വാണിജ്യ വ്യവസായ മന്ത്രാലയം
ബ്രെസിയയിൽ ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ തജാനിയുമായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉന്നതതല കൂടിക്കാഴ്ച നടത്തി
90 ഓളം കമ്പനികൾ ഉൾപ്പെടുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ ശ്രീ ഗോയൽ നയിച്ചു; ഇറ്റാലിയൻ വ്യവസായപ്രമുഖരുമായി ആശയ വിനിമയം നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് പേഡ് മാ കേ നാം' സംരംഭത്തിന് കീഴിൽ ശ്രീ ഗോയൽ, ഉപപ്രധാനമന്ത്രി തജാനി എന്നിവർ ചേർന്ന് തൈചെടികൾ നട്ടു
Posted On:
06 JUN 2025 2:41PM by PIB Thiruvananthpuram
ഇറ്റലിയുടെ നിർമാണ കേന്ദ്രമായ ബ്രെസിയയിൽ, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയുമായ ശ്രീ അന്റോണിയോ തജാനിയുമായി ഉന്നതതല യോഗം നടത്തി. 2025 ജൂൺ 5 ന് അവസാനിച്ച ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ദ്വി ദിന ഇറ്റലി സന്ദർശന വേളയിൽ, സാമ്പത്തിക സഹകരണത്തിനായി ഉള്ള ഇന്ത്യ-ഇറ്റലി ജോയിന്റ് കമ്മീഷ(ജെസിഇസി) ന്റെ 22-ാമത് സെഷനിൽ ഇരു നേതാക്കളും ചേർന്ന് സഹ-അധ്യക്ഷത വഹിച്ചു.
ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, പങ്കാളികൾ എന്നിവർ പങ്കെടുത്ത ജെസിഇസി യോഗത്തിൽ പരസ്പര താല്പര്യമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും സൃഷ്ടിപരമായ ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തെ ഈ സംഭാഷണം ആവർത്തിച്ച് സ്ഥിരീകരിച്ചു. കൂടാതെ സാമ്പത്തിക പ്രതിരോധശേഷി, വ്യാവസായിക പങ്കാളിത്തം, എല്ലാവരെയും ഉൾക്കൊള്ളുന്ന, സുസ്ഥിര വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 2025–29 ലെ തന്ത്രപരമായ സംയുക്ത പ്രവർത്തന പദ്ധതിയുമായി ഇത് യോജിക്കുന്നു.
ഉയർന്നുവരുന്ന നിരവധി തന്ത്രപരമായ മേഖലകളിൽ സഹകരണത്തിന് മുൻഗണന നൽകാൻ ഇന്ത്യയും ഇറ്റലിയും തമ്മിൽ ധാരണയായി . ഇതിൽ ഇൻഡസ്ട്രി 4.0, ബഹിരാകാശം, ഊർജ്ജ പരിവർത്തനം, സുസ്ഥിര ഗതാഗത സംവിധാനം എന്നിവ ഉൾപ്പെടുന്നു. നൈപുണ്യ വികസനം, ഡിജിറ്റൽ പരിവർത്തനം, കുടിയേറ്റം, ഗതാഗത സംവിധാനം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) പോലുള്ള ആഗോള സമ്പർക്ക സംരംഭങ്ങൾ എന്നിവയിലെ സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യവും ഇരു രാജ്യങ്ങളും ആവർത്തിച്ചു.
ജെ.സി.ഇ.സി യോഗത്തിൽ നിന്ന് നിരവധി പ്രധാന ഫലങ്ങൾ ലഭിച്ചു. കൃഷി, ഭക്ഷ്യ സംസ്കരണം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താനും ഓട്ടോമൊബൈൽ, ബഹിരാകാശ മേഖലകളിൽ സംയുക്ത പ്രവർത്തന സമിതികൾ സ്ഥാപിക്കാനും ഇന്ത്യയും ഇറ്റലിയും തീരുമാനിച്ചു. സുസ്ഥിര കാർഷിക-മൂല്യ ശൃംഖലകൾ, കാർഷിക യന്ത്രങ്ങൾ, ഭക്ഷ്യ പാക്കേജിംഗ് സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള അവസരങ്ങൾ ഇരുപക്ഷവും പര്യവേക്ഷണം ചെയ്തു . ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും നൈപുണ്യ വിദഗ്ധരുടെ സേവനം ഇരു രാജ്യങ്ങൾക്കുമിടയിൽ സുഗമമാക്കാനും തീരുമാനിച്ചു
ജെ.സി.ഇ.സിയുടെ ഭാഗമായി, ഇരു രാജ്യങ്ങളിലെയും സി.ഇ.ഒമാരെയും വ്യവസായ നേതാക്കളെയും ഒരുമിച്ച് ചേർത്ത ഒരു ഉന്നതതല വളർച്ചാ ഫോറം സംഘടിപ്പിച്ചു. പരസ്പര താൽപ്പര്യമുള്ള ബിസിനസ്സ് അവസരങ്ങളും വ്യാവസായിക സഹകരണങ്ങളും തിരിച്ചറിയുന്നതിന് ഈ വേദി സഹായകരമായി
ഏകദേശം 90 കമ്പനികളുടെ ഉന്നതമേധാവികൾ അടങ്ങുന്ന ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം സന്ദർശന വേളയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പ്രതിനിധി സംഘം ഇറ്റാലിയൻ വ്യവസായ സംരംഭങ്ങൾ സന്ദർശിക്കുകയും പ്രാദേശിക കമ്പനി പ്രതിനിധികളുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. ഇറ്റാലിയൻ വ്യവസായിക നേതാക്കളുമായി ശ്രീ ഗോയൽ നേരിട്ട് ആശയവിനിമയം നടത്തി. ഇന്ത്യയിൽ പ്രവർത്തനങ്ങൾ, നിർമ്മാണം അല്ലെങ്കിൽ ഓഫീസ് സംരംഭം വികസിപ്പിക്കാനുള്ള അവരുടെ പദ്ധതികളെ ശ്രീ ഗോയൽ സ്വാഗതം ചെയ്തു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ശ്രീ ഗോയലും ഉപപ്രധാനമന്ത്രി തജാനിയും ബ്രെസിയയിലെ ഒരു പ്രമുഖ ഇറ്റാലിയൻ മാലിന്യ-ഊർജ്ജ കമ്പനിയായ A2A സന്ദർശിച്ചു. ശുദ്ധ ഊർജ്ജ മേഖലയിലെ സഹകരണത്തിനുള്ള അവസരങ്ങൾ തിരിച്ചറിയാൻ ഈ സന്ദർശനം പ്രയോജനകരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "ഏക് പേഡ് മാ കെ നാം" സംരംഭത്തിന്റെ പ്രതീകാത്മകമായി, ഇരു നേതാക്കളും സാന്താ ഗിയൂലിയയിലെ യുനെസ്കോ പൈതൃക സമുച്ചയത്തിൽ അവരുടെ അമ്മയുടെ സ്മരണയ്ക്കായി വൃക്ഷത്തൈകൾ നട്ടു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും അവസരങ്ങളും ഉയർത്തിക്കാട്ടുന്നതിലും വളർന്നുവരുന്ന ഉഭയകക്ഷി വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ അഭിവൃദ്ധിപ്പെടുത്തുന്നതിലും ശ്രീ പിയൂഷ് ഗോയലിന്റെ ഇറ്റലി സന്ദർശനം നിർണായക പങ്കുവഹിച്ചു.
*****
(Release ID: 2134573)