Posted On:
30 JUN 2025 5:33PM by PIB Thiruvananthpuram
രാജ്യത്തെ യുവാക്കളുമായുള്ള ഡിജിറ്റൽ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പിൽ, മൈ ഭാരത് 2.0 പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MEITY) കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനുമായി (DIC) യുവജനകാര്യ-കായിക മന്ത്രാലയം (MYAS) ഇന്ന് ന്യൂഡൽഹിയിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. സാങ്കേതികവിദ്യാധിഷ്ഠിത മാർഗങ്ങൾ പ്രയോജനപ്പെടുത്തി രാജ്യത്തുടനീളമുള്ള യുവാക്കളെ ശാക്തീകരിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് നവീകരിച്ച ദേശീയ യുവജന പ്ലാറ്റ്‌ഫോം. കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്‌നോളജി, റെയിൽവേ, വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെത്തുടർന്ന്, മൈ ഭാരത് പ്ലാറ്റ്‌ഫോം സമഗ്രമായ പരിഷ്കരണത്തിലൂടെ മൈ ഭാരത് 2.0 ആയി മാറും. ഉപയോക്തൃ അനുഭവം, പ്രവേശനക്ഷമത, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സവിശേഷതകൾ ഈ പുതിയ പതിപ്പിൽ ഉണ്ടായിരിക്കും. വിപുലതയും സുഗമമായ പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിന് ഒരു മോഡുലാർ ആർക്കിടെക്ചർ സമീപനം ഉപയോഗിച്ച് ഈ പ്ലാറ്റ്‌ഫോം പൂർണ്ണമായും പുനർനിർമ്മിക്കും. കൂടാതെ, ആൻഡ്രോയിഡിനും iOS-നും വേണ്ടി പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും.

" യുവാക്കളെ ദിശാബോധം , ലക്ഷ്യം, അവസരം എന്നിവ നൽകി ശാക്തീകരിക്കുന്നതിനായുള്ള ഒരു ഏകജാലക ഡിജിറ്റൽ പരിഹാരമായാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മൈ ഭാരതിനെ വിഭാവനം ചെയ്തത്. സേവനമനോഭാവത്തോടെ, തൊഴിൽ അവസരങ്ങൾ, നൈപുണ്യ വികസനം, ആശയവിനിമയം എന്നിവ നൽകി യുവ പൗരന്മാരെ സഹായിക്കുന്നതിനുള്ള ഒരു സംവിധാനമാണ് മൈ ഭാരത് 2.0. 1.75 കോടിയിലധികം യുവാക്കളുള്ള ഈ പ്ലാറ്റ്ഫോം കേവലം ഒരു ഡിജിറ്റൽ സംവിധാനമല്ല, 2047 ഓടെ വികസിത ഭാരതം എന്ന ദൗത്യവുമായി യുവാക്കളുടെ അഭിലാഷങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രസ്ഥാനമാണിത്. മൈ ഭാരത് 2.0 ഉപയോഗിച്ച്, മികച്ച സംയോജനവും ആഴത്തിലുള്ള സഹകരണവും സാധ്യമാക്കുകയും ഒപ്പം യുവാക്കളുടെ അഭിലാഷങ്ങളെ വികസിത ഭാരതത്തിന്റെ അടിത്തറയാക്കി മാറ്റുന്നതിനുള്ള ഒരു ധീരമായ പുതിയ ദിശയിലേക്ക് ഞങ്ങൾ മുന്നേറുകയും ചെയ്യുകയാണ് ." ചടങ്ങിൽ ഡോ. മാണ്ഡവ്യ പറഞ്ഞു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞതിങ്ങനെ: "യുവാക്കൾ നേതാക്കളും രാഷ്ട്ര നിർമ്മാതാക്കളുമാണ്. കഴിഞ്ഞ 11 വർഷത്തിനിടയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവാക്കൾക്കായി കായികം, സാങ്കേതികവിദ്യ, വിവിധ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സമ്പ്രദായം എന്നിങ്ങനെ നിരവധി മേഖലകളിൽ പരിവർത്തനം വരുത്തിയിട്ടുണ്ട് "
സെമികണ്ടക്ടർ നിർമ്മാണത്തിൽ ഇന്ത്യയുടെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അഭിലാഷത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. 1960-കൾ മുതൽ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഈ പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ ഈ ലക്ഷ്യം യാഥാർത്ഥ്യമാകുന്നത് . ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ഐഎസ്എം) ആരംഭിച്ചതിനുശേഷം യുവാക്കളുടെ ആത്മവിശ്വാസത്തിൽ ഗണ്യമായ ഉയർച്ച ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾ ചിപ്‌സെറ്റുകൾ രൂപകൽപ്പന ചെയ്യുന്നുണ്ട്. കൂടാതെ രാജ്യത്തുടനീളമുള്ള 240 സർവകലാശാലകളിൽ ഐഎസ്എം- അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ ഇതിനകം ലഭ്യമാണ്. ഇന്ത്യ എഐ ദൗത്യത്തിന്റെ കീഴിൽ, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരു പൊതു കമ്പ്യൂട്ട് സൗകര്യം ലഭ്യമാക്കുന്നുണ്ടെന്നും ശ്രീ വൈഷ്ണവ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും പുതിയ സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ നൽകുക എന്ന ലക്ഷ്യത്തോടെ ഉള്ള ഈ സംരംഭത്തിൽ 34,000 ജിപിയുകൾ ഇതിനകം തന്നെ നിലവിലുണ്ട് കൂടാതെ 6,000 എണ്ണം കൂടി ഉടൻ തന്നെ ഉൾപ്പെടുത്തും. ഗ്ലോബൽ കപ്പാസിറ്റി കേന്ദ്രങ്ങൾ ഇന്ത്യയിൽ 15 ലക്ഷത്തിലധികം യുവാക്കൾക്ക് തൊഴിൽ നൽകുന്നുണ്ടെന്നും , അത്തരം അവസരങ്ങൾ രണ്ടാം നിര നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും അത് വഴി സമഗ്രമായ സാങ്കേതിക വളർച്ച ഉറപ്പാക്കുന്നതിനുമായി ഒരു പുതിയ ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സേവന മനോഭാവമായ സേവാ ഭാവ് ഇന്ത്യൻ സമൂഹത്തിന്റെ വലിയ ശക്തിയാണ്. മൈ ഭാരത് ഈ ധാർമ്മികതയെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്നു. ഈ വർഷം ഡിജിറ്റൽ ഇന്ത്യയുടെ 10 -മത് വാർഷികം ആഘോഷിക്കുമ്പോൾ, മൈ ഭാരത് 2.0 ഒരു പ്രധാന നാഴികക്കല്ലായിരിക്കും. "ഈ യുവകേന്ദ്രീകൃത പ്ലാറ്റ്‌ഫോമിനെ ഡിജിറ്റൽ ഇന്ത്യയുടെ ദർശനവുമായി സംയോജിപ്പിക്കുന്നത് യുവാക്കൾക്കും രാജ്യത്തിനും വളരെയധികം നേട്ടങ്ങൾ നൽകും," ശ്രീ വൈഷ്ണവ് പറഞ്ഞു. പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാന പിന്തുണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഒരു സമർപ്പിത കോൾ സെന്റർ, പരിശീലന മൊഡ്യൂളുകൾ, ക്ലൗഡ് സേവനങ്ങൾ, എംഐഎസ് (മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം), ഇമെയിൽ, എസ്എംഎസ് സേവനങ്ങൾ ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയ പിന്തുണാ പ്രവർത്തനങ്ങൾ സ്ഥാപിക്കും. സ്മാർട്ട് സിവി ബിൽഡർ, വ്യക്തിഗതമാക്കിയ ഡിജിറ്റൽ പ്രൊഫൈലുകൾ, എഐ-അധിഷ്ഠിത ചാറ്റ്ബോട്ടുകൾ എന്നിവയുൾപ്പെടെ പ്രധാന എഐ-അധിഷ്ഠിത സവിശേഷതകൾ അവതരിപ്പിക്കും. സ്പീച്ച്-ടു-ടെക്‌സ്റ്റ് സൗകര്യവും ശബ്ദ സഹായത്തോടെയുള്ള നാവിഗേഷനും എല്ലാ ഉപയോക്താക്കൾക്കും സൗകര്യപ്രദമാകുന്ന വിധത്തിൽ ഉപയോഗക്ഷമതയും പ്രവേശനക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തും.
സംയോജിത ഡാഷ്‌ബോർഡുകൾ പരിപാടികളുടെ സംഘാടക സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവരുടെ പ്രവർത്തന ഫലങ്ങൾ ഫലപ്രദമായി വിശകലനം ചെയ്യാനും നിരീക്ഷിക്കാനും അനുവദിക്കും. ലൊക്കേഷൻ ഇന്റലിജൻസും ജിയോ-ടാഗിംഗ് സംവിധാനവും പ്രദേശമോ, താൽപ്പര്യമോ അടിസ്ഥാനമാക്കി സമീപത്തുള്ള അവസരങ്ങൾ കണ്ടെത്താൻ യുവാക്കളെ സഹായിക്കും. കൂടാതെ, ആശയവിനിമയം വർദ്ധിപ്പിക്കുന്നതിനും തുടർച്ചയായ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും സംവേദനാത്മക പഠന മൊഡ്യൂളുകളും പ്രശ്നോത്തരികളും ഉൾപ്പെടുത്തും.
മൈ ഭാരത് 2.0 ആധാർ, ഡിജിലോക്കർ, ഭാഷിണി, മൈ ജി ഓ വി തുടങ്ങിയ ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സുഗമമായ സംയോജനവും വാഗ്ദാനം ചെയ്യുന്നു. ഇത് പരസ്പര പ്രവർത്തനക്ഷമതയും ഏകീകൃത ഉപയോക്തൃ അനുഭവവും ഉറപ്പാക്കും. ഏറ്റവും പുതിയ ഡാറ്റാ സംരക്ഷണ, സ്വകാര്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ, നവീകരിച്ച ഈ പോർട്ടൽ എല്ലാ ഉപയോക്താക്കൾക്കും സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കുന്നു.
കൂടാതെ, പ്ലാറ്റ്‌ഫോമിന്റെ മെച്ചപ്പെടുത്തിയ പതിപ്പിൽ ദേശീയ തലത്തിലെ കരിയർ സേവനങ്ങൾക്കായുള്ള പ്രത്യേക വിഭാഗങ്ങൾ, മെന്റർഷിപ്പ് ഹബ്, യുവാക്കൾക്കിടയിൽ തൊഴിൽ വളർച്ച, വ്യക്തിഗത വികസനം, ആരോഗ്യം, ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഫിറ്റ് ഇന്ത്യ വിഭാഗം എന്നിവ ഉൾപ്പെടും. യുവാക്കളുടെ ആശയവിനിമയത്തിനും ശാക്തീകരണത്തിനുമുള്ള സമഗ്രമായ ഒരു ഏകജാലക ഡിജിറ്റൽ സംവിധാനം എന്ന മൈ ഭാരതിന്റെ വീക്ഷണം സാക്ഷാത്കരിക്കാൻ ഈ സംയോജനം സഹായിക്കും.
ഇന്ത്യയുടെ ജനസംഖ്യാപരമായ ആനുകൂല്യത്തെ വികസന നേട്ടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സാങ്കേതികവിദ്യ, ഭരണം, യുവ ഊർജ്ജം എന്നിവയുടെ തന്ത്രപരമായ സംയോജനമാണ് ഈ നവീകരണം സാക്ഷാത്കരിക്കുന്നത്. അമൃത് പീധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലും 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിലും മൈ ഭാരത് 2.0 നിർണായക പങ്ക് വഹിക്കാൻ തയ്യാറായിരിക്കുന്നു.
മൈ ഭാരത് (https://mybharat.gov.in) എന്നത് യുവജനകാര്യ വകുപ്പ് (DoYA) വിഭാവനം ചെയ്യുകയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (DIC) വികസിപ്പിച്ചെടുക്കുകയും ചെയ്ത ഒരു ചലനാത്മക സാങ്കേതിക പ്ലാറ്റ്‌ഫോമാണ്. ഇന്ത്യയിലെ യുവാക്കളെ ഘടനാപരവും അർത്ഥവത്തായതുമായ രീതിയിൽ ആശയവിനിമയം നടത്തുന്നതിനും ഒരുമിച്ച് ചേർക്കുന്നതിനും ഉള്ള ഒരു സ്ഥാപന ചട്ടക്കൂടായി ഇത് പ്രവർത്തിക്കുന്നു. 2023 ഒക്ടോബർ 31-ന് പ്രധാനമന്ത്രിയാണ് ഈ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇതുവരെ, 1.76 കോടിയിലധികം യുവാക്കളും 1.19 ലക്ഷത്തിലധികം സംഘടനകളും മൈ ഭാരത് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
'സേവന മനോഭാവം ', 'കർതവ്യ ബോധം ' എന്നീ ഇന്ത്യൻ തത്വങ്ങളിലൂടെ യുവാക്കളെ ശാക്തീകരിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ, യുവ പൗരന്മാരെ ഡിജിറ്റൽ പ്രൊഫൈലുകൾ സൃഷ്ടിക്കാനും, സന്നദ്ധസേവനങ്ങളിലും പഠന അവസരങ്ങളിലും പങ്കെടുക്കാനും, ഉപദേഷ്ടാക്കളുമായും സമപ്രായക്കാരുമായും ബന്ധപ്പെടാനും, 2047 ഓടെ ഒരു വികസിത ഭാരതം സൃഷ്ടിക്കുന്നതിന് അർത്ഥവത്തായ സംഭാവന നൽകാനും പ്രാപ്തരാക്കുന്നതിന് ഈ സംവിധാനം ഊന്നൽ നൽകുന്നു.അതിലൂടെ ലക്ഷ്യബോധമുള്ള യുവജന പങ്കാളിത്തത്തിന്റെയും പൗര ഉത്തരവാദിത്വത്തിന്റെയും ഒരു സംസ്കാരം ഈ പ്ലാറ്റ്‌ഫോം വളർത്തിയെടുക്കുന്നു. അനുഭവപരിചയ പഠന പരിപാടികൾ (ELP-കൾ) ഉൾപ്പെടെ വിവിധ ആശയവിനിമയ സംരംഭങ്ങൾ പ്ലാറ്റ്‌ഫോമിൽ പതിവായി ഉൾപ്പെടുത്തുന്നു. യുവാക്കളുമായി ബന്ധപ്പെട്ട സംരംഭങ്ങൾ, സന്നദ്ധസേവന പരിപാടികൾ, ശേഷി വികസന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് വിവിധ മന്ത്രാലയങ്ങൾ, സംഘടനകൾ, വ്യവസായങ്ങൾ, യൂത്ത് ക്ലബ്ബുകൾ, മറ്റ് പങ്കാളികൾ എന്നിവർക്ക് പ്രത്യേകമായ വെബ് ഇടവും ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.
യുവജനകാര്യ, കായിക മന്ത്രാലയത്തിലെയും ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെയും സെക്രട്ടറിമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ധാരണ പത്രം ഒപ്പ് വയ്ക്കുന്ന പരിപാടിയിൽ പങ്കെടുത്തു.