ഉപരാഷ്ട്രപതിയുടെ കാര്യാലയം
സദാ യുദ്ധ സന്നദ്ധരായിരുന്നാൽ മാത്രമേ സമാധാനം സംരക്ഷിക്കാനാകൂ - ഉപരാഷ്ട്രപതി
140 കോടി ജനങ്ങളുടെ ഇച്ഛാശക്തിയാണ് പാർലമെന്റ് പ്രതിഫലിപ്പിക്കുന്നത് - ഉപരാഷ്ട്രപതി
Posted On:
27 MAY 2025 2:50PM by PIB Thiruvananthpuram
"ദേശ സുരക്ഷ ഉറപ്പാക്കാൻ നമുക്ക് തദ്ദേശീയ ശക്തി അനിവാര്യമാണെന്ന്," ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് വ്യക്തമാക്കി. യുദ്ധം ഒഴിവാക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗം ശക്തി സംഭരിക്കുക എന്നതാണ്. സദാ യുദ്ധ സന്നദ്ധരായിരുന്നാൽ മാത്രമേ സമാധാനം സംരക്ഷിക്കാനാകൂ ....സാങ്കേതിക വൈദഗ്ദ്ധ്യം കൂടാതെ, പരമ്പരാഗത ആയുധ ശക്തിയിൽ നിന്നും, ജനങ്ങളിൽ നിന്നുമാണ് ശക്തി സംഭരിക്കേണ്ടത്.
പൗരന്മാർ സ്വന്തം കടമകൾ നിർവ്വഹിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു, "സമതുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്. നമുക്ക് അനുകൂലമായ കാര്യങ്ങൾ തിരഞ്ഞെടുക്കുകയും ബാക്കിയുള്ളവയെ അവഗണിക്കുകയും ചെയ്യരുത്. 24 x 7 മൗലികാവകാശങ്ങളെക്കുറിച്ച് ഊറ്റം കൊള്ളുകയും മൗലികമായ കടമകളെ പൂർണ്ണമായും അവഗണിക്കുകയും ചെയ്യുക!... നമ്മുടെ അവകാശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും കടമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുകയും ചെയ്യുക....അപ്രകാരമാണെങ്കിൽ ഏറ്റവും വലിയ, ഏറ്റവും പ്രാചീനമായ, ഏറ്റവും പ്രവർത്തനക്ഷമമായ ജനാധിപത്യത്തിലെ ഒരു പൗരന്റെ ആവശ്യകതകൾ നിറവേറ്റാൻ നമുക്ക് കഴിയില്ല. 11 മൗലിക കടമകളാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ആരംഭത്തിൽ, മൗലിക കടമകൾ ഭരണഘടനയിൽ ഉണ്ടായിരുന്നില്ല. അതിനിടയായ സാഹചര്യം ഞാൻ നിങ്ങളോട് പറയാം. മൗലിക കടമകൾ നാം സ്വമേധയാ നിറവേറ്റുമെന്ന് നമ്മുടെ സ്ഥാപക നേതാക്കന്മാർ പ്രതീക്ഷിച്ചിരുന്നു. നാം ആ കടമകൾ പാലിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ജനങ്ങൾ ഇവയെക്കുറിച്ച് ബോധവാന്മാരാകാൻ ഭരണഘടനയിൽ അവ പ്രത്യേകമായിത്തന്നെ വ്യക്തമാക്കേണ്ടതുണ്ടെന്ന് വന്നപ്പോൾ 42-ാം ഭേദഗതിയിലൂടെയും 86-ാം ഭേദഗതിയിലൂടെയും അവ ഉൾപ്പെടുത്തുകയായിരുന്നു. മൗലിക കടമകളെക്കുറിച്ചുള്ള പ്രാഥമിക അവബോധമെന്തെന്നാൽ, രാഷ്ട്ര താത്പര്യത്തിന് മുൻഗണന നൽകണം എന്നതാണ്. പൊതു സംവാദം, പൊതു ക്രമം, പൊതു അച്ചടക്കം, പരിസ്ഥിതി, എല്ലാവർക്കും ജീവിതത്തിൽ നന്മ വരുത്തുന്ന കാര്യങ്ങൾ എന്നിവയ്ക്ക് പരമാവധി സംഭാവന നൽകുക എന്നത് കൂടിയാണത്. ”
“ നമുക്ക് എങ്ങനെ സംഭാവന നൽകാൻ കഴിയുമെന്ന് ചിലപ്പോഴെങ്കിലും ആളുകൾ ചിന്തിക്കാറുണ്ട് ? സ്വദേശി സങ്കല്പം സാമ്പത്തിക ദേശീയതയുമായി അടുത്ത ബന്ധം പുലർത്തുന്നു. സാമ്പത്തിക ദേശീയത എന്നാൽ നാമോരോരുത്തരും സ്വദേശി വസ്‌തുക്കൾ ഉപയോഗിക്കണം എന്നതാണ്. പ്രാദേശിക ഉത്പന്നങ്ങൾക്ക് വേണ്ടി (വോക്കൽ ഫോർ ലോക്കൽ) നാം സദാ ശബ്ദമുയർത്തണം. സ്വന്തം ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ അത് ജനങ്ങളെ പ്രചോദിപ്പിക്കും. ഈ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നതും, ഈ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കാൻ കഴിയുന്നതുമായ വസ്തുക്കൾ, മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങിയാൽ, നാം മൂന്ന് കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. നമ്മുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ നിന്നുള്ള ചോർച്ചയാണ് ഒന്ന്. അത് ഒഴിവാക്കാമെന്ന നേട്ടമുണ്ട്. കോടിക്കണക്കിന് ഡോളർ ലാഭിക്കാം. രണ്ടാമതായി, നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കാവുന്ന വസ്തുക്കൾ ഇറക്കുമതി ചെയ്യുമ്പോൾ, നമ്മുടെ നാട്ടിലെ ജനങ്ങളുടെ തൊഴിൽ തട്ടിത്തെറിപ്പിക്കുന്നതിന് തുല്യമാണത്. നാം നമ്മുടെ തൊഴിൽ നഷ്ടപ്പെടുത്തുകയാണ്. മൂന്നാമതായി, ഏറ്റവും പ്രധാനമായി, നാം സംരംഭകത്വത്തിന്റെ ശോഭ കെടുത്തുകയാണ്. ഇക്കാര്യത്തിൽ ഓരോ വ്യക്തിക്കും സംഭാവന നൽകാൻ കഴിയും. ഏതൊക്കെ തുണിത്തരങ്ങൾ ഉപയോഗിക്കുന്നു, എന്ത് കഴിക്കുന്നു, എന്ത് ധരിക്കുന്നു എന്നത് ചിന്തിച്ച്, പാദരക്ഷകൾ ഉൾപ്പെടെയുള്ള എല്ലാം ഉപഭോഗവസ്തുക്കളും സ്വാദേശി ഉത്പന്നങ്ങളിൽ നിന്ന് നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. പക്ഷെ വിദേശ ഉത്പന്നങ്ങളിൽ നാം ഭ്രമിക്കുന്നു. നമ്മുടെ ദേശീയ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന സാഹചര്യമാണത് സൃഷ്ടിക്കുകയെന്ന കാര്യം നാം ചിന്തിക്കുന്നില്ല. അങ്ങനെ നോക്കുമ്പോൾ സാമ്പത്തിക ദേശീയത ജനങ്ങൾ ഏറ്റെടുക്കേണ്ട വിഷയമാണെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരാഷ്ട്രപതി ഭവനിൽ ഇന്ന് നടന്ന രാജ്യസഭ ഇന്റേൺഷിപ്പ് പ്രോഗ്രാം-ഫേസ് 7 ന്റെ ഉദ്ഘാടന യോഗത്തെ അഭിസംബോധന ചെയ്യവേ, അദ്ദേഹം പറഞ്ഞു, “സമീപകാല സംഭവം, ഓപ്പറേഷൻ സിന്ദൂർ, നമ്മുടെ മാനസികാവസ്ഥയെ അടിമുടി മാറ്റിമറിച്ചു. നാം ഇപ്പോൾ മുമ്പില്ലാത്ത വിധം ദേശീയവാദികളാണ്. സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടാനും ഭീകരതയോടുള്ള നമ്മുടെ സന്ധിയില്ലാത്ത പോരാട്ടം അറിയിക്കാനും വിദേശത്തേക്ക് പോയ പ്രതിനിധികളിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പങ്കാളിത്തമുണ്ടായത് ഇതിന്റെ പ്രതിഫലനമാണ്. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ, നമുക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല. ഐക്യത്തോടെ തുടരുകയും കൂടുതൽ ശക്തരാകുകയും ചെയ്യുക എന്നതല്ലാതെ നമുക്ക് മറ്റ് മാർഗ്ഗങ്ങളില്ല…… ഭരണഘടനാ സ്ഥാപനങ്ങളെപ്പോലെ, രാഷ്ട്രീയ കക്ഷികൾക്കും ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തമുണ്ട്. കാരണം ആത്യന്തികമായി എല്ലാ സ്ഥാപനങ്ങൾക്കും, നിയമനിർമ്മാണ സഭകൾക്കും, നീതിന്യായ വ്യവസ്ഥയ്ക്കും അടിസ്ഥാനം ദേശീയ വളർച്ച, ദേശീയ ക്ഷേമം, പൊതുജനക്ഷേമം, സുതാര്യത, ഉത്തരവാദിത്തം, സത്യസന്ധത എന്നിവയാണ്. ദേശസുരക്ഷ, സാമ്പത്തിക പുരോഗതി എന്നീ വിഷയങ്ങളിൽ, എല്ലാ വിഭാഗങ്ങളും പക്ഷപാതപരമായ മുൻഗണനകൾ മാറ്റി നിർത്തി ദേശീയ താത്പര്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, വളർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമവായം വേണമെന്നും ഇക്കാര്യം രാഷ്ട്രീയ മേഖലയിലെ എല്ലാവരും ഗൗരവമായി ചിന്തിച്ച് നിഗമനങ്ങളിലെത്തണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. ചിലപ്പോൾ രാഷ്ട്രീയം വളരെ മാത്സര്യമേറിയതായിരിക്കും. പക്ഷെ ദേശ സുരക്ഷയ്ക്ക് വേണ്ടി, നാം അതിനെ മറികടക്കേണ്ടതുണ്ട്.
നിയമങ്ങൾ നിർമ്മിക്കാനുള്ള പരമമായ അധികാരം പാർലമെന്റിനാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “ഇന്ത്യൻ പാർലമെന്റ് ഒരു നിയമനിർമ്മാണ സഭ എന്നതിലുപരിയായ ധർമ്മങ്ങൾ നിർവ്വഹിക്കുന്നു. നിലവിൽ അത് 140 കോടി ജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. ജനഹിതത്തെ ആധികാരികമായി പ്രതിഫലിപ്പിക്കുന്ന ഒരേയൊരു നിയമാനുസൃത ഭരണഘടനാ വേദിയാണത്. അതിനാൽ പാർലമെന്റിന് പരമപ്രാധാന്യമുണ്ട്. എന്നാൽ പാർലമെന്റിന് എല്ലാ വിഷയത്തിലും പ്രാമുഖ്യം ഇല്ല. ചില കാര്യങ്ങളിൽ ഭരണനിർവ്വഹണ വിഭാഗത്തിന് പ്രാമുഖ്യം ഉണ്ട്. എങ്ങനെ ദൈനംദിന ഭരണനിർവ്വഹണം മുന്നോട്ട് കൊണ്ടുപോകണമെന്ന് കാര്യത്തിൽ എക്സിക്യൂട്ടിവിനാണ് പ്രാമുഖ്യം. നീതിന്യായ വ്യവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ ജുഡീഷ്യറിക്ക് പ്രാമുഖ്യം ഉണ്ട്. എന്നാൽ പാർലമെന്റിന് രണ്ട് കാര്യങ്ങളിൽ പ്രാമുഖ്യം ഉണ്ട് - നിയമം നിർമ്മിക്കാനുള്ള ആത്യന്തിക അധികാരമാണ് ഒന്നാമത്തേത്. ഭരണനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമാണ് രണ്ടാമത്തേത്. ഭരണം ചില അടിസ്ഥാന തത്വങ്ങളാൽ നിർവ്വചിക്കപ്പെട്ടിരിക്കുന്നു. സുതാര്യതയാണ് ഒരു അടിസ്ഥാന തത്വം . രണ്ടാമത്തേത് ഉത്തരവാദിത്തമാണ്, ആധുനിക കാലഘട്ടത്തിൽ, നാം അതിലേക്ക് മൂന്നാമതൊരു കാര്യം കൂട്ടിച്ചേർത്തിട്ടുണ്ട്. പുരോഗതിയുടെ പാതയിൽ കുതിക്കാൻ സ്ഥാപനങ്ങളുടെ പരമാവധി പ്രകടനം……വാദപ്രതിവാദം, സംഭാഷണം, ചർച്ച, സംവാദം എന്നിവയ്ക്കുള്ള വേദിയാണ്, ആത്യന്തിക വേദിയാണ് പാർലമെന്റ്.”
സഹകരണത്തിന്റെയും സമവായത്തിന്റെയും പ്രാധാന്യം അടിവരയിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു, "കുട്ടികളേ, നമ്മുടെ ഭരണഘടന, ഏറ്റവും പവിത്രമായ ഒരു രേഖയാണ്. ഭിന്നിപ്പിക്കുന്ന വിഷയങ്ങൾ, വിവാദപരമായ വിഷയങ്ങൾ, അത്യന്തം പ്രകോപനപരമായ വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്ത നമ്മുടെ സ്ഥാപക നേതാക്കൾ മൂന്ന് വർഷത്തിനുള്ളിൽ ഭരണഘടന എങ്ങനെയാണ് അന്തിമമാക്കിയതെന്ന് നിങ്ങൾ മനസ്സിലാക്കുക. അവർ ഏകോപനം, സഹകരണം, സമവായം എന്നിവയുടെ സമീപനമാണ് മുന്നോട്ട് വച്ചത്. ജീവിതത്തിൽ നിങ്ങൾ പാഠമാക്കേണ്ടതാണത്. നിങ്ങൾ എല്ലായ്പ്പോഴും വ്യത്യസ്‍ത കാഴ്ചപ്പാടുകളെ ബഹുമാനിക്കണം എന്നതാണ് അതിൽ പ്രധാനം. കാരണം നിങ്ങൾ മാത്രമാണ് ശരിയെന്നും മറ്റേയാൾ തെറ്റാണെന്നും നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ നിങ്ങളെത്തന്നെ മെച്ചപ്പെടുത്താനുള്ള അവസരം നഷ്ടമാക്കുകയാണ്. രണ്ടാമതായി, എന്റെ സ്വന്തം അനുഭവത്തിൽ, പലപ്പോഴും, ഇതര വീക്ഷണമാണ് ശരി എന്നും വരാം.”
"കഠിനാധ്വാനം ചെയ്ത് വികസിപ്പിച്ചെടുത്ത ഈ രേഖ നമ്മുടെ സാംസ്ക്കാരിക വളർച്ചയ്ക്കും പ്രധാന്യം നൽകിയിട്ടുണ്ട്.. ഭരണഘടനാ ശില്പികൾ ഒപ്പുവച്ച ഭരണഘടന പരിശോധിച്ചാൽ, നിങ്ങൾക്ക് അത് മനസ്സിലാക്കാനുള്ള അവസരം ലഭിക്കും. നിങ്ങൾ അത് പരിശോധിക്കുമ്പോൾ, അതിൽ 22 ലഘുചിത്രങ്ങൾ ഉണ്ടെന്ന് കാണാം. ഓരോ ചിത്രവും നമ്മുടെ മഹത്തായ ഭൂതകാലത്തെ, മഹത്തായ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നു. അത് ഗുരുകുലങ്ങളെ ദൃശ്യവത്ക്കരിക്കുന്നു. അത് സിന്ധുനദീതട സംസ്ക്കാരത്തിന്റെ അഭിവൃദ്ധിയെ വെളിവാക്കുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയമുറപ്പിച്ച ശേഷം രാമനും സീതയും ലക്ഷ്മണനും അയോധ്യയിലേക്ക് മടങ്ങുന്നത് ചിത്രീകരിക്കുന്നു. ഭരണഘടനയുടെ ഭാഗം മൂന്നിൽ, മൗലികാവകാശങ്ങൾ പ്രതിപാദിക്കുന്നിടത്താണ് ഇത്. ഭരണഘടനയുടെ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ പ്രതിപാദിക്കുന്നിടത്ത്, കുരുക്ഷേത്രയുദ്ധഭൂമിയിൽ ഭഗവാൻ കൃഷ്ണൻ അർജുനന് ഗീതോപദേശം നൽകുന്നത് നിങ്ങൾക്ക് കാണാം. നിങ്ങൾക്ക് ഭരണഘടനയുടെ എല്ലാ വശങ്ങളും പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യാവുന്നതാണ്. ഭരണഘടന മൗലികാവകാശങ്ങൾ ഉറപ്പാക്കുന്നു. എന്നാൽ, മൗലികാവകാശങ്ങൾ നൽകുന്ന ഭരണഘടന ഓരോ പൗരനെയും കടമകൾ നിർവ്വഹിക്കാൻ ഉദ്ബോധിപ്പിക്കുന്നു. മൗലികാവകാശങ്ങൾ ഇല്ലാതാകുമ്പോഴാണ് അതിന്റെ മൂല്യം വെളിവാകുന്നത്. ആയതിനാൽ കുട്ടികളേ, ശ്രദ്ധിക്കുക, മൗലികാവകാശം നടപ്പാക്കിട്ടുന്നതിനായി, നിങ്ങൾക്ക് പരമോന്നത കോടതിയുടെ വാതിലിൽ മുട്ടാൻ കഴിയുന്ന ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ നിങ്ങൾക്ക് പരമോന്നത കോടതിയെ സമീപിക്കാം.എന്നാൽ ഓരോ പൗരനും സ്ഥാപനവും ഭരണഘടനാ പരിധിക്കുള്ളിൽ നിന്ന് ഭരണഘടനാ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വന്തം അധികാരങ്ങൾ വിനിയോഗിക്കണം. അയൽക്കാരന്റെ ഭൗതികവും ഭൗതികേതരവുമായ പ്രദേശങ്ങളിലേക്ക്, അവരുടേതു മാത്രമായ മേഖലകളിലേക്ക് നാം കടന്നുകയറ്റം നടത്താതിരിക്കുമ്പോൾ മാത്രമേ നമുക്ക് അയൽക്കാരനെ സ്നേഹിക്കാൻ കഴിയൂ. ഏതു സാഹചര്യത്തിലും ഭരണഘടനയുടെ പവിത്രത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന് എന്തെങ്കിലും വിഘ്നം ഉണ്ടായാൽ, നിങ്ങൾ അപകടം മണക്കണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.
*****
(Release ID: 2131841)