പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹിയിൽ അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
21 FEB 2025 7:34PM by PIB Thiruvananthpuram
ആദരണീയനായ മുതിർന്ന നേതാവ് ശ്രീ ശരദ് പവാർ ജി, മഹാരാഷ്ട്രയുടെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനത്തിന്റെ പ്രസിഡന്റ് ഡോ. താര ഭാവാൽക്കർ ജി, മുൻ പ്രസിഡന്റ് ഡോ. രവീന്ദ്ര ശോഭനെ ജി, ബഹുമാന്യരായ അംഗങ്ങളെ, മറാഠി ഭാഷയിലെ പണ്ഡിതരും, ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാരെ.
ഇപ്പോൾ ഡോ. താരാ ജി തന്റെ പ്രസംഗം പൂർത്തിയാക്കിയപ്പോൾ, ഞാൻ യാദൃശ്ചികമായി "താർച്ചൻ" എന്ന് പറഞ്ഞു. അവർ എനിക്ക് ഗുജറാത്തിയിലാണ് മറുപടി നൽകിയത്, എനിക്കും ഗുജറാത്തി അറിയാം. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ സംസ്ഥാനത്ത് നിന്ന് ദേശീയ തലസ്ഥാനത്തേക്ക് എത്തിയ എല്ലാ മറാഠി സരസ്വത് സമൂഹാംഗങ്ങൾക്കും ആശംസകൾ.
ഇന്ന്, മറാഠി ഭാഷയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഈ അഭിമാനകരമായ പരിപാടി ഡൽഹിയുടെ മണ്ണിൽ സംഘടിപ്പിക്കപ്പെടുന്നു. അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനം ഒരു ഭാഷയിലോ സംസ്ഥാനത്തിലോ മാത്രമായി ഒതുങ്ങുന്നില്ല. മറാഠി സാഹിത്യത്തെക്കുറിച്ചുള്ള ഈ സമ്മേളനം സ്വാതന്ത്ര്യസമരത്തിന്റെ സത്തയും മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും സാംസ്കാരിക പൈതൃകവും ഉൾക്കൊള്ളുന്നു. ജ്ഞാനേശ്വറിന്റെയും തുക്കാറാമിന്റെയും മറാഠി ഭാഷ ഇന്ന് തലസ്ഥാനമായ ഡൽഹിയിൽ പൂർണ്ണഹൃദയത്തോടെ ആദരിക്കപ്പെടുന്നു.
സഹോദരീ സഹോദരന്മാരേ,
1878-ൽ നടന്ന ആദ്യ പരിപാടി മുതൽ, അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനം 147 വർഷത്തെ ചരിത്രത്തിന് സാക്ഷ്യം വഹിച്ചു. മഹാദേവ് ഗോവിന്ദ് റാനഡെ ജി, ഹരി നാരായൺ ആപ്‌തേ ജി, മാധവ് ശ്രീഹരി ആനേ ജി, ശിവ്‌റാം പരഞ്ജപെ ജി, വീർ സവർക്കർ ജി തുടങ്ങി രാഷ്ട്രത്തിലെ നിരവധി മഹാരഥന്മാർ ഈ സമ്മേളനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. ഇന്ന്, ശരദ് ജിയുടെ ക്ഷണപ്രകാരം ഈ അഭിമാനകരമായ പാരമ്പര്യത്തിന്റെ ഭാഗമാകാൻ എനിക്ക് അവസരം ലഭിച്ചു. ഈ മഹത്തായ പരിപാടിക്ക് നിങ്ങൾക്കെല്ലാവർക്കും, രാജ്യത്തും ലോകമെമ്പാടുമുള്ള എല്ലാ മറാഠി ഭാഷാ പ്രേമികൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ന്, അന്താരാഷ്ട്ര മാതൃഭാഷാ ദിനം കൂടിയാണ്. ഡൽഹിയിലെ ഈ സാഹിത്യ സമ്മേളനത്തിന് നിങ്ങൾ തിരഞ്ഞെടുത്തത് ഒരു മികച്ച ദിവസമാണ്!
സുഹൃത്തുക്കളെ,
മറാഠിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, വിശുദ്ധ ജ്ഞാനേശ്വറിന്റെ വാക്കുകൾ ഓർമ്മ വരുന്നത് സ്വാഭാവികം മാത്രമാണ്: 'माझा मराठीची बोलू कौतुके। परि अमृतातेहि पैजासी जिंके। ഇതിനർത്ഥം മറാഠി ഭാഷ അമൃതിനേക്കാൾ മധുരമുള്ളതാണെന്നാണ്. അതുകൊണ്ടാണ് മറാഠി ഭാഷയോടും സംസ്കാരത്തോടുമുള്ള എന്റെ സ്നേഹം നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാവുന്നത്. നിങ്ങളുടെ പണ്ഡിതന്മാരെപ്പോലെ മറാഠിയിൽ എനിക്ക് അത്ര പ്രാവീണ്യമില്ലായിരിക്കാം, പക്ഷേ മറാഠി സംസാരിക്കാനും പുതിയ മറാഠി വാക്കുകൾ പഠിക്കാനും ഞാൻ നിരന്തരം ശ്രമിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഈ മറാഠി സമ്മേളനം ഒരു ചരിത്ര നിമിഷത്തിലാണ് നടക്കുന്നത്. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന് 350 വർഷവും, ബഹുമാന്യയായ അഹല്യഭായ് ഹോൾക്കർ ജിയുടെ 300 ജന്മദിനവും, ബാബാസാഹേബ് അംബേദ്കറുടെ പരിശ്രമത്തിലൂടെ രൂപപ്പെട്ട നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികവും ഇത് ആഘോഷിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ന്, നൂറ് വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയുടെ പുണ്യഭൂമിയിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) വിത്തുകൾ പാകിയ ഒരു മഹാനായ മറാഠി സംസാരിക്കുന്ന വ്യക്തിത്വത്തിൽ നാം അഭിമാനിക്കുന്നു. ഇന്ന് അത് വളർന്ന് ഒരു വലിയ ആൽമരമായി മാറിയിരിക്കുന്നു, അതിന്റെ ശതാബ്ദി ആഘോഷിക്കുന്നു. വേദങ്ങൾ മുതൽ സ്വാമി വിവേകാനന്ദൻ വരെ, കഴിഞ്ഞ 100 വർഷമായി, മൂല്യങ്ങളുടെ ഒരു പവിത്രമായ യജ്ഞത്തിലൂടെ, ഭാരതത്തിന്റെ മഹത്തായതും പരമ്പരാഗതവുമായ സംസ്കാരത്തെ പുതിയ തലമുറകളിലേക്ക് രാഷ്ട്രീയ സ്വയംസേവക സംഘം മുന്നോട്ട് കൊണ്ടുപോയി. എന്റെ ജീവിതം രാഷ്ട്രത്തിനു വേണ്ടി സമർപ്പിക്കാൻ, മറ്റ് ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ, ആർ.എസ്.എസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എനിക്കും ഇത് ഒരു ഭാഗ്യമാണ്. മറാഠി ഭാഷയുമായും പാരമ്പര്യവുമായും ആഴത്തിൽ ബന്ധപ്പെടാൻ എനിക്ക് ഭാഗ്യം ലഭിച്ചത് സംഘം കാരണമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ്, മറാഠി ഭാഷയ്ക്ക് ഔദ്യോഗികമായി 'അഭിജത് ഭാഷ' (ക്ലാസിക്കൽ ഭാഷ) പദവി ലഭിച്ചു. ലോകമെമ്പാടുമായി 12 കോടിയിലധികം പേർ സംസാരിക്കുന്ന ഭാഷയ്ക്ക് ഈ അംഗീകാരം പതിറ്റാണ്ടുകളായി കാത്തിരുന്നതാണ്. മറാഠി സംസാരിക്കുന്ന ദശലക്ഷക്കണക്കിനാളുകളുടെ ഈ ദീർഘകാല അഭിലാഷം നിറവേറ്റാൻ അവസരം ലഭിച്ചതിൽ ഞാൻ അത്യധികം ഭാഗ്യവാനായി കരുതുന്നു.
ആദരണീയരായ പണ്ഡിതരേ,
ഭാഷ വെറും ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമല്ലെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം - നമ്മുടെ ഭാഷ നമ്മുടെ സംസ്കാരത്തിന്റെ വാഹകനാണ്. ഭാഷകൾ സമൂഹത്തിൽ ജനിക്കുന്നുവെന്നത് ശരിയാണ്, പക്ഷേ ആ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അവയും ഒരുപോലെ നിർണായക പങ്ക് വഹിക്കുന്നു. നമ്മുടെ മറാഠി ഭാഷ മഹാരാഷ്ട്രയിലും രാജ്യത്തുടനീളവുമുള്ള എണ്ണമറ്റ വ്യക്തികളുടെ ചിന്തകൾക്ക് ശബ്ദം നൽകി, നമ്മുടെ സാംസ്കാരിക സ്വത്വത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സമർഥ് രാംദാസ് ജി പറഞ്ഞത്: मराठा तितुका मेळवावा महाराष्ट्र धर्म वाढवावा आहे तितके जतन करावे पुढे आणिक मेळवावे महाराष्ट्र राज्य करावे जिकडे तिकडे, മറാഠി ഒരു സമ്പൂർണ്ണ ഭാഷയാണ്-അത് ധീരതയും വീര്യവും, സൗന്ദര്യവും സംവേദനക്ഷമതയും, സമത്വവും ഐക്യവും ഉൾക്കൊള്ളുന്നു. അത് ഭക്തിയുടെ ആത്മീയ സത്തയും ആധുനികതയുടെ തരംഗങ്ങളും വഹിക്കുന്നു. മറാഠി 'ഭക്തി', 'ശക്തി', 'യുക്തി' എന്നിവയുടെ ഭാഷയാണ്. ഭാരതത്തിന് ആത്മീയ മാർഗനിർദേശം ആവശ്യമായി വന്നപ്പോഴെല്ലാം, മഹാരാഷ്ട്രയിലെ മഹാനായ സന്യാസിമാർ പുരാതന ഋഷിമാരുടെ ജ്ഞാനം മറാഠിയിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ജ്ഞാനേശ്വർ, തുക്കാറാം, രാംദാസ്, നാംദേവ്, തുക്ദോജി മഹാരാജ്, ഗാഡ്‌ഗെ ബാബ, ഗോര കുംഭാർ, ബഹിനാബായി തുടങ്ങിയ സന്യാസിമാർ മറാഠി ഉപയോഗിച്ച് സമൂഹത്തെ പുതിയ ആദർശങ്ങളാൽ പ്രകാശിപ്പിക്കാൻ ഭക്തി പ്രസ്ഥാനത്തിന് നേതൃത്വം നൽകി. ആധുനിക കാലത്തും, ഗജാനൻ ദിഗംബർ മദ്ഗുൽക്കറുടെയും സുധീർ ഫാഡ്കെയുടെയും 'ഗീത് രാമായണം' നമ്മളിൽ എല്ലാവരുടെയും മനസ്സിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയത് നമ്മൾ കണ്ടിട്ടുണ്ട്.
സുഹൃത്തുക്കളെ,
നൂറ്റാണ്ടുകളുടെ നീണ്ട വിദേശ ഭരണകാലത്ത്, മറാഠി ഭാഷ അടിച്ചമർത്തുന്നവരിൽ നിന്നുള്ള മോചനത്തിനായുള്ള ഒരു പോരാട്ട ആഹ്വാനമായി മാറി. ഛത്രപതി ശിവാജി മഹാരാജ്, സംഭാജി മഹാരാജ്, ബാജിറാവു പേഷ്വ - ഈ ധീരരായ മറാഠാ യോദ്ധാക്കൾ ശത്രുക്കളിൽ ഭയം ഉളവാക്കുകയും അവരെ കീഴടങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ വാസുദേവ് ബൽവന്ത് ഫഡ്‌കെ, ലോകമാന്യ തിലക്, വീർ സവർക്കർ തുടങ്ങിയ വിപ്ലവകാരികൾ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. അവരുടെ നിർഭയമായ ചെറുത്തുനിൽപ്പിന് പിന്നിൽ, മറാഠി ഭാഷയും സാഹിത്യവും ഒരു പ്രധാന പങ്ക് വഹിച്ചു. ഗോവിന്ദഗ്‌രാജിന്റെ ശക്തമായ കവിതകളായ 'കേസരി', 'മറാഠ' തുടങ്ങിയ പത്രങ്ങളും രാം ഗണേഷ് ഗഡ്കരിയുടെ നാടകങ്ങളും രാജ്യമെമ്പാടും വ്യാപിച്ച ദേശസ്‌നേഹത്തിന്റെ ഒരു തരംഗത്തിന് തിരികൊളുത്തി, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഇന്ധനം നൽകി. ലോകമാന്യ തിലകിൻ്റെ ‘ഗീത രഹസ്യം’ പോലും മറാഠിയിൽ എഴുതിയതാണ്. പക്ഷേ അത് മുഴുവൻ രാജ്യത്തിനും ഒരു പുതിയ ഊർജ്ജം പകർന്നു.
സഹോദരീ സഹോദരന്മാരേ,
മുംബൈയെക്കുറിച്ച് പറയുമ്പോൾ, സിനിമകളെക്കുറിച്ച് പരാമർശിക്കാതെ സാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല! മറാഠി സിനിമയെ ഉയർത്തിക്കൊണ്ടുവന്നതു മാത്രമല്ല, ഹിന്ദി സിനിമയെ ഉയരങ്ങളിലേക്ക് എത്തിച്ചതും മഹാരാഷ്ട്രയും മുംബൈയുമാണ്. ഇക്കാലത്ത്, 'ഛാവ'യെ ചുറ്റിപ്പറ്റി വലിയ ആവേശമുണ്ട്! ശിവാജി സാവന്തിന്റെ ഐക്കണിക് മറാഠി നോവലിലൂടെ നമുക്ക് ആദ്യമായി പരിചയപ്പെടുത്തിയ സംബാജി മഹാരാജിന്റെ കഥയുടെ വീര്യം ലോകം വീണ്ടും കണ്ടെത്തുകയാണ്.
സുഹൃത്തുക്കളെ,
കവി കേശവ്സുത് ഒരിക്കൽ എഴുതി: “जुनें जाऊं द्या, मरणालागुनि जाळुनि किंवा, पुरुनि टाकासडत न एक्या ठायी ठाका. അതായത് നാം പഴയ ആശയങ്ങളിൽ കുടുങ്ങിക്കിടക്കരുത്. മനുഷ്യ നാഗരികതയും ചിന്തകളും ഭാഷകളും തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, ലോകത്തിലെ ഏറ്റവും പുരാതനവും എന്നാൽ അതിജീവിക്കുന്നതുമായ നാഗരികതകളിൽ ഒന്നായി ഭാരതം നിലകൊള്ളുന്നു, കാരണം നമ്മൾ നിരന്തരം പരിണമിക്കുകയും പുതിയ ആശയങ്ങൾ സ്വീകരിക്കുകയും മാറ്റത്തെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. നമ്മുടെ വിശാലമായ ഭാഷാ വൈവിധ്യം, ഈ വൈവിധ്യം തന്നെ ഇതിന് ഒരു മികച്ച ഉദാഹരണമാണ്. ഒരു അമ്മയെപ്പോലെ, അത് എല്ലാ ചിന്തകളെയും ആശയങ്ങളെയും ഉൾക്കൊള്ളുന്നു. ലോകമാന്യ തിലകന്റെ 'ഗീത രഹസ്യം' - ഇത് സംസ്കൃത ഭഗവദ്ഗീതയുടെ വ്യാഖ്യാനമാണ്, അവിടെ തിലക് ജി മറാഠിയുടെ സത്ത സന്നിവേശിപ്പിച്ചു, ഗീതയെ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കി. അതുപോലെ, 'ധ്യാനേശ്വരി ഗീത' മറാഠിയിൽ വിശദീകരിക്കുന്ന ഒരു സംസ്കൃത ഗ്രന്ഥമാണ്, ഇന്ന്, പണ്ഡിതർക്കും സന്യാസിമാർക്കും ഇത് ഒരു സ്റ്റാൻഡേർഡ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. മറാഠി മറ്റ് ഭാഷകളിൽ നിന്ന് കടമെടുത്ത് മറ്റ് ഇന്ത്യൻ ഭാഷകളെ സമ്പന്നമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, മറാഠി എഴുത്തുകാരൻ ഭാർഗവ്രം വിത്തൽ വരേക്കർ 'ആനന്ദമഠം' മറാഠിയിലേക്ക് വിവർത്തനം ചെയ്തു. വിന്ദ കരണ്ടികറുടെ കൃതികൾ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പന്ന ധായ്, റാണി ദുർഗ്ഗാവതി, റാണി പത്മാവതി എന്നിവയെക്കുറിച്ച് അദ്ദേഹം എഴുതി. ഇന്ത്യൻ ഭാഷകൾ ഒരിക്കലും പരസ്പരം സംഘർഷത്തിലായിരുന്നിട്ടില്ലെന്ന് ഇത് കാണിക്കുന്നു. പകരം, അവ എല്ലായ്പ്പോഴും പരസ്പരം ആശ്ലേഷിക്കുകയും സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളെ,
പലപ്പോഴും, ഭാഷയുടെ പേരിൽ ഭിന്നതകൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, നമ്മുടെ പൊതുവായ ഭാഷാ പൈതൃകം തന്നെ അത്തരം ശ്രമങ്ങൾക്ക് ഏറ്റവും ശക്തമായ പ്രതികരണമായി മാറുന്നു. അത്തരം തെറ്റിദ്ധാരണകളിൽ വീഴുന്നതിനുപകരം, എല്ലാ ഭാഷകളെയും സമ്പന്നമാക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കൂട്ടായ ഉത്തരവാദിത്തം. അതുകൊണ്ടാണ് ഇന്ന് നമ്മൾ എല്ലാ ഇന്ത്യൻ ഭാഷകളെയും മുഖ്യധാരാ ഭാഷകളായി അംഗീകരിക്കുന്നത്. മറാഠിയിലും മറ്റ് പ്രാദേശിക ഭാഷകളിലും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. ഇപ്പോൾ മഹാരാഷ്ട്രയിലെ യുവാക്കൾക്ക് മറാഠിയിൽ ഉന്നത വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്, മെഡിക്കൽ പഠനം എന്നിവ എളുപ്പത്തിൽ നേടാൻ കഴിയും. ഇംഗ്ലീഷ് അറിയില്ല എന്നതുകൊണ്ട് മാത്രം കഴിവുള്ളവരെ അവഗണിക്കുന്ന പഴയ മനോഭാവം നമ്മൾ മാറ്റി.
സുഹൃത്തുക്കളെ,
സാഹിത്യം സമൂഹത്തിന്റെ കണ്ണാടിയാണെന്ന് നാമെല്ലാവരും പറയാറുണ്ട്, പക്ഷേ അത് സമൂഹത്തിനുള്ള വഴികാട്ടി കൂടിയാണ്. അതുകൊണ്ടാണ് നമ്മുടെ രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിൽ സാഹിത്യ സമ്മേളനങ്ങളും സ്ഥാപനങ്ങളും നിർണായക പങ്ക് വഹിക്കുന്നത്. ഗോവിന്ദ് റാനഡെ ജി, ഹരി നാരായൺ ആപ്‌തേ ജി, ആചാര്യ ആത്രേ ജി, വീർ സവർക്കർ ജി തുടങ്ങിയ മഹത്തായ വ്യക്തികൾ സാഹിത്യത്തിൽ ഉയർന്ന നിലവാരം പുലർത്തി, അഖില ഭാരതീയ മറാഠി സാഹിത്യ മഹാമണ്ഡലം ഈ പൈതൃകം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 2027-ൽ, മറാഠി സാഹിത്യ സമ്മേളനം 150 വർഷം പൂർത്തിയാക്കും, കൂടാതെ അത് 100-ാമത് സമ്മേളനവും ആയിരിക്കും. ഇതൊരു മഹത്തായതും അവിസ്മരണീയവുമായ അവസരമാക്കി മാറ്റാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, ഇപ്പോൾ തന്നെ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുക. ഇന്ന് നിരവധി യുവാക്കൾ സമൂഹമാധ്യമങ്ങളിലൂടെ മറാഠി സാഹിത്യത്തിന് സംഭാവനകൾ നൽകുന്നുണ്ട്. നിങ്ങൾക്ക് അവർക്ക് ഒരു വേദി നൽകാനും, അവരുടെ കഴിവുകൾ തിരിച്ചറിയാനും, കൂടുതൽ ആളുകളെ മറാഠി പഠിക്കാൻ പ്രോത്സാഹിപ്പിക്കാനും കഴിയും. 'ഭാഷിണി' പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സംരംഭങ്ങളും ഉപയോഗപ്പെടുത്തുന്നത് ഭാഷയെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. മറാഠി സാഹിത്യത്തിൽ താൽപര്യം വളർത്തുന്നതിനായി യുവാക്കൾക്കിടയിൽ മത്സരങ്ങൾ സംഘടിപ്പിക്കാനും നിങ്ങൾക്ക് കഴിയും.
ഈ ശ്രമങ്ങൾ - മറാഠി സാഹിത്യത്തിന്റെ പ്രചോദനാത്മകമായ പൈതൃകത്തോടൊപ്പം - ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിന് 140 കോടി ഇന്ത്യക്കാർക്ക് പുതിയ ഊർജ്ജവും, പുതിയ അവബോധവും, പുതിയ പ്രചോദനവും നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. മഹാദേവ് ഗോവിന്ദ് റാനഡെ ജി, ഹരി നാരായൺ ആപ്തെ ജി, മാധവ് ശ്രീഹരി ആനേ ജി, ശിവറാം പരഞ്ജപെ ജി തുടങ്ങിയ അതികായന്മാരുടെ മഹത്തായ സാഹിത്യ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങളെല്ലാവരും തുടരണമെന്ന ഈ ആഗ്രഹത്തോടെ, നിങ്ങൾക്കെല്ലാവർക്കും ഞാൻ ഒരിക്കൽ കൂടി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു!
ഡിസ്ക്ലൈമർ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. ഹിന്ദിയിലായിരുന്നു പ്രസംഗം.
****
(Release ID: 2141610)