ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2025-ലെ ലോക അളവുതൂക്ക ദിനത്തിൽ മീറ്റര്‍ കൺവെൻഷന്റെ 150-ാം വാര്‍ഷികമാഘോഷിച്ച് കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ്

Posted On: 20 MAY 2025 4:51PM by PIB Thiruvananthpuram
നീതിയുക്ത വ്യാപാരത്തിലൂടെയും അളവിലെ പൊരുത്തക്കേടുകൾ കുറച്ചും ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്താന്‍ സ്വർണ വ്യാപാരത്തിന് ഒരു മില്ലിഗ്രാം കൃത്യത നിർബന്ധം: ശ്രീ പ്രഹ്ളാദ് ജോഷി

1875 മെയ് 20-ന് പാരീസിൽ ഒപ്പുവച്ച ചരിത്രപ്രസിദ്ധ മീറ്റര്‍ കൺവെൻഷന്റെ 150-ാം വാര്‍ഷികദിനമായ ഇന്ന് കേന്ദ്ര  ഉപഭോക്തൃ കാര്യ വകുപ്പ്  ഈ വര്‍ഷത്തെ  ലോക അളവുതൂക്ക ദിനം ആചരിച്ചു.

ഇന്ത്യൻ മാനദണ്ഡങ്ങളെ ആഗോള മാനദണ്ഡങ്ങളുമായി ചേര്‍ത്തുനിര്‍ത്താനുള്ള  പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനനുസൃതമായി അളവുതൂക്ക നിയമവ്യവസ്ഥയെ  സാമ്പത്തിക വളർച്ചയുടെയും ഉപഭോക്തൃ ആത്മവിശ്വാസത്തിന്റെയും സുപ്രധാന സ്തംഭമാക്കി മാറ്റാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കാഴ്ചപ്പാട്  വെർച്വൽ പ്രസംഗത്തിൽ കേന്ദ്ര ഉപഭോക്തൃ കാര്യ ഭക്ഷ്യ - പൊതുവിതരണ മന്ത്രി ശ്രീ പ്രഹ്ളാദ് ജോഷി എടുത്തുപറഞ്ഞു.

ഒഐഎംഎല്‍ സാക്ഷ്യപത്രങ്ങള്‍ നല്‍കാന്‍ ഇന്ത്യ അധികാരം നേടിയതായി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഒഐഎംഎല്‍ (ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ലീഗൽ മെട്രോളജി) സാക്ഷ്യപത്രങ്ങള്‍ നൽകാൻ അധികാരം നേടിയ ലോകത്തെ 13-ാമത് രാജ്യമായി ഇന്ത്യ ഔദ്യോഗികമായി മാറിയെന്ന് അദ്ദേഹം അറിയിച്ചു.  ഈ സുപ്രധാന നേട്ടം ഇന്ത്യയുടെ അളവുതൂക്ക സംവിധാനങ്ങളില്‍ ആഗോള വിശ്വാസം വർധിപ്പിക്കുകയും അന്താരാഷ്ട്ര വ്യാപാരത്തിൽ രാജ്യത്തെ വിശ്വസനീയ ശക്തിയായി  അടയാളപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഇന്ത്യൻ നിർമാതാക്കൾക്ക് ആഗോള വിപണികളിൽ കൂടുതൽ സ്വീകാര്യത നേടാനാവുന്നു.  


കൂടാതെ വിശാല സമയ വ്യാപന പദ്ധതിയുടെ ഭാഗമായ 2025-ലെ ഇന്ത്യന്‍ ഏകീകൃത സമയം - കരട് നിയമങ്ങളനുസരിച്ച് ‘ഒരു രാഷ്ട്രം, ഒരു സമയം’ സംരംഭവും സർക്കാർ അവതരിപ്പിച്ചതായി  ‍അദ്ദേഹം പറഞ്ഞു. അഞ്ച് പ്രാദേശിക അവലംബിത ഏകീകൃത ലബോറട്ടറികൾ (ആര്‍ആര്‍എസ്എല്‍) വഴി മില്ലിസെക്കൻഡ് തലത്തില്‍ കൃത്യതയോടെ ഇന്ത്യൻ ഏകീകൃത സമയം (ഐഎസ്ടി) എത്തിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ടെലികമ്യൂണിക്കേഷൻ, ബാങ്കിംഗ്, ഗതാഗതം തുടങ്ങി നിർണായക മേഖലകൾക്ക്   സമയപരിപാലനത്തിൽ ദേശീയ സ്ഥിരത ഉറപ്പാക്കുന്ന കൃത്യമായ സമയ സമന്വയം നിർണായകമാണ്.

സ്വർണ -  ആഭരണ മേഖലയിലടക്കം മൂല്യമേറിയ ഇടപാടുകളിൽ ഉപഭോക്താക്കളെ കൂടുതൽ സംരക്ഷിക്കുന്നതിന്  ഒരു മില്ലിഗ്രാം കൃത്യത ഉറപ്പാക്കുന്ന സംവിധാനം ഉപയോഗിക്കാൻ സർക്കാർ നിർദ്ദേശിച്ചതായി ശ്രീ ജോഷി പറഞ്ഞു. സ്വർണം, ആഭരണങ്ങൾ, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവ തൂക്കുന്നതിൽ കൂടുതൽ കൃത്യതയും ന്യായവും ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്തൃ അവകാശങ്ങളും വിപണി ഉത്തരവാദിത്തവും ശക്തിപ്പെടുത്താന്‍ ഈ നീക്കം സഹായിക്കും.

ഡിജിറ്റൽ ഭരണനിര്‍വഹണ മുന്നേറ്റത്തിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി പ്രക്രിയകൾ കാര്യക്ഷമമാക്കാനും ഡിജിറ്റൈസ് ചെയ്യാനുമാണ് ഇ-മാപ്പ് പോർട്ടൽ ആരംഭിച്ചത്. നിലവിൽ 18 സംസ്ഥാനങ്ങളെ സംയോജിപ്പിക്കുന്ന ഈ പോർട്ടൽ ഡിജിറ്റൽ ലൈസൻസിംഗ്, രജിസ്ട്രേഷൻ, നിയമനിര്‍വഹണ പ്രവർത്തനങ്ങൾ എന്നിവ സാധ്യമാക്കുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു. അനുവര്‍ത്തന നടപടിക്രമങ്ങൾ ലളിതമാക്കാനും ഉദ്യോഗസ്ഥ തടസ്സങ്ങൾ കുറയ്ക്കാനും നിയന്ത്രണ പ്രവർത്തനങ്ങളിൽ സുതാര്യത വർധിപ്പിക്കാനും ഈ സംയോജനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മികച്ച വ്യവസായ ഇടപെടൽ വളർത്തുന്നതിന് പ്രതിവാര  ഹെൽപ്പ്‌ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചകളില്‍  വൈകിട്ട് 4 മുതല്‍ 5 വരെ സജ്ജീകരിച്ച ഈ വീഡിയോ അധിഷ്ഠിത ഹെൽപ്പ്‌ഡെസ്‌ക് സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പിന്റെ സജീവ പങ്കാളിത്തത്തോടെ വ്യാപാരകേന്ദ്രങ്ങള്‍ക്ക് ചോദ്യങ്ങൾ ഉന്നയിക്കാനും ഉദ്യോഗസ്ഥരിൽ നിന്ന് തത്സമയ സഹായം ലഭ്യമാക്കാനുമുതകുന്ന വേദിയായി മാറും. കൂടുതൽ പ്രതികരണശേഷിയുള്ള നിയന്ത്രണാന്തരീക്ഷം കെട്ടിപ്പടുക്കാനും നടപടികള്‍ സുഗമമാക്കാനും  പ്രോത്സാഹിപ്പിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്നും ശ്രീ ജോഷി കൂട്ടിച്ചേർത്തു.

ന്യായമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ലീഗൽ മെട്രോളജിയുടെ സുപ്രധാന പങ്ക് കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ - പൊതുവിതരണ, സാമൂഹ്യനീതി - ശാക്തീകരണ സഹമന്ത്രി ശ്രീ ബി.എൽ. വർമ്മ തന്റെ മുഖ്യ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. പ്രക്രിയകളുടെ ലളിതവല്‍ക്കരണത്തിലും ഗ്യാസ് മീറ്ററുകൾ, ശ്വസനപരിശോധന ഉപകരണങ്ങള്‍ തുടങ്ങി കൃത്യമായ ഉപകരണങ്ങൾ ഉറപ്പാക്കുന്നതിലും കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്   വിശദീകരിച്ച അദ്ദേഹം പ്രക്രിയകള്‍ സുഗമമാക്കുന്നതിന് ഹെൽപ്പ്‌ഡെസ്‌ക് വഴി സമ്പര്‍‍ക്കസൗകര്യങ്ങള്‍ സജ്ജീകരിച്ചതായും  പറഞ്ഞു.

ഉപഭോക്തൃ സുരക്ഷ വർധിപ്പിക്കാനും നിയന്ത്രണങ്ങളിലെ വ്യക്തത മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പ്രധാന വികസനങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചു. വേഗപരിശോധന ഉപകരണങ്ങള്‍ക്കും ഗ്യാസ് മീറ്ററുകൾക്കും ബാധകമായ പുതിയ ലീഗൽ മെട്രോളജി നിയമങ്ങൾ ഔപചാരികമായി വിജ്ഞാപനം ചെയ്തതായി അദ്ദേഹം അറിയിച്ചു. നിയമ നിർവഹണത്തിലും പൊതുസൗകര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന നിർണായക ഉപകരണങ്ങളുടെ നിലവാരം ഉറപ്പാക്കാനും ഈ നിയമങ്ങൾ സഹായിക്കും. കൂടാതെ, ശ്വസന പരിശോധനാ ഉപകരണങ്ങള്‍ക്കും  ഈര്‍പ്പം പരിശോധിക്കുന്ന മീറ്ററുകള്‍‌ക്കും പരിഗണനയിലുള്ള നിയന്ത്രണങ്ങൾ  മേഖലകളിലുടനീളം സുരക്ഷാ മാനദണ്ഡങ്ങളും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്താന്‍ സർക്കാര്‍ കൈക്കൊള്ളുന്ന പ്രതിബദ്ധതയെ അടിവരയിടുന്നു.

കൂടാതെ, നിയന്ത്രണങ്ങുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍  നടപ്പാക്കുന്ന സമയപരിധിയിലെ മാറ്റവും മന്ത്രി പ്രഖ്യാപിച്ചു. ഇനിമുതല്‍ ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) നിയമങ്ങളിലെ എല്ലാ ഭേദഗതികളും ജനുവരി 1 നോ ജൂലൈ 1 നോ ആണ് പ്രാബല്യത്തില്‍ വരിക.  വ്യാവസായിക പങ്കാളികൾക്ക് ഈ ഭേദഗതികള്‍ സ്വീകരിക്കാന്‍ മതിയായ സമയം നൽകുന്നതിന് 180 ദിവസത്തെ പരിവർത്തന കാലയളവ് അനുവദിക്കും. ഇതുവഴി കൂടുതൽ തയ്യാറെടുപ്പിനും നിയന്ത്രണ നവീകരണങ്ങളുടെ സുഗമമായ നടപ്പാക്കലിനും പിന്തുണ ലഭിക്കും.

രാജ്യത്തെ ലീഗൽ മെട്രോളജി മേഖലയുടെ സുസ്ഥിര വളർച്ച കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് (ഡിഒസിഎ) സെക്രട്ടറി ശ്രീമതി നിധി ഖരെ തന്റെ മുഖ്യ പ്രഭാഷണത്തിൽ  പ്രത്യേകം പരാമര്‍ശിച്ചു.  തടസരഹിത അനുവര്‍ത്തനം,  സംവിധാനം മെച്ചപ്പെടുത്തല്‍, വ്യാപാര സംഘടനകള്‍ സ്വമേധയാ പാലിക്കുന്നതിലൂടെ  നിയന്ത്രണങ്ങൾ കൂടുതൽ വ്യവസായ സൗഹൃദമാക്കൽ എന്നിവയുടെ ആവശ്യകത അവർ എടുത്തുപറഞ്ഞു. പരിശോധനയും അളവെടുപ്പ് സംവിധാനങ്ങളും നവീകരിക്കാന്‍ സ്വീകരിക്കുന്ന കർശന നടപടിക്രമങ്ങളോടും ആധുനിക സാങ്കേതികവിദ്യയോടും  ഇന്ത്യ  പ്രകടിപ്പിക്കുന്ന പ്രതിബദ്ധത അവർ ആവര്‍ത്തിച്ചു.  2025 ലെ ലോക അളവുതൂക്ക ദിനത്തോടനുബന്ധിച്ച് ‘എല്ലാ കാലത്തേക്കും, എല്ലാവര്‍ക്കും വേണ്ടി അളവുകൾ’ എന്ന പ്രമേയത്തില്‍ പോസ്റ്ററും പുറത്തിറക്കി.

സിന്ധുനദീതട നാഗരികത മുതൽ മൗര്യ സാമ്രാജ്യം വരെ ഉപയോഗിച്ച നിയന്ത്രിത ഭാര സംവിധാനങ്ങളടക്കം അര്‍ത്ഥശാസ്ത്രത്തില്‍ പ്രതിപാദിച്ച ഇന്ത്യയുടെ സമ്പന്ന അളവുതൂക്ക പൈതൃകത്തിനും ബ്ലോക്ക്ചെയിൻ അധിഷ്ഠിത പിന്തുടര്‍ച്ചാശേഷി,  സോഫ്റ്റ്‌വെയർ പരിശോധന ലാബുകൾ, ഉൾച്ചേര്‍ക്കല്‍ നയ പരിഷ്കാരങ്ങൾ  എന്നിവയടങ്ങുന്ന ഭാവി-സജ്ജമായ ഇന്ത്യയുടെ സമീപനത്തിലും ആഘോഷം ശ്രദ്ധകേന്ദ്രീകരിച്ചു. 
*****

(Release ID: 2130143)