രാഷ്ട്രപതിയുടെ കാര്യാലയം
മഹായോഗി ഗോരഖ്നാഥ് സർവകലാശാലയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം/ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിച്ചു ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ
Posted On:
01 JUL 2025 6:51PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഇന്ന് (ജൂലൈ 1, 2025) മഹായോഗി ഗോരഖ്നാഥ് സർവകലാശാലയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നിർവഹിച്ചു. ഓഡിറ്റോറിയം, അക്കാദമിക് ബ്ലോക്ക്, പഞ്ചകർമ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും പെൺകുട്ടികൾക്കായുള്ള പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും ഇതിൽ ഉൾപ്പെടുന്നു.
അലോപ്പതി, ആയുർവേദം എന്നിവയുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മെഡിക്കൽ കോളേജ്, ആയുർവേദ കോളേജ്, ആശുപത്രികൾ തുടങ്ങിയവയിലൂടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സമഗ്ര മെഡിക്കൽ സംവിധാനങ്ങൾക്ക് ഊന്നൽ നൽകിയ മഹായോഗി ഗോരഖ്നാഥ് സർവകലാശാലയെ ചടങ്ങിൽ രാഷ്ട്രപതി അഭിനന്ദിച്ചു. ശ്രീ ഗോരഖ്നാഥ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ 1800 കിടക്കകളുള്ള ഒരു പുതിയ ആശുപത്രി സ്ഥാപിക്കുന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളും പൊതുജനക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ ആകുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോരഖ്പൂരിലും പരിസര പ്രദേശങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിന് സംഭാവന നൽകുന്ന ആദ്യത്തെ സ്വകാര്യ സർവകലാശാലയാണ് മഹായോഗി ഗോരഖ്നാഥ് സർവകലാശാലയെന്ന് അവർ ചൂണ്ടിക്കാട്ടി. സ്ഥാപിതമായതിന് ശേഷം കേവലം നാല് വർഷത്തിനുള്ളിൽ, ഈ സർവകലാശാല അതിന്റെ വികസന യാത്രയിൽ ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിച്ചു. കിഴക്കൻ ഉത്തർപ്രദേശിൽ ഉന്നത വിദ്യാഭ്യാസത്തിന്റെയും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും ഒരു പ്രധാന കേന്ദ്രമായി ഈ സർവകലാശാല മാറിയിരിക്കുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസത്തിലൂടെ മികവ് കൈവരിക്കുന്നതിനൊപ്പം, ഈ സർവകലാശാലയിലെ വിദ്യാർത്ഥികൾ അവരുടെ ജീവിതത്തിൽ ആത്മീയതയുടെയും ദേശസ്‌നേഹത്തിന്റെയും ആദർശങ്ങൾ ഉൾച്ചേർക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സർവകലാശാലയുടെ വിവിധ സൗകര്യ സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും, എന്നാൽ പെൺകുട്ടികൾക്കായുള്ള പുതിയ ഹോസ്റ്റൽ മന്ദിരത്തിന് തറക്കല്ലിട്ടതിൽ അതിലേറെ സന്തോഷമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസമാണ് ശാക്തീകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. സുരക്ഷിതമായ താമസ സൗകര്യത്തിന്റെ അഭാവം പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസ യാത്രയെ തടസ്സപ്പെടുത്തുക മാത്രമല്ല, അവരുടെ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചെയ്തേക്കാം . പെൺകുട്ടികൾക്കായി പുതിയ ഹോസ്റ്റൽ സ്ഥാപിക്കാനുള്ള ഈ സർവകലാശാലയുടെ തീരുമാനത്തെ, ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള വനിതാ പങ്കാളിത്തത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പായാണ് രാഷ്ട്രപതി വിശേഷിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തിനായുള്ള ഈ അമൂല്യ സംരംഭത്തിന് അവർ സർവകലാശാലയെ പ്രശംസിച്ചു.
ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിലെ ജനങ്ങൾ ആരോഗ്യമുള്ളവരും വിദ്യാസമ്പന്നരുമാകുമ്പോൾ, ഉത്തർപ്രദേശ് സംസ്ഥാനമാകെ എല്ലാവരെയും ഉൾക്കൊണ്ടുള്ള പുരോഗതിയുടെ പാതയിലൂടെ അതിദ്രുതം മുന്നേറുമെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ദ്രുതഗതിയിലുള്ള വികസനത്തിന്റെ പാതയിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യയൊട്ടാകെ പുരോഗതിയുടെ പുതിയ മാതൃകകൾ സ്ഥാപിക്കും.
(Release ID: 2141428)