രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വീക്ഷണത്തിൽ മാറ്റം വരുത്തിയതിലൂടെ ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിൽ സർക്കാർ സമഗ്ര പരിവർത്തനം സൃഷ്ടിച്ചു എന്നതിന്റെ തെളിവാണ് ഓപ്പറേഷൻ സിന്ദൂർ: രാജ്യ രക്ഷാ മന്ത്രി

“ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായും പാകിസ്ഥാനെ ആഗോള ഭീകരതയുടെ പിതാവായും ലോകം കാണുന്നു”

ഭീകരതയെ നേരിടാൻ പാകിസ്ഥാനു മേൽ തന്ത്രപരവും നയതന്ത്രപരവും സാമ്പത്തികവുമായ സമ്മർദ്ദം ചെലുത്താൻ ശ്രീ രാജ്‌നാഥ് സിംഗ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു

“ഇന്ത്യ സ്വന്തം അതിർത്തികൾ സംരക്ഷിക്കുകയും രാജ്യത്തെ തന്ത്രപരവും സാമ്പത്തികവും സാങ്കേതികവുമായി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനം സൃഷ്ടിക്കുകയും ചെയ്യുന്നു”

“ഈ വർഷം 1.75 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉത്പാദനവും 30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയും ലക്ഷ്യമിടുന്നു”

Posted On: 10 JUN 2025 5:41PM by PIB Thiruvananthpuram

"കഴിഞ്ഞ 11 വർഷത്തിനിടയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വീക്ഷണത്തിൽ മാറ്റം വരുത്തിയതിലൂടെ ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിൽ സമഗ്ര പരിവർത്തനം സൃഷ്ടിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം ഈ മാറ്റത്തിന് സാക്ഷ്യം വഹിച്ചു," 2025 ജൂൺ 10 ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സംഘടിപ്പിച്ച 'ദേശ സുരക്ഷയും ഭീകരതയും' എന്ന പ്രമേയത്തിലൂന്നിയ സംവാദത്തെ അഭിസംബോധന ചെയ്യവേ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ സാധാരണ ജനങ്ങൾക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിനെതിരെ സ്വീകരിച്ച ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവുംവലിയ ഭീകരവിരുദ്ധ നടപടി എന്നാണ് രാജ്യ രക്ഷാ മന്ത്രി ഓപ്പറേഷൻ സിന്ദൂരിനെ വിശേഷിപ്പിച്ചത്. പഹൽഗാം സംഭവം രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന് നേരെയുള്ള ആക്രമണമാണെന്നും പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര താവളങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും തകർത്തുകൊണ്ട് ഇന്ത്യ ഭീകരവാദത്തിനും അതിന് ഉത്തരവാദികളായവർക്കും എതിരെ വിപുലവും ശക്തവുമായ നടപടികൾ  കൈക്കൊണ്ടെന്നും അദ്ദേഹം പറഞ്ഞു. "അനുച്ഛേദം 370 റദ്ദാക്കിയതിനെത്തുടർന്ന്, ജമ്മു കശ്മീർ സമാധാനത്തിന്റെയും പുരോഗതിയുടെയും യുഗത്തിലേക്ക് പ്രവേശിച്ചു. നമ്മുടെ അയൽരാജ്യത്തിന് അത് ഒട്ടും സഹിക്കാനായില്ല. അതാണ് പഹൽഗാമിൽ ഭീകരാക്രമണം നടത്താൻ കാരണം. പാകിസ്ഥാൻ എത്ര ശ്രമിച്ചിട്ടും കശ്മീരിന്റെ വികസനം തടയാൻ അവർക്ക് കഴിഞ്ഞില്ല. ജമ്മു കശ്മീരിന്റെ വികസനത്തിനായുള്ള സർക്കാരിന്റെ നിരന്തരമായ പരിശ്രമത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണ് ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക്. താമസിയാതെ, പാക് അധീന കശ്മീർ നമ്മോടൊപ്പം ചേർന്ന് 'ഞങ്ങളും ഭാരതമാണ്' എന്ന് ഉദ്ഘോഷിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരർക്ക് ഇന്ത്യൻ സായുധ സേന ഉചിതമായ മറുപടി നൽകിയെങ്കിലും, ഭാവിയിൽ പഹൽഗാമിൽ സംഭവിച്ചതു പോലുള്ള ഭീകരാക്രമണങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. സർക്കാർ തലത്തിൽ മാത്രമല്ല, പൊതു സമൂഹവും ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. ഭീകരതയെ അധാർമ്മിക യുക്തിയെന്നും, മനുഷ്യരാശിയുടെ ഏറ്റവും വലിയ ശാപമെന്നും, സമാധാനപരമായ സഹവർത്തിത്വത്തിനും ജനാധിപത്യത്തിനും വലിയ ഭീഷണിയെന്നും, പുരോഗതിയുടെ പാതയിലെ  തടസ്സമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടം കേവലം സുരക്ഷാ പ്രശ്നം മാത്രമല്ല, മാനവികതയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള സന്ധിയില്ലാത്ത സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിശ്ശേഷം നിർമ്മാർജ്ജനം ചെയ്യേണ്ട മഹാമാരിയെന്ന് ഭീകരതയെ വിശേഷിപ്പിച്ച രാജ്യ രക്ഷാ മന്ത്രി, അത്  നിലനിൽക്കുന്ന കാലത്തോളം ലോക സമാധാനത്തിനും വികസനത്തിനും സമൃദ്ധിക്കും നിരന്തരം ഭീഷണി ഉയർത്തുമെന്നതിനാൽ, അതിന്റെ സ്വാഭാവിക അന്ത്യത്തിനായി കാത്തിരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഭീകരത എന്ന വിപത്തിന് സുസ്ഥിരമായ ഒരു പരിഹാരമുണ്ടാകേണ്ടതിന്റെ അടിയന്തര ആവശ്യകത അദ്ദേഹം ആവർത്തിച്ചു.

"ഭീകരവാദികൾ ഏതെങ്കിലും നന്മ ഉയർത്തിപ്പിടിക്കുന്ന പോരാളികളല്ല. മതപരമോ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ കാരണങ്ങളാൽ ഭീകരതയെ ന്യായീകരിക്കാനും കഴിയില്ല. രക്തച്ചൊരിച്ചിലിലൂടെയും അക്രമത്തിലൂടെയും മാനുഷികമായ ഒരു ലക്ഷ്യവും ഒരിക്കലും നേടിയെടുക്കാൻ സാധ്യമല്ല. ഇന്ത്യയും പാകിസ്ഥാനും ഒരേ സമയം സ്വാതന്ത്ര്യം നേടി. എന്നാൽ ഇന്ന് ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, അതേസമയം പാകിസ്ഥാൻ ആഗോള ഭീകരതയുടെ പിതാവായി ഉയർന്നുവന്നിരിക്കുന്നു. പാകിസ്ഥാൻ എല്ലായ്പ്പോഴും ഭീകരവാദികൾക്ക് അഭയം നൽകുകയും സ്വന്തം മണ്ണിൽ അവർക്ക് പരിശീലനം നൽകുകയും അവരെ സഹായിക്കുകയും ചെയ്യുന്നു. ഭീകരതയെന്ന ഭീഷണിയെ ന്യായീകരിക്കാൻ അവർ സദാ ശ്രമിക്കുന്നു. മുഴുവൻ ഭീകരവാദികളെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളെയും നശിപ്പിക്കുകയെന്നത് പ്രധാനമാണ്," ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

പാകിസ്ഥാനുള്ള വിദേശ ധനസഹായം നിർത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് രാജ്യ രക്ഷാ മന്ത്രി അഭ്യർത്ഥിച്ചു. ഈ സാമ്പത്തിക സഹായത്തിന്റെ വലിയൊരു ഭാഗം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനായി ചെലവഴിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. "പാകിസ്ഥാന് ധനസഹായം നൽകുക എന്നാൽ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾക്ക് ധനസഹായം നൽകുക എന്നാണർത്ഥം. ഭീകരവാദത്തിന്റെ നഴ്സറിയാണ് പാകിസ്ഥാൻ. അതിനെ പോഷിപ്പിക്കരുത്," അദ്ദേഹം കൂട്ടിച്ചേർത്തു.

9/11 ഭീകരാക്രമണത്തിന് ശേഷം രൂപീകരിച്ച ഭീകരവാദ വിരുദ്ധ പാനലിന്റെ വൈസ് ചെയർമാനായി പാകിസ്ഥാനെ നാമനിർദ്ദേശം ചെയ്യാനുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ സമീപകാല തീരുമാനത്തിൽ ശ്രീ രാജ്‌നാഥ് സിംഗ് ഞെട്ടൽ രേഖപ്പെടുത്തി. “9/11 ആക്രമണത്തിന്റെ സൂത്രധാരന് പാകിസ്ഥാൻ അഭയം നൽകിയിരുന്നു. ആഗോള ഭീകര സംഘടനകൾ അഭയകേന്ദ്രമായി പാകിസ്ഥാന്റെ മണ്ണ് ഉപയോഗിക്കുന്നു. അവിടെ, ഹാഫിസ് സയീദ്, മസൂദ് അസ്ഹർ തുടങ്ങിയ ഭീകരവാദികൾ സ്വതന്ത്രമായി വിഹരിക്കുന്നു. പാകിസ്ഥാനൈൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഭീകരവാദികളുടെ ശവസംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നു. ഇപ്പോൾ, അതേ രാജ്യം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ആഗോള സമൂഹത്തെ നയിക്കുമെന്ന് വൃഥാ പ്രതീക്ഷിക്കുന്നു. ഇത് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ നയങ്ങളെയും ലക്ഷ്യങ്ങളേയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു,” അദ്ദേഹം പറഞ്ഞു.

ഭീകരത പോലെ പ്രധാന വിഷയങ്ങളെക്കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കാൻ ഐക്യരാഷ്ട്രസഭയടക്കമുള്ള സംഘടനകളോട് രാജ്യ രക്ഷാ മന്ത്രി ആഹ്വാനം ചെയ്തു, “നമ്മൾ ഭീകരതയിൽ നിന്ന് മുക്തരാകുമ്പോൾ മാത്രമേ ആഗോള സമാധാനം, പുരോഗതി, സമൃദ്ധി എന്നീ ലക്ഷ്യങ്ങളിലേക്ക് മുന്നേറാൻ കഴിയൂ” എന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ സാധാരണക്കാർക്കും ഇതേ കാഴ്ചപ്പാടാണെന്നും എന്നാൽ അവിടത്തെ ഭരണാധികാരികൾ രാജ്യത്തെ നാശത്തിന്റെ പാതയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം മണ്ണിൽ ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയുടെ സഹായം തേടാവുന്നതാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പാകിസ്ഥാനെ ഉപദേശിച്ചു. അതിർത്തിക്കിരുവശവുമുള്ള ഭീകരതയ്‌ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാൻ ഇന്ത്യൻ സൈന്യത്തിന് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് ഇത് ബോധ്യമായിട്ടുണ്ട്. ധാർഷ്ട്യം മുഖമുദ്രയാക്കിയ രാജ്യമെന്ന് പാകിസ്ഥാനെ  വിശേഷിപ്പിച്ച അദ്ദേഹം, പാകിസ്ഥാന്റെ മണ്ണിൽ നിന്ന് രൂപംകൊള്ളുന്ന ഭീകരതയെ നേരിടാൻ ആഗോളസമൂഹം  ഇസ്ലാമാബാദിനു മേൽ തന്ത്രപരവും നയതന്ത്രപരവും സാമ്പത്തികവുമായ സമ്മർദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്ന് പറഞ്ഞു.

ഭീകരതയെ നേരിടാനും രാഷ്ട്ര സുരക്ഷ ശക്തിപ്പെടുത്താനും സർക്കാർ സ്വീകരിച്ച തന്ത്രപരമായ സമീപനത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, ആത്മനിർഭര ഭാരതത്തിന്റെ ഏറ്റവും ശക്തമായ സ്തംഭങ്ങളിലൊന്നായി പ്രതിരോധ മേഖല ഉയർന്നുവന്നിട്ടുണ്ടെന്നും ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ച ആയുധങ്ങളും /പ്ലാറ്റ്‌ഫോമുകളും ഇന്ത്യയിൽ നിർമ്മിച്ചതാണെന്നും രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി. “ഇന്ന്, ഇന്ത്യ അതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല, തന്ത്രപരമായും സാമ്പത്തികമായും സാങ്കേതികമായും നമ്മെ ശക്തിപ്പെടുത്തുന്ന സംവിധാനങ്ങൾ  സൃഷ്ടിക്കുകയും ചെയ്യുന്നു. മുമ്പ്, നാം പൂർണ്ണമായും വൈദേശിക പ്രതിരോധ ഉപകരണങ്ങളെ ആശ്രയിച്ചിരുന്നു.എന്നാൽ ഇന്ന് പ്രതിരോധത്തിൽ ഇന്ത്യ അതിവേഗം ആത്മനിർഭരത കൈവരിക്കുകയാണ്” അദ്ദേഹം പറഞ്ഞു.

2013-14 സാമ്പത്തിക വർഷത്തിൽ (FY) 2.53 ലക്ഷം കോടി രൂപയായിരുന്ന പ്രതിരോധ ബജറ്റ് 2024-25 സാമ്പത്തിക വർഷത്തിൽ 6,22 ലക്ഷം കോടി രൂപയായി ഉയർന്നു; ആഭ്യന്തര കമ്പനികളിൽ നിന്നുള്ള മൂലധന സംഭരണത്തിനായി ബജറ്റിന്റെ 75% നീക്കിവയ്ക്കുകയും, 5,500-ലധികം ഇനങ്ങൾ അടങ്ങിയ മൊത്തം 10 സ്വദേശിവത്ക്കരണ പട്ടികകൾ പുറത്തിറക്കുകയും ചെയ്തതുൾപ്പെടെ, പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികൾ ശ്രീ രാജ്‌നാഥ് സിംഗ് വിശദീകരിച്ചു. “ഇന്ന്, ഇന്ത്യൻ സൈന്യം അത്യാധുനിക ആയുധങ്ങൾ, മിസൈലുകൾ, ടാങ്കുകൾ, ആഭ്യന്തരമായി നിർമ്മിക്കുന്ന മറ്റ് സംവിധാനങ്ങൾ/പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിക്കുന്നു. അഗ്നി, പൃഥ്വി, ബ്രഹ്മോസ് തുടങ്ങിയ നമ്മുടെ തദ്ദേശീയ മിസൈലുകൾ ശത്രുവിന് ഉചിതമായ മറുപടി നൽകാൻ സജ്ജമാണ്. ഐഎൻഎസ് വിക്രാന്ത് പോലുള്ള വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാനുള്ള ശക്തിയും നമുക്കുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

2014-ൽ ഏകദേശം 40,000 കോടി രൂപയായിരുന്ന വാർഷിക പ്രതിരോധ ഉത്പാദനം ഇന്ന് 1.30 ലക്ഷം കോടി രൂപ കവിഞ്ഞ് റെക്കോർഡിട്ടതായും 2014-ൽ 686 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി 2024-25 സാമ്പത്തിക വർഷത്തിൽ 23,622 കോടി രൂപയിലേക്ക് കുതിച്ചുയർന്നതായും സർക്കാരിന്റെ നിരന്തര ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്നും രാജ്യ രക്ഷാ മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിച്ച പ്രതിരോധ ഉത്പന്നങ്ങൾ ഏകദേശം 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ വർഷം 1.75 ലക്ഷം കോടി രൂപയുടെയും 2029 ആകുമ്പോഴേക്കും മൂന്ന് ലക്ഷം കോടി രൂപയുടെയും പ്രതിരോധ ഉത്പാദനം ലക്ഷ്യമിടുന്നു. ഈ വർഷം 30,000 കോടി രൂപയിലെത്തിയ നമ്മുടെ പ്രതിരോധ കയറ്റുമതി 2029 ആകുമ്പോഴേക്കും 50,000 കോടി രൂപയിലെത്തിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടിൽ വിവര, ആശയവിനിമയ യുദ്ധത്തിന്റെ വർദ്ധിച്ചുവരുന്ന പ്രയോഗത്തെക്കുറിച്ച് ശ്രീ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. നുണകൾ തിരിച്ചറിയുന്നതിലൂടെയും, കിംവദന്തികൾ തടയുന്നതിലൂടെയും, സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും സാമൂഹിക സേനയായി മാറാൻ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ആധുനിക ലോകത്ത്  “ഡാറ്റയും വിവരങ്ങളുമാണ് ഏറ്റവും വലിയ ശക്തിയും, ഏറ്റവും വലിയ വെല്ലുവിളിയും. ഓപ്പറേഷൻ സിന്ദൂറിനിടെ, വ്യാജ വീഡിയോകൾ, വ്യാജ വാർത്തകൾ, പോസ്റ്റുകൾ എന്നിവയിലൂടെ നമ്മുടെ സൈനികരുടെയും പൗരന്മാരുടെയും മനോവീര്യം തകർക്കാൻ പാകിസ്ഥാൻ ഗൂഢാലോചന നടത്തി. സൈനിക നടപടികൾ നിർത്തിവച്ചെങ്കിലും, വിവര, ആശയവിനിമയ യുദ്ധം ഇപ്പോഴും തുടരുകയാണ്. ആളുകൾ ലവലേശം ചിന്തിക്കാതെ തെറ്റായ വാർത്തകൾ പങ്കിടുകയാണെങ്കിൽ, അവർ അറിയാതെ തന്നെ ശത്രുവിന്റെ ആയുധമായി മാറുകയാണ്. എല്ലാ പൗരന്മാരും സാമൂഹിക സേനയായി മാറേണ്ട സമയമാണിത്. സർക്കാർ തലത്തിൽ സൈബർ സുരക്ഷയ്ക്കായുള്ള പ്രവർത്തനങ്ങൾ നടക്കുന്നു, പക്ഷേ ഓരോ പൗരനും 'ആദ്യം പ്രതികരിക്കുന്നയാൾ' ആയി മാറേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.

സമകാലിക ലോകത്ത്, 'മുന്നിൽ' എന്നതിനേക്കാൾ  'ഏറ്റവും ശരിയായിരിക്കുക' എന്നതിന് മുൻഗണന നൽകാൻ രാജ്യരക്ഷാ മന്ത്രി മാധ്യമങ്ങളെ ആഹ്വാനം ചെയ്തു. "'പരിശോധിച്ചുറപ്പാക്കുന്നതിന്' പകരം, 'വൈറൽ' ആകുക എന്നതാണ് പത്രപ്രവർത്തനത്തിന്റെ പുതിയ മാനദണ്ഡമായി മാറിയിരിക്കുന്നത്. ഇത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതിർത്തികളിൽ മാത്രമല്ല, സൈബർ, സാമൂഹിക മേഖലകളിലും വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ മാധ്യമങ്ങളെ "കാവൽ നായ" എന്നാണ് ശ്രീ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്. "പത്രപ്രവർത്തനം വെറുമൊരു തൊഴിലല്ല, മറിച്ച് ഒരു ദേശീയ ഉത്തരവാദിത്തമാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നമ്മെ അവധാനപൂർവ്വമായും ജാഗ്രതയോടെയും നിലനിർത്തുന്നതിനൊപ്പം വിവരങ്ങൾ നൽകുകയും ചെയ്യുന്നു. സ്വതന്ത്രവും ആരോഗ്യകരവുമായ പത്രപ്രവർത്തനം സമൂഹത്തെ ജാഗരൂകരാക്കുകയും, ഒന്നിപ്പിക്കുകയും, അവബോധം പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥിരതയാർന്ന ശക്തിയാണ്," അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്ക്കർ സിംഗ് ധാമിയടക്കമുള്ള പ്രമുഖർ ഉൾപ്പെടുന്നു.

*******************


(Release ID: 2135888)