സാംസ്കാരിക മന്ത്രാലയം
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ #LongLiveDemocracy യാത്ര ഫ്ലാഗ് ഓഫ് ചെയ്യും
Posted On:
24 JUN 2025 6:24PM by PIB Thiruvananthpuram
1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ 50-ാമത് വാർഷികത്തിൽ, കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഡൽഹി ഗവൺമെന്റുമായി സഹകരിച്ച് 2025 ജൂൺ 25-ന് ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ 'സംവിധാൻ ഹത്യ ദിവസ്' ആചരിക്കും. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരിക്കും ഈ പരിപാടി.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി തുടരുന്ന അടിയന്തരാവസ്ഥ 1975 ജൂൺ 25 ന് പ്രഖ്യാപിക്കപ്പെട്ടു. അന്ന് മൗലികാവകാശങ്ങൾ താൽക്കാലികമായി മരവിപ്പിച്ചു, പത്രസ്വാതന്ത്ര്യം വെട്ടിക്കുറച്ചു, ജനാധിപത്യ സ്ഥാപനങ്ങൾ നിശബ്ദമാക്കപ്പെട്ടു. ഈ നിർണായക കാലഘട്ടം വിസ്മൃതിയിൽ ആവാതിരിക്കാനും ജനാധിപത്യത്തിന്റെ പവിത്രത ഉയർത്തിപ്പിടിക്കാനും വേണ്ടി 2024 ൽ ഇന്ത്യാ ഗവൺമെന്റ് ജൂൺ 25 'സംവിധാൻ ഹത്യ ദിവസ്' ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കേന്ദ്രആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ (മുഖ്യ അതിഥി), കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്,ഇലക്ട്രോണിക്സ് & ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത്, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്സേന,
ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത തുടങ്ങി നിരവധി പ്രമുഖർ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
ഡൽഹിയിലെ പരിപാടിയുടെ പ്രധാന സവിശേഷതകൾ
1. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പ്രത്യേക പ്രദർശനം:
പ്രദർശനത്തെ മൂന്ന് ക്യൂറേറ്റഡ് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
- ഇന്ത്യ - ജനാധിപത്യത്തിന്റെ മാതാവ്: ഇന്ത്യയുടെ പുരാതനവും പങ്കാളിത്തപരവുമായ ജനാധിപത്യ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്നു
- ജനാധിപത്യത്തിന്റെ ഇരുണ്ട ദിനങ്ങൾ: 1975 ലെ അടിയന്തരാവസ്ഥയുടെ സംഭവങ്ങളും അനന്തരഫലങ്ങളും രേഖപ്പെടുത്തുന്നു
- ഇന്ത്യയിൽ ജനാധിപത്യം ശക്തിപ്പെടുത്തൽ: തിരഞ്ഞെടുപ്പ് സുതാര്യത, നാരി ശക്തി വന്ദൻ അധിനിയം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT), ഡിജിറ്റൽ പൊതുജന പരാതി പരിഹാര സംവിധാനം തുടങ്ങിയ സമീപകാല ജനാധിപത്യ പരിഷ്കാരങ്ങളുടെ അവതരണം
2. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ (NSD) നാടകം:- അടിയന്തരാവസ്ഥ സാധാരണ പൗരന്മാരിലും ജനാധിപത്യ സ്ഥാപനങ്ങളിലും ചെലുത്തിയ സ്വാധീനം പ്രകടമാക്കിക്കൊണ്ട് ശക്തമായ നാടക അവതരണം
3.അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്ര പ്രദർശനം: - അടിയന്തരാവസ്ഥയുടെ അടിച്ചേൽപ്പിക്കലിനെയും അനന്തരഫലങ്ങളെയും കുറിച്ചുള്ള ഒരു ചലച്ചിത്ര അനുഭവം വാഗ്ദാനം ചെയ്യുന്ന പ്രത്യേകം കമ്മീഷൻ ചെയ്ത ചിത്രം
4. ചുമരുകളിൽ ആദരമായി സന്ദേശങ്ങൾ രേഖപ്പെടുത്തുന്ന പരിപാടി: - ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട് ചുമരുകളിൽ വ്യക്തിഗത സന്ദേശങ്ങൾ എഴുതാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംവേദനാത്മക ഇൻസ്റ്റലേഷൻ
5. #LongLiveDemocracy യാത്രയുടെ ഫ്ലാഗ്-ഓഫ്
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, മൈ ഭാരത് സന്നദ്ധ പ്രവർത്തകരോടൊപ്പം #LongLiveDemocracy യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, അടിയന്തരാവസ്ഥയിൽ നിന്നുള്ള പാഠങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി ഈ യാത്ര രാജ്യമെമ്പാടും സഞ്ചരിക്കും.
രാജ്യവ്യാപകമായ അനുസ്മരണ പരിപാടി:
ഡൽഹിയിലെ കേന്ദ്ര പരിപാടിക്ക് പുറമേ, രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അതത് മുഖ്യമന്ത്രിമാർ, ഗവർണർമാർ, ലെഫ്റ്റനന്റ് ഗവർണർമാർ എന്നിവരുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. ഈ പരിപാടികളിൽ ഇവ ഉൾപ്പെടുന്നു:
- അടിയന്തരാവസ്ഥയെ പ്രതിരോധിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്ത വ്യക്തികളെ ആദരിക്കൽ
- പ്രദർശനങ്ങൾ, പൊതു ചർച്ചകൾ, ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവ
- ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയെയും ദുർബലതയെയും കുറിച്ച് വിവിധ തലമുറകൾ തമ്മിലുള്ള സംഭാഷണത്തിന് അവസരം ഒരുക്കൽ
ഓരോ സംസ്ഥാനത്തിലെയും കേന്ദ്ര ഭരണ പ്രദേശത്തെയും 50 പ്രധാന സ്ഥലങ്ങളിൽ "ലോങ് ലിവ് ഡെമോക്രസി" പ്രദർശനത്തിനും സാംസ്കാരിക മന്ത്രാലയം തുടക്കം കുറിക്കും. ഈ പ്രദർശനം വരും ആഴ്ചകളിൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കും
പശ്ചാത്തലം: ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കുപരിയാണ് ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം. ഇന്ത്യയുടെ ചരിത്രപരവും സാംസ്കാരികവുമായ ഘടനയിൽ ആഴത്തിൽ ഉൾച്ചേർന്ന ഒരു നാഗരിക ധാർമ്മികതയാണിത്. സംവിധാൻ ഹത്യ ദിവസ് എന്നത് ഭൂതകാല അനീതിയുടെ അനുസ്മരണം മാത്രമല്ല, ജനാധിപത്യ തത്വങ്ങളോടും, സ്ഥാപനപരമായ സമഗ്രതയോടും, ഭരണഘടനാ മൂല്യങ്ങളോടുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയുടെ ഗൗരവമേറിയ പുനഃസ്ഥാപനവും കൂടിയാണ്. ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം പ്രതിഫലിപ്പിക്കാനും സ്മരിക്കാനും നവീകരിക്കാനും ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഒരുമിച്ച് മുന്നേറാം.
*****
(Release ID: 2139422)