ഉപരാഷ്ട്രപതിയുടെ കാര്യാലയം
'ഏക് വിധാൻ, ഏക് നിഷാൻ, ഏക് പ്രധാൻ' — ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ശക്തമായ ആഹ്വാനം അനുസ്മരിച്ചുകൊണ്ട്, മഹാനായ നേതാവിൻ്റെ ബലിദാന ദിനത്തിൽ ഉപരാഷ്ട്രപതി ശ്രദ്ധാഞ്ജലി അർപ്പിച്ചു
അനുച്ഛേദം 370 ജമ്മു കശ്മീരിനെ രക്തപങ്കിലമാക്കി; അനുച്ഛേദം 370നൊപ്പം പ്രാകൃതമായ 35A യും ചേർന്നപ്പോൾ ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു - ഉപരാഷ്ട്രപതി
Posted On:
23 JUN 2025 2:30PM by PIB Thiruvananthpuram
"നമ്മുടെ രാഷ്ട്ര ചരിത്രത്തിലെ മഹത്തായ ഒരു ദിനമാണിന്ന്" എന്ന് വ്യക്തമാക്കിക്കൊണ്ട് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഡോ. ശ്യാമ പ്രസാദ് മുഖർജിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഭാരത മണ്ണിന്റെ ധീര പുത്രന്മാരിൽ ഒരാളായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനദിനമാണിന്ന്- അദ്ദേഹം ഒരു മുദ്രാവാക്യം മുന്നോട്ടു വച്ചു- 'ഏക് വിധാൻ, ഏക് നിഷാൻ ഔർ ഏക് പ്രധാൻ ഹീ ഹോഗാ ദേശ് മേ, ദോ നഹിം ഹോംഗേ' (ഒരു രാജ്യത്ത് രണ്ട് ഭരണഘടനകളും രണ്ട് പ്രധാനമന്ത്രിമാരും രണ്ട് പതാകകളും അനുവദിക്കില്ല). 1952-ൽ ജമ്മു കശ്മീർ സംസ്ഥാനത്തുടനീളം നടത്തിയ പ്രചാരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീ ധൻഖർ വിശദീകരിച്ചു, “അനുച്ഛേദം 370 മൂലം നാം ഏറെ ദുരിതമനുഭവിച്ചു. അത് നമ്മെയും ജമ്മു കശ്മീർ സംസ്ഥാനത്തെ തന്നെയും ചോരയിൽ മുക്കി. അനുച്ഛേദം 370 ഉം പ്രാകൃതമായ അനുച്ഛേദം 35A ഉം ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിച്ചു. ദാർശനികനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർദാർ പട്ടേലിനെപ്പോലൊരു ആഭ്യന്തര മന്ത്രിയെന്ന് വിശേഷിപ്പിക്കാവുന്ന അമിത് ഷായും നമുക്കുണ്ടായി. അനുച്ഛേദം 370 ഇപ്പോൾ നമ്മുടെ ഭരണഘടനയിൽ നിലവിലില്ല. 2019 ഓഗസ്റ്റ് 5 ന് അത് റദ്ദാക്കി. സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും 2023 ഡിസംബർ 11 ന് ആ ശ്രമവും പരാജയപ്പെട്ടു. ഭാരത മണ്ണിന്റെ ധീര പുത്രന്മാരിൽ ഒരാളായശ്യാമ പ്രസാദ് മുഖർജിയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ ഇതിലും അനുയോജ്യമായ ഒരു അവസരമില്ല. അദ്ദേഹത്തിന് എന്റെ ശ്രദ്ധാഞ്ജലി.”
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (AIU) സംഘടിപ്പിച്ച 99-ാമത് വാർഷിക യോഗത്തിന്റെയും വൈസ് ചാൻസലർമാരുടെ ദേശീയ സമ്മേളനത്തിന്റെയും (2024–2025) ഉദ്ഘാടന യോഗത്തെ അഭിസംബോധന ചെയ്യവേ ശ്രീ ധൻഖർ, ദേശീയ വിദ്യാഭ്യാസ നയത്തെ പരാമർശിച്ചു കൊണ്ട് പറഞ്ഞു, "മൂന്ന് പതിറ്റാണ്ടിലേറെയായി നമ്മുടെ വിദ്യാഭ്യാസ ഭൂമികയെ അക്ഷരാർത്ഥത്തിൽ മാറ്റിമറിച്ച ഒരു കാര്യം ഞാൻ നിങ്ങളുമായി പങ്കിടുകയാണ്. 'ദേശീയ വിദ്യാഭ്യാസ നയം' 2020 നെക്കുറിച്ചാണ് ഞാൻ സൂചിപ്പിക്കുന്നത്. പശ്ചിമ ബംഗാൾ ഗവർണർ എന്ന നിലയിൽ, ഞാൻ അതുമായി ബന്ധപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകളുടെ വൈജ്ഞാനിക സംഭാവനകൾ ഈ നയരൂപീകരണത്തിൽ പരിഗണിക്കപ്പെട്ടു."
നമ്മുടെ സംസ്ക്കാരത്തിന്റെ ആത്മാവ്, സ്വത്വം, ധാർമ്മികത എന്നിവയെ ഈ നയം പ്രതിധ്വനിപ്പിക്കുന്നു. വിദ്യാഭ്യാസം എന്നത് പൂർണ്ണതയുടെ പ്രകടീകരണമാണ് - വെറും നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസമല്ല എന്ന ഇന്ത്യയുടെ കാലാതീതമായ വിശ്വാസത്തിന്റെ ധീരമായ പുനഃസ്ഥാപനമാണിത്. "
"വിദ്യാഭ്യാസം സമത്വം സാധ്യമാക്കുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മറ്റൊരു സംവിധാനത്തിലൂടെയും സാധിക്കാത്ത സമത്വം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകും. വിദ്യാഭ്യാസം അസമത്വങ്ങളെ ഇല്ലാതാക്കുന്നു. വാസ്തവത്തിൽ, വിദ്യാഭ്യാസം ജനാധിപത്യത്തിന് ജീവൻ പകരുന്നു."
ഉത്തർപ്രദേശ് സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "ഉത്തർപ്രദേശ് സർക്കാരിന് എന്റെ അഭിനന്ദനങ്ങൾ. മുഖ്യമന്ത്രി ഒരു മികച്ച സംരംഭം ആവിഷ്ക്കരിച്ചു. ഐടിക്ക് 'വ്യവസായ പദവി' നൽകി. അത് ഭാവാത്മക വികസനത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. സ്കൂൾ വിദ്യാഭ്യാസ തലത്തിലാണ് യുപി കൂടുതൽ അംഗീകരിക്കപ്പെടുന്നത്. ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും മുഖമുദ്രയായി മാറുകയാണ്."
ഇന്ത്യയുടെ ദേശീയ പുരോഗതിയെ പ്രശംസിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, "ഇന്ത്യ അവസരങ്ങളുടെയും സംരംഭകത്വത്തിന്റെയും സ്റ്റാർട്ടപ്പുകളുടെയും നൂതനാശയങ്ങളുടെയും യൂണികോണുകളുടെയും നാടായി ഉയർന്നുവന്നിരിക്കുന്നു. വളർച്ചയും വികസനവും വിലയിരുത്തപ്പെടുന്ന എല്ലാ മാനദണ്ഡങ്ങളിലും, നാം മുന്നിലെത്തിയിരിക്കുന്നു."
സർവ്വകലാശാലകളുടെ പങ്കിനെക്കുറിച്ച് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു, "നമ്മുടെ സർവ്വകലാശാലകൾ ബിരുദങ്ങൾ ദാനം ചെയ്യാൻ മാത്രമായുള്ളവയല്ല. ബിരുദങ്ങൾക്ക് തീർച്ചയായും പ്രാധാന്യമുണ്ട്. അതിലുപരി, സർവ്വകലാശാലകൾ ആശയങ്ങളുടെയും ആശയരൂപീകരണത്തിന്റെയും സങ്കേതങ്ങളും നൂതനാശയങ്ങളുടെ കേന്ദ്രങ്ങളുമാകണം. അവ വലിയ മാറ്റത്തിന് ഉത്തേജനം പകരണം."
"ആ ഉത്തരവാദിത്തം പൊതുവെ അക്കാദമിക സമൂഹത്തിനും വിശിഷ്യാ വൈസ് ചാൻസലർമാർക്കും ഉള്ളതാണ്. വിയോജിപ്പിനും സംഭാഷണത്തിനും സംവാദത്തിനും ചർച്ചയ്ക്കും ഇടം ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അങ്ങനെയാണ് മനോമയ കോശങ്ങൾ സജീവമാകുന്നത്. അഭിവ്യക്തി, വാദ് വിവാദ്, അനന്ത് വാദ് (ആവിഷ്ക്കാരം, സംവാദം, അനന്തമായ സംവാദം) - ഇവ നമ്മുടെ സംസ്ക്കാരത്തിന്റെ, നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്."
വൈജ്ഞാനിക മേഖലകളെ മുന്നിൽ നിന്ന് നയിക്കാനുള്ള ഇന്ത്യയുടെ ശേഷി വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "നിങ്ങൾ ലോകമെമ്പാടും കണ്ണോടിക്കുമ്പോൾ, അതിന്റെ പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാകും. വിദ്യാഭ്യാസത്തിന്റെ അവസ്ഥ അക്കാദമിക സമൂഹത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ അവസ്ഥയെ തന്നെ നിർവ്വചിക്കുന്നു. ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി മാറാൻ തക്ക ജനസംഖ്യാ ആനുകൂല്യം ഉള്ള നമുക്ക്, നമുക്ക് പാശ്ചാത്യ നൂതനാശയങ്ങളുടെ വിദ്യാർത്ഥികളായി സദാ തുടരാനാവില്ല.
"നമ്മുടെ പുരാതന ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നമ്മുടെ സമ്പന്നമായ ഭൂതകാലത്തെക്കുറിച്ച് ഓർമ്മ വരുന്നു. അറിവ് പകർന്നു നൽകാൻ മാത്രമല്ല, മുൻനിരയിൽ നിന്ന് പ്രവർത്തിക്കാൻ തക്ക ലോകോത്തര സ്ഥാപനങ്ങൾ ഭാരതം സൃഷ്ടിക്കേണ്ട സമയമാണിത്. ഇവ കേവലം വിജ്ഞാനശാഖകളല്ല. വരും കാലങ്ങളിൽ നമ്മുടെ പരമാധികാരം ഉറപ്പാക്കുന്നതിനുള്ള ഉപാധികളാണവ."
ഉന്നത വിദ്യാഭ്യാസത്തിന്റെ സംതുലിത വികാസത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി നിരീക്ഷിച്ചു, "നമ്മുടെ പല സ്ഥാപനങ്ങളും ബ്രൗൺ ഫീൽഡ് മേഖലയിൽ തുടരുന്നു. ആഗോള വളർച്ചയുമായി നമുക്ക് പൊരുത്തപ്പെടാം - നമുക്ക് ഹരിതാഭയിലേക്ക് മാറാം. ഗ്രീൻഫീൽഡ് സ്ഥാപനങ്ങൾ മാത്രമേ സംതുലിത വികാസം സാധ്യമാക്കൂ. മെട്രോകളിലും ഒന്നാം നിര നഗരങ്ങളിലും ക്ലസ്റ്ററൈസേഷൻ ഒരു യാഥാർത്ഥ്യമാണ്. പല പ്രദേശങ്ങളും സ്പർശിക്കപ്പെടാതെ തുടരുന്നു."
"ഇത്തരം മേഖലകളിലെ ഗ്രീൻഫീൽഡ് സ്ഥാപനങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം. വൈസ് ചാൻസലർമാർ വിദ്യാഭ്യാസത്തിന്റെ കാവൽക്കാർ മാത്രമല്ല, അതിന്റെ വാണിജ്യവത്ക്കരണത്തിനും ചരക്കുവൽക്കരണത്തിനും എതിരെ നിലകൊള്ളേണ്ട അജയ്യമായ ശക്തികളാണ്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവ്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പ്രവേശനക്ഷമത, പ്രാപ്യത എന്നിവ ഉറപ്പാക്കുക എന്നതും നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളാണ്."
ഉയർന്നു വരുന്ന മേഖലകളിൽ നേതൃത്വം ഉറപ്പിക്കാനുള്ള ആഹ്വാനത്തോടെ തന്റെ പ്രസംഗം അവസാനിപ്പിച്ച ഉപരാഷ്ട്രപതി, "നിർമ്മിത ബുദ്ധി, കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ സാങ്കേതികവിദ്യ, ക്വാണ്ടം സയൻസ്, ഡിജിറ്റൽ ധാർമ്മികത ഉൾപ്പെടെയുള്ള മേഖലകളിൽ മികവുള്ള സ്ഥാപനങ്ങൾ രൂപം കൊള്ളുമ്പോൾ ഭാരതം നേതൃത്വത്തിലെത്തുമെന്നും, മറ്റുള്ളവർ പിന്തുടരുമെന്നും വ്യക്തമാക്കി. എന്നാൽ അതൊരു വെല്ലുവിളിയാണ്."
"വിദ്യാഭ്യാസം കേവലം പൊതുജനനന്മയ്ക്ക് വേണ്ടിയുള്ളതു മാത്രമല്ല. അത് നമ്മുടെ തന്ത്രപ്രധാനമായ ദേശീയ ആസ്തിയാണ്. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നമ്മുടെ വികസന യാത്രയിൽ മാത്രമല്ല, ദേശസുരക്ഷ ഉറപ്പാക്കുന്നതിലും ഇത് അവിഭാജ്യമായി ഘടകമാണ്."
"സുഹൃത്തുക്കളേ, ഞാൻ വിദ്യാഭ്യാസ വിചക്ഷണരുടെ മുന്നിലാണ് നിൽക്കുന്നത്. അതിനാൽ നിങ്ങളുടെ വിശകലനത്തിനായി എന്റെ ചിന്താ പ്രക്രിയയെ കുറച്ചുകൂടി വിമർശനാത്മകമായി വെളിപ്പെടുത്താം. അസാധ്യമായ തിരഞ്ഞെടുപ്പുകൾ നമ്മുടെ സ്വഭാവത്തെയും ശക്തിയെയും നിർവചിക്കുന്നു. നാം കുറുക്കുവഴികൾ സ്വീകരിക്കരുത്. അസാധ്യമായ തിരഞ്ഞെടുപ്പുകളിൽ നമുക്ക് യഥാർത്ഥത്തിൽ ഒരു വലിയ പാരമ്പര്യമുണ്ട്. എളുപ്പവഴി സ്വീകരിക്കുന്നത് സാധാരണത്വത്തിലേക്കും പിന്നീട് അപ്രസക്തതയിലേക്കും നിസ്സാരതയിലേക്കും നയിക്കുന്നതാണ്."
"അത്തരം തിരഞ്ഞെടുപ്പുകൾ സൃഷ്ടിക്കുന്നതിൽ നിർണായകമാണ്. അവ മനസ്സുകളെ ഒരുക്കുന്നു. അസാധ്യമായ തിരഞ്ഞെടുപ്പുകളിലേക്ക് പോകാൻ ആളുകൾക്ക് ധൈര്യം പകരുകയും സജ്ജരാക്കുകയും ചെയ്യുന്നു."
ഉത്തർപ്രദേശ് വിവരസാങ്കേതിക, ഇലക്ട്രോണിക്സ് മന്ത്രി ശ്രീ സുനിൽ കുമാർ ശർമ്മ; അമിറ്റി വിദ്യാഭ്യാസ, ഗവേഷണ ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. അശോക് കെ. ചൗഹാൻ; AIU പ്രസിഡന്റ് പ്രൊഫ. വിനയ് കുമാർ പഥക്; AIU സെക്രട്ടറി ജനറൽ ഡോ. (ശ്രീമതി) പങ്കജ് മിത്തൽ, അടക്കമുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
*****
(Release ID: 2139095)