വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
IICT - യുടെ ആദ്യ ക്യാമ്പസ് മുംബൈ NFDC സമുച്ചയത്തില്‍ തുറന്നു
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേര്‍ന്ന് ഐഐസിടി ലോഗോയും വേവ്സ് ഫലങ്ങള്‍ സംബന്ധിച്ച റിപ്പോർട്ടും പുറത്തിറക്കി
Posted On:
18 JUL 2025 4:28PM by PIB Thiruvananthpuram
'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി' (IICT) യുടെ ഭരണനിര്‍വഹണ സമുച്ചയവും ക്ലാസ് മുറികളും ഉൾപ്പെടുന്ന ആദ്യ ക്യാമ്പസ് ഇന്ന് രാവിലെ മുംബൈ NFDC കോംപ്ലക്സില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, റെയിൽവേ, ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവും മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് NFDC-ദേശീയ ചലച്ചിത്ര മ്യൂസിയത്തിലെ ഗുൽഷൻ മഹലിൽ സജ്ജീകരിച്ച 2025 -ലെ വേവ്സ് ഭാരത് പവലിയനും ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ് 2025) ആദ്യ പതിപ്പിന്റെ ഫലങ്ങള്‍ സംബന്ധിച്ച റിപ്പോർട്ടും ചടങ്ങിൽ പുറത്തിറക്കി. മഹാരാഷ്ട്ര സാംസ്കാരിക, ഐടി മന്ത്രി ശ്രീ ആശിഷ് ഷെലാർ, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ശ്രീ രാജേഷ് സിങ് മീണ, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഐഐസിടി ലോഗോ പ്രകാശനം ചെയ്ത ചടങ്ങില്‍ പതിനേഴ് കോഴ്‌സുകള്‍ക്കും ഔപചാരികമായി തുടക്കം കുറിച്ചു.
മഹാരാഷ്ട്ര ഫിലിം സ്റ്റേജ് & കൾച്ചറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേന പ്രസാർ ഭാരതിയും മഹാരാഷ്ട്ര സർക്കാരും തമ്മില്‍ ധാരണാപത്രവും ചടങ്ങില്‍ ഒപ്പുവെച്ചു. രാജ്യത്തെ ചലച്ചിത്ര-ടെലിവിഷൻ മേഖലയിലെ സർഗാത്മകതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മാധ്യമ മേഖലയിൽ നൂതനാശയങ്ങളും നൈപുണ്യ വികസനവും അന്താരാഷ്ട്ര മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്നതിന് സംയോജിത ചലച്ചിത്ര - ടെലിവിഷൻ മാധ്യമകേന്ദ്രം വികസിപ്പിക്കാന്‍ ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കും.



ഇന്ത്യയുടെ വിനോദ തലസ്ഥാനമായ മുംബൈയിൽ വേവ്സിന്റെ ആദ്യ പതിപ്പ് സംഘടിപ്പിച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഫഡ്‌നാവിസ് കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞു. വേവ്സിന്റെ ആദ്യ പതിപ്പ് ഈ വർഷം മെയ് 1 മുതൽ 4 വരെ മുംബൈയിലാണ് നടന്നത്. സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ രാജ്യത്ത് ആഗോള പരിപാടി നടത്തുകയെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസൃതമായി കേന്ദ്രത്തിന്റെയും മഹാരാഷ്ട്ര സർക്കാരിന്റെയും സംയുക്ത ശ്രമത്തിലൂടെയാണ് 'വേവ്സ്' വിജയകരമായി സംഘടിപ്പിച്ചതെന്ന് ശ്രീ ഫഡ്‌നാവിസ് പറഞ്ഞു. വേവ്സ് ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്നും പരിപാടിയുടെ ആഗോള പ്രതിധ്വനിയ്ക്ക് നാം സാക്ഷ്യംവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയിൽ പുതിയ ചുവടുവെയ്പ്പിന് തുടക്കം കുറിച്ചിരിക്കുകയാണ് വേവ്സ്. ഈ സംരംഭത്തിനും സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഉത്തേജനം നൽകുന്നതിന് 150 കോടി രൂപ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ഫിലിം സിറ്റിയിൽ വരാനിരിക്കുന്ന IICT ക്യാമ്പസ് ലോകോത്തര വിദ്യാഭ്യാസ സ്ഥാപനത്തിലുപരി ലോകമെങ്ങും ജനങ്ങളെ ആകർഷിക്കുന്ന വാസ്തുവിദ്യാ - സാംസ്കാരിക നാഴികക്കല്ലായി ഉയർന്നുവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 2025 -ലെ വേവ്സില്‍ ഏറെ പ്രശംസിക്കപ്പെട്ട ഭാരത് പവലിയൻ എന്‍എംഐസിയിലെ ഗുൽഷൻ മഹലിലേക്ക് മാറ്റിസ്ഥാപിച്ചതോടെ ഇത് മുംബൈ വിനോദസഞ്ചാര ഭൂപടത്തിലെ പുതിയ സാംസ്കാരിക കേന്ദ്രമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. വേവ്സിനിടെ പ്രഖ്യാപിച്ച് തുടക്കത്തിൽ 42 കമ്പനികളുമായി ഏകദേശം 93,000 കോടി രൂപയുടെ കൂട്ടായ മൂല്യമാര്‍ജിച്ച വേവ്സ് സൂചിക ചുരുങ്ങിയ സമയത്തിനകം ഒരു ലക്ഷം കോടി രൂപ കടന്നതായും അദ്ദേഹം അറിയിച്ചു. ഈ വളര്‍ച്ച സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ വളർച്ചയെയും അപാര സാധ്യതയെയും വ്യക്തമായി പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സര്‍ഗ സാങ്കേതിക രംഗത്ത് ഐഐടികളുടെയും ഐഐഎമ്മുകളുടെയും തലത്തിലുള്ള ഒരു സ്ഥാപനമായിരുന്നു പ്രധാനമന്ത്രി മോദിയുടെ സ്വപ്നമെന്നും IICT യാഥാര്‍ത്ഥ്യമാകുന്നത് ഈ രംഗത്തെ നാഴികക്കല്ലാണെന്നും ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവര്‍ക്ക് പുതിയ നൈപുണ്യവും പരിശീലനവും ഉപകരണങ്ങളും നൽകേണ്ടതും മികച്ച ആഗോള രീതികൾ ഇന്ത്യയിലെത്തിക്കേണ്ടതും പ്രധാനമാണ്. എങ്കില്‍ മാത്രമേ പുതിയ സര്‍ഗവളര്‍ച്ചാ കേന്ദ്രങ്ങളും നൂതനാശയങ്ങളും നവ സാങ്കേതികവിദ്യകളും രാജ്യത്തിന് സ്വന്തമാകൂവെന്നും ശ്രീ വൈഷ്ണവ് പറഞ്ഞു. ചുരുങ്ങിയ സമയത്തിനകം ആദ്യ ഐഐസിടി കാമ്പസ് ആരംഭിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മഹാരാഷ്ട്ര സർക്കാർ ഫിലിം സിറ്റിയിൽ നൽകുന്ന ഭൂമിയിൽ സൗന്ദര്യാത്മകവും പ്രകൃതി സൗഹൃദവുമായാണ് അടുത്ത കാമ്പസ് നിർമിക്കുന്നത്. ഐഐസിടി-യ്ക്ക് 400 കോടി രൂപ ബജറ്റ് അനുവദിച്ചതായും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പറഞ്ഞു. വിഎഫ്എക്സ്, പോസ്റ്റ്-പ്രൊഡക്ഷൻ, എക്സ്ആർ, ഗെയിമിംഗ്, ആനിമേഷൻ എന്നിവയിൽ സമ്പൂര്‍ണ അതിനൂതന വ്യാവസായികാനുയോജ്യ കോഴ്സുകള്‍ ഐഐസിടിയിൽ ലഭ്യമാകുമെന്നും ശ്രീ വൈഷ്ണവ് അറിയിച്ചു. വ്യാവസായിക-അക്കാദമിക സംയോജനത്തിന്റെ ഭാഗമായി ഗൂഗ്ൾ, മെറ്റ, എൻവിഡിയ, മൈക്രോസോഫ്റ്റ്, ആപ്പിൾ, അഡോബ്, ഡബ്ല്യുപിപി തുടങ്ങിയ കമ്പനികളുമായി ഐഐസിടി ഔപചാരിക പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആദ്യ ബാച്ചിൽ 300 വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും എവിജിസി-എക്സ്ആർ മേഖലകളിലെ വിദഗ്ധര്‍ക്കും പരിശീലകർക്കും വിപുലമായ പരിശീലനം നൽകുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര നിർമാതാവും ഐഎഫ്എഫ്ഐ ചലച്ചിത്രമേള ഡയറക്ടറുമായ ശ്രീ ശേഖർ കപൂർ, പ്രശസ്ത ഗാനരചയിതാവും സിബിഎഫ്സി അധ്യക്ഷനുമായ ശ്രീ പ്രസൂൺ ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
IICT - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയെക്കുറിച്ച്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (ഐഐസിടി) ആഗസ്റ്റില്‍ ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് പ്രവേശനം നല്‍കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ, സർഗാത്മക സമ്പദ്‌വ്യവസ്ഥ ഒരു പരിവർത്തനാത്മക കുതിച്ചുചാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ്. എവിജിസി-എക്സ്ആര്‍ (ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലകളിലെ മികച്ച വ്യാവസായികാധിഷ്ഠിത കോഴ്സുകള്‍ കേന്ദ്രത്തില്‍ ലഭ്യമാകും. വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക:

ഭാരത് പവലിയൻ
ഇന്ത്യയുടെ കാലാതീത കഥാഖ്യാന പാരമ്പര്യത്തിന്റെയും ആഗോള ഉള്ളടക്ക നിര്‍മാണത്തില്‍ ഭാവി അധിഷ്ഠിത ചലനാത്മക കുതിപ്പിന്റെയും ആഘോഷവുമായി മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 2025 -ലെ ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ്) കേന്ദ്രബിന്ദുവായി ഭാരത് പവലിയൻ മാറി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ പവലിയൻ രാജ്യത്തിന്റെ സാംസ്കാരിക ആത്മാവിന്റെയും പാരമ്പര്യ കലകളില്‍നിന്ന് ആധുനിക ഡിജിറ്റല്‍ കോഡുകളിലേക്ക് നാം കൈവരിച്ച പരിവർത്തനത്തിന്റെയും ശ്രദ്ധാഞ്ജലിയായി നിലകൊള്ളുന്നു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആശയാവിഷ്കാരം നിര്‍വഹിച്ച ഭാരത് പവലിയൻ സർഗാത്മക അതിശക്തിയായി മാറാന്‍ രാജ്യം പ്രകടിപ്പിക്കുന്ന അഭിലാഷത്തിന്റെ പ്രതീകമാണ്. വ്യത്യസ്ത പ്രമേയാധിഷ്ഠിത മേഖലകളില്‍ ക്രമീകരിച്ച പ്രദർശനം ആഴമേറിയ അനുഭവം പകരുന്നതിനൊപ്പം ഉള്ളടക്കം, സർഗാത്മകത, സംസ്കാരം എന്നിവയാൽ ഊർജസ്വലമായ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കൈക്കൊള്ളുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക:

എൻഎഫ്ഡിസിയുടെ ദേശീയ ചലച്ചിത്ര മ്യൂസിയത്തിലെ ഗുൽഷൻ മഹലില്‍ സജ്ജീകരിച്ച ഭാരത് പവലിയൻ
2025 -ലെ വേവ്സ് ഫലങ്ങള്‍ സംബന്ധിച്ച റിപ്പോർട്ടുകൾ
വേവ്സ് ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട് നൂതനാശയങ്ങള്‍, നടപ്പാക്കല്‍, ആഗോള ഇടപെടൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവിധ സുപ്രധാന റിപ്പോർട്ടുകളുടെയും സംരംഭങ്ങളുടെയും ഔപചാരിക പ്രകാശനത്തില്‍ ചിലത്:
സിനിമ, ടെലിവിഷൻ, ആനിമേഷൻ, ഗെയിമിംഗ്, ഇമ്മേഴ്‌സീവ് മീഡിയ, തത്സമയ പരിപാടികള്‍, സംഗീതം, ഡിജിറ്റൽ ഉള്ളടക്കം എന്നിവയുൾപ്പെടെ ഇന്ത്യയുടെ മാധ്യമ-വിനോദ മേഖലയുടെ അസാധാരണ ചലനാത്മകതയും വൈവിധ്യവും ഈ പ്രസിദ്ധീകരണങ്ങൾ എടുത്തുകാണിക്കുന്നു.
വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
*****
(Release ID: 2145927)
Visitor Counter : 3