രാജ്യത്തെ നടക്കാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനുള്ള ഒരുക്കങ്ങൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആർജി&സിസിഐ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ന്യൂഡൽഹിയിൽ അവലോകനം ചെയ്തു. സെൻസസ് നടത്തുന്നതിനുള്ള വിജ്ഞാപനം 2025 ജൂൺ 16 ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ അതായത് (ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ-എച്ച്എൽഒ), ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്ന്, ജനസംഖ്യാ കണക്കെടുപ്പ് (പിഇ) നടത്തുന്ന രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം,ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെ മറ്റ് വിശദാംശങ്ങൾ എന്നിവ ശേഖരിക്കും. സെൻസസിന്റെ ഭാഗമായി ജാതി കണക്കെടുപ്പും നടത്തും.
സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും.
രാജ്യത്തെ സെൻസസ് നടപടികൾ ആരംഭിച്ചതിനു ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്.
ഇനിയുള്ള സെൻസസ് പ്രവർത്തനങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡിജിറ്റൽ മാർഗങ്ങളിലൂടെ നടത്തും.കണക്കെടുപ്പ് പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് സ്വയം ഭാഗമാകാനുള്ള സംവിധാനവും ലഭ്യമാക്കും.
സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയിലെ ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിന് വളരെ കർശനമായ ഡാറ്റ സുരക്ഷാ നടപടികളും പ്രയോഗത്തിൽ വരുത്തും