രാഷ്ട്രപതിയുടെ കാര്യാലയം
കല്യാണിയിലെ എയിംസിന്റെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു
Posted On:
30 JUL 2025 5:37PM by PIB Thiruvananthpuram
കല്യാണിയിലെ എയിംസിന്റെ പ്രഥമ ബിരുദദാന ചടങ്ങിൽ ഇന്ന് (ജൂലൈ 30, 2025) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
സാമൂഹിക ഉത്തരവാദിത്വങ്ങളെക്കുറിച്ച് അവബോധമുള്ള ഡോക്ടർമാർ രാജ്യ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യസമയത്ത് 32 വയസ് മാത്രമായിരുന്ന രാജ്യത്തെ ശരാശരി ആയുർദൈർഘ്യം ഇപ്പോൾ ഇരട്ടിയിലധികം വർദ്ധിച്ച് ഏകദേശം 70 വയസ്സ് ആയിട്ടുണ്ട് . കഴിഞ്ഞ ഏതാനും വർഷങ്ങളായി വാക്സിനേഷൻ മേഖലയിൽ അഭൂത പൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ട്. നിരവധി രോഗങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ടു. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം ഇന്ത്യയെ ട്രാക്കോമ രഹിതമായി പ്രഖ്യാപിച്ചു. എന്നാൽ യുവ ഡോക്ടർമാർക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന നിരവധി വെല്ലുവിളികൾ ഇപ്പോഴും ഉണ്ട്. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിൽ ഗവൺമെന്റിനെക്കാളും മറ്റ് പങ്കാളികളേക്കാളും പ്രധാന ചുമതലയാണ് ഡോക്ടർമാർക്കുള്ളത് എന്നും രാഷ്ട്രപതി പറഞ്ഞു.

"കല്യാണിയിലെ എയിംസിലെ ആദ്യ ബാച്ചായ നിങ്ങൾ ഈ സ്ഥാപനത്തിലെ ഏറ്റവും മുതിർന്ന പൂർവ്വ വിദ്യാർത്ഥികളാണ് "എന്ന് ബിരുദം നേടിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഈ സ്ഥാപനത്തിന്റെ സ്വത്വം സൃഷ്ടിക്കുന്നതിൽ അവർക്ക് ഒരു പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്നും അങ്ങനെ,കല്യാണി എയിംസിന്റെ ഭാവി രൂപകർത്താക്കൾ ഈ യുവ ഡോക്ടർമാരാണെന്നും രാഷ്ട്രപതി പറഞ്ഞു.
വൈദ്യശാസ്ത്ര മേഖലയിൽ എല്ലാ ദിനവും സംഭവിക്കുന്ന പുതിയ മാറ്റങ്ങൾ എടുത്തുപറഞ്ഞ രാഷ്ട്രപതി, ആജീവനാന്ത പഠിതാക്കളായിരിക്കാനും പുതിയ ഗവേഷണങ്ങളെയും മെഡിക്കൽ രീതികളെയും കുറിച്ച് അറിവുള്ളവരായിരിക്കാനും വിദ്യാർത്ഥികളെ ഉപദേശിച്ചു.
കല്യാണി എന്ന ആസൂത്രിത നഗരത്തിന്റെ ശിലാസ്ഥാപനം നടത്തിയത് ഡോ. ബിധാൻ ചന്ദ്ര റോയ് ആണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.ദീർഘകാലം മുഖ്യമന്ത്രിയായിരുന്നപ്പോൾ പോലും ഡോ. ബി.സി. റോയ് രോഗികൾക്ക് സൗജന്യമായി ചികിത്സാ സേവനങ്ങൾ നൽകിയിരുന്നതായി ശ്രീമതി മുർമു പറഞ്ഞു. കല്യാണിയിലെ എയിംസ്,ദേശീയതലത്തിൽ പ്രൗഢമായ സ്ഥാപനമാക്കി മാറ്റാൻ പ്രതിജ്ഞയെടുക്കാൻ അവിടത്തെ വിദ്യാർത്ഥികളോടും അധ്യാപകരോടും അഡ്മിനിസ്ട്രേറ്റർമാരോടും രാഷ്ട്രപതി ആഹ്വാനം ചെയ്തു. ദരിദ്രർക്കും നിരാലംബരായവർക്കും സൗജന്യ വൈദ്യസഹായം നൽകുന്നതിൽ ഡോ. ബി.സി. റോയിയുടെ മാതൃക പിന്തുടരാനും രാഷ്ട്രപതി ആവശ്യപ്പെട്ടു.

സാധാരണക്കാർക്ക് മാതൃകയാകാൻ കഴിയുന്ന ഒരു ജീവിതശൈലി സ്വീകരിക്കാൻ രാഷ്ട്രപതി ഡോക്ടർമാരോട് ആവശ്യപ്പെട്ടു. ജനിതക കാരണങ്ങൾ വ്യത്യസ്തമായേക്കാമെങ്കിലും, ശരിയായ ഭക്ഷണക്രമത്തിന്റെയും ജീവിതശൈലിയുടെയും സഹായത്തോടെ മിക്ക ആരോഗ്യപ്രശ്നങ്ങളും പ്രതിരോധിക്കാനോ പരിഹരിക്കാനോ കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു. ചികിത്സയ്ക്കായി സമീപിക്കുന്ന രോഗികൾക്ക് മരുന്നുകൾക്ക് പുറമേ, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉപദേശങ്ങളും നൽകണം. ഒരു ഡോക്ടർ ഒരു ഉപദേശം നൽകുമ്പോൾ, അത് ജനങ്ങളിൽ കൂടുതൽ സ്വാധീനം സൃഷ്ടിക്കുന്നു. ഡോക്ടർ സ്വയം ഒരു മാതൃക സൃഷ്ടിക്കുമ്പോൾ അത് കൂടുതൽ സ്വാധീനം ഉളവാക്കുന്നതായും രാഷ്ട്രപതി പറഞ്ഞു
******************
(Release ID: 2150434)