ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

10 ലക്ഷം പൗരന്മാർക്ക് സൗജന്യ എഐ പരിശീലനം: ഗ്രാമീണ സംരംഭകർക്ക് മുൻഗണന

എഐ പരിശീലനവും ഐആര്‍സിടിസി സേവനങ്ങളും സംസ്ഥാനതല സംയോജനവും സിഎസ്‍സി ശൃംഖലയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്

Posted On: 16 JUL 2025 7:23PM by PIB Thiruvananthpuram

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ പത്തുവര്‍ഷം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലെ പൊതുസേവന കേന്ദ്രം ഇ-ഗവേണന്‍സ് സര്‍വീസ് ഇന്ത്യ ലിമിറ്റഡ് (സിഎസ്‍സി എസ്പിവി)  ഡൽഹി ദ്വാരകയിലെ യശോഭൂമി കൺവെൻഷൻ കേന്ദ്രത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തുടനീളം പരിവർത്തനാത്മക ഡിജിറ്റൽ ശാക്തീകരണത്തിന്റെ  ദശാബ്ദം അടയാളപ്പെടുത്തുന്നതായിരുന്നു പ്രൗഢഗംഭീരമായ ആഘോഷം.

കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്,  സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

മുഖ്യാതിഥിയായി പങ്കെടുത്ത ശ്രീ അശ്വിനി വൈഷ്ണവ്  പരിപാടി ഉദ്ഘാടനം ചെയ്തു.  രാജ്യത്തുടനീളം ഗ്രാമീണ സംരംഭകരായ സഹോദരീ സഹോദരന്മാർ ഡിജിറ്റൽ ഇന്ത്യയുടെ നേട്ടങ്ങൾ ഓരോ പൗരനിലേക്കുമെത്തിച്ച്  ശ്രദ്ധേയ മാതൃക സൃഷ്ടിച്ചുവെന്ന് അദ്ദേഹം അഭിസംബോധനയില്‍ പറഞ്ഞു.  ഒരു ചായക്കടക്കാരനോ പച്ചക്കറി വിൽപ്പനക്കാരനോ ഡിജിറ്റൽ പണമിടപാടുകള്‍ എങ്ങനെ ഉപയോഗിക്കുമെന്ന് ചോദ്യമുന്നയിച്ച ലോകത്തിന് മുന്നില്‍  ഇന്ന് നാം ആ സ്വപ്നം സാക്ഷാത്കരിച്ചിക്കുകയാണ്.  യുപിഐ പണമിടപാടുകള്‍ വിസ ഇടപാടുകളെ മറികടന്നിരിക്കുന്നു.  1.4 ബില്യൺ ഇന്ത്യക്കാരുടെ കരുത്താണിതെന്നും അദ്ദേഹം പറഞ്ഞു.  

രാജ്യത്തെ ഏകദേശം 90% ഗ്രാമങ്ങളിലും സി‌എസ്‌സി യാഥാര്‍ത്ഥ്യമായത് എടുത്തുപറഞ്ഞ അദ്ദേഹം  എല്ലാ ഗ്രാമങ്ങളിലും എത്തിച്ചേരാനാവുന്ന  ഒരു മാധ്യമമുണ്ടെങ്കിൽ അത് സി‌എസ്‌സി മാത്രമാണെന്നും വ്യക്തമാക്കി.  


ഗ്രാമീണ സംരംഭകരായ  മയൂർഭഞ്ച് ജില്ലയിലെ മഞ്ജുളതയുടെയും മേഘാലയയിലെ  റോസ് ആഞ്ചലീനയുടെയും പ്രചോദനാത്മക കഥകൾ ശ്രീ വൈഷ്ണവ് ഉദാഹരിച്ചു.  വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ഡിജിറ്റൽ നൈപുണ്യം നേടി സ്വന്തം  സമൂഹത്തെ ശാക്തീകരിച്ചവരാണ് ഇരുവരും.  


മേഘാലയയിലെ കിഴക്കുപടിഞ്ഞാറന്‍ ഖാസി മലയോരമേഖലയിലെ മനോഹരമായ കുന്നുകളുടെയും വിദൂര ഗ്രാമങ്ങളുടെയും പശ്ചാത്തലത്തില്‍ ഗ്രാമീണ വനിതാസംരംഭക റോസ് ആഞ്ചലീന എം. ഖാർസിന്റിയു ഒരു ഡിജിറ്റൽ വിപ്ലവത്തിന് തിരക്കഥയെഴുതിയതായി കേന്ദ്രമന്ത്രി പറഞ്ഞു.  മെയ്രങ് മേഖലയിലെ തന്റെ കേന്ദ്രത്തിലൂടെ അവർ സേവനത്തിനൊപ്പം പരിവർത്തനത്തിന്റെയും   ശാക്തീകരണത്തിന്റെയും  സാമൂഹ്യസെവനത്തിന്റെയും മാതൃക സൃഷ്ടിക്കുന്നതായും  അദ്ദേഹം കൂട്ടിച്ചേർത്തു.

‌താഴെപ്പറയുന്ന ചില സുപ്രധാന പ്രഖ്യാപനങ്ങളും ചടങ്ങില്‍ കേന്ദ്രമന്ത്രി നടത്തി:
 

  • ഗ്രാമീണ സംരംഭകര്‍ക്ക് മുൻഗണനയോടെ 10 ലക്ഷം പേര്‍ക്ക് സൗജന്യ എഐ പരിശീലനം.
  • ഐആർസിടിസി സേവനങ്ങൾ നൽകാൻ  എല്ലാ ഗ്രാമീണ സംരംഭകര്‍ക്കും ആഹ്വാനം.
  • സംസ്ഥാന ഐടി ഏജൻസികളെ സിഎസ്‍സി-എസ്പിവിയുമായി സംയോജിപ്പിക്കാന്‍ മുഖ്യമന്ത്രിമാരുമായി സംസാരിക്കാൻ പ്രതിജ്ഞാബദ്ധത.


സമൂഹത്തിന്റെ അവസാന തലം വരെ ഡിജിറ്റൽ ഇന്ത്യയുടെ നേട്ടങ്ങൾ വ്യാപിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യം രാജ്യത്തെ ഗ്രാമീണ സംരംഭക സഹോദരങ്ങളുടെ സഹായത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതായി ഡിജിറ്റൽ വിടവ് നികത്തുന്നതിൽ സി‌എസ്‌സികളുടെ പങ്ക് എടുത്തുപറഞ്ഞ  കേന്ദ്ര വാണിജ്യ വ്യവസായ ഇലക്ട്രോണിക്സ് വിവരസാങ്കേതിക സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ വ്യക്തമാക്കി. പത്ത് വർഷം മുന്‍പ്  നാം ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് തുടക്കം കുറിച്ച വേളയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത ഇന്ത്യയ്ക്ക് അടിത്തറ പാകാനുള്ള കാഴ്ചപ്പാട് അവലംബിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.  

2014 ൽ കേവലം 83,000 ആയിരുന്ന സി‌എസ്‌സി കേന്ദ്രങ്ങൾ  ഇന്ന്  ഏകദേശം 5.50 ലക്ഷമായി വളര്‍ന്നു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ സി‌എസ്‌സികളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ച അദ്ദേഹം  ശാക്തീകരണത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്ന 74,000-ത്തിലധികം ഗ്രാമീണ വനിതാ  സംരംഭകരുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞു.

നാം ഇപ്പോൾ നിര്‍മിതബുദ്ധിയുടെ  യുഗത്തിലാണെന്നും അത് അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാലാനുസൃതമായി ജന ജീവിതത്തിൽ മികച്ച മാറ്റങ്ങൾക്കും ശാക്തീകരണത്തിനും നവസാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ബോധവല്‍ക്കരണവും സൈബർ സുരക്ഷയും  ശേഷിവികസനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. വരുമാന വര്‍ധന ലക്ഷ്യമിട്ട്  അപ്‌ഡേറ്റ് ക്ലയന്റ് ലൈറ്റ് സേവനങ്ങളും സംസ്ഥാന സർക്കാർ സേവനങ്ങളും നൽകാൻ ഗ്രാമീണ സംരംഭകരെ അനുവദിക്കണമെന്ന് അദ്ദേഹം ശിപാർശ ചെയ്തു.

സി‌എസ്‌സി ദിനം അടയാളപ്പെടുത്തി രാജ്യവ്യാപക ആഘോഷം  

സി‌എസ്‌സി ദിനം രാജ്യമെങ്ങും അത്യാവേശത്തോടെ ആഘോഷിച്ചു. ഡൽഹിയിൽ 2025 ജൂലൈ 15–16 തീയതികളിൽ ദ്വിദിന ആഘോഷപരിപാടികള്‍‍ സംഘടിപ്പിച്ചു. ജൂലൈ 15 ന് എല്ലാ സംസ്ഥാനങ്ങളിലെയും  ഐടി സെക്രട്ടറിമാർ ഭാരത് മണ്ഡപത്തിൽ ഒത്തുചേര്‍ന്ന്  ഗ്രാമീണ ശാക്തീകരണം, ഇ-ഭരണനിര്‍വഹണ ഭാവി, സി‌എസ്‌സികളുടെ പങ്ക് എന്നിവ സംബന്ധിച്ച് ചർച്ച നടത്തി.


ജൂലൈ 1 നും 15 നുമിടയില്‍ രാജ്യത്തുടനീളം സി‌എസ്‌സികൾ സജീവ പൊതുജന പങ്കാളിത്തത്തോടെ  ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ഡിജിറ്റൽ ഉൾച്ചേര്‍ക്കല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗ്രാമീണ സംരംഭങ്ങളെ അനുമോദിച്ചു.


ഡിജിറ്റൽ ഇന്ത്യയും സി‌എസ്‌സിയും: പരിവർത്തനത്തിന്റെ  ദശകം


2015-ൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച ഡിജിറ്റൽ ഇന്ത്യ സംരംഭം  എല്ലാ ഇന്ത്യക്കാർക്കും സാങ്കേതികവിദ്യ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ഒരു ദശകത്തിനകം (2015–2025) ഡിജിറ്റൽ വിടവ് നികത്തുകയും ഭരണനിർവഹണത്തിലും സാമ്പത്തിക ഉൾച്ചേര്‍ക്കലിലും  ഇന്റർനെറ്റ് ലഭ്യതയിലും പരിവർത്തനം സൃഷ്ടിക്കുകയും ചെയ്ത ഈ സംരംഭം ഇന്ത്യയെ ലോകത്തെ  മൂന്നാമത് വലിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റി.


ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴില്‍  2009-ൽ സ്ഥാപിതമായ സി‌എസ്‌സി -  എസ്‌പി‌വി 5.5 ലക്ഷത്തിലധികം പ്രവർത്തന കേന്ദ്രങ്ങളുമായി ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ സേവന വിതരണ സംവിധാനങ്ങളിലൊന്നായി ഉയർന്നുവന്നിട്ടുണ്ട്. ഓരോ സി‌എസ്‌സിയും നടത്തുന്ന  ഗ്രാമീണ സംരംഭകര്‍ നിരവധി പൗരകേന്ദ്രീകൃത സേവനങ്ങളിലൂടെ  പ്രാദേശികതലത്തില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നു.  


 

  • ആധാർ ചേര്‍ക്കലും പുതുക്കലും
  • പാൻ - പാസ്‌പോർട്ട് സേവനങ്ങള്‍
  • ബാങ്കിങും ഇൻഷുറൻസും
  • ടെലിമെഡിസിന്‍, വിദ്യാഭ്യാസ സേവനങ്ങള്‍
  • നൈപുണ്യ വികസനവും  ടെലി-ലോയിലൂടെ നിയമ സഹായവും
  • കാർഷിക സേവനങ്ങള്‍, ഗ്രാമീൺ ഇ-സ്റ്റോർ (ബി 2 ബി), അവശ്യസേവന ബിൽ പണമിടപാടുകള്‍ എന്നിവയും മറ്റ് സേവനങ്ങളും

(Release ID: 2145451) Visitor Counter : 2