വാണിജ്യ വ്യവസായ മന്ത്രാലയം
സാമ്പത്തിക, വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട്, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ സ്വിറ്റ്സർലൻഡിലേക്കും സ്വീഡനിലേക്കുമുള്ള ഔദ്യോഗിക സന്ദർശനം ആരംഭിച്ചു
ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്വിറ്റ്സർലൻഡിൽ ആഗോള സിഇഒമാരുമായും വ്യവസായ പ്രമുഖരുമായും ശ്രീ ഗോയൽ കൂടിക്കാഴ്ച നടത്തും
സ്വീഡനിൽ നടക്കുന്ന സാമ്പത്തിക, വ്യാവസായിക, ശാസ്ത്ര സഹകരണത്തിനായുള്ള ഇന്തോ-സ്വീഡിഷ് സംയുക്ത കമ്മീഷന്റെ 21-ാമത് സെഷനിൽ കേന്ദ്ര മന്ത്രി സഹ-അധ്യക്ഷത വഹിക്കും
Posted On:
09 JUN 2025 1:00PM by PIB Thiruvananthpuram
2025 ജൂൺ 9 മുതൽ 13 വരെ നടക്കുന്ന സ്വിറ്റ്സർലൻഡ്, സ്വീഡൻ ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2025 ജൂൺ 9 ന് സ്വിറ്റ്സർലൻഡിലേക്ക് യാത്ര തിരിച്ചു. പ്രധാന യൂറോപ്യൻ രാജ്യങ്ങളുമായുള്ള തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, ശക്തമായ വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വളർത്തുന്നതിനും, പ്രതിരോധ ശേഷിയുള്ള ആഗോള വളർച്ചയ്ക്ക് പൊതുവായ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനുമുള്ള ഇന്ത്യയുടെ ദൃഢമായ പ്രതിജ്ഞാബദ്ധതയെ ഈ സന്ദർശനം അടയാളപ്പെടുത്തുന്നു.
യൂറോപ്പിലെ ഏറ്റവും നൂതനമായ രണ്ട് സമ്പദ്വ്യവസ്ഥകളുമായുള്ള ഇന്ത്യയുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിൽ ഈ സന്ദർശനം ഒരു പ്രധാന നാഴികക്കല്ലാകും. ഇരു രാജ്യങ്ങളിലെയും മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർ, വ്യവസായ നേതാക്കൾ, ബിസിനസ് സംഘടനകൾ എന്നിവരുമായി ശ്രീ ഗോയൽ ഉന്നത തല ആശയവിനിമയങ്ങൾ നടത്തും.
സ്വിറ്റ്സർലൻഡിൽ ഇന്ന് കേന്ദ്രമന്ത്രി ശ്രീ ഗോയൽ ആഗോള സിഇഒമാരുമായും പ്രമുഖ വ്യവസായ നേതാക്കളുമായും സംവദിക്കുകയും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. ഫാർമ, ലൈഫ് സയൻസസ്, പ്രിസിഷൻ എഞ്ചിനീയറിംഗ്/മെഷീൻ ടൂൾ/ഹൈ-ടെക് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്വിസ് വ്യവസായ നേതാക്കളുമായി പ്രത്യേകമായി ചർച്ചകൾ നടത്തും. ഐസിഎഐ സൂറിച്ച് ചാപ്റ്ററുമായും ഇന്ത്യൻ മാധ്യമങ്ങളുമായും മന്ത്രി സംവദിക്കും. കരുത്തുറ്റ വ്യാപാര, നയതന്ത്ര ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനായി ഫെഡറൽ കൗൺസിലർ ഗൈ പാർമെലിനുമായുള്ള കൂടിക്കാഴ്ചയാണ് മന്ത്രിയുടെ മറ്റൊരു പ്രധാന പരിപാടി.
പ്രമുഖ സ്വിസ് കമ്പനികളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകളാണ് സ്വിറ്റ്സർലൻഡിലേക്കുള്ള ഉന്നതതല സന്ദർശനത്തിന്റെ ഒരു പ്രധാന സവിശേഷത. ഈ നിർണായക ചർച്ചകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ വ്യവസായ പ്രതിനിധികൾ കമ്പനികളുമായി നേരിട്ടുള്ള സംഭാഷണം നടത്തുകയും പ്രത്യേക സഹകരണ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യും. സ്വിസ്സ്മെം വ്യവസായ ദിനത്തിലും സ്വിസ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ (എംഇഎം) വ്യവസായവുമായുള്ള ഒരു ബിസിനസ് യോഗത്തിലും പങ്കെടുക്കും. കൂടാതെ, ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറിൽ (ടെപ) നിന്ന് ഉരുത്തിരിയുന്ന സാധ്യതകളെയും അവസരങ്ങളെയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുക.
സ്വീഡനിൽ, ഇന്തോ-സ്വീഡിഷ് സാമ്പത്തിക, വ്യവസായിക, ശാസ്ത്ര സഹകരണത്തിനുള്ള സംയുക്ത കമ്മീഷന്റെ (ജെസിഇഐഎസ്സി) 21-ാമത് യോഗത്തിൽ അന്താരാഷ്ട്ര വികസന സഹകരണ- വിദേശ വ്യാപാരമന്ത്രി ബെഞ്ചമിൻ ഡൗസയുമായി ചേർന്ന് ശ്രീ ഗോയൽ സഹ-അധ്യക്ഷത വഹിക്കും.
സന്ദർശന വേളയിൽ ശ്രീ ഗോയൽ വിദേശ വ്യാപാര മന്ത്രി ബെഞ്ചമിൻ ഡൗസ, വികസന സഹകരണത്തിനും വിദേശ വ്യാപാരത്തിനുമുള്ള വകുപ്പ് മന്ത്രിയുടെ സ്റ്റേറ്റ് സെക്രട്ടറി ഹക്കൻ ജെവ്രെൽ എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായും ആഗോള പങ്കാളിത്തങ്ങളുമായും പൊരുത്തപ്പെടുന്ന വിധത്തിൽ, നിലവിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങൾ തിരിച്ചറിയുന്നതിനും ഈ ചർച്ചകൾ ലക്ഷ്യമിടുന്നു.
ഇന്ത്യ - സ്വീഡൻ ബിസിനസ് നേതാക്കളുടെ യോഗവും പ്രമുഖ സ്വീഡിഷ് കമ്പനികളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകളും സന്ദർശന പരിപാടിയിൽ ഉൾപ്പെടുന്നു. ഉൽപ്പാദനം, നൂതനാശയം, ഹരിത സാങ്കേതികവിദ്യകൾ, സുസ്ഥിര പ്രതിവിധികൾ എന്നിവയുൾപ്പെടെ സ്വീഡൻ മികവ് പുലർത്തുന്ന വിവിധ വ്യവസായ മേഖലകളിലെ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. എറിക്സൺ, വോൾവോ ഗ്രൂപ്പ്, ഐകെഇഎ, സാൻഡ്വിക്, ആൽഫ ലാവൽ, സാബ് തുടങ്ങിയ കമ്പനികൾ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ താല്പര്യം പ്രകടിപ്പിക്കുന്നവയാണ്.
ഇന്ത്യൻ പ്രവാസികളുമായി മന്ത്രി ഗോയൽ സംവദിക്കുകയും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും.ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യ-സ്വീഡൻ പങ്കാളിത്തത്തിനായുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഇന്ത്യയും യൂറോപ്യൻ പങ്കാളികളും തമ്മിലുള്ള തന്ത്രപരമായ മുൻഗണനകളുടെ വിനിമയത്തെ ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു. നൂതനാശയം, പ്രതിരോധശേഷി, പൊതുവായ വളർച്ച എന്നിവയിലൂടെ സുസ്ഥിര സാമ്പത്തിക പങ്കാളിത്തങ്ങളിലേക്ക് ഈ മുൻഗണനകളെ പരിവർത്തനം ചെയ്യുക എന്നതാണ് ഈ ചർച്ചകളുടെ ലക്ഷ്യം.
******
(Release ID: 2135144)