പ്രധാനമന്ത്രിയുടെ ഓഫീസ്
സമാധാനവും സുരക്ഷയും സംബന്ധിച്ച ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
Posted On:
06 JUL 2025 11:07PM by PIB Thiruvananthpuram
സുഹൃത്തുക്കളേ,
ആഗോള സമാധാനവും സുരക്ഷയും വെറും ആദർശങ്ങളല്ല, മറിച്ച് അവ നമ്മുടെ പൊതുവായ താൽപ്പര്യങ്ങളുടെയും ഭാവിയുടെയും അടിത്തറയാണ്. സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ മാത്രമേ മാനവികതയുടെ പുരോഗതി സാധ്യമാകൂ. ഈ ലക്ഷ്യം നിറവേറ്റുന്നതിൽ ബ്രിക്‌സിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. നമ്മൾ എല്ലാവരും ഒത്തുചേരാനും, നമ്മുടെ ശ്രമങ്ങളെ ഒന്നിപ്പിക്കാനും, നാമെല്ലാവരും നേരിടുന്ന വെല്ലുവിളികളെ കൂട്ടായി നേരിടാനുമുള്ള സമയമാണിത്. നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകണം.
സുഹൃത്തുക്കളേ,
ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് തീവ്രവാദം. ഇന്ത്യ അടുത്തിടെ ക്രൂരവും ഭീരുത്വം നിറഞ്ഞതുമായ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനും, അന്തസ്സിനും നേരെയുള്ള ആക്രമണമായിരുന്നു. ഈ ആക്രമണം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും ഒരു പ്രഹരമായിരുന്നു. ദുഃഖവും ആധിയും നിറഞ്ഞ ആ സമയത്ത്, നമ്മോടൊപ്പം നിൽക്കുകയും പിന്തുണയും അനുശോചനവും പ്രകടിപ്പിക്കുകയും ചെയ്ത സുഹൃദ് രാജ്യങ്ങൾക്ക് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ഭീകരവാദത്തെ അപലപിക്കുന്നത് ധാർമ്മികതയുടെ വിഷയമാണ്, അത് സൗകര്യമനുസരിച്ചാകരുത്. ആക്രമണം എവിടെ അല്ലെങ്കിൽ ആർക്കെതിരെ നടന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ പ്രതികരണം എങ്കിൽ, അത് മനുഷ്യരാശിയോട് തന്നെയുള്ള വഞ്ചനയായിരിക്കും.
സുഹൃത്തുക്കളെ,
ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല. ഭീകരതയുടെ ഇരകളെയും പിന്തുണയ്ക്കുന്നവരെയും ഒരുപോലെ പരിഗണിക്കാൻ കഴിയില്ല. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി, ഭീകരതയ്ക്ക് നിശബ്ദമായി ഇരിക്കുന്നതോ തീവ്രവാദികളെയോ ഭീകരതയെയോ പിന്തുണയ്ക്കുന്നതോ ഒരു സാഹചര്യത്തിലും സ്വീകാര്യമല്ല. ഭീകരതയുടെ കാര്യത്തിൽ നമ്മുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാകരുത്. നമുക്ക് ഇത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ നമ്മൾ ശരിക്കും മുന്നോട്ട് നിൽകുന്നവരണോ എന്ന സംശയം സ്വാഭാവികമായും ഉയർന്നുവരും.
സുഹൃത്തുക്കളെ,
ഇന്ന്, പശ്ചിമേഷ്യ മുതൽ യൂറോപ്പ് വരെ, ലോകം മുഴുവൻ തർക്കങ്ങളാലും സംഘർഷങ്ങളാലും നിബിഡമാണ്. ഗാസയിലെ മാനുഷിക സാഹചര്യം ഗുരുതരമായ ആശങ്കയ്ക്ക് കാരണമാകുന്നു. എത്ര ദുഷ്‌കരമായ സാഹചര്യങ്ങൾ ഉണ്ടായാലും, സമാധാനത്തിന്റെ പാത മാത്രമാണ് മനുഷ്യരാശിയുടെ നന്മയ്ക്കുള്ള ഏക മാർഗമെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു.
ഇന്ത്യ ഭഗവാൻ ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ്. യുദ്ധത്തിനും അക്രമത്തിനും ഇവിടെ സ്ഥാനമില്ല. ലോകത്തെ ഭിന്നതയിൽ നിന്നും സംഘർഷത്തിൽ നിന്നും അകറ്റി, സഹകരണത്തിലേക്കും ഏകോപനത്തിലേക്കും നമ്മെ നയിക്കുന്നതിനും ഐക്യദാർഢ്യവും വിശ്വാസവും വർദ്ധിപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നു. ഈ ദിശയിൽ, എല്ലാ സുഹൃദ് രാജ്യങ്ങളുമായും സഹകരണത്തിനും പങ്കാളിത്തത്തിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നന്ദി.
സുഹൃത്തുക്കളെ,
അവസാനമായി, ഇന്ത്യയുടെ അധ്യക്ഷതയിൽ അടുത്ത വർഷം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് നിങ്ങളെ എല്ലാവരെയും ഞാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
വളരെ നന്ദി.
ഡിസ്‌ക്ലൈമർ - പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവനകൾ ഹിന്ദിയിലാണ് നടത്തിയത്.
***
NK
(Release ID: 2142847)
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada