സഹകരണ മന്ത്രാലയം
azadi ka amrit mahotsav

ലോകത്തെ ഏറ്റവും വലിയ സഹകരണ ഭക്ഷ്യധാന്യ സംഭരണ പദ്ധതിയുടെ അവലോകന യോഗം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയില്‍ ന്യൂഡൽഹിയിൽ ചേര്‍ന്നു

മോദി സർക്കാരിന്റെ ദീർഘവീക്ഷണ ‍ഭക്ഷ്യധാന്യ സംഭരണ പദ്ധതി പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ വരുമാനവും ഗ്രാമീണ തൊഴിലും വർധിപ്പിക്കും.

Posted On: 02 JUN 2025 6:51PM by PIB Thiruvananthpuram

ലോകത്തെ ഏറ്റവും വലിയ സഹകരണ ഭക്ഷ്യധാന്യ സംഭരണ പദ്ധതിയുടെ അവലോകന യോഗം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയില്‍  ന്യൂഡൽഹിയിൽ ചേര്‍ന്നു. സഹകരണ സഹമന്ത്രിമാരായ ശ്രീ കൃഷൻ പാൽ ഗുർജാർ, ശ്രീ മുരളീധർ മോഹോൾ എന്നിവർക്കൊപ്പം  സഹകരണമന്ത്രാലയം, ഭക്ഷ്യ - പൊതുവിതരണ മന്ത്രാലയം, ഉപഭോക്തൃകാര്യ വകുപ്പ്,  ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സി‌ഐ), നബാർഡ്, ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എൻ‌സി‌ഡി‌സി) തുടങ്ങിയ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

 

‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ  കാഴ്ചപ്പാട്  സാക്ഷാത്കരിക്കുന്നതിന്  വലിയ ചുവടുവയ്പ്പാണ് ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യധാന്യ സംഭരണ പദ്ധതിയെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര,  സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി), തൊഴിൽ സൃഷ്ടി എന്നീ  സുപ്രധാന മാനദണ്ഡങ്ങളിലൂടെയാണ് രാജ്യത്തെ സാമ്പത്തിക പുരോഗതി അളക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ (പിഎസിഎസ്) വരുമാനം വർധിപ്പിക്കാനും ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന ഈ രണ്ട് തലങ്ങളെയും ശക്തിപ്പെടുത്താന്‍ ഭക്ഷ്യ സംഭരണ പദ്ധതി ലക്ഷ്യമിടുന്നു. കാർഷിക അടിസ്ഥാന സൗകര്യ ഫണ്ടിന് (എഐഎഫ്) കീഴിലെ വായ്പാ കാലാവധി നീട്ടി പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രീ ഷാ എടുത്തുപറഞ്ഞു. 

 

IMG_4932.JPG

 

ഭക്ഷ്യ സംഭരണ പദ്ധതിയിൽ പിഎസിഎസിന്റെ വിപുലമായ പങ്കാളിത്തം പ്രത്യേകം പരാമര്‍ശിച്ച കേന്ദ്ര സഹകരണ മന്ത്രി പ്രാഥമിക കാര്‍ഷിക വായ്പാ സമൂഹങ്ങളുടെ സാമ്പത്തിക ഭദ്രതയും സാമൂഹ്യ ഫലപ്രാപ്തിയും ഉറപ്പാക്കാന്‍ അവയെ പദ്ധതിയുടെ അവിഭാജ്യ ഘടകമാക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി. പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതി സുഗമമായി നടപ്പാക്കാന്‍  രാജ്യത്തുടനീളം സംഭരണശാലകളുടെ ദേശീയ തല വിവരശേഖരണം നടത്താൻ അദ്ദേഹം ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിനും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും  നിർദേശം നൽകി. പ്രാഥമിക കാര്‍ഷിക വായ്പ സമൂഹങ്ങളെ പരമാവധി സംഭരണശാലകളുമായി ബന്ധിപ്പിക്കാൻ എഫ്‌സിഐയ്ക്കും എൻസിസിഎഫിനും നാഫെഡിനും സംസ്ഥാന സംഭരണശാല കോർപ്പറേഷനുകള്‍ക്കും  ശ്രീ അമിത് ഷാ  നിർദേശം നൽകി.

 

സംസ്ഥാനങ്ങൾ അവരുടെ തലങ്ങളിൽ കൂടുതൽ പ്രാഥമിക കാര്‍ഷിക വായ്പ സമൂഹങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാനതല വിപണന ഫെഡറേഷനുകളെ ഇതുമായി ബന്ധിപ്പിക്കണമെന്നും അതുവഴി  സമ്പൂർണ സഹകരണ വിതരണ ശൃംഖല വികസിപ്പിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.

 

'സ്വയംപര്യാപ്ത ഇന്ത്യ', 'സഹകരണത്തിലൂടെ സമൃദ്ധി' എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിൽ പദ്ധതിയെ നാഴികക്കല്ലാക്കി മാറ്റാന്‍  സമയബന്ധിതമായും ഫലപ്രദമായും പദ്ധതി ഏകോപിപ്പിക്കാനും നടപ്പാക്കാനും കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ എല്ലാ സംഘടനകളോടും ആഹ്വാനം ചെയ്തു.

 

*****************************

(Release ID: 2133402)