രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആദികവി സരള ദാസിന്റെ ജന്മവാർഷികാഘോഷത്തില്‍ പങ്കെടുത്ത് രാഷ്ട്രപതി 2024 -ലെ കലിംഗ രത്‌ന പുരസ്കാരം സമ്മാനിച്ചു

Posted On: 15 JUL 2025 6:49PM by PIB Thiruvananthpuram
ഒഡീഷയിലെ കട്ടക്കിൽ ഇന്ന് (ജൂലൈ 15, 2025) ആദികവി  സരളദാസിന്റെ ജന്മവാർഷികാഘോഷത്തില്‍ പങ്കെടുത്ത  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു  2024-ലെ കലിംഗ രത്‌ന പുരസ്കാരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാന് സമ്മാനിച്ചു.  


ചടങ്ങിൽ രാഷ്ട്രപതി ആദികവി  സരള ദാസിന് ആദരാഞ്ജലിയർപ്പിച്ച് സംസാരിച്ചു. ഒഡിയ മഹാഭാരതം രചിച്ച  ആദികവി  സരളദാസ് ഇന്ത്യൻ സാഹിത്യത്തെ സമ്പന്നമാക്കിയതായി രാഷ്ട്രപതി പറഞ്ഞു. മഹാകവിയുടെ ജന്മവാർഷികാഘോഷവും വിവിധ സാഹിത്യ പരിപാടികളും സംഘടിപ്പിച്ച 'സരള സാഹിത്യ സൻസദി’നെ അവർ അഭിനന്ദിച്ചു.


കലിംഗരത്‌ന പുരസ്കാരം നേടിയ  ശ്രീ ധർമേന്ദ്ര പ്രധാനെ രാഷ്ട്രപതി അഭിനന്ദിച്ചു. 'സരള സമ്മാൻ' സാഹിത്യ പുരസ്കാരം നേടിയ ശ്രീ ബിജയ നായക്കിനും രാഷ്ട്രപതി അഭിനന്ദനമറിയിച്ചു.


രാജ്യത്തിന്റെ വൈവിധ്യം മഴവില്ലുപോലെയാണെന്നും യുഗങ്ങളായി നമ്മുടെ ഐക്യം സുശക്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. നമുക്ക് നിരവധി ഭാഷകളുണ്ടെങ്കിലും ഒരേയൊരു വികാരമേയുള്ളൂ.  നിരവധി ഭാഷകൾക്കും മതങ്ങൾക്കുമിടയിൽ ഇന്ത്യ ഐക്യത്തോടെയും സാഹോദര്യത്തോടെയും തുടരുന്നതെങ്ങനെയെന്ന്  ലോകം അത്ഭുതത്തോടെ ഉറ്റുനോക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.


ഇന്ത്യൻ വിദ്യാഭ്യാസ പാരമ്പര്യം സമ്പന്നമാക്കുന്നതിൽ രാജ്യത്തെ ഭാഷകൾ വലിയ സംഭാവന നൽകിയതായി രാഷ്ട്രപതി പറഞ്ഞു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയത് സന്തോഷകരമായ കാര്യമാണ്. മാതൃഭാഷയില്‍  വിദ്യാഭ്യാസം നല്‍കുന്നത് കുട്ടികളെ  സംസ്കാരവുമായും പാരമ്പര്യവുമായും ബന്ധിപ്പിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. മാതൃഭാഷയ്ക്ക് പുറമെ മറ്റ് ഭാഷകള്‍ പഠിക്കണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. .
 
SKY
 
**********

(Release ID: 2145079) Visitor Counter : 9