ആയുഷ്
2025 -ലെ യോഗ സംഗമം ഇന്ത്യയെ ഒരുമിപ്പിക്കുന്നു; സംഗമത്തിന്റെ ഭാഗമാകാന്‍ 30,000-ത്തിലേറെ സംഘടനകൾ
Posted On:
04 JUN 2025 8:10PM by PIB Thiruvananthpuram
സമഗ്ര ക്ഷേമം ലക്ഷ്യമിട്ട് വളരുന്ന ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് നേര്‍സാക്ഷ്യമായി 2025-ലെ അന്താരാഷ്ട്ര യോഗ ദിനത്തിലെ (ഐഡിവൈ) പ്രധാന പരിപാടിയായ യോഗ സംഗമം രാജ്യത്തുടനീളം വിവിധ സംഘടനകളുടെ 30,000 രജിസ്ട്രേഷന് പിന്നിട്ട് ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ചു.
2025-ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തില്‍ മുൻ വർഷങ്ങളിലേതിന് സമാനമായി സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയില്‍ ഇത്തവണ രാജ്യത്തുടനീളം നടക്കുന്ന ഇത്തരം പരിപാടികളുടെ ഓൺലൈൻ പങ്കിടല്‍ അധിക സവിശേഷതയായി അവതരിപ്പിക്കും. ആയുഷ് മന്ത്രാലയത്തിന്റെ യോഗ പോർട്ടലില്‍ സജ്ജീകരിച്ച സംവിധാനത്തിലൂടെ യോഗ ദിനാഘോഷ പരിപാടി രജിസ്റ്റർ ചെയ്യാനഗ്രഹിക്കുന്ന സംഘടനകൾക്ക് അവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാം.
പരിപാടികള്‍ സംബന്ധിച്ച രജിസ്ട്രേഷനിലുണ്ടായ അഭൂതപൂർവമായ പ്രതികരണം യോഗയെ ഒരു പരിശീലനത്തേക്കാളുപരി സ്വാസ്ഥ്യ ജീവിതത്തിന്റെയും സാമൂഹ്യപ്രതിരോധത്തിന്റെയും രാഷ്ട്രക്ഷേമത്തിന്റെയും പ്രസ്ഥാനമായി രാജ്യമെങ്ങും നേടുന്ന സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു. സ്കൂളുകളും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും (ആര്‍ഡബ്ല്യുഎ-കൾ) മുതല്‍ കോർപ്പറേറ്റുകളും എന്‍ജിഒ-കളും സർക്കാർ സ്ഥാപനങ്ങളും വരെ ഇന്ത്യയുടെ നാനാകോണുകളിൽ നിന്നും വിവിധ സ്ഥാപനങ്ങൾ 2025 ജൂൺ 21-ന് അന്താരാഷ്ട്ര യോഗ ദിനാഘോഷ പരിപാടി സംഘടിപ്പിക്കാനായി രജിസ്റ്റർ ചെയ്ത് യോഗ സംഗമത്തിന്റെ പതാകയ്ക്ക് കീഴിൽ ഒരുമിക്കുന്നു.
രാജ്യം 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ "ഒരേ ഭൂമിയ്ക്കും ഒരേ ആരോഗ്യത്തിനും യോഗ" എന്ന പ്രമേയം ഭൂമിശാസ്ത്രത്തെയും സംസ്കാരങ്ങളെയും തൊഴിലിനെയും ഭേദിക്കുന്ന ഏകീകൃത പ്രസ്ഥാനത്തിന് പ്രചോദനമേകുന്നത് തുടരുകയാണ്. ലഡാക്കിലെ മഞ്ഞുമൂടിയ പർവതനിരകൾ മുതൽ കേരളത്തിലെ സൂര്യപ്രകാശം പതിക്കുന്ന കടലോരങ്ങള്‍ വരെ, വിദ്യാലയങ്ങളിലെ കളിസ്ഥലങ്ങളും ഓഫീസിന് മുന്നിലെ പുൽത്തകിടികളും മുതൽ റെയിൽവേ സ്റ്റേഷനുകളും ചരിത്രപ്രസിദ്ധ ക്ഷേത്ര മുറ്റങ്ങളും വരെ, ശ്വാസത്തിലും ചലനത്തിലും രാജ്യം ഒന്നിക്കുന്നു.
ഐഐടികളും ഐഐഎമ്മുകളും കേന്ദ്ര സർവകലാശാലകളുമടക്കം പ്രമുഖ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം യോഗ പ്രസ്ഥാനത്തിന് പുത്തന്‍ ഊര്‍ജം പകരുന്നു. വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രങ്ങൾ വന്‍തോതില്‍ യോഗ പ്രകടനങ്ങൾ സംഘടിപ്പിക്കുക മാത്രമല്ല, മാനസികാരോഗ്യവും വൈകാരിക പ്രതിരോധശേഷിയും നേതൃത്വ വികസനവും ലക്ഷ്യമിടുന്ന ഉപകരണമായി യോഗയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
യോഗ സംഗമത്തിൽ എങ്ങനെ പങ്കെടുക്കാം:
yoga.ayush.gov.in/yoga-sangam സന്ദർശിക്കുക.
നിങ്ങളുടെ സംഘത്തെയോ സ്ഥാപനത്തെയോ രജിസ്റ്റർ ചെയ്യുക
2025 ജൂൺ 21-ന് യോഗ സെഷൻ സംഘടിപ്പിക്കുക
ഔദ്യോഗിക പ്രശംസാപത്രം ലഭിക്കാന്‍ പരിപാടിയ്ക്ക് ശേഷം പങ്കാളിത്ത വിശദാംശങ്ങൾ സമര്‍പ്പിക്കുക
ജൂൺ 21 ന് രാജ്യത്തുടനീളം ഒരു ലക്ഷത്തിലേറെ സ്ഥലങ്ങൾ ക്ഷേമത്തിന്റെ ഊർജസ്വല സങ്കേതങ്ങളായി മാറും - ഓരോന്നും ഇന്ത്യയുടെ പൗരാണിക ജ്ഞാനത്തിന്റെയും സമഗ്ര ആരോഗ്യത്തിലേക്ക് ലോകത്തെ നയിക്കാന്‍ രാജ്യം കൈക്കൊള്ളുന്ന ആധുനിക നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മാവിനെ പ്രതിധ്വനിപ്പിക്കും.
സ്വാസ്ഥ്യ ഭാരതം, സമൃദ്ധ ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഐക്യപൂര്‍ണമായ നിശ്ചയദാര്‍ഢ്യം ആവര്ത്തിച്ചുറപ്പിക്കാനായി നമുക്ക് ഒത്തുചേരാം. സമഗ്ര ആരോഗ്യത്തിനും രാഷ്ട്ര ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആധാരശിലയായി യോഗ സംഗമത്തെ നമുക്ക് മാറ്റാം.
***
(Release ID: 2135490)