ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ സംബന്ധിച്ച തത്സമയ അപ്‌ലോഡിംഗ്, പരിശോധന, നിരീക്ഷണം എന്നിവയ്ക്കുള്ള കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഉമീദ് (UMEED) സെൻട്രൽ പോർട്ടൽ, കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു

വഖഫ് സ്വത്ത് ഭരണത്തിന്റെയും പരിപാലനത്തിന്റെയും ചരിത്രത്തിൽ ഉമീദ് പോർട്ടൽ ഒരു പുതിയ അധ്യായം സൃഷ്ടിക്കും: കിരൺ റിജിജു

പോർട്ടൽ, കൂടുതൽ സുതാര്യത, ഉത്തരവാദിത്വo, പൊതുജന പങ്കാളിത്തം എന്നിവയിലൂടെ വഖഫ് സ്വത്തുക്കളുടെ, പരിപാലനത്തിൽ മാതൃകാപരമായ മാറ്റം സൃഷ്ടിക്കപ്പെടും

Posted On: 06 JUN 2025 3:03PM by PIB Thiruvananthpuram
"ഇന്ത്യയിലെ വഖഫ് സ്വത്ത് ഭരണത്തിന്റെയും പരിപാലനത്തിന്റെയും ചരിത്രത്തിൽ ഉമീദ് പോർട്ടൽ ഒരു നവ അധ്യായം സൃഷ്ടിക്കും. ഇത് സുതാര്യത കൊണ്ടുവരിക മാത്രമല്ല, സാധാരണ മുസ്ലീങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും സഹായിക്കുകയും ചെയ്യും," ഇന്ന് ന്യൂഡൽഹിയിൽ ഉമീദ് സെൻട്രൽ പോർട്ടൽ ഉദ്ഘാടനം ചെയ്ത കേന്ദ്ര ന്യൂനപക്ഷ കാര്യ, പാർലമെന്ററി കാര്യ മന്ത്രി ശ്രീ കിരൺ റിജിജു പറഞ്ഞു.
 
ന്യൂനപക്ഷ കാര്യ മന്ത്രാലയം വികസിപ്പിച്ചെടുത്ത പോർട്ടൽ, കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യന്റെ സാന്നിധ്യത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
 
ഉമീദ് കേന്ദ്ര പോർട്ടൽ കേവലം ഒരു സാങ്കേതിക പരിഷ്കരണം മാത്രമല്ലെന്നും ഇതൊരു ചരിത്രപരമായ ചുവടുവയ്പ്പാണെന്നും ശ്രീ റിജിജു വിശേഷിപ്പിച്ചു. "ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള വഖഫ് സ്വത്തുക്കൾ ഫലപ്രദമായും നീതിയുക്തമായും പ്രത്യേകിച്ചും, ഈ സ്വത്തുക്കൾ ലക്ഷ്യമാക്കപ്പെട്ടിട്ടുള്ള ദരിദ്ര മുസ്ലീങ്ങൾക്കായിതന്നെ വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ ദൃഢമായ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു.
 
 ഏകീകൃത വഖഫ് പരിപാലനം, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം 1995 - എന്നതിന്റെ ചുരുക്കപ്പേരായ ഉമീദ് സെൻട്രൽ പോർട്ടൽ, വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ സംബന്ധിച്ച തത്സമയ അപ്‌ലോഡിംഗ്, പരിശോധന, നിരീക്ഷണം എന്നിവയ്ക്കുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി വർത്തിക്കും. കൂടുതൽ സുതാര്യത, ഉത്തരവാദിത്വo, പൊതുജന പങ്കാളിത്തം എന്നിവ പ്രാപ്യമാക്കിക്കൊണ്ട് രാജ്യത്തെ വഖഫ് ആസ്തികൾ കൈകാര്യം ചെയ്യുന്നതിൽ ഒരു മാതൃകാപരമായ മാറ്റം ഈ പോർട്ടൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
 
പോർട്ടലിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്:
 
•എല്ലാ വഖഫ് സ്വത്തുക്കളുടെയും ജിയോ-ടാഗിംഗ് ഉപയോഗിച്ച് ഒരു ഡിജിറ്റൽ ഇൻവെന്ററി സൃഷ്ടിക്കൽ
•മികച്ച പ്രതികരണം ഉറപ്പാക്കുന്നതിന് ഓൺലൈൻ പരാതി പരിഹാര സംവിധാനം
• വാടകയ്ക്ക് നൽകുന്നതിനും ഉപയോഗ ട്രാക്കിംഗ് സംബന്ധിച്ചും സുതാര്യമായ നടപടിക്രമങ്ങൾ
• ജി ഐ എസ് മാപ്പിംഗ് സംവിധാനവുമായും മറ്റ് ഇ-ഗവേണൻസ് ഉപകരണങ്ങളുമായും സംയോജനം
•പൊതുജനങ്ങൾക്ക് അംഗീകൃത രേഖകളും റിപ്പോർട്ടുകളും പരിശോധിക്കാൻ അവസരം 
 
 സ്വത്തുക്കളുടെ ദുരുപയോഗം തടയുന്നതിനും വഖഫ് ഭരണം ജനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിനും വേണ്ടി ദീർഘകാലമായി കാത്തിരുന്ന പരിഷ്കാരമാണ് ഈ പോർട്ടൽ എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ ജോർജ്ജ് കുര്യൻ പറഞ്ഞു. "ഓരോ സ്വത്തിനും കണക്ക് രേഖപ്പെടുത്തുകയും അത് നൽകിയ ഉദ്ദേശ്യത്തിനനുസരിച്ച് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
 ഡിജിറ്റൽ രൂപത്തിലുള്ള വഖഫ് ഭരണത്തിന്റെ നട്ടെല്ലായി ഉമീദ് പോർട്ടൽ മാറുമെന്ന് ന്യൂനപക്ഷ കാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്ര ശേഖർ കുമാർ അഭിപ്രായപ്പെട്ടു. 
 
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉപജീവനമാർഗ്ഗം സൃഷ്ടിക്കൽ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്ക്ക് വഖഫ് ആസ്തികൾ പ്രയോജനപ്പെടുത്തുന്നതിലൂടെ അത് സാമൂഹിക ക്ഷേമത്തിന് അർത്ഥവത്തായ സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
*****

(Release ID: 2134694)