കൃഷി മന്ത്രാലയം
ധന്‍-ധാന്യ കൃഷി യോജനയ്ക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയതിന് പിന്നാലെ പദ്ധതി വിശദീകരിച്ചുകൊണ്ട് കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയ പ്രസ്‌താവന
Posted On:
16 JUL 2025 8:03PM by PIB Thiruvananthpuram
‘പ്രധാനമന്ത്രി ധന്‍-ധാന്യ കൃഷി യോജന’ അംഗീകരിച്ചുകൊണ്ടുള്ള മന്ത്രിസഭാ യോഗത്തിന്റെ സുപ്രധാന തീരുമാനത്തിന് പിന്നാലെ കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഭക്ഷ്യധാന്യ ഉല്‍പ്പാദനം 40%-ത്തിലധികം വര്‍ദ്ധിച്ചതായും പഴങ്ങള്‍, പാല്‍, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിലും ചരിത്രപരമായ വർധനയുണ്ടായതായും അദ്ദേഹം പറഞ്ഞു. എങ്കിലും സംസ്ഥാനങ്ങള്‍ തമ്മിലും ഒരേ സംസ്ഥാനത്തെ ജില്ലകള്‍ തമ്മിൽ പോലും, ഉല്‍പ്പാദനക്ഷമതയില്‍ വ്യക്തമായ അസമത്വം തുടരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി
കാര്‍ഷിക ഉല്‍പ്പാദനക്ഷമത കുറവുള്ളതോ കര്‍ഷകരുടെ അഗ്രി ക്രെഡിറ്റ് കാര്‍ഡുകളുടെ (ACC) ഉപയോഗം പരിമിതമായമോ ആയ ജില്ലകൾ ഏതെല്ലാമെന്ന് കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലകളില്‍, 11 വ്യത്യസ്ത വകുപ്പുകളില്‍ നിന്നുള്ള പദ്ധതികളുടെ സംയോജിത നിർവഹണം ഗവണ്മെന്റ് ഉറപ്പാക്കും. കേന്ദ്ര പദ്ധതികള്‍ മാത്രമല്ല, സംസ്ഥാന ഗവണ്മെന്റ് പദ്ധതികളും,മറ്റ് സന്നദ്ധ പങ്കാളികളുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും. ഓരോ സംസ്ഥാനത്തുനിന്നും കുറഞ്ഞത് ഒരു ജില്ലയെങ്കിലും ഉൾപ്പെടുത്തി ഏകദേശം 100 ജില്ലകളെ തിരഞ്ഞെടുക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഒരു നോഡൽ ഓഫീസറെയും നിയമിക്കും.ജൂലൈ മാസം അവസാനത്തോടെ ജില്ലകളുടെയും അവയുടെ നോഡൽ ഓഫീസർമാരുടെയും പട്ടിക അന്തിമമാക്കും.ഓഗസ്റ്റിൽ പരിശീലന സെഷനുകൾ സംഘടിപ്പിക്കും. കൂടാതെ,പൊതുജന അവബോധപ്രവർത്തനങ്ങളും കാര്യക്ഷമമാക്കും.
ചില സൂചകങ്ങളെ അടിസ്ഥാനമാക്കി, ജില്ലാതല പുരോഗതി വിലയിരുത്താൻ നിതി ആയോഗിനെ ചുമതലപ്പെടുത്തുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഒരു ഡാഷ്‌ബോർഡും തയ്യാറാക്കും. ഒക്ടോബറിൽ റാബി സീസണിൽ പരിപാടി ആരംഭിക്കും. ഗ്രാമപഞ്ചായത്തിന്റെയോ ജില്ലാ കളക്ടറുടെയോ നേതൃത്വത്തിൽ ഒരു ജില്ലാതല കമ്മിറ്റി രൂപീകരിക്കും. വകുപ്പുതല ഉദ്യോഗസ്ഥർ, നൂതന കർഷകർ എന്നിവർ അടങ്ങുന്ന കമ്മിറ്റി കൂട്ടായി തീരുമാനങ്ങൾ കൈക്കൊള്ളും. ജില്ലകളിൽ ഈ പദ്ധതികളുടെ ഫലപ്രദമായ സംയോജനം ഉറപ്പാക്കുന്നതിന് സംസ്ഥാന തലത്തിലും സമാനമായ സംഘം രൂപീകരിക്കും. കേന്ദ്ര തലത്തിൽ കേന്ദ്ര മന്ത്രിമാരുടെ കീഴിലും വിവിധ വകുപ്പ് സെക്രട്ടറിമാരുടെ കീഴിലുമായി രണ്ട് സംഘങ്ങൾ രൂപീകരിക്കും. വിവിധ മേഖലകളിലായുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുത്തും.
വിളവ് കുറഞ്ഞ ജില്ലകളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. അവയുടെ ഉൽപാദനക്ഷമത ദേശീയ ശരാശരിയിലെത്തിക്കുന്നതിനുമപ്പുറം ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. വിളകൾക്ക് പുറമേ, ഫലക്കൃഷി, മത്സ്യബന്ധനം, തേനീച്ച വളർത്തൽ, മൃഗസംരക്ഷണം, കാർഷിക വനവൽക്കരണം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കും.
(Release ID: 2145435)