രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂറിൽ പ്രകടമായ ശൗര്യം തദ്ദേശീയ ഉപകരണങ്ങളുടെ ശേഷിയും നമ്മുടെ ഉത്പന്നങ്ങൾക്കുള്ള ആഗോള ആവശ്യകതയും വർദ്ധിപ്പിച്ചു: കൺട്രോളേഴ്‌സ് കോൺഫറൻസ് 2025 ൽ രാജ്യരക്ഷാ മന്ത്രി

Posted On: 07 JUL 2025 2:00PM by PIB Thiruvananthpuram
2025 ജൂലൈ 07 ന് ന്യൂഡൽഹിയിൽ നടന്ന ഡിഫെൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റിന്റെ കൺട്രോളേഴ്‌സ് കോൺഫറൻസിനെ അഭിസംബോധന ചെയ്യവേ, രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, സായുധ സേനയുടെ പ്രവർത്തന സന്നദ്ധതയും സാമ്പത്തിക സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിൽ വകുപ്പിന്റെ നിർണ്ണായക പങ്ക് ഊന്നിപ്പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെക്കുറിച്ച് പരാമർശിക്കവേ, ആഭ്യന്തര യുദ്ധോപകരണങ്ങളുടെ ശേഷിയും പ്രകടന മികവും തദ്ദേശീയ ഉത്പന്നങ്ങൾക്കായുള്ള ആഗോള ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പ്രസ്താവിച്ചു. "ലോകം നമ്മുടെ പ്രതിരോധ മേഖലയെ ഏറെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ സാമ്പത്തിക പ്രക്രിയകളിലെ കാലതാമസമോ പിഴവുകളോ പ്രവർത്തന സന്നദ്ധതയെ നേരിട്ട് ബാധിക്കും," അദ്ദേഹം പറഞ്ഞു. പ്രതിരോധത്തിൽ സ്വകാര്യ മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിനൊപ്പം ഒരു 'നിയന്ത്രണ സംവിധാനം' എന്നതിൽ നിന്ന് 'നിർവ്വഹണ സംവിധാനം' എന്ന നിലയിലേക്ക് പരിണമിക്കണമെന്നും അദ്ദേഹം DAD യോട് ആവശ്യപ്പെട്ടു.
 


 
പ്രതിരോധ മേഖലയിലെ തുടർ പരിവർത്തനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വമാണ് മൂലകാരണമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ മാർഗനിർദ്ദേശപ്രകാരം രാജ്യം ആത്മനിർഭർതയിലേക്കും പ്രതിരോധ ആസൂത്രണം, ധനകാര്യം, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ ഘടനാപരമായ പരിഷ്‌ക്കാരങ്ങളിലേക്കും നീങ്ങി. “ഒരു കാലത്ത് നാം ഇറക്കുമതി ചെയ്തിരുന്ന മിക്ക ഉപകരണങ്ങളും ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. ഉന്നതതലങ്ങളിലെ കാഴ്ചപ്പാടിലെ വ്യക്തതയും പ്രതിബദ്ധതയും മൂലമാണ് ഞങ്ങളുടെ പരിഷ്‌ക്കാരങ്ങൾ വിജയിക്കുന്നത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2024 ൽ ആഗോള സൈനിക ചെലവ് 2.7 ട്രില്യൺ ഡോളറായി ഉയരുമെന്ന് രാജ്യരക്ഷാ മന്ത്രി പരാമർശിച്ചു. ഇത് ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ വ്യവസായങ്ങൾക്ക് വിശാലമായ അവസരങ്ങൾ തുറന്നു നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം 'പ്രതിരോധ ആത്മനിർഭരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ആഗോള ആവശ്യകതകളിലെ  മാറ്റങ്ങൾക്ക് അനുയോജ്യമാം വിധം ഇന്ത്യയിലെ വ്യവസായങ്ങൾ സജ്ജമാകണമെന്നും, കയറ്റുമതിയിലും നൂതനാശയങ്ങളിലും മികച്ച പങ്ക് വഹിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. "വൻകിട എഞ്ചിനുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനായി ദ്രുതഗതിയിൽ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ ലക്‌ഷ്യം. ഈ പ്രയാണം ഇന്ത്യക്കാരിൽ നിന്നാണ് ആരംഭിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു. വിപുലമായ തദ്ദേശീയ പ്രതിരോധ നിർമ്മാണ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം അവർത്തിച്ചുറപ്പിച്ചു.

പ്രതിരോധ മേഖലയുടെ വർദ്ധിച്ചുവരുന്ന തന്ത്രപരവും സാമ്പത്തികവുമായ പ്രാധാന്യം ഉയർത്തിക്കാട്ടവേ, പ്രതിരോധ ചെലവിനെ കേവലം ചെലവ് എന്നതിലുപരി, ബഹുഗുണീകൃത ഫലങ്ങളുള്ള സാമ്പത്തിക നിക്ഷേപം എന്ന നിലയിലേക്ക് പരിവർത്തനം ചെയ്യണെമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.. “സമീപകാലം വരെ, പ്രതിരോധ ബജറ്റിനെ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി കണ്ടിരുന്നില്ല. ഇന്ന് അവ വളർച്ചയുടെ ചാലകങ്ങളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇതര ലോക രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പ്രതിരോധ മേഖലയിൽ മൂലധന-തീവ്ര നിക്ഷേപങ്ങളാൽ അടയാളപ്പെടുത്തപ്പെടുന്ന പുനർ-സായുധീകരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പരാമർശിച്ചു. ഗവേഷണ വികസന പദ്ധതികളുടെയും വിവിധോദ്ദേശ്യ സാങ്കേതികവിദ്യകളുടെയും സാമൂഹിക ആഘാത വിശകലനം ഉൾപ്പെടെ, ആസൂത്രണത്തിലും വിലയിരുത്തലുകളിലും പ്രതിരോധ സാമ്പത്തിക രീതിശാസ്ത്രം ഉൾപ്പെടുത്തണമെന്ന് അദ്ദേഹം വകുപ്പിനോട് ആവശ്യപ്പെട്ടു.

പ്രതിരോധ മേഖലയുടെ നവീകരണത്തിനും ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യയുടെ സംഭരണത്തിനും മുൻഗണന നൽകുന്ന, ഒരു ലക്ഷം കോടി രൂപയുടെ  ഗവേഷണ, വികസന, നൂതനാശയ (RDI) പദ്ധതിയെക്കുറിച്ചും രാജ്യ രക്ഷാ മന്ത്രി പരാമർശിച്ചു.  സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്വകാര്യ മേഖല എന്നിവ ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ സുഗമമായ നടത്തിപ്പും സമയബന്ധിതമായ ധനസഹായവും ഉറപ്പാക്കുന്നതിൽ DAD സജീവമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. മൂലധന മാർഗ്ഗം മുഖേന ആയുധ സംവിധാനങ്ങൾ ഏറ്റെടുക്കുന്നതിന് ഡിഫെൻസ് അക്ക്വിസിഷൻ  സംഭരണ കൗൺസിലിന് ഇതാദ്യമായി അംഗീകാരം നൽകിയിട്ടുണ്ടെന്നും ഈ മാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വകുപ്പ് സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 


 
'ജാഗ്രത, ഊർജ്‌ജസ്വലത, അനുപൂരകത്വം' എന്ന വകുപ്പിന്റെ പുതിയ ആപ്തവാക്യത്തെ ശ്രീ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. ഇവ വെറും വാക്കുകളല്ല, മറിച്ച് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കാലികമായ പ്രതിരോധ അന്തരീക്ഷത്തിനാവശ്യമായ തൊഴിൽ സംസ്‌ക്കാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാഹ്യ ഓഡിറ്റുകളെയോ കൺസൾട്ടന്റുകളെയോ മാത്രം ആശ്രയിക്കുന്നതിനുപകരം  സ്വയം പരിശോധനയിലൂടെ ആന്തരിക പരിഷ്ക്കരണം സാധ്യമാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. "ആന്തരിക വിലയിരുത്തലിലൂടെ വരുത്തുന്ന മെച്ചപ്പെടുത്തലുകൾ സജീവമായ സംഘടനകളെ സൃഷ്ടിക്കുന്നു. ഈ പരിഷ്കാരങ്ങൾ കൂടുതൽ ജൈവികമാണ്, തടസ്സങ്ങൾ കുറവായിരിക്കും," അദ്ദേഹം പറഞ്ഞു.

"സമാധാനകാലം എന്നത് ഒരു മിഥ്യ മാത്രമാണ്. താരതമ്യേന ശാന്തമായ കാലഘട്ടങ്ങളിൽ പോലും, അനിശ്ചിതത്വങ്ങളെ നേരിടാൻ നാം തയ്യാറെടുക്കണം. പെട്ടെന്നുള്ള സംഭവവികാസങ്ങൾ നമ്മുടെ സാമ്പത്തിക, പ്രവർത്തന സ്ഥിതിയിൽ പൂർണ്ണമായ മാറ്റത്തിന് കാരണമാകും. ഉപകരണങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതോ സാമ്പത്തിക പ്രക്രിയകൾ സ്വീകരിക്കുന്നതോ ഏതുമാകട്ടെ, എല്ലായ്‌പ്പോഴും നൂതന സാങ്കേതിക വിദ്യകളും പ്രതികരണാത്മക സംവിധാനങ്ങളും സജ്ജമാക്കി നാം തയ്യാറായിരിക്കണം," രാജ്യ  രക്ഷാ മന്ത്രി പറഞ്ഞു. ആസൂത്രണം, ബജറ്റിംഗ്, തീരുമാനമെടുക്കൽ പ്രക്രിയകളിൽ ഈ മനോഭാവം സ്വീകരിക്കാൻ അദ്ദേഹം ഡിപ്പാർട്മെന്റിനോട് ആവശ്യപ്പെട്ടു.

ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM) മുഖേനയുള്ള പൊതു സംഭരണത്തിലെ പരിവർത്തനത്തെക്കുറിച്ച് ശ്രീ രാജ്‌നാഥ് സിംഗ് വിശദമായി സംസാരിച്ചു. ഇത് സുതാര്യതയും സ്വകാര്യ മേഖലയുടെ ഇടപെടലും സാധ്യമാക്കി. 2024-25 സാമ്പത്തിക വർഷം വരെ പ്രതിരോധ മന്ത്രാലയം GeM മുഖേന 2 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും സംഭരിച്ചിട്ടുണ്ട്. സുതാര്യതയും കാര്യക്ഷമതയും ലക്ഷ്യമിട്ട് അതിന്റെ ഉപയോഗം പരമാവധിയാക്കാൻ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെയും (IFA) കോംപീറ്റന്റ് ഫിനാൻഷ്യൽ അതോറിറ്റികളെയും (CFA) അദ്ദേഹം ആഹ്വാനം ചെയ്തു.

32 ലക്ഷത്തിലധികം പ്രതിരോധ പെൻഷൻകാരെ സുതാര്യവും സമ്പർക്ക രഹിതവുമായ പെൻഷൻ വിതരണ സംവിധാനത്തിലേക്ക് സംയോജിപ്പിച്ച SPARSH (സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ - രക്ഷ) പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനത്തെയും സ്വാധീനത്തെയും രാജ്യ രക്ഷാ മന്ത്രി അഭിനന്ദിച്ചു. “SPARSH മുഖേന എല്ലാ മാസവും കോടിക്കണക്കിന് രൂപ വിതരണം ചെയ്യുന്നു. നമ്മുടെ വിമുക്തഭടന്മാർക്കായി നിലകൊള്ളുന്ന അത്തരം സംവിധാനങ്ങൾ കാണുമ്പോൾ, നമ്മുടെ ശക്തി ബജറ്റ് കണക്കുകളിൽ മാത്രമല്ല, അവരുടെ ത്യാഗത്തോടുള്ള നമ്മുടെ കൃതജ്ഞതയിലാണെന്ന് ആവർത്തിച്ച് ഉറപ്പിക്കുന്നു,” വിമുക്തഭടന്മാരെ പരിപാലിക്കുകയെന്നത് നമ്മുടെ കടമയാണെന്നും ഔദാര്യമല്ലെന്നും അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി.

സമഗ്ര ശമ്പള വിതരണ സംവിധാനം, കേന്ദ്രീകൃത ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ വരാനിരിക്കുന്ന ഡിജിറ്റൽ സംരംഭങ്ങളെക്കുറിച്ചും ശ്രീ രാജ്‌നാഥ് സിംഗ് പരാമർശിച്ചു. ഈ സംവിധാനങ്ങൾ ശമ്പള, പേഴ്‌സണൽ ഡാറ്റ മാനേജ്‌മെന്റിനെ ലളിതമാക്കുകയും സേവനമേഖലകളിലുടനീളം ചടുലമായ തീരുമാനമെടുക്കൽ പ്രക്രിയയെ പിന്തുണയ്ക്കുകയും ചെയ്യും. പ്രതിരോധ ധനകാര്യത്തിനും സാമ്പത്തിക ശാസ്ത്രത്തിനുമുള്ള ദർശന രേഖയിലും രൂപരേഖയിലും വകുപ്പ് കൈക്കൊള്ളുന്ന നടപടികളെ അദ്ദേഹം സ്വാഗതം ചെയ്തു. അവ സമയബന്ധിതമായി നടപ്പിലാക്കാനും ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിരോധ നിർമ്മാണത്തിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്, മുഖരഹിതവും  സമയബന്ധിതവുമായ പണമിടപാട് സംവിധാനങ്ങളിലേക്ക് മാറാൻ രാജ്യ രക്ഷാ മന്ത്രി വകുപ്പിനോട് ആവശ്യപ്പെട്ടു. “നിങ്ങളുടെ പ്രക്രിയകൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാകുമ്പോൾ, സംവിധാനത്തിലുള്ള വിശ്വാസം വർദ്ധിക്കും,” അദ്ദേഹം പറഞ്ഞു.

വകുപ്പിന്റെ നടപടിക്രമങ്ങളിലെ ചെറിയ പിഴവുകൾ പോലും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. “നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത്, ഒരു ചെറിയ തെറ്റ് വരുത്തിയാൽ പോലും, സൈനികർക്ക് ആവശ്യമായ വിഭവങ്ങൾ കൃത്യസമയത്ത് ലഭിക്കാതെ വരും.  അശ്രദ്ധ കാരണം, ബജറ്റ് വിഹിതത്തിൽ പ്രശ്‌നമുണ്ടാകാം, അത് പ്രവർത്തന സന്നദ്ധതയെ നേരിട്ട് ബാധിക്കും,” അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൂലധന ബജറ്റിന്റെ പൂർണ്ണമായ വിനിയോഗം സാധ്യമാക്കിയതിന് ഡിഫെൻസ് സെക്രട്ടറി & CGDA യെ രാജ്യരക്ഷാ മന്ത്രി അഭിനന്ദിക്കുകയും, ഭാവിയിൽ വകുപ്പ് അതേ സാമ്പത്തിക അച്ചടക്കം നിലനിർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ബജറ്റ് വളർച്ചയിൽ മാത്രമല്ല, കാര്യക്ഷമമായ വളർച്ചയിലും സാമ്പത്തിക ആസൂത്രണം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ശരിയായ ലക്ഷ്യത്തിനായി ശരിയായ സമയത്ത് ശരിയായ വിന്യാസം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 


 
"നമ്മുടെ പ്രവർത്തനങ്ങൾ പ്രസക്തവും ഫലപ്രദവുമായി തുടരുന്നതിന്  'ജാഗ്രത, ഊർജ്‌ജസ്വലത, അനുപൂരകത്വം'  എന്നിവ തുടരാൻ നമുക്കേവർക്കും പ്രതിജ്ഞയെടുക്കാം. നമ്മുടെ ഉത്തരവാദിത്തം വളരെ വലുതാണ്. നാം എടുക്കുന്ന ഓരോ തീരുമാനവും ദേശസുരക്ഷയുടെയും സ്വാശ്രയത്വത്തിന്റെയും വിശാലമായ കാഴ്ചപ്പാടിന് സംഭാവന നൽകുന്നു," ശ്രീ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. ചേഞ്ച് മാനേജ്‌മെന്റ്, ബജറ്റിംഗ്, ഇന്റേണൽ ഓഡിറ്റ്, സംഭരണം, വ്യവസായ പങ്കാളിത്തങ്ങൾ, കാര്യക്ഷമത വർദ്ധിപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള സെഷനുകൾ ഉൾപ്പെടുന്ന സമ്മേളന അജണ്ടയെ അദ്ദേഹം പ്രശംസിച്ചു.

ദർശന രേഖ, ദൗത്യ പ്രസ്താവന, പുതിയ ആപ്തവാക്യം, മാർക്കറ്റ് ഇന്റലിജൻസ് റിപ്പോർട്ട് 2025 ന്റെ രണ്ടാം പതിപ്പ്, പുതുക്കിയ പ്രതിരോധ അക്കൗണ്ട്‌സ് കോഡ് എന്നിവയുടെ പ്രകാശനമായിരുന്നു പരിപാടിയുടെ മറ്റ് പ്രധാന ആകർഷണങ്ങൾ.

സയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ്, പ്രതിരോധ വകുപ്പ് ആർ & ഡി സെക്രട്ടറിയും DRDO ചെയർമാനുമായ ഡോ. സമീർ വി കാമത്ത്, സാമ്പത്തിക ഉപദേഷ്ടാവ് (പ്രതിരോധ സേവനങ്ങൾ) ശ്രീ എസ് ജി ദസ്തിദാർ, കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ഡോ. മായങ്ക് ശർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
*******************

(Release ID: 2142975)