ഉപരാഷ്ട്രപതിയുടെ കാര്യാലയം
സനാതന അഭിമാനം പുനർനിർമ്മിക്കപ്പെടുന്നു. നഷ്ടമായതെന്തോ അതിനെ അതിശക്തമായ ദൃഢനിശ്ചയത്തോടെ പുനർനിർമ്മിക്കുന്നു- ഉപരാഷ്ട്രപതി
Posted On:
17 JUN 2025 3:28PM by PIB Thiruvananthpuram
"...സനാതന അഭിമാനം പുനർനിർമ്മിക്കപ്പെടുന്നു. നഷ്ടമായതെന്തോ അതിനെ അതിശക്തമായ ദൃഢനിശ്ചയത്തോടെ പുനർനിർമ്മിക്കുന്നുവെന്ന്" ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പ്രസ്താവിച്ചു.
പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്യവെ ശ്രീ ധൻഖർ പറഞ്ഞു, “ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂമികയും ചരിത്രവും, മഹത്തായ വിജ്ഞാന കേന്ദ്രങ്ങളായ തക്ഷശില, നളന്ദ, മിഥില, വല്ലഭി, തുടങ്ങിയവയാൽ സമ്പന്നമായിരുന്നു. ആ ചരിത്ര കാലഘട്ടത്തിൽ, നമ്മുടെ ഭാരതത്തെ ലോകത്തിനു മുമ്പിൽ നിർവ്വചിച്ച സ്ഥാപനങ്ങളായിരുന്നു ഇവയെല്ലാം. ലോകമെമ്പാടുമുള്ള പണ്ഡിതന്മാർ അവരുടെ ആശയങ്ങൾ പങ്കുവെക്കാനും നമ്മുടെ ജ്ഞാനത്തെക്കുറിച്ച് അറിയാനും ഇവിടെ എത്തി. പക്ഷേ എന്തൊക്കെയോ അന്യായങ്ങൾ സംഭവിച്ചു. നളന്ദയുടെ ഒമ്പത് നില ലൈബ്രറിയെക്കുറിച്ച് സങ്കൽപ്പിക്കുക - ആ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുക: 1300 വർഷങ്ങൾക്ക് മുമ്പ്, ഒമ്പത് നില ലൈബ്രറി! ധരംഗഞ്ച് എന്നാണ് ഇതിനെ വിളിച്ചിരുന്നത്. പുരോഗതി പ്രാപിച്ച ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത എന്നിവയുടെ കൈയെഴുത്തുപ്രതികളുടെ കേന്ദ്രമായിരുന്നു അത്.
അധിനിവേശത്തിന്റെ രണ്ട് തരംഗങ്ങളിൽ - ആദ്യം ഇസ്ലാമിക അധിനിവേശത്തിലും പിന്നീട് ബ്രിട്ടീഷ് കോളനിവത്ക്കരണത്തിലും - ഇന്ത്യയുടെ വൈജ്ഞാനിക പൈതൃകം കനത്ത പ്രഹരങ്ങൾ ഏറ്റുവാങ്ങി. 1190-ൽ ഭക്തിയാർ ഖിൽജി അങ്ങേയറ്റത്തെ ക്രൂരതയും നൃശംസതയും പ്രകടമാക്കി. ഏതൊരു സാംസ്ക്കാരിക ധാർമ്മികതയ്ക്കും നിരക്കാത്ത വിധം പ്രവർത്തിച്ചു. പുസ്തകങ്ങൾ അഗ്നിക്കിരയാക്കുക മാത്രമല്ല. സന്യാസിമാരുടെ ശിരച്ഛേദം നടത്തി. സ്തൂപങ്ങൾ തകർത്തു, ഇന്ത്യയുടെ ആത്മാവിനെ തകർത്തു എന്ന് അദ്ദേഹം കണക്കുകൂട്ടി- അദ്ദേഹത്തിന്റെ വിലയിരുത്തലിൽ ഇന്ത്യയുടെ ആത്മാവ് നശിച്ചു. വർഷങ്ങളോളം തീ ആളിക്കത്തി. അത് 9 ദശലക്ഷം - 90 ലക്ഷം - പുസ്തകങ്ങളെയും ഗ്രന്ഥങ്ങളെയും വിഴുങ്ങി. നമ്മുടെ ചരിത്രം ചാരമായി മാറി. നളന്ദ ഒരു കേവലമായ ചിന്താധാര എന്നതിലുപരിയായിരുന്നു; മുഴുവൻ മനുഷ്യരാശിയുടെയും നന്മയ്ക്കായി നിലകൊണ്ട ജീവസുറ്റതും ഊർജ്ജസ്വലവുമായ വിജ്ഞാനത്തിന്റെ ക്ഷേത്രമായിരുന്നു അത്. സമതലങ്ങൾക്ക് മുകളിൽ തലയുയർത്തി നിന്ന പനയോല കയ്യെഴുത്തു പ്രതികൾ നിറഞ്ഞ ലൈബ്രറികളുടെ ഒമ്പത് നിലകൾ..... മൂന്ന് മാസക്കാലമെടുത്ത്, തീജ്വാലകൾ അവയെ വിഴുങ്ങി. എങ്ങും കനത്ത പുക പരന്നു -ആഗോള കലാപങ്ങളിൽ അടുത്തിടെ നാം ഇത് കാണുന്നു.”
രാഷ്ട്രീയ താപനില കുറയ്ക്കാനും സംഭാഷണങ്ങളിൽ ഏർപ്പെടാനും ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “സുഹൃത്തുക്കളേ, ദേശീയ മനോഭാവത്തിൽ പരിവർത്തനം ആവശ്യമാണ്. ആദ്യം രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് സംസാരിക്കാം. പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നതിൽ ഒരു വ്യത്യാസവും വരുത്താതിരിക്കുക എന്ന ശീലം നാം സ്വീകരിച്ചിരിക്കുന്നു.. എന്നിൽ നിന്നല്ലാതെ, മറ്റൊരാളിൽ നിന്ന് വരുന്ന ഏതൊരു നല്ല ആശയവും തെറ്റാണ് എന്ന ചിന്ത. അതിന് കാരണം സ്വന്തം ആശയത്തിന്റെ മേധാവിത്വത്തിൽ ഞാൻ വിശ്വസിക്കുന്നു എന്നതാണ്. ഈ പ്രക്രിയയിൽ അനന്തവാദത്തിന്റെ വേദ തത്ത്വചിന്തയെ ഞാൻ ത്യജിക്കുകയാണ്. സ്വതന്ത്രമായ ആത്മ പ്രകാശനം, വാദ-പ്രതിവാദങ്ങൾ എന്നിവ ഉണ്ടാകണം. ആവിഷ്‌ക്കാരമുണ്ടാകണം, സംഭാഷണമുണ്ടാകണം. അവയെല്ലാം പരസ്പര പൂരകങ്ങളാണ്. ആ ദിശയിൽ നാം മുന്നോട്ട് ചരിക്കണം. രാഷ്ട്രീയ താപനില ഉയർത്താൻ നാം വളരെയധികം ആഗ്രഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനം നമുക്ക് വേണ്ടി അത് ചെയ്യുന്നു. നമുക്കെല്ലാവർക്കും ആശങ്കയുണ്ട്. നമ്മുടെ ക്ഷമയുടെ ഹിമാനികൾ ഉരുകുന്നത് എന്തുകൊണ്ട്? നമ്മുടെ സംസ്ക്കാരവും ആത്മീയതയും തുളുമ്പുന്ന സത്തയിൽ നിന്ന് എന്തിനാണ് അക്ഷമയോടെ അകന്നു മാറുന്നത്? രാഷ്ട്രീയ സമൂഹത്തോട്, രാഷ്ട്രീയ നേതൃത്വത്തോട് ഞാൻ അഭ്യർത്ഥിക്കുന്നു.? ദയവായി രാഷ്ട്രീയത്തിന്റെ താപനില കുറയ്ക്കുക. ഇവിടെ ഏറ്റുമുട്ടലിന് സ്ഥാനമില്ല. സംഭാഷണമുണ്ടാകണം. തടസ്സങ്ങളും അസ്വസ്ഥതകളും ഭരണഘടനാ നിർമ്മാണ സഭയിലെ ഭരണഘടനാ നിർമ്മാതാക്കൾ നമ്മെ പഠിപ്പിച്ച സംവിധാനമേയല്ല. ഇന്ത്യ ഉയർന്നുവരികയും ലോകം നമ്മളെ ഉറ്റുനോക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും അഭിലാഷപൂർണ്ണമായ രാഷ്ട്രമായി ഇന്ത്യ നിലനിൽക്കുന്നതിനാൽ വെല്ലുവിളികൾ ഉണ്ടാകുമെന്നത് ഉറപ്പാണ്. കഴിഞ്ഞ ദശകത്തിലെ അസാധാരണമായ വികസനത്തിന്റെ വെളിച്ചത്തിൽ, നമ്മുടെ രാഷ്ട്രീയനേതൃത്വം സദാ ദേശീയ താത്പര്യത്തിനും ദേശീയ വികസനത്തിനും ചെവികൊടുക്കേണ്ടതിന്റെ ആവശ്യകത നിറവേറ്റിയില്ലെങ്കിൽ, നമുക്ക് മുന്നിലുള്ള ആ വെല്ലുവിളികൾ സങ്കീർണ്ണമാകും.
"സമൂഹത്തിന് തിരികെ നൽകാൻ ആവശ്യമായ വിഭവങ്ങൾ കൈവശമുണ്ടായിരുന്നവർ വിദ്യാഭ്യാസ, ആരോഗ്യമേഖലകൾ ഒരു മാർഗ്ഗമായിത്തിരഞ്ഞെടുത്ത കാലമുണ്ടായിരുന്നു. ഇവ ലാഭകരമായ സംരംഭങ്ങളാണെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല."ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമുള്ള അവരുടെ സംരംഭങ്ങൾ നമ്മുടെ പരമ്പരാഗത വിജ്ഞാനത്താൽ നയിക്കപ്പെട്ടിരുന്നു- സമൂഹത്തിലെ യോഗ്യരായ പൗരന്മാരെ മാതൃകയാക്കി നാം അതിലേക്ക് തിരിച്ചുവരണം. വിദ്യാഭ്യാസത്തിന്റെ ചരക്കുവൽക്കരണം വാണിജ്യവൽക്കരണം എന്നിവയിലൂടെ നാം നയിക്കപ്പെടരുത് എന്നതായിരിക്കണം ലക്‌ഷ്യം. ഇന്ത്യൻ ഭരണഘടനയിലെ 22 ലഘുചിത്രങ്ങളിൽ ഇടം നേടിയ ഇന്ത്യയുടെ പരമ്പരാഗത ഗുരുകുല സമ്പ്രദായവുമായി നമ്മുടെ വിദ്യാഭ്യാസം പൊരുത്തപ്പെടണം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നാം പ്രാധാന്യം നൽകണം. അറിവ് നേടുന്നതിനു പുറമേ, സ്വഭാവ രൂപീകരണത്തിനും പ്രാധാന്യം നൽകണം, കാരണം അപ്പോൾ മാത്രമേ അറിവ് നേടുന്നതിലൂടെ ഗുണനിലവാരവുമുയരുകയുള്ളൂ. സേവനമെന്ന നിലയിലുള്ള വിദ്യാഭ്യാസം അതിവേഗം വളരുന്ന നിലവിലെ വാണിജ്യ മാതൃകൾക്ക് വിരുദ്ധമാണ്. അതിനാൽ കോർപ്പറേറ്റുകളോട് ആ മാനസികാവസ്ഥ മാറ്റാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ത്യ മനുഷ്യസ്‌നേഹത്തിന്റെ കേന്ദ്രമാണ്. വ്യവസായ പ്രമുഖരോട് ഞാൻ അഭ്യർത്ഥിക്കുന്നു. ബാലൻസ് ഷീറ്റുകൾ മുന്നോട്ട് വയ്ക്കുന്ന ആശയത്തിൽ നിന്ന് വ്യത്യസ്തമായി, ആഗോള പ്രശസ്തമായ സ്ഥാപനങ്ങളെ ഹരിത പദ്ധതികളുമായി സംയോജിപ്പിച്ച് സൃഷ്ടി നടത്താൻ നിങ്ങളുടെ CSR വിഭവങ്ങൾ വിനിയോഗിക്കുക.
ഇന്ത്യയിലെ ഭാഷകൾ എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവത്തെ സൂചിപ്പിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ ശ്രീ ധൻഖർ, “ഭാഷകൾക്ക് നമ്മെ എങ്ങനെ വിഭജിക്കാൻ കഴിയും? എന്ന് ആരാഞ്ഞു. ലോകത്തിലെ ഒരു രാജ്യവും നമ്മുടെ ‘ഭാരതം’ പോലെ സമ്പന്നമല്ല. സംസ്കൃതത്തിന് ആഗോള പ്രാധാന്യമുണ്ടെന്ന് സങ്കൽപ്പിക്കുക - തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, മറാത്തി, പാലി, പ്രാകൃത്, ബംഗാളി, ആസാമീസ് എന്നിവയ്ക്ക് പ്രാധാന്യമുണ്ടെന്ന് സങ്കൽപ്പിക്കുക - ഇവ 11 എണ്ണം നമ്മുടെ ശ്രേഷ്ഠ ഭാഷകളായതിനാലാണ് ഞാൻ പരാമർശിച്ചത്. പാർലമെന്റിൽ, 22 ഭാഷകളിൽ അംഗങ്ങളെ പ്രസംഗിക്കാൻ അനുവദിക്കുന്നു. കുട്ടികളേ, നമ്മുടെ ഭാഷകൾ സർവ്വാശ്ലേഷിത്വത്തെ സൂചിപ്പിക്കുന്നു. ഒരേ മഹത്തായ ലക്ഷ്യത്തിനായി ഒന്നുചേരാൻ മാത്രമാണ് സനാതനം നമ്മെ പഠിപ്പിക്കുന്നത്. അപ്പോൾ, സർവ്വാശ്ലേഷിത്വത്തിന് പുറത്ത് എന്താണുള്ളത്? സർവ്വാശ്ലേഷിത്വത്തിന് കാരണമായത് എന്താണ് - അത് ഭിന്നതയുടെ അടിസ്ഥാനമാകുമോ? എല്ലാവരോടും ആത്മപരിശോധന നടത്താനും, ചിന്തിക്കാനും, അവസരത്തിനൊത്ത് ഉയരാനും, നമ്മുടെ മഹത്തായ നേട്ടങ്ങളിൽ അഭിമാനം കൊള്ളാനും, നമ്മുടെ ലക്‌ഷ്യം കൈവരിക്കാനും, നമ്മുടെ കുട്ടികളുടെ ഭാവി ശോഭനമാക്കാനും, ഈ കൊടുങ്കാറ്റിനെ മറികടക്കാനും ഞാൻ ആഹ്വാനം ചെയ്യുന്നു.
*****
(Release ID: 2137076)