രാജ്യരക്ഷാ മന്ത്രാലയം
നിഴൽ യുദ്ധം നടത്തുന്ന പാകിസ്ഥാന് തക്കതായ ശിക്ഷ നൽകുക എന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ പരമമായ രാഷ്ട്രീയ-സൈനിക ലക്ഷ്യം; മികച്ച ആസൂത്രണത്തോടെയുള്ള തന്ത്രങ്ങളും രൂഢമൂലമായ വൈരവുമാണ് പാകിസ്ഥാൻ ഒത്താശയോടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ: രാജ്യരക്ഷാ മന്ത്രി ലോക്സഭയിൽ
Posted On:
28 JUL 2025 5:30PM by PIB Thiruvananthpuram
"അതിർത്തി ലംഘിക്കുകയോ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കുകയോ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങളായിരുന്നില്ലെന്നും, പാകിസ്ഥാൻ പിന്തുണയോടെ വർഷങ്ങളായി പ്രവർത്തിക്കുന്ന ഭീകര കേന്ദ്രങ്ങൾ തകർക്കുകയും, അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുകയും മാത്രമായിരുന്നു ഉദ്ദേശമെന്നും " രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2025 ജൂലൈ 28 ന് ലോക്‌സഭയിൽ പറഞ്ഞു. പാകിസ്ഥാൻ ഒത്താശയോടെയുള്ള ഭീകരതയ്ക്ക് അടിസ്ഥാനം "ക്രമരഹിതമോ യുക്തിരഹിതമോ ആയ പ്രവർത്തനങ്ങൾ" അല്ലെന്നും, മറിച്ച് " മികച്ച ആസൂത്രണത്തോടെയുള്ള തന്ത്രങ്ങളും" "രൂഢമൂലമായ വൈരവും" ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഭീകരവാദത്തിന്റെ രൂപത്തിൽ നിഴൽ യുദ്ധം നടത്തുന്ന പാകിസ്ഥാന് തക്കതായ ശിക്ഷ നൽകുക എന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ പരമമായ രാഷ്ട്രീയ-സൈനിക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ സ്വന്തം സൈനിക ശേഷി മാത്രമല്ല, രാഷ്ട്രീയ ഇച്ഛാശക്തി, ധാർമ്മികത, രാഷ്ട്രീയ വിവേകം എന്നിവയും പ്രകടമാക്കിയെന്ന് രാജ്യരക്ഷാ മന്ത്രി പറഞ്ഞു. രാജ്യത്തിനെതിരെയുള്ള ഏതൊരു ഭീകരാക്രമണത്തിനും ന്യൂഡൽഹി ഖണ്ഡിതവും സുവ്യക്തവുമായ മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. "ഭീകരതയ്ക്ക് അഭയവും പിന്തുണയും നൽകുന്നവരെ വെറുതെ വിടില്ല. ഒരു തരത്തിലുള്ള ആണവ ഭീഷണികൾക്കും ബാഹ്യസമ്മർദ്ദങ്ങൾക്കും ഇന്ത്യ വഴങ്ങില്ല," അദ്ദേഹം വ്യക്തമാക്കി.
2025 ഏപ്രിൽ 22 ന് ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 നിരപരാധികൾ മതത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ മനുഷ്യത്വഹീനമായ പ്രവർത്തനത്തിന്റെ ഏറ്റവും ഹീനമായ ഉദാഹരണമെന്നാണ് ശ്രീ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സഹിഷ്ണുതയുടെ നെല്ലിപ്പലക കണ്ട നടപടിയായിരുന്നു അത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ഉന്നതതല യോഗം വിളിച്ചു ചേർത്ത പ്രധാനമന്ത്രി മോദി വിവേചനാധികാരം, തന്ത്രപരമായ ധാരണ, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ എന്നിവ വിലയിരുത്തി കർശന നടപടി കൈക്കൊള്ളാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയതായും അദ്ദേഹം പറഞ്ഞു.
"2025 മെയ് 06, 07 തീയതികളിൽ ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. അത് കേവലമൊരു സൈനിക നടപടി മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ പരമാധികാരത്തോടും, സ്വത്വത്തോടും, രാജ്യത്തെ ജനങ്ങളോടും ഉള്ള സർക്കാരിന്റെ ഉത്തരവാദിത്തത്തിന്റെയും ഭീകരതയ്‌ക്കെതിരായ നയത്തിന്റെയും ഫലപ്രദവും നിർണ്ണായകവുമായ പ്രകടനമായിരുന്നു. നമ്മുടെ സൈനിക നേതൃത്വം പക്വത മാത്രമല്ല, ഇന്ത്യ പോലെ വളരെ ഉത്തരവാദിത്തമുള്ള ഒരു ശക്തിയിൽ നിന്ന് ലോകം പ്രതീക്ഷിക്കുന്ന തന്ത്രപരമായ വിവേകവും പ്രകടമാക്കി," ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.
എല്ലാ വശങ്ങളും ആഴത്തിൽ പഠിച്ച ശേഷമാണ് സായുധ സേന ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതെന്ന് രാജ്യരക്ഷാ മന്ത്രി എടുത്തുപറഞ്ഞു. “എല്ലാ സാധ്യതകളും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ഭീകരവാദികൾക്കും ഒളിത്താവളങ്ങൾക്കും പരമാവധി നാശനഷ്ടങ്ങൾ വരുത്തുകയും പാകിസ്ഥാനിലെ സാധാരണ പൗരന്മാർക്ക് ഒരു ദോഷവും വരുത്താതിരിക്കുകയും ചെയ്യുക എന്ന മാർഗ്ഗമാണ് നാം സ്വീകരിച്ചത്. ലഭിക്കുന്ന കണക്കുകൾ പ്രകാരം, പാകിസ്ഥാനിലെയും പാക് അധീന കാശ്‍മീരിലെയും ഒമ്പത് ഭീകര അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളിൽ സൈന്യം നടത്തിയ ലക്ഷ്യവേധിയായ ആക്രമണങ്ങളിൽ 100-ലധികം ഭീകരരും, പരിശീലകരും, സഹായികളും, കൂട്ടാളികളും കൊല്ലപ്പെട്ടു. മിക്ക ഭീകരരും പാകിസ്ഥാൻ സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും പരസ്യ പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകളിൽ പെട്ടവരായിരുന്നു. പൂർണ്ണമായും സ്വയം പ്രതിരോധത്തിലൂന്നിയായിരുന്നു നമ്മുടെ നടപടികൾ. അത് പ്രകോപനപരമോ വ്യാപനസ്വഭാവത്തോടു കൂടിയതോ ആയിരുന്നില്ല, ”അദ്ദേഹം പറഞ്ഞു.
2025 മെയ് 10 ന്, ഇന്ത്യൻ വ്യോമസേനാ താവളങ്ങൾ, സൈന്യത്തിന്റെ ആയുധ ഡിപ്പോകൾ, വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇലക്ട്രോണിക് യുദ്ധ സാങ്കേതികവിദ്യകൾക്ക് പുറമേ, മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ, ദീർഘദൂര ആയുധങ്ങൾ എന്നിവ വൻതോതിൽ പ്രയോഗിച്ചതായി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം, ഡ്രോൺ വേധ സംവിധാനം, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ എന്നിവ ആക്രമണങ്ങളെ പൂർണ്ണമായും നിർവീര്യമാക്കിയെന്നും എസ് 400, ആകാശ് മിസൈൽ സംവിധാനം, വ്യോമ വേധ തോക്കുകൾ എന്നിവയുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടെന്നും, അദ്ദേഹം അഭിമാനപൂർവ്വം സഭയെ അറിയിച്ചു.
“പഴുതില്ലാത്തതായിരുന്നു നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ, എല്ലാ ആക്രമണങ്ങളും പരാജയപ്പെട്ടു. ഇന്ത്യൻ ലക്ഷ്യങ്ങളിൽ ഒന്നു പോലും ആക്രമിക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല, പ്രധാനപ്പെട്ട ആസ്തികൾക്കൊന്നും കേടുപാടുകൾ സംഭവിച്ചില്ല,” സൈനികരുടെ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും അഭിനന്ദനമറിയിച്ചുകൊണ്ട് രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി.
ധീരവും അചഞ്ചലവും ഫലപ്രദവുമെന്നാണ് പാകിസ്ഥാന്റെ ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെ രാജ്യരക്ഷാ മന്ത്രി വിശേഷിപ്പിച്ചത്. “ഇന്ത്യൻ വ്യോമസേന പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ, പടിഞ്ഞാറൻ മുന്നണിയിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടു. ദൗത്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കി. നമ്മുടെ പ്രത്യാക്രമണം അതിദ്രുതവും ആനുപാതികമായും കൃത്യവുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
ഭീകരർക്ക് പിന്തുണ നൽകി ഇന്ത്യയെ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നവരെ മാത്രമേ സൈന്യം ലക്ഷ്യമിട്ടിട്ടുള്ളൂവെന്ന് ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. യുദ്ധം ചെയ്യുക എന്നതായിരുന്നില്ല ആത്യന്തിക ലക്ഷ്യം, മറിച്ച് പ്രത്യക്ഷ ബലപ്രയോഗത്തിലൂടെ എതിരാളിയെ അടിയറവ് പറയാൻ നിർബന്ധിക്കുക എന്നതായിരുന്നു,” അദ്ദേഹം പറഞ്ഞു. നടപടിയിൽ ഒരു സൈനികനും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
മെയ് 10 ന് രാവിലെ ഒട്ടേറെ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യൻ വ്യോമസേന കനത്ത പ്രഹരം ഏൽപ്പിച്ചതോടെ പരാജയം സമ്മതിക്കാൻ നിർബന്ധിതരായ പാകിസ്ഥാൻ നടപടികൾ അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തതായി രാജ്യരക്ഷാ മന്ത്രി സഭയെ അറിയിച്ചു. "സൈനിക നടപടി താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ഭാവിയിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ നടപടികൾ പുനരാരംഭിക്കുന്നതിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി ആ വാഗ്ദാനം സ്വീകരിക്കുകയായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ആക്രമണങ്ങൾ, നിയന്ത്രണരേഖയിൽ കരസേനയുടെ ശക്തമായ തിരിച്ചടി, നാവിക ആക്രമണമുണ്ടാകുമെന്ന ഭയം എന്നിവ കീഴടങ്ങാൻ പാകിസ്ഥാനെ നിർബന്ധിതരാക്കി. പാകിസ്ഥാന്റെ ഈ പരാജയം കേവലമായ ഒരു പരാജയമെന്നതിലുപരി, ആ രാജ്യത്തിൻറെ സൈനിക ശക്തിയുടെയും മനോവീര്യത്തിന്റെയും പരാജയമായിരുന്നു," അദ്ദേഹം പറഞ്ഞു.
മെയ് 10 ന് പാകിസ്ഥാൻ DGMO ഇന്ത്യൻ DGMO യുമായി ബന്ധപ്പെടുകയും സൈനിക നടപടികൾ നിർത്തിവയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തുവെന്നും മെയ് 12 ന് രണ്ട് DGMO മാർ തമ്മിലുള്ള ഔപചാരിക ചർച്ചകൾക്ക് ശേഷം ഇരുപക്ഷവും നടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. നടപടികൾ പൂർത്തിയായ ശേഷം, സൈനികരെ കാണാൻ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ച അവസരത്തിൽ അവരുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടെ സൈനികർ അതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല, നമ്മുടെ ദേശീയ സ്വാഭിമാനം സംരക്ഷിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വ്യോമസേന ആകാശമാർഗ്ഗം ആക്രമണമഴിച്ചുവിട്ടപ്പോൾ, കരസേന നിയന്ത്രണ രേഖയിൽ ഉറച്ചുനിന്ന് ഓരോ പ്രകോപനത്തിനും ഉചിതമായ മറുപടി നൽകി. ഇന്ത്യൻ നാവികസേന വടക്കൻ അറബിക്കടലിൽ വിന്യാസം ശക്തിപ്പെടുത്തി. മൂന്നു സൈനിക വിഭാഗങ്ങളുടെയും ഏകോപനത്തിന്റെ തിളക്കമാർന്ന ഉദാഹരണമായിട്ടാണ് രാജ്യരക്ഷാ മന്ത്രി ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ചത്. “കടലിലും കരയിലുമുള്ള അവരുടെ പ്രധാന താവളങ്ങളെല്ലാം ആക്രമിക്കാൻ ശേഷിയുണ്ടെന്ന് മാത്രമല്ല, അതിനായി സർവ്വസജ്ജമാണെന്നും ഇന്ത്യൻ നാവികസേന പാകിസ്ഥാന് വ്യക്തമായ സന്ദേശം നൽകി,” അദ്ദേഹം പറഞ്ഞു.
ബാഹ്യസമ്മർദ്ദം മൂലമാണ് സൈനിക നടപടി നിർത്തിവച്ചതെന്ന വാദങ്ങളെ തള്ളിക്കളഞ്ഞ ശ്രീ രാജ്‌നാഥ് സിംഗ് അത്തരം വാദങ്ങളെ "അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും" എന്ന് വിശേഷിപ്പിച്ചു. രാഷ്ട്രീയ, സൈനിക ലക്ഷ്യങ്ങളെല്ലാം പൂർണ്ണമായി നേടിയതിനാലാണ് ഇന്ത്യ സൈനിക നടപടി നിർത്തിവച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല, നിർത്തിവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം ആവർത്തിച്ചു. "ഹീനമായ പ്രവൃത്തികൾ പാകിസ്ഥാൻ തുടർന്നാൽ, കൂടുതൽ തീവ്രവും നിർണ്ണായകവുമായ നടപടിക്ക് നാം പൂർണ്ണമായും സജ്ജമാണ് ," അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഭീകരതയെ വെച്ചുപൊറുപ്പിക്കില്ലെന്നും, ശക്തമായി തിരിച്ചടിക്കുമെന്നും, എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ പൂർണ്ണമായും ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യരക്ഷാ മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.
പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി സൗഹാർദ്ദപൂർണ്ണവും സഹകരണാത്മകവുമായ ബന്ധങ്ങളാണ് ഇന്ത്യ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ ശ്രീ രാജ്‌നാഥ് സിംഗ്, സമാധാന ശ്രമങ്ങളെ ദൗർബല്യമായി തെറ്റിദ്ധരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. 2016-ൽ സർജിക്കൽ സ്‌ട്രൈക്ക്, 2019-ൽ ബാലകോട്ട് വ്യോമാക്രമണം, 2025-ൽ ഓപ്പറേഷൻ സിന്ദൂർ എന്നിവയിലൂടെ സമാധാനം ഉറപ്പാക്കാൻ സർക്കാർ വേറിട്ട പാത സ്വീകരിച്ചതായും ഭീകരാക്രമണങ്ങളും ചർച്ചകളും ഒരുമിച്ച് പോകില്ലെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. “സംസ്‌കാരസമ്പന്നവും ജനാധിപത്യപരവുമായ മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങൾ തമ്മിൽ മാത്രമേ ചർച്ചകൾ പ്രയോഗികമാകാനിടയുള്ളൂ. ജനാധിപത്യത്തിന്റെ കണിക പോലും അവശേഷിക്കാത്തതും മതഭ്രാന്തും ഭീകരതയും ഇന്ത്യയ്‌ക്കെതിരായ വിദ്വേഷവും മാത്രം നിലനിൽക്കുന്നതുമായ ഒരു രാജ്യവുമായി സംഭാഷണം അസംഭവ്യമാണ്…,” അദ്ദേഹം പറഞ്ഞു.
ആഗോള ഭീകരതയുടെ നഴ്‌സറിയാണ് പാക്കിസ്ഥാനെന്നും ഭീകരതയെ ദേശീയ നയത്തിന്റെ അടിസ്ഥാന പ്രമാണമാക്കി അവർ മാറ്റിയിരിക്കുകയാണെന്നും രാജ്യരക്ഷാ മന്ത്രി സഭയെ അറിയിച്ചു. ഭീകരർക്ക് വേണ്ടി സൈനിക ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത ഔദ്യോഗിക ശവസംസ്കാര ചടങ്ങുകൾ പാകിസ്ഥാൻ സംഘടിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. "അതിർത്തിയിലെ ഇന്ത്യൻ സൈനികരോട് പോരാടാൻ പാകിസ്ഥാന് ധൈര്യമില്ല. അതിനാൽ നിരപരാധികളായ സാധാരണക്കാരെയും കുട്ടികളെയും തീർത്ഥാടകരെയും ഭീകരവാദത്തിന്റെ ഇരകളാക്കുന്നു. അവരുടെ സൈന്യവും ഐഎസ്‌ഐയും നിഴൽ യുദ്ധത്തിനായി ഭീകരതയെ ഉപയോഗിക്കുന്നു. അവർ ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന് സ്വപ്നം കാണുന്നു. ആയിരം മുറിവുകളേൽപ്പിക്കുന്നതിലൂടെ ഇന്ത്യയെ തകർക്കാമെന്ന് സ്വപ്നം കാണുന്നവർ ഇത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യയാണെന്നും ഭീകരവാദത്തിനെതിരെ ഏതറ്റം വരെയും പോകാൻ മടിക്കില്ലെന്ന കാര്യം വിസ്മരിക്കരുതെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ആരുടെയും ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്തിയിട്ടില്ലെന്നും വലിപ്പത്തിലും ശക്തിയിലും ശൗര്യത്തിലും സമൃദ്ധിയിലും ഇന്ത്യയുടെ ഏഴയലത്തുപോലും എത്താൻ സാധ്യതയില്ലാത്ത പാകിസ്ഥാൻ പോലുള്ള ഒരു രാജ്യവുമായി മത്സരിക്കുന്നതിൽ നാം വിശ്വസിക്കുന്നില്ലെന്നും ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. ഭീകരതയ്‌ക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക എന്നതാണ് ഇന്ത്യയുടെ നയമെന്നും ആഗോള ഭീഷണിയായ ഭീകരതയെ പിന്തുണയ്ക്കുന്നതിലാണ് പാകിസ്ഥാനോടുള്ള എതിർപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അതിർത്തി സംഘർഷമല്ലെന്നും, സംസ്ക്കാരവും കാടത്തവും തമ്മിലുള്ള സംഘർഷമാണെന്നും രാജ്യരക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു. “യുദ്ധക്കളത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ സ്വന്തം സൈനികർക്ക് കഴിയില്ലെന്ന് പാകിസ്ഥാൻ നേതൃത്വത്തിന് അറിയാം, അതിനാൽ അവർ ലോകത്തിന് മുന്നിൽ നിരപരാധികളായി അഭിനയിക്കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലോകം മുഴുവൻ പിന്തുടരാൻ ഇഷ്ടപ്പെടുന്ന പരിഷ്കൃത പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ ഭീകരതയെ, ഒരു ഉപകരണമായി പാകിസ്ഥാൻ ഉപയോഗിക്കുന്നു.
അതിർത്തിയിലുടനീളവും പ്രത്യയശാസ്ത്രപരമായും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുകയാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് സഭയെ അറിയിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയവും ഓപ്പറേഷൻ സിന്ദൂറും ആഗോള വേദികളിൽ വിശദീകരിച്ച എല്ലാ പ്രതിനിധികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രത്യയശാസ്ത്രങ്ങളും അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് രാഷ്ട്രത്തോടും സൈനികരോടും സർക്കാരിനോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു എന്ന വസ്തുത അദ്ദേഹം കൃതജ്ഞതാപൂർവ്വം സ്മരിച്ചു.
രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവ കാത്തുസൂക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാരും, സൈന്യവും ജനാധിപത്യ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് സഭയ്ക്കും രാജ്യത്തെ ജനങ്ങൾക്കും രാജ്യരക്ഷാ മന്ത്രി ഉറപ്പ് നൽകി.
SKY
******
(Release ID: 2149622)