വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഫ്രാൻസിലേക്ക് യാത്രതിരിച്ചു; തുടർന്ന് അദ്ദേഹം ഇറ്റലി സന്ദർശിക്കും

Posted On: 01 JUN 2025 12:25PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, 2025 ജൂൺ 1 മുതൽ 5 വരെയുള്ള ഫ്രാൻസ്, ഇറ്റലി പര്യടനത്തിന്റെ ഭാഗമായി  2025 ജൂൺ 1 മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഫ്രാൻസിലേക്ക് യാത്രതിരിച്ചു. പ്രധാന യൂറോപ്യൻ പങ്കാളികളുമായുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും സ്ഥിരതയുള്ളതും സമഗ്രവുമായ ആഗോള വളർച്ചയ്‌ക്ക് പൊതുവായ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള  ഇന്ത്യയുടെ തുടർച്ചയായ പ്രതിജ്ഞാബദ്ധതയെ ഈ സന്ദർശനം അടയാളപ്പെടുത്തുന്നു

 സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിന്റെ സാമ്പത്തികവകുപ്പ് മന്ത്രി എറിക് ലോംബാർഡ്, വ്യാപാര വകുപ്പ് മന്ത്രി ലോറന്റ് സെന്റ്-മാർട്ടിൻ എന്നിവരുൾപ്പെടെ ഫ്രഞ്ച് മന്ത്രിമാരുമായി ശ്രീ ഗോയൽ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യ- ഫ്രാൻസ് സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും വ്യാപാര, നിക്ഷേപ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.

 ഫ്രാൻസിലേക്കുള്ള ഉന്നതതല സന്ദർശനത്തിൽ, തന്ത്രപരമായ ബിസിനസ് കൂടിക്കാഴ്ചകളും യോഗങ്ങളും ഉൾപ്പെടെ സമഗ്രമായ അജണ്ട ക്രമീകരിച്ചിട്ടുണ്ട്. വികാറ്റ്, ടോട്ടൽ എനർജീസ്, ലോറിയൽ, റെനോ, വാലിയോ, ഇഡിഎഫ്, എടിആർ തുടങ്ങിയ പ്രമുഖ ഫ്രഞ്ച് കമ്പനികളുടെ ഉന്നത മേധാവിമാരുമായി ഇന്ത്യ-ഫ്രാൻസ് ബിസിനസ് റൗണ്ട് ടേബിളും ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറവും സന്ദർശനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നു.

സന്ദർശന വേളയിൽ, OECD മന്ത്രിതല സമിതി യോഗത്തോടനുബന്ധിച്ച് നടക്കുന്ന WTO അംഗ രാജ്യങ്ങളിലെ മന്ത്രിമാരുടെ അനൗപചാരിക സമ്മേളനത്തിലും മന്ത്രി പങ്കെടുക്കും. ഈ നിർണായക ഫോറത്തിൽ, പ്രധാന ബഹുമുഖ വ്യാപാര വിഷയങ്ങളിൽ ആഗോള പങ്കാളികളുമായി അദ്ദേഹം സംവദിക്കുകയും ഇന്ത്യയുടെ വീക്ഷണവും മുൻഗണനകളും വ്യക്തമാക്കുകയും ചെയ്യും.

സന്ദർശനത്തിന്റെ ഭാഗമായി, പ്രധാന അന്താരാഷ്ട്ര പങ്കാളികളുമായി ശ്രീ ഗോയൽ ഉന്നതതല ഉഭയകക്ഷി ചർച്ചകൾ നടത്തും. യുണൈറ്റഡ് കിംഗ്ഡത്തിന്റെ വ്യാപാര വ്യവസായ സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ്; സിംഗപ്പൂരിന്റെ ഉപപ്രധാനമന്ത്രിയും വ്യാപാര-വ്യവസായ മന്ത്രിയുമായ ഗാൻ കിം യോങ്; സൗദി അറേബ്യയുടെ വാണിജ്യ മന്ത്രി ഡോ. മജീദ് ബിൻ അബ്ദുല്ല അൽ-കസാബി തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഇസ്രയേലിന്റെ വ്യാപാര-നിക്ഷേപ മന്ത്രി നിർ ബർക്കത്ത്; നൈജീരിയയുടെ വ്യാപാര, വ്യവസായ, നിക്ഷേപ മന്ത്രി ഡോ. ജുമോകെ ഒഡുവോലെഓൺ; ബ്രസീലിന്റെ വിദേശകാര്യ മന്ത്രി മൗറോ ലൂയിസ് ഐക്കർ വിയേര എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. തന്ത്രപരമായ സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനും മേഖലയിലുടനീളം പരസ്പര പ്രയോജനകരമായ പങ്കാളിത്തം വളർത്തുന്നതിനും ഈ സംഭാഷണങ്ങൾ ലക്ഷ്യമിടുന്നു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ(FTA) സംബന്ധിച്ച ചർച്ചകൾക്ക് അവ ഗണ്യമായ പ്രചോദനം നൽകും.

മേഖലയിലെ കൂട്ടായ്മകളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വ്യാപാര -സാമ്പത്തിക-സുതാര്യത- സുരക്ഷ-അന്തർസ്ഥാപന ബന്ധങ്ങൾ, എന്നിവ സംബന്ധിച്ച സംഘടനയുടെ കമ്മീഷണർ മരോഷ് ഷെഫ്കോവിച്ച്, കൃഷി, ഭക്ഷ്യമേഖല എന്നിവയ്ക്കുള്ള യൂറോപ്യൻ കമ്മീഷണർ ക്രിസ്റ്റോഫ് ഹാൻസെൻ എന്നിവരുൾപ്പെടെ പ്രധാന യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഉഭയകക്ഷി, ബഹുമുഖ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഗോള വ്യാപാരത്തിലും നിക്ഷേപത്തിലും ഒരു പ്രധാന പങ്കാളിയായി മാറുന്നതിനുള്ള രാജ്യത്തിന്റെ നിരന്തര ശ്രമങ്ങളെ ഈ നടപടികൾ പ്രതിഫലിപ്പിക്കുന്നു.

ഫ്രാൻസ് സന്ദർശനത്തിന് ശേഷം, ശ്രീ ഗോയൽ പര്യടനത്തിന്റെ അടുത്ത ഘട്ടത്തിൽ ഇറ്റലിയിലേക്ക് പോകും.
 
**********************

(Release ID: 2133116)