വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള രണ്ടാം ഘട്ട ചർച്ചകൾ ന്യൂഡൽഹിയിൽ സമാപിച്ചു

2025 സെപ്റ്റംബറിൽ മൂന്നാം ഘട്ട ചർച്ചകൾ ന്യൂസിലാൻഡിൽ നടത്താൻ തീരുമാനിച്ചു

Posted On: 25 JUL 2025 6:42PM by PIB Thiruvananthpuram
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) രണ്ടാം ഘട്ട ചർച്ചകൾ ഇന്ന് ന്യൂഡൽഹിയിൽ വിജയകരമായി സമാപിച്ചു. ഉഭയകക്ഷി വ്യാപാര, സാമ്പത്തിക പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുക എന്ന പൊതു ലക്ഷ്യത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഈ ചർച്ചകൾ സഹായിച്ചു .
 
2025 മാർച്ചിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്റെ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവെച്ച മാർഗ്ഗനിർദ്ദേശവും പ്രതിജ്ഞാബദ്ധതയും ഈ നടപടികൾക്ക് ഉത്തേജനം നൽകുന്നു . 2025 മാർച്ച് 16 ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര, നിക്ഷേപ മന്ത്രി ശ്രീ ടോഡ് മക്ലേയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് എഫ്‌ടി‌എ യ്ക്ക് തുടക്കം കുറിച്ചത്
 
2025 മെയിൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ഘട്ട ചർച്ചകളുടെ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട്  2025 ജൂലൈ 14 മുതൽ 25 വരെ രണ്ടാം ഘട്ട ചർച്ചകൾ നടന്നു. ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപം, നിർമ്മാണ സ്ഥലവുമായി ബന്ധപ്പെട്ട നിയമങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങളും വ്യാപാരത്തിനുള്ള സൗകര്യങ്ങളും , വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ, സാനിറ്ററി, ഫൈറ്റോസാനിറ്ററി നടപടികൾ, സാമ്പത്തിക സഹകരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ ഘട്ടത്തിലെ ചർച്ചകൾ ഗണ്യമായ പുരോഗതി കൈവരിച്ചു. കരാറിന്റെ വിവിധ ഉള്ളടക്കങ്ങളിൽ സംയോജനം കൈവരിക്കുന്നതിനുള്ള പരസ്പര താൽപ്പര്യം ചർച്ചകളിൽ പ്രതിഫലിച്ചു. സന്തുലിതവും സമഗ്രവും ഭാവിയ്ക്ക് അനുയോജ്യവുമായ ഒരു കരാർ രൂപപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
 
മൂന്നാം ഘട്ട ചർച്ചകൾ 2025 സെപ്റ്റംബറിൽ ന്യൂസിലൻഡിൽ നടത്താൻ തീരുമാനിച്ചു. രണ്ടാം ഘട്ട ചർച്ചകളിൽ കൈവരിച്ച പുരോഗതിയുടെ പാത നിലനിർത്തുന്നതിന് വിവിധ സെഷനുകളിലായി വെർച്വൽ യോഗങ്ങൾ നടത്താൻ തീരുമാനിച്ചു.
 
ന്യൂസിലൻഡുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2024-25 സാമ്പത്തിക വർഷത്തിൽ 1.3 ബില്യൺ യുഎസ് ഡോളറിലെത്തി. മുൻ സാമ്പത്തിക വർഷത്തേക്കാൾ 48.6% വളർച്ചയാണ് രേഖപ്പെടുത്തിയത്.ഇത് സാമ്പത്തിക പങ്കാളിത്തത്തിന്റെ വളരുന്ന സാധ്യതയെ സൂചിപ്പിക്കുന്നു. വ്യാപാരം വർദ്ധിപ്പിക്കുന്നതിനും, നിക്ഷേപ ബന്ധങ്ങളെ പിന്തുണയ്ക്കുന്നതിനും, വിതരണ ശൃംഖലയിലെ പുനരുജീവന ശേഷി പ്രോത്സാഹിപ്പിക്കുന്നതിനും, ഇരു രാജ്യങ്ങളിലെയും ബിസിനസ് സംരംഭങ്ങൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും എഫ്‌ടി‌എ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
*****

(Release ID: 2148706)