രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഗോരഖ്പൂർ എയിംസിന്റെ പ്രഥമ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു

Posted On: 30 JUN 2025 6:51PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഇന്ന് (ജൂൺ 30, 2025) നടന്ന ഗോരഖ്പൂർ എയിംസിന്റെ പ്രഥമ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
 
എയിംസ് എന്ന് കേൾക്കുമ്പോൾ തന്നെ ലോകോത്തര ചികിത്സ, മികച്ച മെഡിക്കൽ സൗകര്യങ്ങൾ, ആധുനിക സാങ്കേതികവിദ്യ, പ്രതിജ്ഞാബദ്ധരായ ഡോക്ടർമാർ എന്നിവയുടെ ഒരു പ്രതിച്ഛായയാണ് മനസ്സിൽ രൂപപ്പെടുന്നതെന്ന്  രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ മെഡിക്കൽ ശേഷിയുടെ പ്രതീകങ്ങളാണ് എയിംസ് സ്ഥാപനങ്ങൾ,അവിടെ ഓരോ രോഗിയും പുതിയ പ്രതീക്ഷ കണ്ടെത്തുന്നുു. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, ചികിത്സ എന്നീ മേഖലകളിൽ എയിംസ് ഉയർന്ന നിലവാരം സ്ഥാപിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കുള്ള പുതിയ സാങ്കേതികവിദ്യയായാലും,രോഗനിർണയ ഉപകരണങ്ങളായാലും, ആയുഷും അലോപ്പതിയും സംയോജിപ്പിച്ചുള്ള ചികിത്സാരീതിയാലും, നൂതനാശയങ്ങളെ എയിംസ് എപ്പോഴും അതിന്റെ പ്രവർത്തന ശൈലിയുടെ ഭാഗമാക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യ എയിംസ് മുതൽ എല്ലാ എയിംസ് സ്ഥാപനങ്ങളും ലക്ഷ്യം നിറവേറ്റുന്നതിൽ വിജയിച്ചു എന്ന് പറയാൻ കഴിയും എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
മികച്ച മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയിംസ് ഗോരഖ്പൂരും രാജ്യത്തെ മറ്റ് എയിംസുകളും സ്ഥാപിതമായതെന്ന് രാഷ്ട്രപതി പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിദ്യാഭ്യാസം, ഗവേഷണം, മെഡിക്കൽ സേവനങ്ങൾ എന്നീ മേഖലകളിൽ എയിംസ് ഗോരഖ്പൂർ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതിൽ അവർ സന്തോഷം രേഖപ്പെടുത്തി. എല്ലാ വിഭാഗത്തിലുമുള്ള പൗരന്മാർക്കും താങ്ങാനാവുന്ന ചെലവിൽ ഈ സ്ഥാപനം ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ബീഹാറും നേപ്പാളും അതിർത്തി പങ്കിടുന്ന കിഴക്കൻ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് മികച്ച വൈദ്യചികിത്സ നൽകുന്ന കേന്ദ്രമായി ഗോരഖ്പൂർ എയിംസ് മാറിക്കൊണ്ടിരിക്കുകയാണ്.
സമൂഹത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിൽ ഡോക്ടർമാർ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഡോക്ടർമാർ  ചികിത്സിക്കുക മാത്രമല്ല, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അടിത്തറ സൃഷ്ടിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള പൗരന്മാർക്ക് രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാകാൻ കഴിയും. സമൂഹത്തിൽ വൈദ്യസഹായം ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങൾക്കായി പ്രവർത്തിക്കാൻ രാഷ്ട്രപതി യുവ ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. പല ഗ്രാമീണ, ഗോത്ര മേഖലകളിലും പിന്നാക്ക സമൂഹങ്ങൾക്ക് ഇപ്പോഴും ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഇത്തരം മേഖലകളിലുള്ള ജനങ്ങൾക്ക് മികച്ച ആരോഗ്യ സംരക്ഷണം നൽകുന്നതിനെക്കുറിച്ച് യുവ ഡോക്ടർമാർ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന് ശ്രീമതി മുർമു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
ഡോക്ടർമാർക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുമെങ്കിലും, സഹാനുഭൂതിയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഭാവിയിലെ ഡോക്ടർമാർക്ക് അത്തരമൊരു ആവാസവ്യവസ്ഥ തുടക്കം മുതൽ തന്നെ പ്രദാനം ചെയ്യണമെന്ന് മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളോടും അവർ അഭ്യർത്ഥിച്ചു. യുവ ഡോക്ടർമാർ അക്കാദമിക മികവിനൊപ്പം ഡോക്ടർ-രോഗി ആശയവിനിമയം, രോഗശാന്തി നൽകുന്നതിൽ സഹാനുഭൂതിയുടെ പങ്ക്, രോഗിയിൽ വിശ്വാസം സൃഷ്ടിക്കൽ തുടങ്ങിയവയുടെ പ്രാധാന്യം മനസ്സിലാക്കുകയും  പ്രവർത്തന ശൈലിയിൽ അവ സ്വീകരിക്കുകയും ചെയ്യണമെന്നും രാഷ്ട്രപതി പറഞ്ഞു. വൈദ്യശാസ്ത്രം എന്നത് കേവലം ഒരു തൊഴിൽ മാത്രമല്ല, മറിച്ച് മാനവിക സേവനമാണെന്ന് ഡോക്ടർമാർ എപ്പോഴും ഓർമ്മിക്കണമെന്ന് അവർ ഉപദേശിച്ചു . അനുകമ്പയും സത്യസന്ധതയും വ്യക്തിത്വത്തിന്റെ ഭാഗമാക്കാൻ രാഷ്ട്രപതി ഡോക്ടർമാരോട് ആഹ്വാനം ചെയ്തു
 
രാഷ്ട്രപതിയുടെ പ്രസംഗം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-
 
***

(Release ID: 2140961)