രാജ്യരക്ഷാ മന്ത്രാലയം
കേരള തീരത്തോടടുത്ത് ലൈബീരിയൻ കണ്ടെയ്നർ കപ്പൽ മുങ്ങിയതിന് പിന്നാലെ എണ്ണപ്പാട കണ്ടെത്തി; മലിനീകരണ നിയന്ത്രണത്തിന് നേതൃനിരയില്‍ കോസ്റ്റ്ഗാര്‍ഡ്
Posted On:
26 MAY 2025 6:10PM by PIB Thiruvananthpuram
2025 മെയ് 25 ന് ആലപ്പുഴയിൽ നിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് മാറി ലൈബീരിയൻ കണ്ടെയ്നർ കപ്പൽ എംഎസ്‍സി എല്‍സ-3 മുങ്ങിയതിന് പിന്നാലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പൂർണ്ണ തോതില്‍ മലിനീകരണ നിയന്ത്രണ പ്രവർത്തനമാരംഭിച്ചു. കപ്പൽ മുങ്ങി മണിക്കൂറുകള്‍ക്കകം കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണ വിമാനം സ്ഥലത്ത് എണ്ണപ്പാട കണ്ടെത്തി. മലിനീകരണ പ്രതികരണ സംവിധാനങ്ങളോടെ ഇതിനകം സജ്ജീകരിച്ച കോസ്റ്റ്ഗാര്‍ഡ് കപ്പൽ സക്ഷം ഉടൻ വിന്യസിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ ഡോണിയർ വിമാനം ആകാശ വിശകലനം നടത്തി എണ്ണപ്പാട കണ്ടെത്തിയ മേഖലയിലുടനീളം എണ്ണച്ചോർച്ച വിഘടന പദാര്‍ത്ഥം (ഒഎസ്‍ഡി) വിതറി.
മെയ് 25 ന് പുലർച്ചെയോടെ കപ്പല്‍ മുങ്ങിയ സ്ഥലത്തുനിന്ന് 1.5 മുതൽ 2 നോട്ട് വരെ വേഗത്തില്‍ കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് എണ്ണപ്പാട നീങ്ങുന്നതായി കണ്ടെത്തി. കടൽക്ഷോഭവും ശക്തമായ കാറ്റും രക്ഷാപ്രവർത്തനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചു. അപകടകരമായ സാഹചര്യത്തിലും 100-ലേറെ ചരക്കുകണ്ടെയ്‌നറുകൾ മേഖലയില്‍ ഒഴുകുകയും അവയില്‍ ചിലത് വേർപെട്ട് ചരക്കുകള്‍ കടലില്‍ വീഴുകയും ചെയ്തെങ്കിലും കോസ്റ്റ്ഗാര്‍ഡ് പൂർണതോതില്‍ ദൗത്യം തുടർന്നു. സുരക്ഷ ഉറപ്പാക്കുന്നതിന് ഇതുവഴി കടന്നുപോകുന്ന എല്ലാ കപ്പലുകളും വഴിതിരിച്ചുവിടുകയും കടലിലൊഴുകുന്ന അവശിഷ്ടങ്ങള്‍മൂലം ദിശാനിര്‍ണയത്തിലുള്‍പ്പെടെ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രതയോടെ സഞ്ചരിക്കാൻ കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വ്യോമ സംവിധാനങ്ങളും പ്രത്യേക എണ്ണപ്പാട ലഘൂകരണ സംവിധാനങ്ങളും ഉപയോഗിച്ച് നിരീക്ഷണവും ചോർച്ച ലഘൂകരണ ശ്രമങ്ങളും കോസ്റ്റ്ഗാര്‍ഡ് ശക്തമാക്കി. രണ്ട് ഉള്‍ക്കടല്‍ നിരീക്ഷണ കപ്പലുകള്‍ (ഒപിവികൾ) മുഴുവൻ സമയ നിരീക്ഷണത്തിനായി മേഖലയില്‍ തുടരുന്നു. അതേസമയം മലിനീകരണ പ്രതികരണ കപ്പലായ സമുദ്ര പ്രഹരിയും അധിക ഒപിവികളും ഉപയോഗിച്ച് വലിയ അളവിൽ ഒഎസ്ഡി സമാഹരിച്ചിട്ടുണ്ട്.
കൊച്ചിയിലെ സമുദ്ര വ്യാപാര വകുപ്പ് 1958 ലെ കപ്പല്‍വ്യാപാര നിയമപ്രകാരം കപ്പലുടമകളായ എംഎസ്‍സിയ്ക്ക് മലിനീകരണ ബാധ്യതാ മുന്നറിയിപ്പ് നൽകി. കണ്ടെയ്നർ വീണ്ടെടുക്കാനും എണ്ണ നീക്കം ചെയ്യാനും പാരിസ്ഥിതിക ശുചീകരണത്തിനുമായി ടി&ടി സാൽവേജിനെ എംഎസ്‍സി നിയോഗിച്ചിട്ടുണ്ട്. തീരദേശ ശുചീകരണത്തിന് തയ്യാറെടുക്കാനും കരയിലേക്ക് ഒഴുകിയെത്തുന്ന ചരക്കുകളോ അവശിഷ്ടങ്ങളോ സ്പര്‍ശിക്കരുതെന്ന് പ്രാദേശിക സമൂഹങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും കേരള സര്‍ക്കാറിന് കോസ്റ്റ്ഗാര്‍ഡ് നിര്‍ദേശം നല്‍കി.
*********************
(Release ID: 2131496)