രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പഹൽഗാമിൽ നിരപരാധികളായ സാധാരണക്കാരെ ഭീകരവാദികള്‍ അവരുടെ ധർമത്തിന്റെ അടിസ്ഥാനത്തില്‍ കൊലപ്പെടുത്തി; ഭീകരവാദികളെ ഇന്ത്യന്‍ സായുധസേന അവരുടെ കർമപ്രകാരം നശിപ്പിച്ചു: രാജ്യരക്ഷാ മന്ത്രി

‘സായുധ സേനകൾ സ്വതന്ത്രരും ഭീകരവാദത്തിനെതിരെ ഏത് നടപടിയും സ്വീകരിക്കാന്‍ പ്രാപ്തരും’

Posted On: 04 JUL 2025 5:44PM by PIB Thiruvananthpuram

പഹൽഗാമിൽ തീവ്രവാദികൾ അവരുടെ ധർമത്തിന്റെ അടിസ്ഥാനത്തിൽ നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയപ്പോള്‍ സായുധ സേന ഓപ്പറേഷൻ സിന്ദൂറിലൂടെ അവരുടെ കർമത്തിന്റെ അടിസ്ഥാനത്തിൽ തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചുവെന്ന് തെലങ്കാനയിലെ ഹൈദരാബാദിൽ 2025 ജൂലൈ 04 ന് സംഘടിപ്പിച്ച ഒരു പരിപാടിയിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമ്പോൾ ഇന്ത്യൻ സായുധ സേന ക്ഷമയും സംയമനവും പ്രകടിപ്പിച്ചുവെന്നും ഒരു സാധാരണക്കാരനും ദോഷം വരുത്താതിരിക്കാൻ പൂർണ ജാഗ്രത പാലിച്ചുവെന്നും അദ്ദേഹം ആവർത്തിച്ചു. ഭീകരവാദത്തിനെതിരെ ഭാവിയിലും എല്ലാത്തരം നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സായുധ സേനയ്ക്ക് പൂര്‍ണസ്വാതന്ത്ര്യവും പ്രാപ്തിയുമുണ്ടെന്ന് രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി.  

 

മഹാനായ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 128-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ സായുധ സേന പ്രകടിപ്പിച്ച ക്ഷമയും സംയമനവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വിലമതിക്കാനാവാത്ത സംഭാവന നൽകിയ അല്ലൂരി സീതാരാമ രാജുവിന്റെ സവിശേഷ ഗുണങ്ങള്‍ക്ക് സമാനമാണെന്ന് ശ്രീ രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

 

അല്ലൂരി സീതാരാമ രാജുവിനെ 'സന്യാസിയോദ്ധാവ്' എന്ന് വിശേഷിപ്പിച്ച രാജ്യരക്ഷാ മന്ത്രി, ധാർമിക വ്യക്തതയും അടിസ്ഥാന നേതൃപാടവവും അദ്ദേഹത്തിന്റെ പൈതൃകത്തെ ഇന്ത്യയുടെ ആധുനിക പ്രതിരോധ-വികസന തന്ത്രവുമായി നേരിട്ട് ബന്ധപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടു. അല്ലൂരി ജി കേവലമൊരു വിപ്ലവകാരി മാത്രമായിരുന്നില്ല, മറിച്ച് അദ്ദേഹമൊരു പ്രസ്ഥാനമായിരുന്നു. പരിമിത സൗകര്യങ്ങള്‍ക്കിടയിലും അദ്ദേഹം കാഴ്ചവെച്ച ഒളിപ്പോര്‍ പ്രതിരോധം തത്വത്തിലൂന്നിയ ധൈര്യത്തിന്റെ തിളക്കമാർന്ന ഉദാഹരണമായി തുടരുന്നു. അനീതിക്കെതിരെ നിലകൊള്ളുകയെന്നത് അവകാശം മാത്രമല്ലെന്നും അത് രാജ്യധർമ്മമാണെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചതായി ശ്രീ രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

 

പാര്‍ശ്വവൽക്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന അല്ലൂരി ജിയുടെ ആജീവനാന്ത ദൗത്യത്തെ പ്രതിധ്വനിപ്പിച്ച് ഗോത്ര ശാക്തീകരണം സംബന്ധിച്ച സർക്കാര്‍ കാഴ്ചപ്പാട് ശ്രീ രാജ്‌നാഥ് സിങ് വിശദീകരിച്ചു. പ്രധാനമന്ത്രി ഗോത്രവികസന ദൗത്യം, സ്‌കിൽ ഇന്ത്യ, ദേശീയ അരിവാള്‍കോശ രോഗ നിര്‍മാര്‍ജന കാമ്പെയ്‌ൻ എന്നിവയുൾപ്പെടെ സമീപകാല സർക്കാർ സംരംഭങ്ങളെ എടുത്തുപറഞ്ഞ അദ്ദേഹം ഗോത്ര സമൂഹങ്ങളെ ദാനധർമ്മങ്ങള്‍ നല്‍കിയല്ല, മറിച്ച് ആത്മാഭിമാനവും അവസരങ്ങളും ഉറപ്പാക്കി മുഖ്യധാരയിലെത്തിക്കാന്‍ പ്രത്യക്ഷ നടപടികളാണിവയെന്ന് വിശേഷിപ്പിച്ചു. കൊളോണിയൽ ഭരണകാലത്ത് അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടതുമുതല്‍ ഇന്ന് സുസ്ഥിര വളർച്ചയുടെ കാവൽക്കാരായി മാറുന്നത് വരെ രാജ്യത്തെ ഗോത്രവിഭാഗത്തിലെ സഹോദരീസഹോദരന്മാർ ഏറെദൂരം സഞ്ചരിച്ചുവെന്നും അവര്‍ക്കൊപ്പം നടക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

നയം മാത്രമല്ല, ഒപ്പം വികാരവും അല്ലൂരി ജി ജീവിച്ചുമരിച്ച മൂല്യങ്ങളോടുള്ള ആഴമേറിയ പ്രതിബദ്ധതയും സര്‍ക്കാറിന്റെ ശ്രമങ്ങൾക്ക് പ്രചോദനമേകിയെന്ന് രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി. ജാതി തടസ്സങ്ങളെ മറികടന്ന് ഇന്ത്യയിലുടനീളം ഒരു 'ഗോത്ര യോദ്ധാവാ'യി അദ്ദേഹം എങ്ങനെ ഓർമ്മിക്കപ്പെടുന്നുവെന്ന് അടിവരയിട്ട ശ്രീ രാജ്നാഥ് സിങ് അദ്ദേഹത്തിന്റെ ജീവിതം ധീരതയുടേത് മാത്രമല്ലെന്നും ഐക്യത്തിന്റേതുമായിരുന്നുവെന്നും പറഞ്ഞു. 11 വർഷത്തെ പരിവർത്തനാത്മക ഭരണത്തിലൂന്നിയ രാജ്യത്തിന്റെ യാത്രയുടെയും 2047-ഓടെ വികസിതഭാരതമെന്ന ലക്ഷ്യം കൈവരിക്കാന്‍ കൈക്കൊണ്ട നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഫലനമാണ് ജന്മദിനാഘോഷമെന്ന് ശ്രീ രാജ്നാഥ് സിങ് വിശേഷിപ്പിച്ചു.

 

************************


(Release ID: 2142348) Visitor Counter : 2
Read this release in: English , Urdu , Hindi , Tamil , Telugu