ഗ്രാമീണ വികസന മന്ത്രാലയം
ബീമ സഖി യോജന'യ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചരിത്രപരമായ തുടക്കം കുറിച്ചതായി ശ്രീ ശിവരാജ് സിങ് ചൗഹാൻ
Posted On:
26 JUL 2025 4:26PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 'ബീമ സഖി യോജന'യ്ക്ക് ചരിത്രപരമായ തുടക്കം കുറിക്കാന്‍ സാധിച്ചതായി പദ്ധതിയെക്കുറിച്ച് സംസാരിക്കവെ കേന്ദ്ര ഗ്രാമവികസന, കാര്‍ഷിക - കർഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിലേക്ക് ഒരു സുപ്രധാന ചുവടുവയ്പ്പെന്നതിലുപരി രാജ്യത്തെ ഗ്രാമീണ, അർധനഗര മേഖലകള്‍ക്ക് പദ്ധതി സാമ്പത്തിക സുരക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്ത്രീകളെ ഓരോരുത്തരെയും സ്വയംപര്യാപ്തരും സാമ്പത്തികമായി ശക്തരുമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ്' എന്ന കേന്ദ്രസര്‍ക്കാര്‍ ദൗത്യം സാക്ഷാത്കരിക്കാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (LIC) സുപ്രധാന പങ്കാളിത്തത്തിൽ ഏർപ്പെട്ടതായും ശ്രീ ചൗഹാൻ അറിയിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സംരംഭത്തിന് കീഴിൽ രാജ്യത്തുടനീളം സ്വയം സഹായ സംഘങ്ങളിലെ പരിശീലനം നേടിയ സ്ത്രീകളെ ഗ്രാമപഞ്ചായത്ത് തലത്തിൽ 'ബീമ സഖി'മാരായി നിയമിക്കും.
സ്ത്രീ സംരംഭകത്വത്തിന്റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും ശക്തമായ വേദിയാണ് 'ബീമ സഖി യോജന'. പ്രധാനമന്ത്രി മോദി മുന്നോട്ടുവച്ച 'ആത്മനിർഭർ ഭാരത്' എന്ന ദർശനത്തിന്റെ സാക്ഷാത്ക്കാരത്തിന് രാജ്യം കൈക്കൊള്ളുന്ന പ്രതിബദ്ധതയെ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്നും ശ്രീ ചൗഹാൻ പറഞ്ഞു.
ഗ്രാമീണ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുയാണ് പദ്ധതി ലക്ഷ്യമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'ബീമ സഖി'കളായി മാറുന്നതിലൂടെ സംരംഭകത്വത്തിനും വരുമാനത്തിനും പുതിയ അവസരങ്ങൾ കൈവരിക്കുന്ന സ്ത്രീകൾ അഞ്ചാമത് സുസ്ഥിര വികസനലക്ഷ്യമായ ലിംഗസമത്വത്തിന്റെയും ലാഖ്പതി ദീദി ദൗത്യത്തിന്റെയും ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നു. ഓഗസ്റ്റ് 15 -ഓടെ രാജ്യത്തെ ലാഖ്പതി ദീദികളുടെ എണ്ണം 2 കോടി (20 ദശലക്ഷം) എത്തുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലവസര സൃഷ്ടിയിലൂടെയും വനിതാ തൊഴിലാളികളുടെ പങ്കാളിത്തത്തിലൂടെയും 'ബീമ സഖി' പദ്ധതി പ്രാദേശിക തലത്തിൽ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും തൊഴിലുകളിൽ പുതിയ അധ്യായം ചേർക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ ഇൻഷുറൻസ് സംവിധാനത്തില്‍ ‘ബീമ സഖി’കൾ ഇൻഷുറൻസ് പദ്ധതികളുടെ ലഭ്യത വിപുലീകരിക്കുന്നതിനൊപ്പം വിശ്വസ്ത സേവനങ്ങൾ അവസാന തലം വരെ എത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന സർക്കാർ മുൻഗണനകളുമായി ചേര്‍ന്നുനില്‍ക്കുന്ന ഈ സംരംഭം ജൻ-ധൻ സേ ജൻ സുരക്ഷ, ഡിജിറ്റൽ ഇന്ത്യ, വനിതാ നൈപുണ്യ വികസനം തുടങ്ങിയ പദ്ധതികളെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തങ്ങളില്‍നിന്നുള്ള സംരക്ഷണത്തിന് സംഭാവന നൽകുന്ന ഈ പദ്ധതി ദുരന്തബാധിത മേഖലകളിലെ ഗ്രാമീണ കുടുംബങ്ങൾക്ക് സാമ്പത്തിക കവചമായി നിലകൊള്ളുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ബീമ സഖി’മാർ കേവലം ഇൻഷുറൻസ് ഏജന്റുമാരല്ലെന്നും മറിച്ച് സാമൂഹ്യ മാറ്റത്തിന്റെ വഴികാട്ടികളാണെന്നും മന്ത്രി പറഞ്ഞു. ഓരോ ഗ്രാമത്തിലേക്കും അവർ സാമ്പത്തിക സുരക്ഷയുടെ ദീപം വഹിക്കുന്നതിന്റെ ഫലമായി ഗ്രാമങ്ങൾ സാമ്പത്തിക ശക്തിയാര്‍ജിക്കുകയും സ്ത്രീകൾ കൂടുതൽ സ്വാശ്രയത്വം നേടുകയും ചെയ്യുന്നുവെന്ന് ശ്രീ ചൗഹാൻ പറഞ്ഞു.
ഈ ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാനും 'ബീമ സഖി യോജന' എല്ലാ ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും എത്തിക്കുന്നതില്‍ സഹായിക്കാനും സംസ്ഥാനങ്ങളോടും സഹസംഘടനകളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
‘ബീമ സഖി യോജന' ഒരു പരിവർത്തന പ്രസ്ഥാനമാണ്. പദ്ധതിയുടെ പിന്തുണയോടെ പ്രതിരോധാത്മകവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുരക്ഷിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ശക്തമായ സംഭാവന നല്‍കാന്‍ നമുക്കാവും. ഈ സംരംഭം രാജ്യത്തെ ഗ്രാമങ്ങളിലെ അമ്മമാരുടെയും സഹോദരിമാരുടെയും സാമ്പത്തിക സുരക്ഷയ്ക്കും സമഗ്ര വികസനത്തിനും പുതിയ ഊര്‍ജം പകരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
**************
(Release ID: 2148905)
Read this release in:
English
,
Bengali-TR
,
Kannada
,
Marathi
,
Manipuri
,
Assamese
,
Tamil
,
Urdu
,
Hindi
,
Gujarati
,
Odia