കൃഷി മന്ത്രാലയം
azadi ka amrit mahotsav

15 ദിവസം നീണ്ടു നിന്ന ‘വികസിത് കൃഷി സങ്കൽപ്പ് അഭിയാന്’ ഔപചാരിക സമാപനം

55,000-ത്തിലധികം പരിപാടികൾ സംഘടിപ്പിച്ചു, ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളിൽ എത്തിച്ചേർന്നു, 1 കോടി 12 ലക്ഷത്തിലധികം കർഷകരുമായി ആശയവിനിമയം നടത്തി

Posted On: 12 JUN 2025 3:24PM by PIB Thiruvananthpuram

 ‘വികസിത് കൃഷി സങ്കൽപ് അഭിയാന്റെ' 15-ാം ദിനവും അവസാന ദിനവുമായ ഇന്ന് ഗുജറാത്തിലെ ബർദോളിയിൽ നടന്ന കർഷക സമ്മേളനത്തെ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ അഭിസംബോധന ചെയ്തു. പ്രചാരണം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനൊപ്പം, പ്രചാരണം ഇന്നവസാനിക്കുകയാണെങ്കിലും കർഷകരുമായുള്ള സമ്പർക്കവും സംഭാഷണവും തുടരുമെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.

സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ കർമ്മഭൂമിയിൽ എത്തിച്ചേരാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഇന്നേ ദിവസം, 1928 ജൂൺ 12 ന്,  സർദാർ വല്ലഭ്ഭായ് പട്ടേൽ ബർദോളി സത്യാഗ്രഹത്തിനായി ഒരു യോഗം സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർ കർഷകരുടെ നികുതി 22 ശതമാനം വർദ്ധിപ്പിച്ചതിനെതിരെ അദ്ദേഹം പോരാട്ടം ആരംഭിച്ചു. ആ സത്യാഗ്രഹത്തിൽ വനിതകൾ സുപ്രധാന പങ്ക് വഹിച്ചു. പ്രസ്തുത സമരത്തോടെയാണ് അദ്ദേഹത്തിനു സർദാർ പദവി ലഭിച്ചത്. ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേൽ കാരണമാണ് ഇന്ത്യ ഇന്ന് ഏകീകൃതരാഷ്ട്രമായി നിലകൊള്ളുന്നത്. 550 ലധികം നാട്ടുരാജ്യങ്ങൾ ലയിപ്പിക്കുന്നതിൽ വല്ലഭ്ഭായ് പട്ടേൽ അനുപമമായ പങ്ക് വഹിച്ചു. ഒട്ടേറെ മഹാന്മാരുടെ ജന്മനാടാണ് ഗുജറാത്ത്. രാജ്യത്തിനും ലോകത്തിനും ദിശാബോധം നൽകിയ സന്യാസിമാർ, ഋഷിമാർ, മഹർഷിമാർ, വിപ്ലവകാരികൾ, മഹാത്മാഗാന്ധി എന്നിവർ ഈ നാടിന്റെ സമ്മാനങ്ങളാണ്. നമ്മുടെ ആദരണീയ പ്രധാനമന്ത്രിയും ഗുജറാത്ത് രാജ്യത്തിന് നൽകിയ സമ്മാനമാണ്. അതിന് രാജ്യം മുഴുവൻ ഗുജറാത്തിനോട് കടപ്പെട്ടിരിക്കും.

 'പരീക്ഷണശാലയിൽ നിന്ന് കൃഷിഭൂമിയിലേക്ക്' എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനം സാക്ഷാത്ക്കരിക്കുന്നതിനാണ് 'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' ആരംഭിച്ചതെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 18 ശതമാനത്തോളം സംഭാവന ചെയ്യുന്നത് കാർഷിക മേഖലയാണ്. ഇന്നും ജനസംഖ്യയുടെ പകുതിയും ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നു. ഈ പ്രചാരണത്തിന്റെ ഭാഗമായി 16,000 ശാസ്ത്രജ്ഞന്മാർ  അടങ്ങുന്ന 2,170 സംഘങ്ങൾ രൂപീകരിച്ചു. ശാസ്ത്രജ്ഞരുടെ സംഘങ്ങൾ ഗ്രാമഗ്രാമാന്തരങ്ങൾ സന്ദർശിച്ച് കർഷകരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ഗവേഷണങ്ങളെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ കൈമാറുകയും ചെയ്തു. പ്രാദേശികമായ കാലാവസ്ഥാ സാഹചര്യങ്ങളും കൃഷിയിടത്തിന്റെ ആവശ്യകതകളും കണക്കിലെടുത്ത് കർഷകർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സന്തുലിത വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തെക്കുറിച്ചുള്ള അറിവ് പകർന്നു നൽകി. ഇതോടൊപ്പം, കർഷകരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞശേഷം, ഭാവിയിലെ വിപുലമായ ഗവേഷണത്തിന്റെ ദിശ തീരുമാനിക്കുകയെന്നതും പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ഗുജറാത്ത് സർക്കാരിന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ച ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഗുജറാത്തിലെ പ്രകൃതിദത്ത കൃഷിയുമായി ബന്ധപ്പെട്ട ഉദ്യമങ്ങൾ  മികച്ചതാണെന്നും കർഷകർ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. കൃഷി മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയും വൻതോതിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത് കർഷകർക്ക് ഏറെ പ്രയോജനം ചെയ്തിട്ടുമുണ്ട്. നെല്ല്, ഗോതമ്പ്, നിലക്കടല, ചോളം, സോയാബീൻ എന്നിവ ഗുജറാത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ആവണക്ക്, ജീരകം, പെരുംജീരകം, ഈന്തപ്പഴം തുടങ്ങിയ കാർഷിക ഉത്പന്നങ്ങളിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്. രാജ്യത്തെ ആവണക്കിന്റെ 77 ശതമാനം, നിലക്കടലയുടെ 44.5 ശതമാനം, പരുത്തിയുടെ 24 ശതമാനം, പയർ വർഗ്ഗങ്ങളുടെ 15 ശതമാനം എന്നിവ ഉത്പാദിപ്പിക്കുന്നത് ഗുജറാത്തിലാണ്. ഭക്ഷ്യ സംസ്ക്കരണത്തിലൂടെയും മൂല്യവർദ്ധനവിലൂടെയും ഗുജറാത്ത് കാർഷിക മേഖലയിൽ അതിവേഗം പുരോഗമിക്കുന്നു. ഗുജറാത്തിലെ കർഷകർ നിരന്തരം വളർച്ച കൈവരിക്കുകയും രാജ്യത്തിന് ദിശാബോധം പകരുകയും ചെയ്യുന്നു. ഗുജറാത്തിൽ നിന്ന് നിരവധി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഭക്ഷ്യ സംസ്ക്കരണത്തിലൂടെയും മൂല്യവർദ്ധനവിലൂടെയും ഗുജറാത്തിലെ കർഷകർ പുരോഗതി പ്രാപിക്കുന്നു. ഹോർട്ടികൾച്ചർ മേഖലയിലും ഗുജറാത്ത് മുന്നേറുന്നു. നിരവധി കർഷകർ പ്രകൃതിദത്ത  കൃഷിയുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങൾ പങ്കുവെച്ചതായി ശ്രീ ശിവരാജ് സിംഗ് പറഞ്ഞു. പ്രകൃതിദത്ത കൃഷി മൂലം ചെലവ് കുറയുമെങ്കിലും ഉത്പാദനത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്നും ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭിക്കുമെന്നും കർഷകരിൽ നിന്ന് തന്നെ കേൾക്കാനാകുന്നത് സന്തോഷകരമാണ്. കൃഷി മെച്ചപ്പെടുത്തുന്നതിന് ആറ് സൂത്രവാക്യങ്ങളുണ്ട് - ഉത്പാദനം വർദ്ധിപ്പിക്കുക, ഉത്പാദനച്ചെലവ് കുറയ്ക്കുക, കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പാക്കുക, നഷ്ടമുണ്ടായാൽ ഉചിതമായ നഷ്ടപരിഹാരം നൽകുക, കാർഷിക വൈവിധ്യവത്ക്കരണം, മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തിക്കൊണ്ട് വരും തലമുറയ്ക്കായി ഭൂമിയെ സുരക്ഷിതമായി സൂക്ഷിക്കുക എന്നിവയാണ് ആറ് സൂത്രവാക്യങ്ങൾ .

'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' ഇന്ന് ഔപചാരികമായി അവസാനിക്കുകയാണെങ്കിലും ഇത് അവസാനമല്ലെന്ന് ശ്രീ ശിവരാജ് സിംഗ് പറഞ്ഞു. 'ഒരു രാഷ്ട്രം-ഒരു കൃഷി-ഒരു ടീം' എന്ന മനോഭാവത്തോടെ, കർഷകരുമായി നിരന്തര സമ്പർക്കവും ആശയവിനിമയവും തുടരും. കൃഷിയിൽ നൂതന ഇനങ്ങളുടെ ഉപയോഗം, യന്ത്രവത്ക്കരണം, ഓരോ തുള്ളിയിൽ നിന്നും കൂടുതൽ വിള, ജലസേചനത്തിൽ ജലത്തിന്റെ കാര്യക്ഷമമായ വിനിയോഗം, പുതിയ വിത്തിനങ്ങളുടെ ഉപയോഗം എന്നിവ ആവശ്യമാണ്. ഈ ദിശയിൽ  നാം മുന്നോട്ട് പോകണം. ഈ വർഷം ഏഴര ലക്ഷം ഹെക്ടർ ഭൂമിയിൽ പ്രകൃതിദത്ത കൃഷി ലക്ഷ്യം വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 18 ലക്ഷം കർഷകർ ഇതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ പുരോഗതിക്കും സമൃദ്ധിക്കുമൊപ്പം കർഷകരുടെ മുഖത്ത് പുഞ്ചിരി വിടർത്തുകയും ചെയ്യുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നാം രാവും പകലും പ്രവർത്തിക്കുന്നു.

ഒടുവിൽ, പ്രചാരണം ഔപചാരികമായ സമാപിക്കുകയാണെന്ന്  ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിക്കുകയും ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുകയും ചെയ്തു. ഈ പ്രചാരണത്തിന് കീഴിൽ ഏകദേശം 1 കോടി 12 ലക്ഷം കർഷകരുമായി  ആശയവിനിമയം നടത്തിയെന്നും ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളിൽ എത്തിച്ചേർന്നെന്നും അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 55 ആയിരത്തിലധികം സ്ഥലങ്ങളിൽ സംവാദ പരിപാടികൾ നടന്നു. ഈ പ്രചാരണത്തിനിടെ, പുതിയ കണ്ടുപിടുത്തങ്ങളും പദ്ധതികളും പ്രയോജനപ്പെടുത്തി വരുമാനം 10 മടങ്ങ് വരെ വർദ്ധിപ്പിച്ച കർഷകരെ ഞങ്ങൾ കണ്ടുമുട്ടി. അത്തരം കർഷകർ യഥാർത്ഥത്തിൽ ശാസ്ത്രജ്ഞരാണ്, അവരിൽ നിന്ന് ഞങ്ങൾക്ക് മാർഗനിർദ്ദേദേശം ലഭിക്കും. അത്തരം എല്ലാ അനുഭവങ്ങളും ഉദ്യമങ്ങളും മാനദണ്ഡമാക്കി, കാർഷിക മേഖലയുടെ ഭാവി നയങ്ങൾ തീരുമാനിക്കുകയും കൃഷിയെ മെച്ചപ്പെടുത്തുകയും ചെയ്യും.

തദവസരത്തിൽ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കൃഷി മന്ത്രി രാഘവ്ജിഭായ് പട്ടേൽ,   തൊഴിൽ മന്ത്രി ശ്രീ കുൻവർജി ഹൽപതി, എംപിമാരായ  പ്രഭുഭായ് വാസവ, മുകേഷ് കുമാർ ചന്ദ്രകാന്ത് ദലാൽ, വിവിധ മേഖലകളിൽ നിന്നുള്ള എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാർ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് -ICAR ഡയറക്ടർ ജനറലും, കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായ ഡോ. എംഎൽ ജാട്ട്, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഈ പ്രചാരണത്തിന് കീഴിൽ രൂപീകരിച്ച 2,170 ശാസ്ത്രജ്ഞരുടെ സംഘങ്ങളും വെർച്വലായി പങ്കെടുത്തു.

മെയ് 29 ന് ഒഡീഷയിൽ നിന്ന് ആരംഭിച്ച രാജ്യവ്യാപകമായ 15 ദിവസത്തെ ഈ പ്രചാരണത്തിന്റെ ഭാഗമായി, കേന്ദ്ര കൃഷി മന്ത്രി വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുകയും കർഷക കൂട്ടായ്മകൾ, സമ്മേളനങ്ങൾ, പദയാത്രകൾ എന്നിവയിലൂടെ കർഷകരുമായി സംവദിക്കുകയും ചെയ്തു. ഈ പ്രചാരണത്തിന് കീഴിൽ, ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഒഡീഷ, ജമ്മു, ഉത്തർപ്രദേശ്, ഹരിയാന, ബീഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, കർണാടക, തെലങ്കാന, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങൾ സന്ദർശിച്ചു.


(Release ID: 2136087)