പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ നവ്സാരിയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

प्रविष्टि तिथि: 08 MAR 2025 4:53PM by PIB Thiruvananthpuram


ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ ജി; നവ്സാരിയിൽ നിന്നുള്ള പാർലമെന്റ് അംഗവും എന്റെ മന്ത്രിസഭാ സഹപ്രവർത്തകനുമായ കേന്ദ്രമന്ത്രി സി.ആർ. പാട്ടീൽ; ആദരണീയരായ പഞ്ചായത്ത് അംഗങ്ങൾ; വേദിയിൽ സന്നിഹിതരായ ലഖ്പതി ദീദികൾ; മറ്റ് പൊതു പ്രതിനിധികൾ; ഇവിടെ ഒത്തുകൂടിയ എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ അമ്മമാർ, സഹോദരിമാർ, പെൺമക്കൾ - എന്റെ ഊഷ്മളമായ ആശംസകൾ!

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മഹാകുംഭത്തിൽ ഗംഗാ മാതാവിന്റെ അനുഗ്രഹം എനിക്ക് ലഭിച്ചു, ഇന്ന്, സ്ത്രീകളുടെ ഈ വലിയ സമ്മേളനത്തിൽ നിന്ന് എനിക്ക് അനുഗ്രഹം ലഭിക്കുന്നു. മഹാകുംഭത്തിൽ ഗംഗാ മാതാവിന്റെ അനുഗ്രഹം ലഭിച്ചതുപോലെ, ഇന്ന്, മാതൃശക്തിയുടെ അല്ലെങ്കിൽ സ്ത്രീശക്തിയുടെ ഈ മഹാകുംഭത്തിൽ, നിങ്ങളുടെയും എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം എനിക്ക് ലഭിക്കുന്നു. വനിതാ ദിനത്തിന്റെ ഈ പ്രത്യേക അവസരത്തിൽ, എന്റെ മാതൃരാജ്യമായ ഗുജറാത്തിൽ, എല്ലാ അമ്മമാരാലും സഹോദരിമാരാലും പെൺമക്കളാലും ചുറ്റപ്പെട്ട, നിങ്ങളുടെ സ്നേഹത്തിനും വാത്സല്യത്തിനും അനുഗ്രഹങ്ങൾക്കും നന്ദിയോടെ ഞാൻ വണങ്ങുന്നു.
ഗുജറാത്തിലെ ഈ പുണ്യഭൂമിയിൽ നിന്ന്, എന്റെ എല്ലാ പൗരന്മാർക്കും, രാജ്യത്തുടനീളമുള്ള എല്ലാ അമ്മമാർക്കും സഹോദരിമാർക്കും എന്റെ ഹൃദയംഗമമായ വനിതാദിനാശംസകൾ നേരുന്നു.

ഗുജറാത്ത് സഫൽ, ഗുജറാത്ത് മൈത്രി എന്നീ രണ്ട് സുപ്രധാന സംരംഭങ്ങളുടെ തുടക്കം കൂടിയാണ് ഈ ദിവസം. കൂടാതെ, വിവിധ പദ്ധതികളിൽ നിന്നുള്ള ഫണ്ട് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ ഞാൻ നിങ്ങൾക്കെല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് സ്ത്രീകൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസമാണ് - അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും അവരിൽ നിന്ന് പഠിക്കാനുമുള്ള ഒരു ദിവസം. ഈ ശുഭകരമായ അവസരത്തിൽ, ഞാൻ എന്റെ ആശംസകൾ അറിയിക്കുകയും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇന്ന്, ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഞാനാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ചിലർ ഈ പ്രസ്താവനയിൽ പുരികം ഉയർത്തിയേക്കാം, മുഴുവൻ ട്രോൾ സൈന്യവും പ്രവർത്തിച്ചേക്കാം, പക്ഷേ ഞാൻ ഇപ്പോഴും അത് പറയും - ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഞാനാണ്. കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും അനുഗ്രഹങ്ങൾ എന്റെ ജീവിത അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നു, ഈ അനുഗ്രഹങ്ങൾ വളർന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഞാനാണെന്ന് ഞാൻ ബോധ്യത്തോടെ പറയുന്നത്. അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും സ്നേഹവും അനുഗ്രഹവുമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം, എന്റെ ഏറ്റവും വലിയ ശക്തി, എന്റെ ഏറ്റവും വലിയ സമ്പത്ത്, എന്റെ ആത്യന്തിക സംരക്ഷണ കവചം. 


സുഹൃത്തുക്കളേ,

നമ്മുടെ വേദങ്ങൾ സ്ത്രീകളെ നാരായണിയായി ആദരിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കുക എന്നത് ഒരു പുരോഗമന സമൂഹത്തിന്റെയും സമ്പന്നമായ ഒരു രാഷ്ട്രത്തിന്റെയും അടിത്തറയാണ്. അതുകൊണ്ടാണ്, ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനും അതിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനും, നമ്മുടെ രാജ്യം സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ പാത സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ അന്തസ്സിനും സൗകര്യത്തിനും നമ്മുടെ ​ഗവൺമെന്റ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു. ശൗചാലയങ്ങൾ നിർമ്മിച്ചുകൊണ്ട് കോടിക്കണക്കിന് സ്ത്രീകളുടെ ജീവിതം ഞങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്, അവർക്ക് ശുചിത്വം മാത്രമല്ല, ബഹുമാനവും നൽകി. ഉത്തർപ്രദേശിൽ, കാശിയിൽ നിന്നുള്ള എന്റെ സഹോദരിമാർ ഇനി അവയെ ശൗചാലയങ്ങൾ എന്ന് വിളിക്കുന്നില്ല - അവർ അവയെ ഇസ്സത്ത് ഘർ (അന്തസ്സിന്റെ വീട്) എന്ന് വിളിക്കുന്നു. കോടിക്കണക്കിന് സ്ത്രീകൾക്ക് ഞങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറന്നു, അവരെ ബാങ്കിംഗ് സംവിധാനവുമായി സംയോജിപ്പിച്ചു. ഉജ്ജ്വല ഗ്യാസ് സിലിണ്ടറുകൾ നൽകി വീടിനകത്തെ പുകയുടെ പ്രശ്നത്തിൽ നിന്ന് ഞങ്ങൾ അവരെ മോചിപ്പിച്ചു. മുമ്പ്, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് 12 ആഴ്ച മാത്രമേ പ്രസവാവധി ലഭിക്കാൻ അർഹതയുണ്ടായിരുന്നുള്ളൂ; ഞങ്ങളുടെ ഗവൺമെന്റ് അത് 26 ആഴ്ചയായി നീട്ടി. മുത്തലാഖിനെതിരെ ഒരു നിയമം നമ്മുടെ മുസ്ലീം സഹോദരിമാർ വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു. കർശനമായ നിയമനിർമ്മാണം നടത്തുന്നതിലൂടെ, ഞങ്ങളുടെ ഗവൺമെന്റ് ലക്ഷക്കണക്കിന് മുസ്ലീം സ്ത്രീകളുടെ ജീവൻ രക്ഷിച്ചു. കശ്മീരിൽ, അനുഛേദം 370 പ്രാബല്യത്തിൽ വന്നപ്പോൾ, സ്ത്രീകൾക്ക് നിരവധി അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ഒരു സ്ത്രീ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിച്ചാൽ, അവളുടെ പൂർവ്വിക സ്വത്തിൽ അവകാശം നഷ്ടപ്പെടും. അനുഛേദം 370 റദ്ദാക്കിയതോടെ, ജമ്മു കശ്മീരിലെ നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും ഇപ്പോൾ ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും ഉള്ള അതേ അവകാശങ്ങൾ ആസ്വദിക്കാൻ കഴിയും. വർഷങ്ങളായി, രാജ്യത്തിന്റെ അവിഭാജ്യ ഘടകമായിരുന്നിട്ടും, അവർക്ക് ഈ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു, ഭരണഘടന ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെട്ടവർ നിശബ്ദത പാലിച്ചു. സ്ത്രീകൾക്കെതിരായ അനീതി അവരെ ബാധിച്ചില്ല. അനുഛേദം 370 റദ്ദാക്കുന്നതിലൂടെ, നമ്മുടെ ഗവൺമെന്റ് ഭരണഘടനയുടെ മൂല്യങ്ങൾ യഥാർത്ഥത്തിൽ ഉയർത്തിപ്പിടിക്കുകയും അവരെ രാഷ്ട്രസേവനത്തിനായി സമർപ്പിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഇന്ന്, സമൂഹത്തിലുടനീളം, ​ഗവൺമെന്റിനുള്ളിലും, പ്രധാന സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. രാഷ്ട്രീയത്തിലായാലും, കായികരംഗത്തായാലും, നീതിന്യായ വ്യവസ്ഥയിലായാലും, നിയമ നിർവ്വഹണത്തിലായാലും, രാജ്യത്തിന്റെ എല്ലാ മേഖലകളിലും, എല്ലാ തലങ്ങളിലും സ്ത്രീകൾ മികവ് പുലർത്തുന്നു. 2014 മുതൽ, പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിച്ചു. 2014 ന് ശേഷമാണ് കേന്ദ്ര ​ഗവൺമെന്റിൽ മന്ത്രിമാരായി ഏറ്റവും കൂടുതൽ സ്ത്രീകളെ നിയമിച്ചത്. പാർലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. 2019 ൽ ആദ്യമായി 78 വനിതാ എംപിമാർ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 18-ാം ലോക്‌സഭയിൽ 74 വനിതാ എംപിമാർ തിരഞ്ഞെടുക്കപ്പെട്ടു. അതുപോലെ, നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ സ്ത്രീ പങ്കാളിത്തം ഗണ്യമായി വർദ്ധിച്ചു, ജില്ലാ കോടതികളിൽ അവരുടെ സാന്നിധ്യം 35 ശതമാനം കവിഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ, സിവിൽ ജഡ്ജിമാരായി പുതുതായി നിയമിക്കപ്പെടുന്നവരിൽ 50 ശതമാനമോ അതിൽ കൂടുതലോ പേർ ഈ രാജ്യത്തിന്റെ പെൺമക്കളാണ്.

ഭാരതം ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി നിലകൊള്ളുന്നു, ഈ സ്റ്റാർട്ടപ്പുകളിൽ പകുതിയോളം പേർക്കും അവരുടെ ഡയറക്ടർമാരിൽ ഒരാളായി ഒരു സ്ത്രീയുണ്ട്. നമ്മുടെ രാജ്യം ബഹിരാകാശ പര്യവേഷണത്തിലും ശാസ്ത്രത്തിലും പുതിയ ഉയരങ്ങൾ താണ്ടുകയാണ്, അവിടെ നിരവധി പ്രധാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്നത് സ്ത്രീ ശാസ്ത്രജ്ഞരാണ്. ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പൈലറ്റുമാർ ഭാരതത്തിലാണെന്നത് അഭിമാനകരമാണ്. നവസാരിയിലെ ഈ പരിപാടിയിൽ തന്നെ സ്ത്രീശക്തി പ്രകടമാണ്. ഈ പരിപാടി സംഘടിപ്പിക്കുന്നതിന് സ്ത്രീകൾ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കോൺസ്റ്റബിൾമാർ, ഇൻസ്പെക്ടർമാർ മുതൽ ഡിഎസ്പിമാർ, മുതിർന്ന ഉദ്യോഗസ്ഥർ വരെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ പോലും പൂർണ്ണമായും വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യുന്നത്. ഇത് സ്ത്രീശക്തിയുടെ യഥാർത്ഥ പ്രതിഫലനമാണ്. കുറച്ചുനാൾ മുമ്പ്, സ്വാശ്രയ ഗ്രൂപ്പുകളിലെ എന്റെ ചില സഹോദരിമാരുമായി സംവദിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അവർ പങ്കുവെച്ച വാക്കുകൾ, അവർ പ്രകടിപ്പിച്ച ആവേശം, അവർ പ്രകടിപ്പിച്ച ആത്മവിശ്വാസം എന്നിവ ഭാരതത്തിലെ നാരി ശക്തിയുടെ (സ്ത്രീശക്തി) അപാരമായ ശക്തിയെ വീണ്ടും ഉറപ്പിക്കുന്നു. ഈ രാജ്യത്തെ സ്ത്രീകൾ അതിന്റെ പുരോഗതിയുടെ ചുമതല ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്. നിങ്ങളെയെല്ലാം ഞാൻ കാണുമ്പോഴെല്ലാം, ഒരു വികസിത ഭാരതം എന്ന ദർശനം നിസ്സംശയമായും സാക്ഷാത്കരിക്കപ്പെടുമെന്ന് എന്റെ വിശ്വാസം ശക്തിപ്പെടുത്തുന്നു, ഈ ദൃഢനിശ്ചയം നിറവേറ്റുന്നതിൽ സ്ത്രീകൾ നേതൃത്വം നൽകുന്നു.


അമ്മമാരേ, സഹോദരിമാരേ,

സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമായി ഗുജറാത്ത് നിലകൊള്ളുന്നു. നമ്മുടെ സംസ്ഥാനം സഹകരണത്തിന്റെ വിജയകരമായ ഒരു മാതൃകയ്ക്ക് തുടക്കമിട്ടു, സ്വാശ്രയ സംഘങ്ങളുമായി ബന്ധപ്പെട്ട എന്റെ സഹോദരിമാരായ നിങ്ങൾക്കെല്ലാവർക്കും, ഗുജറാത്തിലെ സ്ത്രീകളുടെ സമർപ്പണവും കഴിവും മൂലമാണ് ഈ മാതൃക അഭിവൃദ്ധി പ്രാപിച്ചതെന്ന് നന്നായി അറിയാം. ഇന്ന്, അമുൽ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു, ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് സ്ത്രീകൾ പാൽ ഉൽപാദനത്തെ ഒരു വിപ്ലവ പ്രസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. ഗുജറാത്തിലെ സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുക മാത്രമല്ല, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലിജ്ജത് പപ്പട് സ്ഥാപിച്ചത് ഗുജറാത്തി സ്ത്രീകളാണ്, അത് ഇപ്പോൾ നൂറുകണക്കിന് കോടി രൂപയുടെ ഒരു ബ്രാൻഡായി വളർന്നിരിക്കുന്നു.

അമ്മമാരേ, സഹോദരിമാരേ,

മുഖ്യമന്ത്രിയായിരുന്ന കാലത്ത്, സ്ത്രീകളുടെയും പെൺമക്കളുടെയും ക്ഷേമം മനസ്സിൽ വെച്ചുകൊണ്ട് നമ്മുടെ ​ഗവൺമെന്റ് നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചതായി ഞാൻ ഓർക്കുന്നു. ഇതിൽ ചിരഞ്ജീവി യോജന, ബേട്ടി ബച്ചാവോ അഭിയാൻ, മമ്ത ദിവസ്, കന്യ കേളവാനി രഥയാത്ര, കുൻവർബായ് നു മമേരു, സാത് ഫേരെ സമൂഹ് ലഗ്ന യോജന, അഭയം ഹെൽപ്പ് ലൈൻ എന്നിവ ഉൾപ്പെടുന്നു. ശരിയായ നയങ്ങൾ സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കുമെന്ന് ഗുജറാത്ത് മുഴുവൻ രാജ്യത്തിനും കാണിച്ചുകൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, ഞാൻ നേരത്തെ സൂചിപ്പിച്ച ക്ഷീര സഹകരണ സംഘങ്ങളെ എടുക്കുക. ക്ഷീരകർഷക ജോലികൾക്കുള്ള പേയ്‌മെന്റുകൾ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റുന്നുണ്ടെന്ന് ആദ്യം ഉറപ്പാക്കിയത് ഗുജറാത്തിലാണ്. മുമ്പ്, പേയ്‌മെന്റുകൾ പണമായി നൽകുകയോ ക്ഷീര കർകഷകർ എടുക്കുകയോ ചെയ്തിരുന്നു. ക്ഷീരകർഷകരിൽ നിന്നുള്ള വരുമാനം നേരിട്ട് നമ്മുടെ സഹോദരിമാരുടെ അക്കൗണ്ടുകളിലേക്ക് പോകണമെന്ന് ഞങ്ങൾ തീരുമാനിച്ചു, അതുവഴി മറ്റുള്ളവർ ഒരു പൈസ പോലും എടുക്കുന്നത് തടയുന്നു. ഈ സമീപനം ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന ഒരു രീതിക്ക് അടിത്തറയിട്ടു - വിവിധ ​ഗവൺമെന്റ് പദ്ധതികൾ പ്രകാരം നേരിട്ട് ഫണ്ട് കൈമാറ്റം. ഇന്ന്, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി, ഭാരതത്തിലുടനീളമുള്ള കോടിക്കണക്കിന് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ ഫണ്ടുകൾ എത്തുന്നു, ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികൾ തടയുകയും ആനുകൂല്യങ്ങൾ ദരിദ്രരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഗുജറാത്തിൽ, വിനാശകരമായ ഭുജ് ഭൂകമ്പത്തിനുശേഷം, വീടുകൾ പുനർനിർമ്മിച്ചപ്പോൾ, സ്ത്രീകൾക്ക് ഈ വീടുകൾ അനുവദിക്കാൻ നമ്മുടെ ​ഗവൺമെന്റ് ഒരു സുപ്രധാന തീരുമാനം എടുത്തു. ഗവൺമെന്റ് നിർമ്മിച്ച വീടുകൾ സഹോദരിമാരുടെ പേരിൽ മാത്രം രജിസ്റ്റർ ചെയ്തിരുന്ന ഒരു പാരമ്പര്യത്തിന്റെ തുടക്കം ഈ നയമായിരുന്നു. ഇന്ന്, പി എം ആവാസ് യോജനയിലൂടെ രാജ്യമെമ്പാടും ഈ തത്വം നടപ്പിലാക്കിയിട്ടുണ്ട്. മാത്രമല്ല, മുൻകാലങ്ങളിൽ, കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ, അവരുടെ പിതാവിന്റെ പേര് മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. ഒരു കുട്ടിയുടെ ജീവിതത്തിൽ അമ്മയുടെ തുല്യ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, അവളുടെ പേരും ഉൾപ്പെടുത്തണമെന്ന് ഞാൻ തീരുമാനിച്ചു. 2014 മുതൽ, ഏകദേശം മൂന്ന് കോടി സ്ത്രീകൾ വീട്ടുടമസ്ഥരായി.

സുഹൃത്തുക്കളേ,

ഇന്ന്, ജൽ ജീവൻ മിഷൻ ലോകമെമ്പാടും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ഈ സംരംഭത്തിലൂടെ, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വെള്ളം എത്തുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ലക്ഷക്കണക്കിന് ഗ്രാമങ്ങളിലായി 15.5 കോടി വീടുകൾക്ക് പൈപ്പ് ജല കണക്ഷനുകൾ നൽകിയിട്ടുണ്ട്. അത്തരമൊരു വലിയ ദൗത്യത്തിന്റെ വിജയം ഉറപ്പാക്കാൻ, ഗുജറാത്തിൽ മഹിളാ പാനി സമിതികൾ - സ്ത്രീകൾ നയിക്കുന്ന ജല സമിതികൾ - ഞങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ ഈ മാതൃക രാജ്യവ്യാപകമായി നടപ്പിലാക്കിവരികയാണ്. ഈ പാനി സമിതികൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, രാജ്യത്തിന് ഈ മാതൃക നൽകിയത് ഗുജറാത്തിലാണ്. ഇന്ന്, ഈ സംരംഭം ഭാരതത്തിലുടനീളമുള്ള ജലപ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുന്നു.

സുഹൃത്തുക്കളേ,

ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, സംരക്ഷണം പ്രാപ്യത പോലെ തന്നെ പ്രധാനമാണ്. രാജ്യവ്യാപകമായ ഒരു ക്യാമ്പയിൻ നടക്കുന്നുണ്ട് - ക്യാച്ച് ദ റെയിൻ! മഴവെള്ളത്തിന്റെ ഓരോ തുള്ളിയും സംരക്ഷിക്കുക, അത് എവിടെ വീഴുന്നുവോ അത് പാഴാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ആശയം ലളിതമാണ്: ഒരു ഗ്രാമത്തിനുള്ളിൽ വീഴുന്ന മഴവെള്ളം ഗ്രാമത്തിനുള്ളിൽ തന്നെ തങ്ങണം, ഓരോ വീട്ടിൽ നിന്നുമുള്ള വെള്ളം ആ വീട്ടിൽ തന്നെ സംരക്ഷിക്കണം. നമ്മുടെ നവ്സാരി എംപി സി ആർ പാട്ടീൽ ജിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം ഈ ക്യാമ്പയിൻ പുരോഗമിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നവ്സാരിയിലെ സ്ത്രീകൾ ഈ ശ്രമത്തിൽ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും എനിക്ക് വിവരം ലഭിച്ചു. നവ്സാരിയിൽ മാത്രം, മഴവെള്ളം സംരക്ഷിക്കുന്നതിനായി 5,000-ത്തിലധികം ഘടനകൾ - കുളങ്ങൾ, ചെക്ക് ഡാമുകൾ, കുഴൽക്കിണർ റീചാർജ് സംവിധാനങ്ങൾ, കമ്മ്യൂണിറ്റി സോക്ക് പിറ്റുകൾ - നിർമ്മിച്ചിട്ടുണ്ട്. ഒരു ജില്ലയ്ക്ക് ഇത് ഒരു ശ്രദ്ധേയമായ നേട്ടമാണ്. ഇപ്പോഴും, നവ്സാരിയിൽ നൂറുകണക്കിന് ജലസംരക്ഷണ പദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ 1,100 പദ്ധതികൾ കൂടി പൂർത്തിയാക്കിയതായി സി ആർ പാട്ടീൽ ജി എന്നോട് പറഞ്ഞു. വാസ്തവത്തിൽ, ഇന്ന് തന്നെ, ഒറ്റ ദിവസം കൊണ്ട് 1,000 പെർകോലേഷൻ കുഴികൾ നിർമ്മിക്കുന്നു. മഴവെള്ള സംഭരണത്തിലും ജല സംരക്ഷണത്തിലും ഗുജറാത്തിലെ മുൻനിര ജില്ലകളിൽ ഒന്നായി നവസാരി ഉയർന്നുവന്നിരിക്കുന്നു. നവസാരിയിലെ അമ്മമാർക്കും, സഹോദരിമാർക്കും, പെൺമക്കൾക്കും അവരുടെ അസാധാരണമായ പരിശ്രമങ്ങൾക്ക് ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ന്, ഒരു ജില്ലയിൽ നിന്നുള്ള ലക്ഷക്കണക്കിന് അമ്മമാർ പങ്കെടുക്കുന്ന ഈ മഹാ കുംഭമേളയ്ക്ക് ഞാൻ സാക്ഷ്യം വഹിക്കുമ്പോൾ, ഒരു അമ്മയ്ക്ക് തന്റെ മകൻ വീട്ടിലേക്ക് മടങ്ങുമ്പോൾ അനുഭവപ്പെടുന്ന സന്തോഷം ഞാൻ ഓർമ്മിക്കുന്നു. എന്റെ മുന്നിലുള്ള മുഖങ്ങളിൽ ആ സന്തോഷം പ്രതിഫലിക്കുന്നത് എനിക്ക് കാണാൻ കഴിയും. ഇന്ന്, നിങ്ങൾ മൂന്നാം തവണയും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാൻ അനുഗ്രഹിച്ച ഒരു മകനായി ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. ഇത് സാധ്യമായത് നിങ്ങളുടെ അനുഗ്രഹങ്ങൾ കൊണ്ടാണ്. ഒരു അമ്മയുടെ മുഖം തന്റെ മകനെ കാണുമ്പോൾ പ്രകാശിക്കുന്നതുപോലെ, ഇന്ന് ഇവിടെയുള്ള എല്ലാ അമ്മയുടെയും മുഖത്ത് അതേ സന്തോഷവും ഊഷ്മളതയും എനിക്ക് കാണാൻ കഴിയും. ഈ സ്നേഹവും, ഈ സംതൃപ്തിയും, ഈ അനുഗ്രഹങ്ങളുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങൾ.

സുഹൃത്തുക്കളേ,

ഗുജറാത്തിലെ സ്ത്രീകളുടെ ശക്തിയും സംസ്ഥാനം സ്ഥാപിച്ച മാതൃകകളും ഒരു പ്രത്യേക മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. ഇവിടെ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ 50 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിങ്ങൾ എന്നെ ഡൽഹിയിലേക്ക് പ്രധാൻ സേവക് ആയി അയച്ചപ്പോൾ, ഈ അനുഭവവും പ്രതിബദ്ധതയും ഞാൻ ദേശീയ തലത്തിലേക്ക് കൊണ്ടുപോയി. നമ്മുടെ രാജ്യം അതിന്റെ പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്തപ്പോൾ, ഞങ്ങൾ പാസാക്കിയ ആദ്യത്തെ ബിൽ തന്നെ നാരീശക്തിക്ക് സമർപ്പിച്ചു. ഈ പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യം സ്വീകരിച്ച നടപടി നമ്മുടെ സഹോദരിമാർക്കുള്ളതായിരുന്നു, മോദിയുടെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടിയുള്ള അചഞ്ചലമായ സമർപ്പണത്തിന്റെ തെളിവാണിത്. നാരീശക്തി വന്ദൻ നിയമത്തെ കൂടുതൽ സവിശേഷമാക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ? എളിയ, ഗോത്ര പശ്ചാത്തലത്തിൽ നിന്നുള്ള ഒരു സ്ത്രീയായ നമ്മുടെ രാഷ്ട്രപതിയാണ് ഇത് നിയമത്തിൽ ഒപ്പിട്ടത്. ഇത് വളരെയധികം അഭിമാനത്തിന്റെ നിമിഷമാണ്. നിങ്ങളിൽ ഒരാൾ എംപിയോ എംഎൽഎയോ ആയി നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന സമാനമായ ഒരു വേദിയിൽ നിൽക്കുന്ന ദിവസം വിദൂരമല്ല.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ ആത്മാവ് അതിന്റെ ഗ്രാമങ്ങളിലാണ് വസിക്കുന്നതെന്ന് ഗാന്ധിജി ഒരിക്കൽ പറഞ്ഞിരുന്നു. ഇന്ന്, ഞാൻ അതിനോട് കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു - ഗ്രാമീണ ഭാരതത്തിന്റെ ആത്മാവ് ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണത്തിലാണ്. അതുകൊണ്ടാണ് നമ്മുടെ ​ഗവൺമെന്റ് സ്ത്രീകളുടെ അവകാശങ്ങൾക്കും അവർക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും മുൻഗണന നൽകിയിരിക്കുന്നത്. ഇന്ന്, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഭാരതം, നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് സ്ത്രീകളുടെ കഠിനാധ്വാനത്തിലാണ് ഈ പുരോഗതി കെട്ടിപ്പടുത്തിരിക്കുന്നത്. സ്ത്രീകൾ നയിക്കുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും സ്വയം സഹായ സംഘങ്ങളും ഈ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നിലവിൽ, രാജ്യത്തുടനീളമുള്ള 10 കോടിയിലധികം സ്ത്രീകൾ 90 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങൾ കൈകാര്യം ചെയ്യുന്നു. ഇതിൽ 3 ലക്ഷത്തിലധികം സ്വയം സഹായ ഗ്രൂപ്പുകൾ ഗുജറാത്തിൽ മാത്രമാണുള്ളത്. സാമ്പത്തിക പുരോഗതി കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്, ഈ കോടിക്കണക്കിന് സ്ത്രീകളുടെ വരുമാനം വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു. അവരെ ലഖ്പതി ദീദികളാക്കാൻ ഞങ്ങൾ ശാക്തീകരിക്കുകയാണ്. ഇതിനകം, 1.5 കോടി സ്ത്രീകൾ ഈ നാഴികക്കല്ല് കൈവരിച്ചു, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, 3 കോടി സ്ത്രീകളെ  ലഖ്പതി ദീദികളാക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. നമ്മുടെ സഹോദരിമാർ പ്രവർത്തിക്കുന്ന വേഗതയും ദൃഢനിശ്ചയവും കണക്കിലെടുക്കുമ്പോൾ, ഈ ലക്ഷ്യം എത്രയും വേഗം കൈവരിക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

അമ്മമാരേ, സഹോദരിമാരേ,

നമ്മുടെ സഹോദരിമാരിൽ ഒരാൾ  ലഖ്പതി ദീദിയാകുമ്പോൾ, മുഴുവൻ കുടുംബത്തിന്റെയും വിധി മെച്ചപ്പെടുന്നു. സ്ത്രീകൾ അവരുടെ ഗ്രാമത്തിലെ മറ്റുള്ളവരെ ഉയർത്തുകയും കൂടുതൽ സഹോദരിമാരെ അവരുടെ കൂട്ടത്തിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. നമ്മുടെ അമ്മമാരും സഹോദരിമാരും ഏറ്റെടുക്കുന്ന ഏതൊരു ജോലിയും സ്വാഭാവികമായും അന്തസ്സും അംഗീകാരവും നേടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഒരു ചെറിയ വീടിനെ അടിസ്ഥാനമാക്കിയുള്ള ശ്രമമായി ആരംഭിക്കുന്നത് ക്രമേണ ഒരു സാമ്പത്തിക പ്രസ്ഥാനമായി വളരുന്നു.

സ്വയം സഹായ സംഘങ്ങളുടെ സാധ്യതകളെ പിന്തുണയ്ക്കുന്നതിനായി, കഴിഞ്ഞ ദശകത്തിൽ നമ്മുടെ ​ഗവൺമെന്റ് അവരുടെ ബജറ്റ് അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചു. ഈ ഗ്രൂപ്പുകൾ ഇപ്പോൾ 20 ലക്ഷം രൂപ വരെയുള്ള കൊളാറ്ററൽ-ഫ്രീ വായ്പകൾക്ക് അർഹരാണ് - യാതൊരു ഗ്യാരണ്ടിയും ആവശ്യമില്ലാതെ ഫണ്ടുകൾ ലഭ്യമാണ്. കൂടാതെ, സ്വയം സഹായ സംഘ അംഗങ്ങൾക്ക് പുതിയ കഴിവുകൾ പഠിക്കാനും അവരുടെ ജോലി മെച്ചപ്പെടുത്തുന്നതിന് ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കാനുമുള്ള അവസരങ്ങൾ ഞങ്ങൾ നൽകുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ രാജ്യത്തെ സ്ത്രീകൾ ആത്മവിശ്വാസത്തോടെയും സംശയങ്ങളെ മറികടന്നും സ്റ്റീരിയോടൈപ്പുകൾ തകർത്തും മുന്നേറുകയാണ്. ഡ്രോൺ ദീദി യോജന അവതരിപ്പിച്ചപ്പോൾ, ഗ്രാമീണ സ്ത്രീകൾക്ക് അത്തരം നൂതന സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പലരും ചോദ്യം ചെയ്തു. ഗ്രാമീണ സ്ത്രീകൾക്ക് ആധുനിക ഡ്രോൺ പ്രവർത്തനങ്ങൾ വിജയകരമായി കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് അവർ ചിന്തിച്ചു. പക്ഷേ, എന്റെ സഹോദരിമാരുടെയും പെൺമക്കളുടെയും കഴിവിലും സമർപ്പണത്തിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. ഇന്ന്, നമോ ഡ്രോൺ ദീദി അഭിയാൻ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും കൃഷിയിലും വിപ്ലവം സൃഷ്ടിക്കുകയാണ്. ഈ സംരംഭത്തിന് നേതൃത്വം നൽകുന്ന സ്ത്രീകൾ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നു, അവരുടെ കുടുംബങ്ങളിലും ഗ്രാമങ്ങളിലും അവരുടെ നില ഉയർന്നു. ഇപ്പോൾ, മുഴുവൻ സമൂഹവും പൈലറ്റ് ദീദിയെയും ഡ്രോൺ ദീദിയെയും വളരെയധികം അഭിമാനത്തോടെയാണ് കാണുന്നത്. അതുപോലെ, ബാങ്ക് സഖി, ഇൻഷുറൻസ് സഖി തുടങ്ങിയ സംരംഭങ്ങൾ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ തുറന്നിട്ടിരിക്കുന്നു. ഗ്രാമീണ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നതിനായി, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് അവരുടെ വരുമാനം വർദ്ധിപ്പിക്കാനും രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന നൽകാനും സഹായിക്കുന്ന കൃഷി സഖി, പശു സഖി കാമ്പെയ്‌നുകൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സഹോദരിമാരേ, പെൺമക്കളെ,

ഗുജറാത്തിലെ സ്ത്രീകൾക്ക് ഈ ​ഗവൺമെന്റ് സംരംഭങ്ങളിൽ നിന്ന് പരമാവധി പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഗുജറാത്ത് ഗവൺമെന്റ് 10 ലക്ഷം സ്ത്രീകളെ കൂടി ലഖ്പതി ദീദികളായി ശാക്തീകരിക്കുന്നതിനുള്ള ഒരു ക്യാമ്പെയ്‌ൻ ആരംഭിച്ചു. ഈ പ്രശംസനീയമായ ശ്രമത്തിന് ഭൂപേന്ദ്ര ഭായിക്കും ഗുജറാത്ത് ഗവൺമെന്റിനും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രിയായതിനുശേഷം ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് ഞാൻ ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ, ഇന്നും പ്രസക്തമായ ഒരു ആശങ്ക ഞാൻ ഉന്നയിച്ചു. ഒരു മകൾ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുമ്പോൾ, മാതാപിതാക്കൾ ഇരുവരും അവളോട് ആവർത്തിച്ച് ചോദിക്കുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചു - അവൾ എവിടെയായിരുന്നു? അവൾ എന്തിനാണ് വൈകി വീട്ടിലെത്തിയത്? അവൾ ആരോടൊപ്പമായിരുന്നു? അവർ നൂറുകണക്കിന് ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ ഞാൻ ചോദിച്ചു, മകൻ രാത്രി വൈകി വീട്ടിൽ വരുമ്പോൾ അവരും അങ്ങനെ ചെയ്യുമോ? അവർ എപ്പോഴെങ്കിലും അവനോട് ചോദിക്കാറുണ്ടോ - നിങ്ങൾ എവിടെയായിരുന്നു? നിങ്ങൾ ആരോടൊപ്പമായിരുന്നു? നിങ്ങൾ എന്തുചെയ്യുകയായിരുന്നു?

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ ഉത്തരവാദിത്തമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും മാനസികാവസ്ഥയിൽ മാറ്റം ആവശ്യമാണ്. കഴിഞ്ഞ ദശകത്തിൽ, സ്ത്രീ സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് ഞങ്ങൾ മുൻ‌ഗണന നൽകിയിരിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും വേഗത്തിൽ നീതി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഞങ്ങൾ കർശനമായ നിയമങ്ങൾ അവതരിപ്പിച്ചു. സ്ത്രീകൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികൾക്ക് വേഗത്തിലുള്ള ശിക്ഷ ഉറപ്പാക്കാനും ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ, രാജ്യത്തുടനീളം ഏകദേശം 800 അത്തരം കോടതികൾക്ക് അംഗീകാരം ലഭിച്ചു, അവയിൽ മിക്കതും ഇതിനകം പ്രവർത്തനക്ഷമമാണ്. ബലാത്സംഗവും പോക്സോയുമായി ബന്ധപ്പെട്ട ഏകദേശം 3 ലക്ഷം കേസുകൾ ഈ കോടതികൾ വേഗത്തിൽ പരിഹരിച്ചു, സ്ത്രീകൾക്കും കുട്ടികൾക്കും സമയബന്ധിതമായി നീതി നൽകി. ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ - വധശിക്ഷ - ഉറപ്പാക്കാൻ നിയമം ഭേദഗതി ചെയ്തത് ഞങ്ങളുടെ ​ഗവൺമെന്റാണ്. വനിതാ ഹെൽപ്പ് ലൈൻ ഞങ്ങൾ ശക്തിപ്പെടുത്തി, വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും ഇത് ലഭ്യമാക്കി. കൂടാതെ, ദുരിതത്തിലായ സ്ത്രീകൾക്ക് ഉടനടി സഹായം നൽകുന്നതിനായി ഞങ്ങൾ രാജ്യത്തുടനീളം വൺ സ്റ്റോപ്പ് സെന്ററുകൾ ആരംഭിച്ചു. ഏകദേശം 800 അത്തരം കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് 10 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്നു.     
                        
സുഹൃത്തുക്കളേ,

ബ്രിട്ടീഷ് കാലഘട്ടത്തിലെ അടിച്ചമർത്തൽ നിയമങ്ങൾക്ക് പകരമായി, ഭാരതീയ ന്യായ സംഹിത ഇപ്പോൾ രാജ്യമെമ്പാടും നടപ്പിലാക്കിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിനുശേഷം, ഈ സുപ്രധാനവും പവിത്രവുമായ ഉത്തരവാദിത്തം നിർവഹിക്കാനുള്ള പദവി നിങ്ങൾ എനിക്ക് നൽകി. ഞങ്ങൾ എന്ത് മാറ്റങ്ങൾ വരുത്തി? സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കൂടുതൽ ശക്തിപ്പെടുത്തി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഒരു സമർപ്പിത അധ്യായം ഭാരതീയ ന്യായ സംഹിതയിൽ ചേർത്തിട്ടുണ്ട്. വർഷങ്ങളായി, ഇരകളും അവരുടെ കുടുംബങ്ങളും സമൂഹവും മൊത്തത്തിൽ നീതിക്കായുള്ള നീണ്ട കാത്തിരിപ്പിൽ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. കേസുകൾ വർഷങ്ങളോളം നീണ്ടുനിൽക്കും, ആവർത്തിച്ചുള്ള കാലതാമസത്തോടെ. ഭാരതീയ ന്യായ സംഹിത ഈ ആശങ്ക നേരിട്ട് അഭിസംബോധന ചെയ്തിട്ടുണ്ട്. ഇപ്പോൾ, ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളിൽ, 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും 45 ദിവസത്തിനുള്ളിൽ വിധി പുറപ്പെടുവിക്കുകയും വേണം. മുമ്പ്, എഫ്‌ഐആർ ഫയൽ ചെയ്യാൻ ഇരകൾക്ക് നേരിട്ട് പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കേണ്ടി വന്നു, പലപ്പോഴും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. പുതിയ നിയമങ്ങൾ പ്രകാരം, പോലീസിന് ഉടനടി നടപടിയെടുക്കാൻ അനുവദിക്കുന്ന ഒരു ഇ-എഫ്‌ഐആർ എവിടെ നിന്നും രജിസ്റ്റർ ചെയ്യാൻ കഴിയും. കൂടാതെ, സീറോ എഫ്‌ഐആർ വ്യവസ്ഥ പ്രകാരം, പീഡനമോ അക്രമമോ നേരിടുന്ന ഏതൊരു സ്ത്രീക്കും, അധികാരപരിധി പരിഗണിക്കാതെ, ഏത് പോലീസ് സ്റ്റേഷനിലും എഫ്‌ഐആർ ഫയൽ ചെയ്യാം. മറ്റൊരു പ്രധാന മാറ്റം, പോലീസിന് ഇപ്പോൾ ബലാത്സംഗ ഇരയുടെ മൊഴി ഓഡിയോ അല്ലെങ്കിൽ വീഡിയോ വഴി രേഖപ്പെടുത്താൻ കഴിയും എന്നതാണ്, ഈ രീതിക്ക് നിയമപരമായ അംഗീകാരം നൽകിയിട്ടുണ്ട്. നേരത്തെ, മെഡിക്കൽ റിപ്പോർട്ടുകൾക്ക് അമിതമായ സമയമെടുക്കുമായിരുന്നു, ഇത് ഇരകൾക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുന്നു. ഇപ്പോൾ, ഡോക്ടർമാർ ഏഴ് ദിവസത്തിനുള്ളിൽ മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്, ഇത് വളരെയധികം ആവശ്യമായ ആശ്വാസം നൽകുകയും നിയമ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഭാരതീയ ന്യായ സംഹിതയ്ക്ക് കീഴിലുള്ള ഈ പുതിയ വ്യവസ്ഥകൾ ഇതിനകം തന്നെ ഫലങ്ങൾ നൽകുന്നു. സൂറത്ത് ജില്ല ഒരു പ്രധാന ഉദാഹരണമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, ഒരു ദാരുണമായ കൂട്ടബലാത്സംഗ കേസ് മേഖലയെ പിടിച്ചുകുലുക്കി. കുറ്റകൃത്യത്തിന്റെ ഗൗരവവും പുതിയ ക്രിമിനൽ കോഡും കണക്കിലെടുത്ത്, വെറും 15 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വെറും 15 ദിവസത്തിനുള്ളിൽ, പോലീസ് അന്വേഷണം പൂർത്തിയാക്കി, ജുഡീഷ്യൽ പ്രക്രിയ ആരംഭിച്ചു, നീതി വേഗത്തിൽ നടപ്പാക്കി. ഭാരതീയ ന്യായ സംഹിത നടപ്പിലാക്കിയതിനുശേഷം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള വിചാരണയുടെ വേഗത രാജ്യമെമ്പാടും ഗണ്യമായി വർദ്ധിച്ചു. ഉത്തർപ്രദേശിലെ അലിഗഡിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ഒരു വ്യക്തിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചു - ഭാരതീയ ന്യായ സംഹിത പ്രകാരം സംസ്ഥാനത്ത് ആദ്യത്തെ ശിക്ഷയാണിത്. കുറ്റപത്രം സമർപ്പിച്ച് വെറും 30 ദിവസത്തിനുള്ളിൽ വിധി പുറപ്പെടുവിച്ചു എന്നത് ശ്രദ്ധേയമാണ്. അതുപോലെ, കൊൽക്കത്തയിലെ ഒരു കോടതി ഏഴ് മാസം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ഒരാൾക്ക് വധശിക്ഷ വിധിച്ചു, കുറ്റകൃത്യം നടന്ന് 80 ദിവസത്തിനുള്ളിൽ ശിക്ഷ വിധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ ഉദാഹരണങ്ങൾ ഭാരതീയ ന്യായ സംഹിതയും നമ്മുടെ ​ഗവൺമെന്റ് എടുത്ത മറ്റ് തീരുമാനങ്ങളും സ്ത്രീ സുരക്ഷ ശക്തിപ്പെടുത്തുക മാത്രമല്ല, ഇരകൾക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് എടുത്തുകാണിക്കുന്നു.

അമ്മമാരേ, സഹോദരിമാരേ,

​ഗവൺമെന്റിന്റെ തലവൻ എന്ന നിലയിലും നിങ്ങളുടെ എളിയ സേവകൻ എന്ന നിലയിലും, നിങ്ങളുടെ സ്വപ്നങ്ങൾക്ക് തടസ്സമായി ഒന്നും നിൽക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഒരു മകൻ തന്റെ അമ്മയെ ഭക്തിയോടെ സേവിക്കുന്നതുപോലെ, ഞാൻ ഭാരതമാതാവിനെയും എന്റെ അമ്മമാരെയും സഹോദരിമാരെയും, നിങ്ങളെയെല്ലാം ഒരേ സമർപ്പണത്തോടെ സേവിക്കുന്നു. നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെയും, കഠിനാധ്വാനത്തിലൂടെയും, നിങ്ങളുടെ അനുഗ്രഹങ്ങളാലും, 2047 ആകുമ്പോഴേക്കും - ഭാരതം സ്വാതന്ത്ര്യത്തിന്റെ 100 വർഷങ്ങൾ ആഘോഷിക്കുമ്പോൾ - ഒരു വികസിത ഭാരതം എന്ന നമ്മുടെ ദർശനം യാഥാർത്ഥ്യമാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ ദൃഢനിശ്ചയത്തോടെ, വനിതാ ദിനത്തിന്റെ ഈ പ്രത്യേക അവസരത്തിൽ, നിങ്ങൾക്കെല്ലാവർക്കും, രാജ്യത്തെ ഓരോ അമ്മയ്ക്കും, സഹോദരിക്കും, മകൾക്കും ഞാൻ വീണ്ടും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ!

ഇനി, രണ്ട് കൈകളും ഉയർത്തി എന്നോടൊപ്പം പറയുക...

ഭാരത് മാതാ കീ ജയ്!

ഇന്ന്, സ്ത്രീകളുടെ ശബ്ദം കൂടുതൽ ഉച്ചത്തിലായിരിക്കണം.

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വന്ദേ മാതരം. ഇന്ന്, വന്ദേമാതരം പറയുമ്പോൾ, നമ്മൾ ഭാരതമാതാവിനെ വന്ദിക്കുക മാത്രമല്ല, രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് അമ്മമാരെയും ആദരിക്കുന്നു - വന്ദേമാതരം, വന്ദേമാതരം, വന്ദേമാതരം!

വളരെ നന്ദി.

ഡിസ്ക്ലൈമർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ആദ്യം ഗുജറാത്തിയിലായിരുന്നു, അവയുടെ അർത്ഥം ഇവിടെ വിവർത്തനം ചെയ്തിട്ടുണ്ട്.

 

-SK-


(रिलीज़ आईडी: 2140337) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada