തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, 2025 (17-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്)

Posted On: 01 AUG 2025 4:14PM by PIB Thiruvananthpuram
22  ജൂലൈ 2025-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നോട്ടിഫിക്ഷൻ നമ്പർ S.O. 3354(E) പ്രകാരം, ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു.  1952-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷൻ 4 ലെ ഉപവകുപ്പ് (1)ലെയും ഉപവകുപ്പ് (4)ലെയും വ്യവസ്ഥകൾ പ്രകാരം, ഇപ്രകാരം ഉണ്ടായ ഒഴിവ് നികത്തുന്നതിനായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വിളിച്ചുചേർത്ത് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്.

 2.  ഭരണഘടനയുടെ അനുച്ഛേദം 67-ലെ വ്യവസ്ഥകൾ പ്രകാരം, ഉപരാഷ്ട്രപതി സ്ഥാനമേൽക്കുന്ന തീയതി മുതൽ അഞ്ച് വർഷത്തേക്ക് പദവി വഹിക്കുന്നു. അനുച്ഛേദം 68(2)-ലെ വ്യവസ്ഥകൾ അനുസരിച്ച്, മരണം, രാജി, നീക്കം ചെയ്യൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ ഉപരാഷ്ട്രപതിയുടെ സ്ഥാനത്ത് ഒഴിവ് ഉണ്ടാകുന്ന സാഹചര്യത്തിൽ, ആ ഒഴിവ് സംഭവിച്ചുകഴിഞ്ഞു    എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.  ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക്, അനുച്ഛേദം 67-ലെ വ്യവസ്ഥകൾക്ക് വിധേയമായി, അദ്ദേഹം സ്ഥാനമേൽക്കുന്ന തീയതി മുതൽ അഞ്ച് വർഷത്തെ മുഴുവൻ കാലാവധിയും പദവി വഹിക്കാൻ അർഹതയുണ്ടായിരിക്കും.

3. ഭരണഘടനയുടെ അനുഛേദം 324, 1952-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു നിയമം, 1974-ലെരാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ മേല്‍നോട്ടവും നിര്‍ദ്ദേശവും നിയന്ത്രണവും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിൻ പ്രകാരം, 17 -ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ സമയക്രമം  ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കുന്നു.

4. ഭരണഘടനയുടെ അനുഛേദം 66 പ്രകാരം, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിന് അനുസൃതമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജിലെ അംഗങ്ങള്‍ കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ടിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നു.  2022-ലെ, 16-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍, ഇലക്ടറല്‍ കോളേജില്‍ ഇവർ  ഉള്‍പ്പെടുന്നു:

 രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങള്‍ (ഇപ്പോൾ  5 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു)
 രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങള്‍, ഒപ്പം
 ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 543  അംഗങ്ങള്‍.  (ഇപ്പോൾ 1 സീറ്റ് ഒഴിഞ്ഞു കിടക്കുന്നു)

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും ആകെ 788 അംഗങ്ങള്‍ (ഇപ്പോൾ 782 അംഗങ്ങൾ)  ഉള്‍പ്പെടുന്നതാണ് ഇലക്ടറല്‍ കോളേജ്. എല്ലാ ഇലക്ടര്‍മാരും പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളായതിനാല്‍, ഓരോ പാര്‍ലമെന്റ് അംഗത്തിന്റെയും വോട്ടിന്റെ മൂല്യം ഒന്നുതന്നെയായിരിക്കും, അതായത് 1 (ഒന്ന്).

 5 .  ഭരണഘടനയുടെ അനുഛേദം 66 (1) ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിന് അനുസൃതമായി ഒറ്റ കൈമാറ്റം ചെയ്യാവുന്ന വോട്ടിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്നും അത്തരം തിരഞ്ഞെടുപ്പിലെ വോട്ടിംഗ് രഹസ്യ ബാലറ്റിലൂടെയായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.  ഈ സംവിധാനത്തില്‍, സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കെതിരെ വോട്ടര്‍  മുന്‍ഗണനകള്‍ അടയാളപ്പെടുത്തണം. ഇന്ത്യന്‍ അക്കങ്ങളുടെ അന്താരാഷ്ട്ര രൂപത്തിലോ റോമന്‍ രൂപത്തിലോ അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ഇന്ത്യന്‍ ഭാഷകളിലോ മുന്‍ഗണന അടയാളപ്പെടുത്താം. മുന്‍ഗണന അക്കങ്ങളില്‍ മാത്രം അടയാളപ്പെടുത്തണം, വാക്കുകളില്‍ സൂചിപ്പിക്കരുത്. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് തിരഞ്ഞെടുക്കുന്നയാള്‍ക്ക് മുന്‍ഗണനകള്‍ അടയാളപ്പെടുത്താന്‍ കഴിയും. ബാലറ്റ് പേപ്പറിന് സാധുത ലഭിക്കുന്നതിന് ആദ്യ മുന്‍ഗണനയുടെ അടയാളപ്പെടുത്തല്‍ നിര്‍ബന്ധമാണെങ്കിലും, മറ്റ് മുന്‍ഗണനകള്‍ താല്‍പര്യമുണ്ടെങ്കില്‍ രേഖപ്പെടുത്തിയാല്‍ മതി.

 6.  വോട്ട് അടയാളപ്പെടുത്തുന്നതിന്, കമ്മീഷന്‍ പ്രത്യേക പേനകള്‍ നല്‍കും.  ബാലറ്റ് പേപ്പര്‍ നല്‍കുമ്പോള്‍ നിയുക്ത ഉദ്യോഗസ്ഥന്‍ പോളിംഗ് സ്റ്റേഷനിലെ വോട്ടര്‍മാര്‍ക്ക് പേന നല്‍കും. വോട്ടര്‍മാര്‍ ഈ പ്രത്യേക പേന ഉപയോഗിച്ച് മാത്രമേ ബാലറ്റ് അടയാളപ്പെടുത്തേണ്ടതുള്ളൂ. മറ്റേതെങ്കിലും പേന ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് വോട്ടെണ്ണല്‍ സമയത്ത് വോട്ട് അസാധുവാകാന്‍ ഇടയാക്കും.

7.  തിരഞ്ഞെടുപ്പ് കമ്മീഷന്‍, കേന്ദ്ര ഗവണ്‍മെന്റുമായി കൂടിയാലോചിച്ച്, 25 ജൂലൈ 2025ന് പറത്തിറക്കിയ നോട്ടിഫിക്കേഷനിലൂടെ , ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ നിലവിലെ റിട്ടേണിംഗ് ഓഫീസറായി രാജ്യസഭാ സെക്രട്ടറി ജനറലിനെ നിയമിച്ചു. ഇതേ നോട്ടിഫിക്കേഷൻ പ്രകാരം, റിട്ടേണിംഗ് ഓഫീസറെ സഹായിക്കാന്‍ പാര്‍ലമെന്റ് ഹൗസില്‍ (രാജ്യസഭ) 2 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെയും കമ്മീഷൻ നിയമിച്ചിട്ടുണ്ട്.

7.  1974-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ചട്ടം 8 പ്രകാരം, പാര്‍ലമെന്റ് ഹൗസിലാണു വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ്, ആവശ്യമെങ്കില്‍, ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് ഹൗസ് ഒന്നാം നിലയിലെ വസുധ, റൂം നമ്പര്‍ F-101ല്‍ നടക്കും.

8.   തിരഞ്ഞെടുപ്പിന്റെ സമയക്രമം അനുസരിച്ച്, സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ പുറപ്പെടുവിക്കുന്ന ഒരു പൊതു അറിയിപ്പ് വഴി ന്യൂഡല്‍ഹിയിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കണം (ഫോം-1 അനുബന്ധമായി  1974-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു ചട്ടങ്ങളും നിയമവും പ്രകാരം). നോമിനേഷന്‍ (നിര്‍ദിഷ്ട ഫോം 3-ല്‍) രാവിലെ 11.00 മുതല്‍ ഉച്ചകഴിഞ്ഞ് 3.00 വരെ സ്ഥാനാര്‍ത്ഥിക്ക് തന്നെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശകര്‍ക്കോ അല്ലെങ്കില്‍ രണ്ടാമന്‍മാര്‍ക്കോ സമര്‍പ്പിക്കാവുന്നതാണ്. പൊതു അവധി ദിവസങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകില്ല. ഒരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ കുറഞ്ഞത് ഇരുപത് ഇലക്ടര്‍മാരെങ്കിലും നിര്‍ദേശകരായും മറ്റ് ഇരുപത് ഇലക്ടര്‍മാരെങ്കിലും രണ്ടാമന്മാരായും ഉണ്ടാകണം. 1952-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു നിയമത്തിന്റെ വകുപ്പ് 5 ബി (5) പ്രകാരം ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി നിര്‍ദേശകനോ പിന്തുണയ്ക്കുന്നയാളോ ആയി ഓരോരുത്തര്‍ക്കു മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയൂ. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പിനുള്ള നിക്ഷേപത്തുക 15,000/- രൂപയാണ് (പതിനയ്യായിരം രൂപ മാത്രം). അത് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കേണ്ടതുണ്ട്; അല്ലെങ്കില്‍ റിസര്‍വ് ബാങ്കിലോ ഗവണ്‍മെന്റിലോ നിക്ഷേപിക്കണം. നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് മുമ്പായി, അതിനായി ബന്ധപ്പെട്ട അക്കൗണ്ട്‌സ് മേധാവിയുടെ കീഴിലുള്ള ട്രഷറിയില്‍ അടയ്ക്കാവുന്നതാണ്.

10.  1974-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ചട്ടം 40 പ്രകാരം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആവശ്യത്തിനായി, അനുഛേദം 66-ല്‍ പരാമര്‍ശിച്ചിരിക്കുന്ന ഇലക്ടറല്‍ കോളേജിലെ അംഗങ്ങളുടെ ഒരു പട്ടിക കമ്മീഷന്‍ തയ്യാറാക്കുകയും അവരുടെ വിലാസങ്ങള്‍ ശരിയായവിധമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി കമ്മീഷന്‍ പരിപാലിക്കുന്ന ഇലക്ടറല്‍ കോളേജിലെ അംഗങ്ങളുടെ പട്ടിക, നോട്ടിഫിക്കേഷൻ ചെയ്യുന്ന ദിവസം മുതൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെ കൗണ്ടറില്‍ നിന്ന് ഒരു പകര്‍പ്പിന് 100 /- രൂപയ്ക്ക് ലഭ്യമാകും.  

10. മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിക്കും പോളിംഗ് സ്ഥലത്തും വോട്ടെണ്ണലിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തും (കൗണ്ടിംഗ് ഹാള്‍) ഹാജരാകാന്‍ ഒരു പ്രതിനിധിയെ അധികാരപ്പെടുത്താവുന്നതാണ്. ഈ ആവശ്യത്തിനായി പ്രതിനിധികളുടെ അധികാരം സ്ഥാനാര്‍ത്ഥി യഥാസമയം രേഖാമൂലം നല്‍കേണ്ടതാണ്.

11. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയാണെന്ന് ഭരണഘടന വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.  അതിനാല്‍, വോട്ടര്‍മാര്‍ വോട്ടിന്റെ രഹസ്യം സൂക്ഷ്മമായി പാലിക്കണം. ഈ തിരഞ്ഞെടുപ്പില്‍ ഓപ്പണ്‍ വോട്ടിംഗ് ഇല്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ഒരു സാഹചര്യത്തിലും ബാലറ്റ് ആരെയും കാണിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. 1974-ലെ ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന വോട്ടിംഗ് നടപടിക്രമം, വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ വോട്ട് അടയാളപ്പെടുത്തിയ ശേഷം, ഇലക്ടര്‍ ബാലറ്റ് പേപ്പര്‍ മടക്കി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കണമന്നു വ്യവസ്ഥ ചെയ്യുന്നു. വോട്ടിംഗ് നടപടിക്രമങ്ങളുടെ ഏതെങ്കിലും ലംഘനം പ്രിസൈഡിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ റദ്ദാക്കുന്നതിന് ഇടയാക്കും. ഖണ്ഡിക 6-ല്‍ ഇതിനകം സൂചിപ്പിച്ചതുപോലെ, പോളിംഗ് സ്ഥലത്ത് വോട്ടര്‍മാര്‍ക്ക് പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കുന്ന പ്രത്യേക പേന ഉപയോഗിച്ച് മാത്രമേ വോട്ട് അടയാളപ്പെടുത്താന്‍ കഴിയൂ.

13 .  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കാനാവില്ലെന്നും വ്യക്തമാക്കുന്നു. 1952-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിലെ വകുപ്പു 18 പ്രകാരം, സ്ഥാനാര്‍ത്ഥിയോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയോ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 170, 171 എന്നിവയില്‍ നിര്‍വചിച്ചിരിക്കുന്ന 'കൈക്കൂലി' അല്ലെങ്കില്‍ 'അവിഹിത സ്വാധീനം' ചെലുത്തുന്നത് കുറ്റകരമാണ്. ഇക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥിയുടെ സമ്മതം ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് ഒരു തിരഞ്ഞെടുപ്പ് ഹരജിയില്‍ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനുള്ള കാരണങ്ങളില്‍ ഉള്‍പ്പെടുന്നു.

14.  വോട്ടെടുപ്പ് നടത്തുന്നതിനും ബാലറ്റ് പെട്ടികളും മറ്റ് പ്രധാന തിരഞ്ഞെടുപ്പ് സാമഗ്രികളും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്കും വോട്ടെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കും തിരികെ കൊണ്ടുപോകാനും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ റിട്ടേണിംഗ് ഓഫീസറെ സഹായിക്കും.

15 .  സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍, കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പോളിംഗ് സ്ഥലത്ത് അതിന്റെ നിരീക്ഷകരായി നിയമിക്കുന്നു.

16 .  തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാനാണു കമ്മീഷന്‍ ശ്രമിക്കുന്നത്. പരോക്ഷ തിരഞ്ഞെടുപ്പായതിനാല്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബാനറുകളും പോസ്റ്ററുകളും മറ്റും പ്രദര്‍ശിപ്പിക്കുന്ന പരമ്പരാഗത രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും, ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറോട് കേന്ദ്ര ഗവണ്‍മെന്റിന്റെ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പരിസ്ഥിതി സൗഹൃദവും ജീർണിക്കുന്നതുമായ  സാമഗ്രികളുടെ ഉപയോഗം ഉറപ്പാക്കാനും നിരോധിത പ്ലാസ്റ്റിക്‌ സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

17  .  വോട്ടെണ്ണല്‍, ആവശ്യമെങ്കിൽ,  റിട്ടേണിംഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍, റിട്ടേണിംഗ് ഓഫീസര്‍ ഒപ്പുവെച്ച് വിജ്ഞാപനം (1974-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു ചട്ടങ്ങളോട് അനുബന്ധിച്ചിട്ടുള്ള ഫോം 7-ല്‍)  പ്രസിദ്ധീകരിക്കും.

18. 1952 ലെ ര്രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു നിയമത്തിന്റെ വകുപ്പു (4) ന്റെ ഉപവകുപ്പ് (1) അനുസരിച്ച്,  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിന് പ്രോഗ്രാം നിശ്ചയിച്ചിട്ടുണ്ട്.  ഇത് അനുബന്ധം-I-ൽ കൊടുക്കുന്നു.


19.  കഴിഞ്ഞ പതിനാറ്  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളുടെയും ഇപ്പോൾ നടക്കുന്ന  നടന്ന തിരഞ്ഞെടുപ്പിന്റെയും എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന വിവര ലഘുലേഖ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്: പ്രസ്തുത വിവര പുസ്തകത്തിന്റെ പകര്‍പ്പ് ഒന്നിന് 50 രൂപ നിരക്കില്‍ കമ്മീഷന്റെ വില്‍പ്പന കൗണ്ടറില്‍ നിന്ന് ലഭിക്കും.

അനുബന്ധം-I

2025 -ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് (17 -ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്)
 

(i)

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു 

2025 ഓഗസ്റ്റ് 07 (വ്യാഴം)

(ii)

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി

2025 ഓഗസ്റ്റ് 21 (വ്യാഴം)

(iii)

നാമനിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള തീയതി

2025 ഓഗസ്റ്റ് 22 (വെള്ളി)

(iv)

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 

2025 ഓഗസ്റ്റ് 25 (തിങ്കൾ)

(v)

ആവശ്യമെങ്കില്‍ ഒരു വോട്ടെടുപ്പ് നടത്തേണ്ട തീയതി

2025 സെപ്റ്റംബർ 09 (ചൊവ്വ)

(vi)

വോട്ടെടുപ്പിന്റെ സമയം     

രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ

(vii)

ആവശ്യമെങ്കില്‍, എണ്ണുന്ന തീയതി     

 2025 സെപ്റ്റംബർ 09 (ചൊവ്വ)

 

 
******

(Release ID: 2151504)