രാജ്യരക്ഷാ മന്ത്രാലയം
കാർഗിൽ വിജയ് ദിവസ്: 1999-ൽ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ സൈനികരുടെ അജയ്യമായ ധൈര്യത്തിനും ത്യാഗത്തിനും മുന്നിൽ രാഷ്ട്രം ശ്രദ്ധാഞ്ജലി അർപ്പിച്ചു
ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ രക്ഷാമന്ത്രി പുഷ്പചക്രം അർപ്പിച്ചു; രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിൽ ധീരസൈനികർ പ്രകടിപ്പിച്ച ധൈര്യത്തിനും മനക്കരുത്തിനും ദൃഢനിശ്ചയത്തിനും അഭിവാദ്യം അർപ്പിച്ചു
കാർഗിൽ യുദ്ധത്തിലെ പരമോന്നത ത്യാഗം നമ്മുടെ സായുധ സേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ കാലാതീതമായ ഓർമ്മപ്പെടുത്തലാണ്: ശ്രീ രാജ്‌നാഥ് സിംഗ്
ദ്രാസിൽ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രിയും രക്ഷാ രാജ്യ മന്ത്രിയും കാർഗിൽ വിജയ് ദിവസ് പദയാത്രയ്ക്ക് നേതൃത്വം നൽകി; 1,000 യുവാക്കളും സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ സായുധ സേനാംഗങ്ങളും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളും പദയാത്രയിൽ പങ്കെടുത്തു
Posted On:
26 JUL 2025 1:32PM by PIB Thiruvananthpuram
1999-ലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26-ന് ആഘോഷിക്കുന്ന കാർഗിൽ വിജയ് ദിവസിൽ, മാതൃരാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സായുധ സേനയിലെ ധീരജവാന്മാർക്ക് രാജ്യം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഈ ദിനത്തിന്റെ സ്മരണാർത്ഥം , വീരമൃത്യു വരിച്ച ധീരജവാന്മാർക്കു രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2025 ജൂലൈ 26-ന് ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ (National War Memorial) പുഷ്പചക്രം സമർപ്പിച്ചുകൊണ്ട് ശ്രദ്ധാഞ്ജലിയേകി.
സന്ദർശക പുസ്തകത്തിലെ സന്ദേശത്തിൽ, ധീരജവാന്മാർക്ക് രക്ഷാ മന്ത്രി രാഷ്ട്രത്തിനുവേണ്ടി ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തി. കാർഗിൽ വിജയം, ഭാവി തലമുറകൾക്ക് എന്നും ധീരതയുടെ ഒരു അതുല്യ ഉദാഹരണമായി നിലകൊള്ളുമെന്ന് അദ്ദേഹം കുറിച്ചു. ധീര സൈനികരുടെ ത്യാഗത്തിന്റെ ജീവിക്കുന്ന പ്രതീകമായി ദേശീയ യുദ്ധ സ്മാരകത്തെ അദ്ദേഹം വിശേഷിപ്പിച്ചു.
ഏറ്റവും ദുർഘടമായ ഭൂപ്രദേശങ്ങളിൽ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ധീരജവാന്മാർ പ്രകടിപ്പിച്ച അനിതരസാധാരണമായ ധൈര്യം, മനക്കരുത്ത്, ദൃഢനിശ്ചയം എന്നിവയെക്കുറിച്ച് സമൂഹമാധ്യമായ എക്‌സിൽ ശ്രീ രാജ്‌നാഥ് സിംഗ് അനുസ്മരിച്ചു . "കാർഗിൽ യുദ്ധത്തിൽ അവർ വരിച്ച പരമത്യാഗം നമ്മുടെ സായുധ സേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ കാലാതീതമായ ഓർമ്മപ്പെടുത്തലാണ്. അവരുടെ സേവനത്തിന് രാജ്യം എന്നും അവരോട് കടപ്പെട്ടിരിക്കും," അദ്ദേഹം പറഞ്ഞു.
കാർഗിലിലെ ദ്രാസിൽ, യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ, മേരാ യുവ ഭാരത് 'കാർഗിൽ വിജയ് ദിവസ് പദയാത്ര' സംഘടിപ്പിച്ചു. കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, രക്ഷാ രാജ്യ മന്ത്രി ശ്രീ സഞ്ജയ് സേത്ത് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി. ആയിരത്തിലധികം യുവാക്കൾ, സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ സായുധ സേനാംഗങ്ങൾ, വീരമൃത്യു വരിച്ച വീരന്മാരുടെ കുടുംബങ്ങൾ, പൗര പ്രമുഖർ എന്നിവർ പദയാത്രയിൽ പങ്കെടുത്തു . ദ്രാസിലെ ഹിമാബാസ് പബ്ലിക് ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച് 1.5 കിലോമീറ്റർ ദൂരം പിന്നിട്ട പദയാത്ര ഭീംബെത്തിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു.
പിന്നീട്, 100 യുവ സന്നദ്ധപ്രവർത്തകരോടൊപ്പം രണ്ട് മന്ത്രിമാരും കാർഗിൽ യുദ്ധ സ്മാരകത്തിലെത്തി. 1999 ലെ യുദ്ധത്തിൽ ജീവത്യാഗം വരിച്ച സൈനികർക്ക് രക്ഷാ രാജ്യ മന്ത്രി പുഷ്പചക്രം സമർപ്പിച്ചുകൊണ്ട് ശ്രദ്ധാഞ്ജലിയേകി.
വീര സൈനികരുടെ ധീരതയുടെയും ത്യാഗത്തിന്റെയും കഥകൾ ഭാവി തലമുറകൾക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് രക്ഷാ രാജ്യ മന്ത്രി സമൂഹമാധ്യമമായ എക്സിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ധീര സൈനികരുടെ ത്യാഗം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ദേശസ്‌നേഹത്തിന്റെ ജ്വാല എന്നും കെടാതെ സൂക്ഷിക്കും "അദ്ദേഹം പറഞ്ഞു.
വീരമൃത്യു വരിച്ച ധീര സൈനികർക്ക് ശ്രദ്ധാഞ്ജലിയേകി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കാർഗിൽ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ്, കരസേനാ ഉപ മേധാവി ലെഫ്റ്റനന്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണി എന്നിവരും ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് കൊണ്ട് ധീര ജവാന്മാരോടുള്ള ആദരം പ്രകടിപ്പിച്ചു.
സായുധ സേനയിലെ എല്ലാ റാങ്കുകളിലുള്ള സൈനികർക്കും വിമുക്തഭടന്മാർക്കും, അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേർന്നുകൊണ്ട് പ്രതിരോധ മേധാവി ഇങ്ങനെ പറഞ്ഞു: “കാർഗിൽ വിജയ് ദിവസം,നമ്മുടെ രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കാൻ നിർഭയമായി പോരാടിയ ധീര സൈനികരുടെ സമാനതകളില്ലാത്ത ധീരത, ദൃഢനിശ്ചയം, ദേശസ്‌നേഹം എന്നിവ ഓരോ ഇന്ത്യക്കാരനെയും ഓർമ്മിപ്പിക്കുന്നു. അതുപോലെ പാകിസ്ഥാന്റെ വഞ്ചനയുടെ കയ്പേറിയ സത്യവും ഈ ദിനം ഓർമ്മപ്പെടുത്തുന്നു … നമ്മുടെ എതിരാളികൾ നമ്മുടെ ദൃഢനിശ്ചയം പരീക്ഷിക്കുന്നത് തുടരും. എന്നാൽ കാർഗിലിന്റെ പാരമ്പര്യം - ഒരുമയും തയ്യാറെടുപ്പും അചഞ്ചലമായ ധൈര്യവും - ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. ശത്രുവിന്റെ വഞ്ചനയ്ക്കും ആക്രമണത്തിനും മേൽ എപ്പോഴും വിജയം നേടുമെന്ന് ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു…”.

ദേശീയ യുദ്ധ സ്മാരകത്തിലെ സന്ദർശക പുസ്തകത്തിൽ കുറിച്ച സന്ദേശത്തിൽ, വീരമൃത്യു വരിച്ച ധീരജവാന്മാരുടെ അജയ്യമായ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും സംയുക്ത സേന മേധാവി അഭിവാദ്യം ചെയ്തു. സമർപ്പണത്തിനും, ദൃഢനിശ്ചയത്തിനും, രാഷ്ട്രത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്കുംസേവനമനുഷ്ഠിക്കുന്ന സൈനികരെയും, വിമുക്തഭടന്മാരെയും , വീര നാരിമാരെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
ധീര സൈനികർ കെട്ടിപ്പടുത്ത പൈതൃകം- 'സ്വയം എന്നതിനുപരിയായി സേവനം ' എന്നത് - രാഷ്ട്രസേവനത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യമായി നിലകൊള്ളുന്നുവെന്ന് നാവിക സേനാ മേധാവി പറഞ്ഞു. "നമ്മുടെ രാജ്യത്തെ ഭാവി പൗരന്മാർക്ക് മാത്രമല്ല, പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കാൻ സന്നദ്ധമായവർക്കും- 'കടമ-അഭിമാനം -ധൈര്യം എന്നിവയോടെ രാജ്യത്തിനായി സേവനം അർപ്പിക്കാൻ നിങ്ങളുടെ ഈ ത്യാഗം പ്രചോദനത്തിന്റെ ദീപസ്തംഭമായി നിലകൊള്ളും" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഗിൽ വിജയ് ദിവസ് ഇന്ത്യൻ സൈന്യത്തിന്റെ അജയ്യമായ ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണെന്ന് കരസേനാ മേധാവി വിശേഷിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
ദേശീയ ബോധത്തിന്റെയും കൃതജ്ഞതയുടെയും ഒരു പവിത്രമായ പ്രതീകമായാണ് വ്യോമസേനാ മേധാവി, ദേശീയ യുദ്ധ സ്മാരകത്തെ വിശേഷിപ്പിച്ചത്.വീരമൃത്യു വരിച്ച യോദ്ധാക്കളുടെ പൈതൃകം അനശ്വരമാണെന്നും അത് ഇന്ത്യൻ സായുധ സേനയിലെ എല്ലാ ശ്രേണിയിൽ പെട്ട സൈനികരെയും നിരന്തരം പ്രചോദിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനായി വ്യോമസേന സദാ പ്രതിജ്ഞാബദ്ധമാണെന്നും ധീരയോദ്ധാക്കൾ പ്രകടിപ്പിച്ച ധൈര്യം, ആദരം, ഉത്തരവാദിത്വം എന്നിവയുടെ അഭിമാനകരമായ പൈതൃകം ഉയർത്തിപ്പിടിക്കാൻ ഇന്ത്യൻ വ്യോമസേന സമർപ്പിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഗിൽ വിജയ് ദിവസ് സായുധ സേനാ ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും ത്യാഗത്തെയും അനുസ്മരിപ്പിക്കുന്നതായി ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, പ്രതിരോധ സെക്രട്ടറി പറഞ്ഞു. വീരമൃത്യു വരിച്ച യോദ്ധാക്കളുടെ അദമ്യമായ ധൈര്യം ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശീയ യുദ്ധ സ്മാരകത്തിലൂടെ അനശ്വരമായി നിലനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ധീരയോദ്ധാക്കളുടെ നിസ്വാർത്ഥ സേവനം രാഷ്ട്രത്തിന്റെ സ്മരണയിൽ എക്കാലവും നിലനിൽക്കുമെന്നും, നമ്മുടെ സായുധ സേനയുടെ മഹത്തായ പൈതൃകം ഉയർത്തിപ്പിടിക്കാൻ ഭാവി തലമുറകളെ പ്രചോദിപ്പിക്കുമെന്നും കരസേനാ ഉപമേധാവി പറഞ്ഞു. “സമാനമായ ധീരതയോടെയും സമർപ്പണത്തോടെയും രാഷ്ട്രത്തെ സേവിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
****
(Release ID: 2148884)