ഉപരാഷ്ട്രപതിയുടെ കാര്യാലയം
2047-ൽ 'വികസിത ഭാരതം' സാക്ഷാത്ക്കരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം, അതിന് നമ്മുടെ അതിർത്തികളിൽ സമാധാനം ആവശ്യമാണ് - ഉപരാഷ്ട്രപതി
ഗോവയിലെ മുർമഗാവോ തുറമുഖത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്ത് ഉപരാഷ്ട്രപതി
Posted On:
21 MAY 2025 2:40PM by PIB Thiruvananthpuram
"..... 2047 ഓടെ ഒരു വികസിത രാഷ്ട്രം, വികസിത ഭാരതം എന്നതാണു നമ്മുടെ ലക്ഷ്യം. അതിന് പ്രതിശീർഷ വരുമാനത്തിൽ എട്ട് മടങ്ങ് വർദ്ധനവ് വേണ്ടി വരും. ഒപ്പം നമ്മുടെ അതിർത്തികളിൽ സമാധാനം ആവശ്യമാണ്. യുദ്ധസമാനമായ സാഹചര്യങ്ങൾ നില നിൽക്കുമ്പോൾ സാമ്പത്തിക വളർച്ച അസാധ്യമാണ്. സമാധാനമാണ് വളർച്ചയുടെയും വികസനത്തിന്റെയും അടിസ്ഥാനം. സമാധാനത്തിന്റെ ഉദ്ഭവമാകട്ടെ ശക്തിയിൽ നിന്നാണ് - സുരക്ഷയിൽ ശക്തി, സമ്പദ്‌വ്യവസ്ഥയിൽ ശക്തി, വികസനത്തിൽ ശക്തി, ആഴത്തിലുള്ള പ്രതിബദ്ധത, അചഞ്ചലമായ പ്രതിബദ്ധത, ദേശീയതയോടുള്ള അചഞ്ചലമായ പ്രതിബദ്ധത. ഞാൻ ഒട്ടേറെ തവണ പറഞ്ഞിട്ടുള്ള കാര്യങ്ങൾ, ഇവിടെ ആവർത്തിക്കുന്നു, ദേശീയതയോടുള്ള അപ്രതിരോധ്യവും അചഞ്ചലവുമായ പ്രതിബദ്ധതയും നിരന്തരമായ തയ്യാറെടുപ്പും രാജ്യ സുരക്ഷയ്ക്ക് അനിവാര്യമാണ്."
‘ഓപ്പറേഷൻ സിന്ദൂർ’ നടപ്പിലാക്കിയതിനെ പ്രശംസിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “…ഏപ്രിൽ 22 ന് പഹൽഗാമിൽ പാകിസ്ഥാൻ നടത്തിയ ഭീകര ആക്രമണത്തിന് ഇന്ത്യ ശ്രദ്ധേയവും ഫലപ്രദവുമായ മറുപടി നൽകിയപ്പോൾ …… ജെയ്‌ഷെ ഇ മുഹമ്മദ്, മുരിദ്‌കെ, ബഹാവൽപൂർ, ലഷ്‌കർ-ഇ-തൊയ്ബ താവളങ്ങൾ കൃത്യതയോടെ ലക്ഷ്യം വച്ചു. അത് ലോകരാജ്യങ്ങൾക്ക് വ്യക്തമായ ഒരു സന്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിന്റെ മണ്ണിൽ നിന്നുകൊണ്ട് മുഴുവൻ ലോകത്തിനും നൽകിയ സന്ദേശം ഇതായിരുന്നു. ഭീകരവാദം ഇനി ശിക്ഷിക്കപ്പെടാതെ പോകില്ല എന്ന സന്ദേശം. ശിക്ഷ മാതൃകാപരമായിരുന്നു. ഭീകരരെ മാത്രമേ ലക്ഷ്യം വയ്ക്കാവൂ എന്ന ധാർമ്മികത മനസ്സിലുറപ്പിച്ചു കൊണ്ട്, അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്തേക്ക് നടത്തിയ ആക്രമണം അതിതീവ്രമായിരുന്നു…… ഇപ്പോൾ ആരും തെളിവ് ആവശ്യപ്പെടുന്നില്ല. കാരണം, ലക്ഷ്യത്തിന് പാത്രമായിത്തീർന്ന ഭീകരർ ആഗോള സമൂഹത്തിന് മുന്നിൽ തെളിവ് നിരത്തിക്കൊണ്ട്, സ്വന്തം ശവമഞ്ചങ്ങളിൽ ആ രാജ്യത്തിന്റെ സൈനിക ശക്തിയാൽ, ആ രാജ്യത്തിന്റെ രാഷ്ട്രീയ ശക്തിയാൽ, ഭീകരരാൽ അകമ്പടി സേവിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഒരു പക്ഷേ സമാനതകളില്ലാത്ത മഹത്തായ ഒരു നേട്ടം.
"ആഗോള വ്യാപാരം, തന്ത്രപ്രധാനമായ സമുദ്ര സവിശേഷതകൾ, സൈബർ ഭീഷണികൾ, രാജ്യാന്തര കുറ്റകൃത്യങ്ങൾ എന്നിവ പരസ്പരം കൂടിച്ചേരുന്ന അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളുടെ സാഹചര്യത്തിൽ, സമുദ്രത്തിൽ നിയമാധിഷ്ഠിത ക്രമം നടപ്പിലാക്കുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതായി മാറിയിരിക്കുന്നു. കടലിൽ നിയമാധിഷ്ഠിത ക്രമം നിലനിൽക്കേണ്ടത് ഏറെ പ്രധാനമായി മാറിയിരിക്കുകയാണ്. എന്നാൽ അത് സുരക്ഷിതമാക്കുകയെന്നത് ഒരു വെല്ലുവിളിയല്ല. ഇന്ത്യയുടെ സമുദ്ര സുരക്ഷ പ്രതിരോധശേഷിയുള്ളതും, ഭാവാത്മകവും, ഭാവി സജ്ജവുമായിരിക്കണം..... കപ്പൽ നിർമ്മാണത്തിൽ നമുക്ക് മുന്നേറാം. കപ്പൽ നിർമ്മാണത്തിൽ നമുക്ക് നേതൃത്വമേറ്റെടുക്കാം. അത് അത്യാവശ്യമാണ്. ആവശ്യകത ഉയരും. ഞാൻ കരുതുന്നത് ശരിയാണെങ്കിൽ, നമ്മുടെ ചരക്ക് മൂല്യത്തിന്റെ 70% കപ്പൽ മാർഗ്ഗമാണ് കൊണ്ടുപോകുന്നത്, നമ്മുടെ സമ്പദ്‌വ്യവസ്ഥ കുതിച്ചുചാട്ടം നടത്തുകയല്ല, അത് വൻ കുതിച്ചുചാട്ടം നടത്തുകയാണ്. നാം കൂടുതൽ സജ്ജരായിരിക്കണം", അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവയിലെ മുർമഗാവോ തുറമുഖത്ത് ഇന്ന് 3 മെഗാവാട്ട് സൗരോർജ്ജ നിലയം, രണ്ട് ഹാർബർ മൊബൈൽ ക്രെയിനുകളുടെ വാണിജ്യ പ്രവർത്തനം, കൽക്കരി കൈകാര്യം ചെയ്യുന്നതിനും സംഭരണത്തിനുമുള്ള സംവിധാനം എന്നിവയുടെ ഉദ്ഘാടനവും സമർപ്പണവും നിർവഹിച്ച ശേഷം വിശിഷ്ട സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ധൻഖർ, രാജ്യത്തെ സംബന്ധിച്ചിടത്തോളം സമുദ്രങ്ങൾക്കുള്ള പ്രാധാന്യം അടിവരയിട്ടു വ്യക്തമാക്കി. "നമ്മുടെ ഇന്ത്യ ഇന്ന് സമാധാനം, സുസ്ഥിരത, വികസനം എന്നിവയോട് പ്രതിജ്ഞാബദ്ധമായ ആഗോള സാമ്പത്തിക ശക്തിയായും സമുദ്രശക്തിയായും ഉയർന്നുവരുന്നു. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായും ഇന്തോ-പസഫിക് മേഖലയിലെ നിർണ്ണായക ശക്തിയായും ഉയർന്നുവരുന്നു. നമ്മുടെ സ്വന്തം ശക്തിയാൽ നാം നേതൃസ്ഥാനത്തേക്കുയരുന്നു. നമ്മുടെ സമുദ്രങ്ങൾ ഇപ്പോൾ മുമ്പെന്നത്തേക്കാളും നമുക്ക് പ്രധാനമാണ്. സമ്പദ്‌വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും വ്യാപാരം നിലനിർത്തുന്നതിനും അവ നമുക്ക് പ്രധാനമാണ്."
കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “ഏകദേശം 300 കോടി രൂപ ചെലവു വരുന്ന മൂന്ന് പദ്ധതികൾ ഇന്ന് സമർപ്പിക്കാനായത് എന്നെ സംബന്ധിച്ച് സന്തോഷകരമായ ഒരു അവസരമായിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ ഒരു വശം, അവർ പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു - അതായത് അവർ വേഗത്തിൽ പൂർത്തീകരിക്കുന്നു എന്നർത്ഥം. പ്രധാനമന്ത്രിയുടെ അഭിനിവേശം വികസനത്തോടാണ്; വികസനമാണ് അദ്ദേഹത്തിന്റെ ദൗത്യം. അതിവേഗം നടപ്പിലാക്കുന്നതിലും വൻ തോതിലുള്ള നിർവ്വഹണത്തിലും അദ്ദേഹം വിശ്വസിക്കുന്നു. മാന്യ മഹാ ജനങ്ങളെ, ഇന്ന് സമർപ്പിക്കപ്പെട്ട ഈ മൂന്ന് പദ്ധതികളും ഭാരതത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വത്വത്തെ നിർവചിക്കുന്നു.
അടുത്തിടെ ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് പരാമർശിക്കവേ അദ്ദേഹം പറഞ്ഞു, “കേരളത്തിൽ ഞാൻ കണ്ട കാര്യങ്ങൾ, തുറമുഖങ്ങൾ-ഷിപ്പിംഗ്- ജലപാത സെക്രട്ടറിക്ക് അതറിയാം, ഫെഡറലിസത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. പ്രധാനമന്ത്രി സന്നിഹിതനാണ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുഖ്യമന്ത്രി സന്നിഹിതനാകുന്നു, സ്വകാര്യ മേഖലയിലെ ഒരു പ്രധാന സ്ഥാപനം അത് പ്രവർത്തികമാക്കുന്നു.”
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സമർപ്പണത്തെയും സേവനത്തെയും പ്രശംസിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, “ഇത് എനിക്ക് ഒരു സവിശേഷ അവസരമാണ്. പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ച മൂന്ന് വർഷങ്ങൾ ……ചുഴലിക്കാറ്റുകൾക്കും കൊടുങ്കാറ്റുകൾക്കും സാധ്യതയുള്ള സംസ്ഥാനം. തീരദേശ സേനയുടെ സമർപ്പണവും പ്രകടനവും പ്രതിബദ്ധതയും ഞാൻ കണ്ടു. നിങ്ങളുടെ ധൈര്യത്തെയും ദൃഢവിശ്വാസത്തെയും അഭിവാദ്യം ചെയ്യാൻ ഞാൻ ഇവിടെ വന്നിരിക്കുന്നു. സമുദ്ര സേനാംഗങ്ങൾ എന്ന നിലയിൽ നിങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന് ഞാൻ സാക്ഷിയാണ്. നിങ്ങൾ അത്ഭുതകരമായ പ്രവർത്തനങ്ങൾ നടത്തുന്നു . പ്രിയപ്പെട്ട തീരദേശ സേനാംഗങ്ങളേ, നിങ്ങളുടെ ജീവിതം സുഗമമല്ലെന്ന് എനിക്കറിയാം. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ നിങ്ങൾ വെല്ലുവിളികൾ നേരിടുന്നു. അപകടസാധ്യതകൾ പലതാണ്, പക്ഷേ നിങ്ങളുടെ കർത്തവ്യത്തോടുള്ള പ്രതിബദ്ധതയും സമർപ്പണവും പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും സമുദ്രത്തിൽ മരണങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നു. പശ്ചിമ ബംഗാളിൽ, സമുദ്രത്തിൽ മരണനിരക്ക് പൂജ്യമായിരുന്നു, ചുഴലിക്കാറ്റുകൾ വളരെ കഠിനമായിരുന്നു - നിങ്ങളുടെ വിഭാഗത്തിൽപ്പെട്ടവർക്കും നിങ്ങളുടെ യൂണിഫോമിനും നന്ദി അറിയിക്കുന്നു. ഒരു കാര്യം കൂടിയുണ്ട്, അംഗീകാരം ചിലപ്പോൾ വൈകിയാണ് വരുന്നത്. ചിലപ്പോൾ അത് ലഭിക്കുകയുമില്ല. എന്നാൽ കടൽത്തീരത്തെ ജനസമൂഹങ്ങൾ നിങ്ങളോട് കാണിക്കുന്ന സ്നേഹം ശ്രദ്ധേയമാണ്. ഞാൻ സ്വയം അത് കണ്ടറിഞ്ഞിട്ടുണ്ട് . നമ്മുടെ കടൽത്തീരങ്ങളിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ നിങ്ങൾ വലിയ പരിവർത്തനം സൃഷ്ടിച്ചു. രാഷ്ട്രം നിങ്ങളെ അഭിവാദ്യം ചെയ്യുന്നു…….ഉരുക്കിന്റെ ശക്തി, തന്ത്രജ്ഞത, മനസ്സാക്ഷി എന്നിവ ഒരുമിച്ചു ചേരുന്ന ശക്തിവിശേഷമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. നമ്മുടെ സമുദ്രങ്ങൾ ഭൂമി മാതാവിന്റെ ശ്വാസകോശങ്ങളാണ് - കാലാവസ്ഥയെ നിയന്ത്രിക്കുന്നു, ഭവനനിർമ്മാണത്തെയും ജീവിതങ്ങളേയും ജൈവവൈവിധ്യത്തെയും പിന്തുണയ്ക്കുന്നു. നിങ്ങൾ [കോസ്റ്റ് ഗാർഡുകൾ] ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ നിശബ്ദമായി നിരീക്ഷിക്കുന്നു. നിങ്ങൾ ...സുന്ദർബനിലെ കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നു. ഒലിവ് റിഡ്‌ലി ആമകൾ, അവ കൂടുകൂട്ടുന്ന സ്ഥലം, അതീവ പ്രധാന്യമുള്ള സമുദ്ര സസ്തനികളുടെ കുടിയേറ്റ പാതകൾ എന്നിവയും നിരീക്ഷിക്കുന്നു. അനധികൃത മത്സ്യബന്ധനത്തിനെതിരെ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെയും, മലിനീകരണം തടയുന്നതിലൂടെയും, എണ്ണ ചോർച്ചയ്ക്കും വിഷവസ്തുക്കൾ തള്ളുന്നതിനും എതിരെ പട്രോളിംഗ് നടത്തുന്നതിലൂടെയും സമുദ്ര നശീകരണം തടഞ്ഞ്, നിങ്ങൾ സമുദ്ര പരിസ്ഥിതിയെ സന്തുലിതമാക്കുന്നു.
ഗോവ ഗവർണർ ശ്രീ പി.എസ്. ശ്രീധരൻ പിള്ള, ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി ശ്രീ ശന്തനു താക്കൂർ, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത സെക്രട്ടറി ശ്രീ ടി.കെ. രാമചന്ദ്രൻ ഐ.എ.എസ്, ഇന്ത്യൻ തീരസംരക്ഷണ സേനയിലെയും തുറമുഖ അതോറിറ്റിയിലെയും ഉദ്യോഗസ്ഥർ അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
****
(Release ID: 2130279)
|