വാണിജ്യ വ്യവസായ മന്ത്രാലയം
ബ്രിക്‌സ് അംഗ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന കയറ്റുമതി നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ബ്രിക്‌സ് വാണിജ്യ മന്ത്രിമാരുടെ പതിനഞ്ചാമത് യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു
കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏകപക്ഷീയമായ വ്യാപാര നടപടികൾ സംബന്ധിച്ച ആശങ്കകൾ ഉയർത്തിക്കാട്ടി ബ്രിക്‌സ് പ്രഖ്യാപനം
Posted On:
23 MAY 2025 5:30PM by PIB Thiruvananthpuram
"കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവ്വഹണത്തിനായി ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ" എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള ബ്രിക്‌സ് വാണിജ്യ മന്ത്രിമാരുടെ യോഗം 2025 മെയ് 21 ന് നടന്നു. ബ്രിക്‌സ് അംഗ രാജ്യങ്ങൾക്കിടയിലെ കയറ്റുമതി നിയന്ത്രണങ്ങളെ എതിർക്കാനും പരസ്പര പിന്തുണ പ്രോത്സാഹിപ്പിക്കാനും ഇന്ത്യ വേദി പ്രയോജനപ്പെടുത്തി. നിർണ്ണായക വ്യാപാര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ നിലവിൽ അധ്യക്ഷ പദമലങ്കരിക്കുന്ന ബ്രസീന്റെ പരിഹാരാധിഷ്ഠിത സമീപനത്തെ, 2026 ൽ ബ്രിക്‌സ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനിരിക്കുന്ന ഇന്ത്യ പ്രശംസിച്ചു.
മൂന്ന് അനുബന്ധങ്ങൾക്കൊപ്പമുള്ള സംയുക്ത പ്രഖ്യാപനത്തിന്റെ അംഗീകാരമായിരുന്നു യോഗത്തിന്റെ നിർണ്ണായക പരിണതഫലം:
- ലോക വ്യാപാര സംഘടനയുടെ പരിഷ്‌ക്കരണവും ബഹുമുഖ വ്യാപാര സംവിധാനത്തിന്റെ ശക്തിപ്പെടുത്തലും സംബന്ധിച്ച ബ്രിക്സ് പ്രഖ്യാപനം
- ബ്രിക്സ് ഡാറ്റാ ഇക്കണോമി ഗവേണൻസ് ധാരണ
- ബ്രിക്സ് വ്യാപാര, സുസ്ഥിര വികസന ചട്ടക്കൂട്
സമത്വപൂർണ്ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതും നിയമാധിഷ്ഠിതവുമായ ആഗോള വ്യാപാരത്തോടുള്ള ബ്രിക്‌സിന്റെ പ്രതിബദ്ധത ഈ ആധികാരിക രേഖകൾ ഊട്ടിയുറപ്പിക്കുന്നു. കാലാവസ്ഥാ സംബന്ധിയായ വ്യാപാര നടപടികൾ അന്യായമായ വിവേചനത്തിന്റെയോ പരോക്ഷമായ വ്യാപാര നിയന്ത്രണങ്ങളുടെയോ ഉപകരണങ്ങളായി വർത്തിക്കാനിടയാകരുതെന്ന് പ്രഖ്യാപനം ഊന്നിപ്പറയുന്നു.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിനെ പ്രതിനിധീകരിച്ച് അവതരിപ്പിച്ച പ്രസംഗത്തിൽ, സമവായം കെട്ടിപ്പടുക്കുന്നതിൽ ബ്രസീൽ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച ഇന്ത്യ 2025 ൽ പുതിയ ബ്രിക്സ് അംഗമായി ഇന്തോനേഷ്യയെ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്തു. നീതിയുക്തവും സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതും നിയമാധിഷ്ഠിതതുമായ ബഹുമുഖ വ്യാപാര സംവിധാനങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ വികസന ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്ന വികേന്ദ്രീകൃതമായ ആഗോള വ്യാപാര ഘടന പ്രോത്സാഹിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
ലോക വ്യാപാര സംഘടനാ (WTO) പരിഷ്ക്കരണം എന്ന വിഷയത്തിൽ, ദീർഘകാല വികസന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ഉയർത്തിക്കാട്ടി. ഭക്ഷ്യസുരക്ഷയ്ക്കായി, ദേശീയ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങളെ ആഗോള വ്യാപാര ബാധ്യതകളുമായി സന്തുലിതമാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ (Permanent Solution to Public Stockholding-PSH) വേണമെന്ന് നിർദ്ദേശിച്ചു. 2025 ൽ ലോക വ്യാപാര സംഘടനയുടെ (WTO) 30-ാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിൽ, മികവിലേക്കുയരാൻ 30 പരിഷ്‌ക്കാരങ്ങൾ മുന്നോട്ടു വയ്ക്കുന്ന "30 ഫോർ 30" എന്ന ആശയവും ഇന്ത്യ മുന്നോട്ടു വച്ചു. സുസ്ഥിര വികസനം നമ്മുടെ രാജ്യത്തിൻറെ സാംസ്ക്കാരിക ധാർമ്മികതയിൽ ആഴത്തിൽ വേരൂന്നിയതാണെന്നും അന്താരാഷ്ട്ര വ്യാപാരത്തിന്റെ ആധാരശിലകളിൽ ഒന്നായി തുടരണമെന്നും ഇന്ത്യ ആവർത്തിച്ചു.
നിർണ്ണായക വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്ന നിയന്ത്രിത വ്യാപാര നടപടികൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വാണിജ്യ വകുപ്പിലെ സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ യശ്‌വീർ സിംഗ് വിശദീകരിച്ചു. വികസിത രാജ്യങ്ങൾ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളുടെ (EST) സൗജന്യ കൈമാറ്റം ഉറപ്പാക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചു. ഇതിന് മതിയായ സാമ്പത്തിക സ്രോതസ്സുകളുടെ പിന്തുണ ഉറപ്പാക്കണം. സന്തുലിതമായ കാലാവസ്ഥാ ഉത്തരവാദിത്ത ചട്ടക്കൂടിന്റെ ഭാഗമായി ശ്രദ്ധാപൂർവ്വമായ ഉപഭോഗവും ചാക്രിക സാമ്പത്തിക സമീപനങ്ങളും മുന്നോട്ടു വയ്ക്കുന്ന ഇന്ത്യയുടെ ആഗോള സംരംഭമായ LiFE ദൗത്യവും പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു.

ഡിജിറ്റൽ പരിവർത്തനവും സാങ്കേതികവിദ്യയിലധിഷ്ഠിതമായ വളർച്ചയും ഭാവിയിലെ സഹകരണത്തിനുള്ള സുപ്രധാന മേഖലകളായി അംഗീകരിക്കപ്പെട്ടു. ഡിജിറ്റൽ ഇന്ത്യ, ഇന്ത്യ AI തുടങ്ങിയ മുൻനിര സംരംഭങ്ങളിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഭരണനിർവ്വഹണത്തിൽ ഇന്ത്യ സ്വന്തം നേതൃത്വം ഊട്ടിയുറപ്പിച്ചു. നിർമ്മിത ബുദ്ധിയിലെ ആഗോള പങ്കാളിത്തം (Global Partnership on AI-GPAI), ജി20 തുടങ്ങിയ വേദികൾക്ക് കീഴിൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (DPI), നിർമ്മിത ബുദ്ധി, സൈബർ സുരക്ഷ എന്നീ മേഖലകളിലുള്ള ആഗോള സഹകരണത്തിനുള്ള പ്രതിബദ്ധതയും ആവർത്തിച്ചു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ (DPI) ഡിജിറ്റൽ സാമ്പത്തിക പരിവർത്തനത്തിനുള്ള പ്രധാന ഉപാധിയായി ബ്രിക്‌സ് ഡാറ്റ ഇക്കണോമി ഗവേണൻസ് അണ്ടർസ്റ്റാൻഡിംഗ് അംഗീകരിച്ചു.
*****************
(Release ID: 2130939)