ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
മെഗാ മൺസൂൺ സ്വച്ഛത കാമ്പെയ്നുമായി ഭവന-നഗരകാര്യ മന്ത്രാലയം
Posted On:
26 JUN 2025 3:39PM by PIB Thiruvananthpuram
മഴക്കാലം ആരംഭിക്കുന്നതോടെ വർധിച്ചുവരുന്ന ശുചിത്വ - ശുചീകരണ വെല്ലുവിളികൾ ജലജന്യ, രോഗാണു-ജന്യ അസുഖങ്ങളുടെ അപകടസാധ്യതകളുയർത്തുന്നു. സ്വച്ഛ് ഭാരത് ദൗത്യം - നഗര വിഭാഗത്തിന്റെ (എസ്ബിഎം-യു) നേതൃത്വത്തിൽ ഭവന - നഗരകാര്യ മന്ത്രാലയം (എംഎച്ച്യുഎ) '‘സഫായി അപ്നാവോ, ബിമാരി ഭഗാവോ’' (എസ്എബിബി) പ്രചാരണ പരിപാടിയിലൂടെ (ജൂലൈ 1 - 31, 2025) ആരോഗ്യാധിഷ്ഠിത നഗര ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 'സ്വഭാവ് സ്വച്ഛത, സംസ്കാർ സ്വച്ഛത' എന്ന ദൗത്യ മുദ്രാവാക്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രചാരണ പരിപാടി മുൻവർഷത്തെപ്പോലെ ദ്വിമുഖ സമീപനത്തിലൂന്നി ശുചിത്വരീതികള്‍ അവലംബിക്കാന്‍ പൗരന്മാരെയും നഗര തദ്ദേശ സ്ഥാപനങ്ങളെയും ഒരുമിച്ചുചേര്‍ക്കുകയും രോഗവ്യാപനം തടയാന്‍ പ്രതിരോധ ശുചിത്വ - അവബോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു.

അടഞ്ഞ അഴുക്കുചാലുകൾ, മാലിന്യ കേന്ദ്രങ്ങൾ, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരം കാണുന്നതിലൂടെയും ശുചിത്വവും സുരക്ഷിത കുടിവെള്ളവും ഉറപ്പാക്കുന്നതിലൂടെയും പൊതുജനാരോഗ്യ അപകടസാധ്യത കുറയ്ക്കാന്‍ ഈ വര്‍ഷത്തെ എസ്എബിബി പ്രചാരണ പരിപാടി ലക്ഷ്യമിടുന്നു. ചേരികളിലും സ്കൂളുകളിലും തിരക്കേറിയ പ്രദേശങ്ങളിലുമടക്കം പൊതു ഇടങ്ങളില്‍ നിരീക്ഷണത്തിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ശുചിത്വവും കൈകഴുകലും കാമ്പയിന് പ്രോത്സാഹിപ്പിക്കുന്നു. അടിസ്ഥാന ശീലങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രേരിപ്പിച്ച് ശുചിത്വപൂര്‍ണവും ആരോഗ്യകരവുമായ അയൽപക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിനും പൊതു ശൗചാലയങ്ങൾക്കുമായി ശുചിത്വ പരിപാടികൾ നടത്തുകയും ചെയ്യുന്നു. ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ തടയാന്‍ നഗര തദ്ദേശ സ്ഥാപനങ്ങള്‍ അഴുക്കുചാലുകൾ പരിപാലിക്കുകയും ജലാശയങ്ങളിലെ മാലിന്യങ്ങൾ തടയുകയും വേണം. ഫലപ്രദ മാലിന്യ സംസ്കരണം, അഴുക്കുചാലുകളുടെ പ്രതിരോധാധിഷ്ഠിത ശുചീകരണം, മാലിന്യ കേന്ദ്രങ്ങൾ കുറയ്ക്കൽ എന്നിവയിലൂടെ ഒരു മാസത്തെ പ്രചാരണ പരിപാടി ശുചിത്വപൂര്ണ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പൊതുജനാരോഗ്യവും ശുചിത്വവും നിലനിർത്തുന്നതിൽ പൗരന്മാർക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ട്. ജലത്തിലൂടെയും രോഗാണുക്കളിലൂടെയും പകരുന്ന അസുഖങ്ങളെ ചെറുക്കാന്‍ എസ്എബിബിയുടെ 6 മന്ത്രങ്ങൾ പിന്തുടരേണ്ടത് അനിവാര്യമാണ്. (1) വൃത്തിയുള്ള കൈകൾ (2) വൃത്തിയുള്ള ഭവനങ്ങള്‍ (3) വൃത്തിയുള്ള അയൽപക്കം (4) വൃത്തിയുള്ള ശൗചാലയങ്ങള്‍ (5) വൃത്തിയുള്ള അഴുക്കുചാലുകളും ജലാശയങ്ങളും (6) വൃത്തിയുള്ള പൊതു ഇടങ്ങൾ. മഴക്കാല തയ്യാറെടുപ്പിന്റെ പ്രധാന ഭാഗമാണ് ജലാശയങ്ങളുടെയും അഴുക്കുചാലുകളുടെയും പ്രതിരോധാധിഷ്ഠിത ശുചീകരണം.
നഗര തദ്ദേശസ്ഥാപനങ്ങള്‍ വിവിധ വകുപ്പുകൾക്കിടയിലെ ഏകോപനം ഉറപ്പാക്കുകയും ശുചിത്വ പ്രവർത്തനങ്ങൾക്ക് അപകടസാധ്യതയേറിയ മേഖലകൾ ശ്രദ്ധാപൂർവം തിരിച്ചറിയുകയും വേണം. ദുർബല പ്രദേശങ്ങളിലടക്കം പതിവായി മാലിന്യ ശേഖരണം ഉറപ്പാക്കുകയും, മാലിന്യ കേന്ദ്രങ്ങൾ ഇല്ലാതാക്കുകയും, പൊതു ശൗചാലയങ്ങൾ പരിപാലിക്കുകയും വേണം. വിദ്യാലയങ്ങളിലെ കൈകഴുകൽ യജ്ഞങ്ങള്‍, സുരക്ഷിത കുടിവെള്ള ലഭ്യത, വീടുതോറും അവബോധപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കുട്ടികളുടെ ശുചിത്വത്തിന് ഈ പ്രചാരണ പരിപാടി ഊന്നൽ നൽകുന്നു. ആർഡബ്ല്യുഎകളും എൻജിഒകളും മറ്റ് സംഘടനകളുമായി പങ്കാളിത്തത്തിലൂടെ ഈ സന്ദേശം കൂടുതല്‍ പ്രചരിപ്പിക്കാനാവും. ശുദ്ധജല ലഭ്യതയും സഫായി മിത്രകളുടെ ശുചിത്വവും കാമ്പയിനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ പ്രവർത്തനങ്ങളും നഗര തദ്ദേശസ്ഥാപനങ്ങള്‍ സ്വച്ഛതം പോർട്ടലിൽ (https://admin.sbmurban.org/ ) രേഖപ്പെടുത്തുകയും റിപ്പോർട്ട് ചെയ്യുകയും വേണം.
പ്രചാരണ പരിപാടിയുടെ കാലയളവില്‍ നവീകരണത്തിന്റെ ഭാഗമായി സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങളുടെ സഹായത്തോടെ ഭക്ഷണ തെരുവുകളും വിപണികളും പൈതൃക സ്ഥലങ്ങളുമടക്കം പൊതു ഇടങ്ങൾ ശുചീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 100 സ്മാർട്ട് സിറ്റികളിലെ പ്രത്യേകോദ്ദേശ സ്ഥാപനങ്ങള്‍ (എസ്പിവി-കൾ) സജീവമാക്കും.
മുൻ വർഷത്തെപ്പോലെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കുടിവെള്ള-ശുചിത്വ വകുപ്പ്, ഗ്രാമവികസന മന്ത്രാലയം, വനിതാ-ശിശു വികസന മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് എന്നിവയുമായി സംയോജിച്ച് കാമ്പയിന് നടപ്പാക്കും.
SKY
*****
(Release ID: 2139901)