശ്രീ നദ്ദ പരാമർശിച്ചു. കൂടുതൽ അവബോധം, കൂടുതൽ പൊതു സംവാദങ്ങൾ, കുടുംബങ്ങളിൽ നിന്നുള്ള സമയോചിതമായ അനുമതി എന്നിവയുടെ ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു . "ഓരോ അവയവ ദാതാവും ഒരു നിശബ്ദ നായകനാണ്. നിസ്വാർത്ഥമായ ആ പ്രവൃത്തി ദുഃഖത്തെ പ്രതീക്ഷയായും നഷ്ടത്തെ ജീവിതങ്ങളായും മാറ്റുന്നു . ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, പാൻക്രിയാസ്, കുടൽ എന്നിവ ദാനം ചെയ്യുന്നതിലൂടെ ഒരാൾക്ക് 8 ജീവൻ വരെ രക്ഷിക്കാൻ കഴിയും. കൂടാതെ, ടിഷ്യു ദാനത്തിലൂടെ എണ്ണമറ്റ ജീവിതങ്ങൾക്ക് മാറ്റം വരുത്താൻ കഴിയും" അദ്ദേഹം പറഞ്ഞു.

ദാതാക്കളുടെ കുടുംബങ്ങളുടെ ധൈര്യത്തിനും അനുകമ്പയ്ക്കും ത്യാഗത്തിനും ശ്രീ നദ്ദ നന്ദി പറഞ്ഞു. "ജീവിതത്തിൽ രണ്ടാമത്തെ അവസരം സാധ്യമാക്കുന്ന അചഞ്ചലമായ സമർപ്പണത്തിന്" ഡോക്ടർമാർ, കോർഡിനേറ്റർമാർ, നഴ്‌സുമാർ, എൻജിഒകൾ, മറ്റ് പങ്കാളികൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. അവയവദാനവും ട്രാൻസ്പ്ലാൻറുകളും വർദ്ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ സംസ്ഥാനങ്ങൾ നടപ്പിലാക്കിയ മികച്ച മാതൃകകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും അദ്ദേഹം നിർദേശിച്ചു. "വസുധൈവ കുടുംബകം അഥവാ ലോകം ഒരു കുടുംബം എന്നതിന്റെ സത്ത പ്രതിഫലിപ്പിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമായി അവയവ ദാനത്തെ മാറ്റാനും " അദ്ദേഹം ആഹ്വാനം ചെയ്തു.
NOTTO യുടെ 2024-2025 ലെ വാർഷിക റിപ്പോർട്ട്, NOTTO യുടെ ഇ-വാർത്താക്കുറിപ്പ്, പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമുള്ള ബോധവൽക്കരണ ലഘുലേഖ, ആയുർവേദത്തിലൂടെയും യോഗയിലൂടെയും അവയവാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള ലഘുലേഖ, അവയവദാനത്തിലും അവയവമാറ്റത്തിലും സംസ്ഥാനങ്ങളുടെ മികച്ച രീതികളെക്കുറിച്ചുള്ള ലഘുലേഖ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു.
********************
(Release ID: 2151881)