പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ഊർജ്ജ പങ്കാളിത്തം മെച്ചപ്പെടുത്തൽ : 9-ാമത് ഒപെക് അന്താരാഷ്ട്ര സെമിനാറിൽ മന്ത്രി ഹർദീപ് സിംഗ് പുരി ഊർജ്ജ രംഗത്തെ ആഗോള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

Posted On: 10 JUL 2025 6:47PM by PIB Thiruvananthpuram

വിയന്നയിൽ നടന്ന 9-ാമത് ഒപെക് അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്ത പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, ഇന്ത്യയുടെ ഊർജ്ജ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതും രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ള ഒട്ടേറെ സുപ്രധാന ഉഭയകക്ഷി, ബിസിനസ് യോഗങ്ങളിൽ പങ്കെടുത്തു.

കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ചെയർമാനും കുവൈറ്റ് എണ്ണ മന്ത്രിയും ആയ ഹിസ് എക്സലൻസി താരിഖ് സുലൈമാൻ അൽ-റൂമിയുമായി ശ്രീ പുരി കൂടിക്കാഴ്ച നടത്തി. നിലവിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. നിലവിൽ ആറാമത്തെ വലിയ അസംസ്കൃത എണ്ണ സ്രോതസ്സായും, എൽപിജിയുടെ നാലാമത്തെ വലിയ സ്രോതസ്സായും, ഇന്ത്യയുടെ എട്ടാമത്തെ വലിയ ഹൈഡ്രോകാർബൺ വ്യാപാര പങ്കാളിയായും കുവൈറ്റ് നിലകൊള്ളുന്നു. ഇത് ഉഭയകക്ഷി ഊർജ്ജ ബന്ധത്തിന്റെ ആഴവും തന്ത്രപരമായ പ്രാധാന്യവും വ്യക്തമാക്കുന്നു.

മറ്റൊരു കൂടിക്കാഴ്ചയിൽ, നൈജീരിയൻ പെട്രോളിയം റിസോഴ്‌സസ് സഹമന്ത്രി ഹിസ് എക്സലൻസി സെനറ്റർ ഹൈനെകെൻ ലോക്പോബിരിയുമായി ശ്രീ പുരികൂടിക്കാഴ്ച നടത്തി. 2024-ൽ ദാവോസിൽ നടന്ന ചർച്ചകളുടെ തുടർച്ചയായിരുന്നു ഇത്. ഇന്ത്യൻ കമ്പനികൾ നൈജീരിയയിൽ നിന്ന് സ്ഥിരമായി അസംസ്കൃത എണ്ണ സംഭരിച്ചു വരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഹൈഡ്രോകാർബൺ വ്യാപാരം കൂടുതൽ വികസിപ്പിക്കുന്നതിനും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

കൂടാതെ, ഇന്ത്യയുടെ അഭിലാഷ പൂർണ്ണമായ പര്യവേക്ഷണ, ഉത്പാദന (E&P) പദ്ധതികളുടെ വെളിച്ചത്തിൽ സാധ്യമായ സഹകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഷെൽ CEO വെയ്ൽ സാവനുമായി ശ്രീ പുരി ഹ്രസ്വ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ലോകത്തിലെ ഏറ്റവും വലിയ പര്യവേക്ഷണ, ഉത്പാദന ഉദ്യമങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഏകദേശം 2.5 ലക്ഷം ചതുരശ്ര കിലോമീറ്റർ ഓഫ്‌ഷോർ, ഓൺഷോർ (സമുദ്ര തീര, സമുദ്രാന്തർഭാഗ) മേഖലകളിൽ പര്യവേക്ഷണം നടത്താൻ ഇന്ത്യ ഒരുങ്ങുകയാണ്. ഊർജ്ജ മിശ്രിതത്തിൽ പ്രകൃതിവാതകത്തിന്റെ വിഹിതം 6% ൽ നിന്ന് 15% ആയി വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ നൂതന സാങ്കേതിക പങ്കാളിത്തത്തിന് ഗണ്യമായ അവസരങ്ങൾ നൽകുന്നുവെന്ന് ശ്രീ പുരി വ്യക്തമാക്കി. പര്യവേക്ഷണ, ഉത്പാദന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഷെല്ലിന്റെ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനം ചെയ്യുമെന്നും, ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന പ്രയോജനപ്രദമായ ഉഭയകക്ഷി സഹകരണങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസിനെയും സെമിനാറിൽ വച്ച് ശ്രീ ഹർദീപ് സിംഗ് പുരി കാണുകയുണ്ടായി. തന്റെ പ്രിയ സുഹൃത്തും ഒപെക് സെക്രട്ടറി ജനറലുമായ ഹൈതം അൽ ഗൈസുമായി പ്രയോജനപ്രദമായ ചർച്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശ്രീ പുരി ട്വീറ്റ് ചെയ്തു. ഒപെക്കുമായുള്ള ഇന്ത്യയുടെ ശക്തമായ പങ്കാളിത്തത്തെക്കുറിച്ചും, സമീപകാല ഭൗമരാഷ്ട്രീയ വെല്ലുവിളികളുടെ വെളിച്ചത്തിൽ, ഹരിത, ബദൽ ഊർജ്ജങ്ങളിലേക്കുള്ള സുഗമമായ ആഗോള പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി എണ്ണ വിപണികൾ സന്തുലിതമായും സ്ഥിരതയോടെയും തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയും പ്രധാന എണ്ണ ഉത്പാദക ഗ്രൂപ്പായ ഒപെക്കും തമ്മിൽ സവിശേഷവും സഹവർത്തിത്വത്തിലധിഷ്ഠിതവുമായ ബന്ധമാണ് പങ്കിടുന്നത്.

ബ്രിട്ടീഷ് പെട്രോളിയം (BP) CEO മുറെ ഓച്ചിൻക്ലോസുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച് വിശദീകരിക്കവേ, ചർച്ചകൾ താത്പര്യജനകവും ഉൾക്കാഴ്ച നൽകുന്നതുമായിരുന്നെന്ന് ശ്രീ പുരി വ്യക്തമാക്കി. ഇന്ത്യയുടെ അപ്‌സ്ട്രീം, ഡൗൺസ്ട്രീം ഊർജ്ജ മേഖലയിൽ BP യുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന സംഭാഷണം പുരോഗതി പ്രാപിച്ചു. ഇന്ത്യയുടെ ഊർജ്ജ മൂല്യ ശൃംഖലയിലുടനീളം BPക്ക് ദീർഘകാലീനവും സമഗ്രവുമായ പങ്കാളിത്തമുണ്ട്. കൂടാതെ OALP യുടെ 9-ാം റൗണ്ടിൽ പങ്കെടുത്തിട്ടുണ്ട്. OALP റൗണ്ട് -10 പ്രകാരം 2.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആഭ്യന്തര പര്യവേക്ഷണ, ഉത്പാദന (E&P) ശേഷികൾ വിപുലമാക്കാനുള്ള ഇന്ത്യയുടെ പദ്ധതികളും ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി, ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ ആഗോളതലത്തിൽ പര്യവേക്ഷണ, ഉത്പാദന (E&P) നിക്ഷേപത്തിനായി BP യുമായി പങ്കാളിത്തത്തിലേർപ്പെട്ടു വരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഹരിത ഊർജ്ജ പരിവർത്തനത്തിന്റെ കേന്ദ്രമായ റീട്ടെയിൽ, പ്രകൃതിവാതകം, കംപ്രസ്ഡ് ബയോഗ്യാസ് എന്നീ മേഖലകളിലും സഹകരിക്കുന്നു. BP പൂനെയിൽ ഒരു ലോകോത്തര ഗ്ലോബൽ ബിസിനസ് ആൻഡ് ടെക്നോളജി സെന്ററും സ്ഥാപിച്ചിട്ടുണ്ട്. അത് അവരുടെ ആഗോള പ്രവർത്തനങ്ങൾക്ക് അത്യാധുനിക സേവനങ്ങൾ നൽകുന്നു.

വിറ്റോൾ ഗ്രൂപ്പ് CEO റസ്സൽ ഹാർഡിയെയും ശ്രീ പുരി കണ്ടു. ആഗോള ഊർജ്ജ വിപണികളിലെ സമകാലിക വെല്ലുവിളികളെക്കുറിച്ചും ഹൈഡ്രോകാർബൺ മൂല്യ ശൃംഖലയിലുടനീളമുള്ള സഹകരണത്തെക്കുറിച്ചും അവർ ചർച്ച ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ പര്യവേക്ഷണം, ഉത്പാദനം, ശുദ്ധീകരണം, വാതക അധിഷ്ഠിത ഊർജ്ജ പരിവർത്തനം എന്നിവയുൾപ്പെടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ അഭൂതപൂർവമായ ഉദ്യമത്തിൽ നിന്ന് ഉയർന്നുവരുന്ന വിശാലമായ സഹകരണ അവസരങ്ങൾ ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും ആഗോളതലത്തിൽ കോളിളക്കം സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീ പുരി അഭിപ്രായപ്പെട്ടു.

റഷ്യൻ എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട്:

പത്രസമ്മേളനത്തിനിടെ റഷ്യൻ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, റഷ്യ ഏറ്റവും വലിയ അസംസ്കൃത എണ്ണ ഉത്പാദക രാജ്യങ്ങളിൽ ഒന്നാണെന്നും പ്രതിദിനം 9 ദശലക്ഷം ബാരലിലധികം ഉത്പാദിപ്പിക്കുന്നുണ്ടെന്നും ശ്രീ പുരി വിശദീകരിച്ചു. ഏകദേശം 97 ദശലക്ഷം ബാരൽ വരുന്ന ആഗോള എണ്ണ വിതരണത്തിൽ 9 ദശലക്ഷം ബാരൽ പെട്ടെന്ന് ഒഴിവാക്കിയാൽ, മൊത്തം ഉപഭോഗത്തിൽ 10% ത്തിലധികം ലോക രാജ്യങ്ങൾ കുറയ്ക്കേണ്ടിവരുമായിരുന്നു. അത് അസാധ്യമാണ്. ഈ പ്രശ്നം ആഗോള എണ്ണ വില ബാരലിന് 130–200 ഡോളറായി ഉയരാൻ ഇടയാക്കുമായിരുന്നു. കാരണം എല്ലാ ഉപഭോക്താക്കളും കുറഞ്ഞ വിഹിതം നികത്തുന്നതിനുള്ള പരിശ്രമങ്ങളിലേർപ്പെടുമായിരുന്നു.

ഇന്ത്യ ഒരിക്കലും ഉപരോധമേർപ്പെടുത്തപ്പെട്ട ചരക്കുകൾ വാങ്ങിയിട്ടില്ല. തീരുമാനമെടുക്കുന്നവർക്ക് ആഗോള എണ്ണ വിതരണ ശൃംഖലകളുടെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് വിവേകപൂർണ്ണമായ അറിവുള്ളതിനാൽ റഷ്യൻ എണ്ണ ഒരിക്കലും ആഗോള ഉപരോധങ്ങൾക്ക് വിധേയമായിരുന്നില്ല. വില പരിധിക്ക് കീഴിൽ മാത്രമേ ഇത് ഉൾപ്പെടുത്തിയിട്ടുള്ളൂ. എണ്ണ വിപണികളെക്കുറിച്ച് ധാരണയില്ലാത്ത ചില നിരൂപകർ മാത്രമാണ് നമ്മുടെ നയങ്ങളെക്കുറിച്ച് അനാവശ്യമായ വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ആഗോള ഊർജ്ജ വില സ്ഥിരതയ്ക്ക് ഇന്ത്യ മികച്ച സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം എൽപിജിയുടെ ആഗോള വില കുതിച്ചുയർന്നപ്പോഴും, നമ്മുടെ 330 ദശലക്ഷം കുടുംബങ്ങൾക്ക് ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ശുദ്ധമായ പാചക വാതകം മുടക്കമില്ലാതെ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തി. ഉജ്ജ്വല ഗുണഭോക്താക്കളായ നമ്മുടെ ഒരു ശരാശരി കുടുംബത്തിന് പ്രതിദിനം വെറും 0.4 ഡോളർ അഥവാ 7–8 സെന്റ് നിരക്കിൽ ശുദ്ധമായ പാചക വാതകം സാർവത്രികമായി ലഭ്യമാക്കി.

************* 


(Release ID: 2143975)