രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സംസ്ഥാന സിവിൽ സർവീസസിലൂടെ നിയമനം നേടി എൽബിഎസ്എൻഎഎയില്‍ 127-ാമത് പ്രവേശന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 03 JUN 2025 5:37PM by PIB Thiruvananthpuram

സംസ്ഥാന സിവിൽ സർവീസസിലൂടെ നിയമനം നേടി എൽബിഎസ്എൻഎഎയില്‍ 127-ാമത് പ്രവേശന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർ ഇന്ന് (ജൂൺ 3, 2025) രാഷ്ട്രപതി ഭവനിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.

 

സംസ്ഥാന സിവിൽ സർവീസ് ഉദ്യോഗസ്ഥരെന്ന നിലയിൽ അവര്‍ നടത്തിവന്ന പരിശ്രമങ്ങൾ സംസ്ഥാന മുൻഗണനകളെ അടിസ്ഥാനമാക്കിയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു. പ്രാദേശിക സമൂഹങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്ത അവരോരോരുത്തരും താഴെത്തട്ടിലെ ജനങ്ങളുടെ ക്ഷേമത്തിലും വികസനത്തിലും നിർണായക പങ്കുവഹിച്ചു. ഇപ്പോഴും ഇത്തരം പ്രശ്നങ്ങളില്‍  ഉത്തരവാദിത്തമുണ്ടെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളുടെയും കര്‍ത്തവ്യങ്ങളുടെയും വ്യാപ്തിയും സങ്കീർണതയും ഇനിയും വര്‍ധിക്കും. അവരിനി കേവലമൊരു പ്രദേശത്തിന്റെ മാത്രം ഭരണാധികാരികളല്ല, മറിച്ച് ദേശീയതല ഭരണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.  2047-ഓടെ വികസിത  ഭാരതമെന്ന  വലിയ കാഴ്ചപ്പാടുമായി ചേര്‍ന്നുപോകുന്നതായിരിക്കണം പ്രവർത്തനങ്ങളെന്ന്  രാഷ്ട്രപതി ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിൽ നല്‍കുന്ന സംഭാവന വലുതായിരിക്കണമെന്ന് രാഷ്ട്രപതി ഉദ്യോഗസ്ഥരോട് പറഞ്ഞു. വികസിത രാഷ്ട്രത്തിലേക്ക് രാജ്യം നടത്തുന്ന പ്രയാണത്തില്‍  പാർശ്വവൽക്കരിക്കപ്പെട്ട ദുർബല വിഭാഗങ്ങൾ പിന്നോട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ അവരുടെ ശ്രമങ്ങൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പിന്നാക്കം നിൽക്കുന്ന ദരിദ്ര ജനവിഭാഗങ്ങള്‍  വളർച്ചയും സമൃദ്ധിയും അനുഭവിക്കുമ്പോൾ മാത്രമേ നാം വികസിത രാഷ്ട്ര ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്ക് എത്തിച്ചേരൂവെന്ന് രാഷ്ട്രപതി പറഞ്ഞു.

 

ഉദ്യോഗസ്ഥരുടെ ജോലിയിലെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സാങ്കേതികവിദ്യയ്ക്കും നവീകരണത്തിനും വലിയ പങ്കുവഹിക്കാനാവുമെന്ന് രാഷ്ട്രപതി പറഞ്ഞു. സേവനവിതരണം മെച്ചപ്പെടുത്തുന്നത് മുതൽ വിവരാധിഷ്ഠിത തീരുമാനങ്ങള്‍ക്ക് പ്രാപ്തമാക്കുന്നത് വരെ കാര്യക്ഷമവും സുതാര്യവും പൗര-സൗഹൃദപരവുമായ ഭരണനിര്‍വഹണ സംവിധാനങ്ങൾ രൂപീകരിക്കാന്‍ ഡിജിറ്റൽ ഉപകരണങ്ങൾ സഹായിക്കും. സർക്കാർ പദ്ധതികൾ അവസാന തലം വരെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ നിര്‍മിതബുദ്ധി, ഇലക്ട്രോണിക് ഭരണനിര്‍വഹണം,  ഡിജിറ്റൽ പ്രതികരണ സംവിധാനങ്ങൾ എന്നിവയിലെ നൂതനാശയങ്ങൾ സ്വീകരിക്കാൻ അവർ ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്‍കി. അതേസമയം ഇന്ത്യൻ അ‍ഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനെ നിർവചിക്കുന്ന അടിസ്ഥാന മൂല്യങ്ങൾ ഉദ്യോഗസ്ഥർ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും രാഷ്ട്രപതി പറഞ്ഞു. പെരുമാറ്റത്തിൽ സത്യസന്ധത ഉയർത്തിപ്പിടിക്കാനും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാനും ഉത്തരവാദിത്തം കാത്തുസൂക്ഷിക്കാനും അവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സഹാനുഭൂതിയും നീതിയും നിഷ്പക്ഷതയും അധികാരത്തിന്റെ ഭാഗമാക്കാന്‍ അവർ ഉദ്യോഗസ്ഥരെ ഉപദേശിച്ചു. .  

 

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


(Release ID: 2133710)