പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ അധ്യക്ഷതയില്‍ പെട്രോളിയം - പ്രകൃതിവാതക വിദഗ്ധോപദേശക സമിതി യോഗം
പെട്രോളിയം - പ്രകൃതിവാതക സഹമന്ത്രി ശ്രീ സുരേഷ് ഗോപിയും യോഗത്തിൽ പങ്കെടുത്തു
Posted On:
23 MAY 2025 6:16PM by PIB Thiruvananthpuram
ഹരിയാനയിലെ മനേസറിൽ പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയത്തിന്റെ വിദഗ്ധോപദേശക സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ താങ്ങാവുന്ന ഊര്‍ജവിലയിലും ലഭ്യതയിലും ഈ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും രാജ്യം കൈവരിച്ച ശ്രദ്ധേയ പുരോഗതി കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി എടുത്തുപറഞ്ഞു. ഇന്ധന വില സ്ഥിരപ്പെടുത്തുന്നതിലും പാചകവാതക ലഭ്യത വിപുലീകരിക്കുന്നതിലും രാജ്യത്തുടനീളം സംസ്കരണ - വിതരണ ശേഷി മെച്ചപ്പെടുത്തുന്നതിലും സർക്കാർ സ്വീകരിച്ച മുന്‍കരുതല്‍ നടപടികൾ അദ്ദേഹം വിശദീകരിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഊർജ നയങ്ങളോട് മന്ത്രാലയം കൈക്കൊള്ളുന്ന പ്രതിബദ്ധത ശ്രീ പുരി ആവര്‍ത്തിച്ചു.

പെട്രോളിയം - പ്രകൃതിവാതക സഹമന്ത്രി ശ്രീ സുരേഷ് ഗോപി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിൽ 27 പാർലമെന്റംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഇന്ധനങ്ങളുടെ താങ്ങാവുന്ന വില, പാചകവാതക ലഭ്യത, അടിസ്ഥാന സൗകര്യങ്ങളിലെ പ്രാദേശികതല അസമത്വം, ഊർജ പ്രതിരോധശേഷി എന്നിവയടക്കം സുപ്രധാന വിഷയങ്ങള്‍ സംബന്ധിച്ച് ഉൾക്കാഴ്ചയേറിയ നിർദേശങ്ങളും പ്രതികരണങ്ങളും അംഗങ്ങള്‍ പങ്കുവെച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വത്തിൽ രാജ്യത്തെ പൗരന്മാർക്ക് ഊർജലഭ്യത ഉറപ്പാക്കാൻ പ്രതികൂല ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളെ ഇന്ത്യ എങ്ങനെ വിജയകരമായി മറികടന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി വിശദീകരിച്ചു. ലോകമെങ്ങും ഇന്ധന വില കുതിച്ചുയരുമ്പോഴും വില കുറഞ്ഞ ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 നവംബർ 4 നും 2022 മെയ് 22 നും സർക്കാർ എക്സൈസ് തീരുവ രണ്ടുതവണ കുറച്ചതിലൂടെ പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസല്‍ ലിറ്ററിന് 16 രൂപയും കുറഞ്ഞത് ശ്രദ്ധേയമാണ്. ഈയിടെ 2025 ഏപ്രിലിലുണ്ടായ വിലവർധന എണ്ണക്കമ്പനികൾ ഏറ്റെടുത്തത് ഉപഭോക്താക്കളെ അധിക ബാധ്യതയിൽ നിന്ന് സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാചകവാതക രംഗത്തെ പരിഷ്കാരങ്ങൾ എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി പ്രധാന്‍മന്ത്രി ഉജ്ജ്വല യോജനയുടെ (പിഎംയുവൈ) പരിവർത്തനാത്മക സ്വാധീനം വിശദീകരിച്ചു. പദ്ധതി ആരംഭിച്ച 2014-ലെ 55 ശതമാനത്തിൽനിന്ന് പാചകവാതക ഉപഭോഗം ഇന്ന് ഏതാണ്ട് സാർവത്രികമായി മാറി. ഗണ്യമായി വര്‍ധിച്ച പ്രതിദിന എല്‍പിജി ഉപഭോഗം 56 ലക്ഷം സിലിണ്ടറുകൾ കവിഞ്ഞു. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 25,000-ത്തിലധികം എൽപിജി വിതരണക്കാരില്‍ 86% ഗ്രാമപ്രദേശങ്ങളിലാണെന്നത് അവസാനതലങ്ങളിലേക്കും പദ്ധതി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നു.

ആഗോളതലത്തിലെ ഏറ്റവും താഴ്ന്ന എൽപിജി വിലകളിലൊന്നാണ് ഇന്ത്യയിലേതെന്ന് ശ്രീ ഹർദീപ് സിംഗ് പുരി അറിയിച്ചു. അന്താരാഷ്ട്ര എൽപിജി വിപണി വിലയില്‍ 58% കുതിച്ചുചാട്ടമുണ്ടായിട്ടും പിഎംയുവൈ ഉപഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 553 രൂപ മാത്രമാണ് നൽകേണ്ടിവരുന്നത്.
പാചകവാതക വില താങ്ങാവുന്ന തോതില്‍ നിലനിർത്തിയതിലൂടെ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ വർഷം 40,000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഏകദേശം 1,058 രൂപ വിലവരുന്ന ഒരു സിലിണ്ടർ പിഎംയുവൈ ഗുണഭോക്താക്കൾക്ക് വെറും 553 രൂപയ്ക്ക് നൽകുന്നു. സാധാരണ ഉപഭോക്താക്കൾക്ക് വില 853 രൂപയാണ്. തൽഫലമായി പിഎംയുവൈ ഉപഭോക്താക്കള്‍ക്ക് പ്രതിദിന പാചകച്ചെലവ് ഏകദേശം 6.8 രൂപയും ഇതര ഉപഭോക്താക്കൾക്ക് 14.7 രൂപയുമാണ്.
വിപണി അടിസ്ഥാന സൗകര്യങ്ങളും ശക്തമായ വളർച്ച കൈവരിച്ചു. 24,000 കിലോമീറ്ററിലധികം ഉൽപ്പന്ന വിതരണശൃംഖലയും 314 എണ്ണ ടെർമിനലുകളും ഡിപ്പോകളും ഏകദേശം 96,000 വിതരണ കേന്ദ്രങ്ങളും ഇന്ന് ഇന്ത്യയില്‍ പ്രവർത്തിക്കുന്നു. തന്ത്രപരമായ കരുതൽ ശേഖരത്തിനും പാചകവാതക ഖനികള്‍ക്കുമൊപ്പം ഈ പുരോഗതി ഊർജ പ്രതിരോധശേഷി ഏറെ ശക്തിപ്പെടുത്തി.
ഉപഭോക്തൃ ക്ഷേമവും ധനകാര്യരംഗത്തെ അച്ചടക്കവും നയതന്ത്രരംഗത്തെ ആഗോള ഊര്‍ജസ്വലതയും സംയോജിപ്പിച്ച സന്തുലിത സര്‍ക്കാര്‍ സമീപനത്തെ എംപിമാർ പ്രശംസിച്ചു. ഊർജമേഖലയെക്കുറിച്ച് നടക്കുന്ന പാർലമെന്ററി സംഭാഷണങ്ങളുടെ വർധിച്ചുവരുന്ന ആഴവും ഭാവി നയ ദിശകള്‍ രൂപപ്പെടുത്തുന്ന സജീവ പങ്കാളിത്തവും യോഗത്തില്‍ പ്രതിഫലിച്ചു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഊർജ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പാർലമെന്ററി സംഭാഷണങ്ങളുടെ പ്രാധാന്യം അടിവരയിടുന്നതായിരുന്നു അംഗങ്ങളുടെ പങ്കാളിത്തം. അവരുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്ത സര്‍ക്കാര്‍ ഭാവി ആസൂത്രണത്തിൽ അവ ഉൾപ്പെടുത്താനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. പങ്കെടുത്ത എംപിമാർ മന്ത്രാലയത്തിന്റെ നേട്ടങ്ങൾ അംഗീകരിക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും പദ്ധതി പ്രചാരണങ്ങള്‍ താഴെത്തട്ടിൽ വ്യാപിപ്പിക്കാനും നടത്തിപ്പ് മെച്ചപ്പെടുത്താനും പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു.
*****************
(Release ID: 2130846)