സഹകരണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സഹകരണ ക്ഷീര മേഖലയിലെ സുസ്ഥിരതയും ചാക്രികതയും സംബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന സുപ്രധാന യോഗത്തിൽ അധ്യക്ഷത വഹിച്ചു

' ധവള വിപ്ലവം 2.0' യിലൂടെ, സഹകരണ ക്ഷീര മേഖലയിൽ സുസ്ഥിര വികസനവും ചാക്രിക സമ്പദ്‌വ്യവസ്ഥയും ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

Posted On: 20 MAY 2025 8:27PM by PIB Thiruvananthpuram

സഹകരണ ക്ഷീര മേഖലയിലെ സുസ്ഥിരതയും ചാക്രികതയും സംബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ഒരു സുപ്രധാന യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേന്ദ്ര സഹകരണ വകുപ്പ് സഹമന്ത്രിമാരായ ശ്രീ കൃഷൻ പാൽ ഗുർജാർ, ശ്രീ മുരളീധർ മോഹോൾ, സഹകരണ മന്ത്രാലയ സെക്രട്ടറി ശ്രീ ആശിഷ് ഭൂട്ടാനി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സെക്രട്ടറി ശ്രീമതി അൽക ഉപാധ്യായ, ദേശീയ ക്ഷീര വികസന ബോർഡ് (എൻ‌ഡി‌ഡി‌ബി) ചെയർമാൻ ഡോ. മീനേഷ് ഷാ, നബാർഡ് ചെയർമാൻ ശ്രീ ഷാജി കെ‌വി എന്നിവർ പങ്കെടുത്തു.

IMG_3840 (1).JPG

 "സഹകരണത്തിലൂടെ സമൃദ്ധി" എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നയം അടിസ്ഥാനമാക്കി സഹകരണ ക്ഷീര മേഖലയ്ക്കായി മൂന്ന് പുതിയ ബഹു സംസ്ഥാന സഹകരണ സംഘങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. 'മൃഗങ്ങളുടെ തീറ്റ ഉൽപാദനം, രോഗ നിയന്ത്രണം, കൃത്രിമ ബീജാധാനം' എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ആദ്യത്തെ സഹകരണ സംഘം . രണ്ടാമത്തേത് 'ചാണകം കൈകാര്യം ചെയ്യൽ മാതൃകകൾ വികസിപ്പിക്കുന്നത് ' പ്രോത്സാഹിപ്പിക്കും. മൂന്നാമത്തേത് ' കന്നുകാലികളുടെ മൃതാവശിഷ്ടങ്ങളുടെ ചാക്രിക ഉപയോഗം' പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു .

IMG_3839 (1).JPG

ധവള വിപ്ലവം 2.0 യിലേക്ക് നാം നീങ്ങുമ്പോൾ, ക്ഷീര സഹകരണ സംഘങ്ങളെ വികസിപ്പിക്കുകയും അവയെ കാര്യക്ഷമവും ഫലപ്രദവുമാക്കുകയും ചെയ്യുക മാത്രമല്ല, സുസ്ഥിരവും ചാക്രിക രീതിയിലുള്ളതുമായ ഒരു ക്ഷീര ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം എന്ന് യോഗത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെങ്കിൽ, സഹകരണ സംഘങ്ങളുടെ ഒരു സംയോജിത ശൃംഖല സൃഷ്ടിച്ചുകൊണ്ട് അവയുടെ പ്രവർത്തനങ്ങൾ സഹകരണത്തോടെയും ഏകോപനത്തോടെയും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

 

 

ശാസ്ത്രീയ മാതൃകകളിലൂടെ കാർബൺ ക്രെഡിറ്റുകളുടെ പ്രത്യക്ഷ നേട്ടങ്ങൾ കർഷകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ശ്രീ അമിത് ഷാ വ്യക്തമാക്കി. ക്ഷീര യൂണിയനുകളെയും സഹകരണ സംഘങ്ങളെയും ശക്തിപ്പെടുത്തേണ്ടതിന്റെയും ക്ഷീര പ്ലാന്റുകളിൽ ഭക്ഷ്യ സംസ്കരണം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ശ്രമങ്ങൾ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല, ക്ഷീരമേഖലയെ കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് മനസ്സിലാക്കാനുമാവുമെന്ന് അദ്ദേഹം പറഞ്ഞു .

 

ഗ്രാമീണ വികസനത്തിന്റെ കാതലായ തത്വമാണ് സഹകരണമെന്നും, ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് സുപ്രധാന ഉപജീവനമാർഗ സ്രോതസ്സ് ആയി വർത്തിക്കുന്ന സഹകരണ ക്ഷീര മേഖല ഇതിന് ഒരു മികച്ച ഉദാഹരണമാണെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പ്രസ്താവിച്ചു. പാൽ ഉൽപാദനത്തിലൂടെയും വിപണനത്തിലൂടെയും ക്ഷീര സഹകരണ സംഘങ്ങൾ ഇന്ത്യൻക്ഷീര മേഖലയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുകിട കർഷകർക്ക് സ്ഥിരമായ വിപണികൾ, വായ്പാ സൗകര്യങ്ങൾ, മൃഗചികിത്സ സേവനങ്ങൾ, മൃഗങ്ങളുടെ കൃത്രിമ പ്രജനന രീതികൾക്ക് പിന്തുണ എന്നിവ നൽകുന്നതിലൂടെ ഈ സഹകരണ സംഘങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. അതേസമയം സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിച്ചുകൊണ്ട് അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു.

 

ബഹുമുഖമായ രീതികളിലൂടെ 'സുസ്ഥിരത'യിൽ നിന്ന് നാം ചാക്രികതയിലേക്ക്' ഒരുമിച്ച് സഞ്ചരിക്കേണ്ടതുണ്ടെന്നും സ്വകാര്യ മേഖല ഇന്ന് ചെയ്യുന്ന പ്രവർത്തനങ്ങൾ ഭാവിയിൽ കർഷകരുടെ സ്വന്തം സഹകരണ സംഘങ്ങൾ നിർവഹിക്കുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇതിൽ സാങ്കേതിക സേവനങ്ങൾ, മൃഗ തീറ്റ, മൃഗങ്ങളിലെ കൃത്രിമ ബീജസങ്കലനം, മൃഗരോഗങ്ങളുടെ നിയന്ത്രണം, ചാണകം പ്രയോജനപ്പെടുത്തൽ , ക്ഷീര, കാർഷിക മേഖലകളിലെ ഉൽപന്നങ്ങളുടെ ശേഖരണം മുതൽ സംസ്കരണം വരെയുള്ള പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

 

 " സഹകരണത്തിലൂടെ സമൃദ്ധി " എന്ന കാഴ്ചപ്പാട് ഇന്ന് യാഥാർത്ഥ്യമാകുന്നുണ്ടെന്നും "സഹകരണ സ്ഥാപനങ്ങൾക്കിടയിലെ സഹകരണം" ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അമുൽ പോലുള്ള വിജയകരമായ സഹകരണ മാതൃകകളെക്കുറിച്ച് പരാമർശിക്കവേ കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുമായും പങ്കാളികളുമായും സഹകരിച്ച് സഹകരണ മന്ത്രാലയം ക്ഷീരമേഖലയിലെ ഈ വിജയം മുന്നോട്ട് കൊണ്ടുപോകുക മാത്രമല്ല, ഗ്രാമീണ സഹകരണ സ്ഥാപനങ്ങളെ വികസിപ്പിക്കുകയും അവയെ മറ്റ് പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം സംയോജിത രീതിയിൽ കൈവരിക്കുന്നതിന് ഈ ശ്രമങ്ങളെല്ലാം സഹായകമാകുമെന്ന് ശ്രീ ഷാ പറഞ്ഞു.

 

സഹകരണ മന്ത്രാലയവും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയവും എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ നയരൂപീകരണം, ധനസഹായം, ഗ്രാമതല സഹകരണ സംഘങ്ങളുടെ രൂപീകരണം, അവയെ ബഹുമുഖ ശേഷിയുള്ളതാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. സുസ്ഥിരതയുടെ മേഖലയിൽ എൻഡിഡിബി വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.അവർ വികസിപ്പിച്ചെടുത്ത ജൈവ ഇന്ധനവും , ചാണക പരിപാലന പരിപാടിയും രാജ്യത്തുടനീളം വ്യാപിപ്പിക്കുകയാണെന്നും ഇത് കൂടുതൽ വിപുലീകരിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 ദേശീയ സഹകരണ വികസന കോർപ്പറേഷൻ, ദേശീയ ക്ഷീര വികസന ബോർഡ്, നബാർഡ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ദേശീയ സംവിധാനങ്ങളെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പ്രശംസിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം, ഈ പരസ്പര സഹകരണം തീർച്ചയായും സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും കർഷക കേന്ദ്രീകൃത പദ്ധതികൾ രാജ്യത്തുടനീളം നടപ്പിലാക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

*****

 


(Release ID: 2130108)