ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജനങ്ങൾ ശ്വാസമടക്കി കാത്തിരിക്കുകയാണ്, പണം വന്ന വഴി, അതിന്റെ ഉറവിടം, അതിന്റെ ഉദ്ദേശ്യം, അത് നീതിന്യായ വ്യവസ്ഥയെ മലിനമാക്കിയോ? ആരാണ് വമ്പൻ സ്രാവുകൾ ? എന്നീ കാര്യങ്ങൾ അറിയാൻ

ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച് ഉപരാഷ്ട്രപതി

നിയമവാഴ്ചയാണ് സമൂഹത്തിന്റെ ആധാരശില; എഫ്‌ഐആർ ഇടുന്നതിലെ കാലതാമസം ഉപരാഷ്ട്രപതി ചോദ്യം ചെയ്തു.

Posted On: 19 MAY 2025 8:30PM by PIB Thiruvananthpuram
1991-ലെ കെ. വീരസ്വാമിക്കേസിലെ വിധി പുനഃപരിശോധിക്കാൻ സമയമായെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് പ്രസ്താവിച്ചു. തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, "ഈ അപ്രതിരോധ്യമായ സംരക്ഷണത്തിന്റെ തുടക്കം 1991-ലെ കെ. വീരസ്വാമി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിന്യായത്തിൽ നിന്നാണ്. ഞാൻ വിനയപൂർവ്വം പറയുകയാണ് ….. ഇത് നീതിന്യായ വ്യവസ്ഥയുടെ അതിവിദഗ്ദ്ധമായ ഒഴിഞ്ഞുമാറലാണ്. സാധാരണയായി നിയമനിർമ്മാണ മേഖലയാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഞാൻ പറയുന്നത് ശരിയല്ലേ ? ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും എല്ലാ ശബ്ദങ്ങളെയും നിർവീര്യമാക്കിക്കൊണ്ട് ശിക്ഷയില്ലായ്മയുടെ അനിശ്ചിതത്വം തുടരുന്നു. ഇപ്പോൾ നാം മാറേണ്ട സമയമായിരിക്കുന്നു."

"നീതിന്യായ വ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയുണ്ട്. നമ്മുടെ ജഡ്ജിമാർ നിർഭയമായി തീരുമാനമെടുക്കേണ്ടവരായതിനാൽ അവർ ദുർബലരാകുന്നില്ലെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ആഗ്രഹിക്കാത്ത ശക്തികൾ ദുരപദിഷ്ടമായ പരികൽപ്പനകളിലൂടെ  ജഡ്ജിമാരെ വെല്ലുവിളിക്കുമ്പോൾ, ജഡ്ജിമാർക്ക് അജയ്യമായ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നത് ശരിയാണ്. എന്നാൽ അത് സുതാര്യവും ഉത്തരവാദിത്തപൂർണ്ണവും ത്വരിതവും തുല്യനീതിയെ വെല്ലുവിളിക്കാത്തതുമാകണം. ആശങ്കകൾ ദൂരീകരിക്കുന്ന  ഒരു ആന്തരിക നിയന്ത്രണ സംവിധാനം അനിവാര്യമാണ്."

ഭാരത് മണ്ഡപത്തിൽ ശ്രീ വിജയ് ഹൻസാരിയ എഡിറ്റ് ചെയ്ത 'ദി കോൺസ്റ്റിറ്റ്യൂഷൻ വി അഡോപ്റ്റഡ് (വിത്ത് ആർട്ട്‌വർക്സ്)' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെ ശ്രീ ധൻഖർ ഇപ്രകാരം വ്യക്തമാക്കി, ".......ജനാധിപത്യം നിലനിൽക്കാനും ജനാധിപത്യം പൂവിടാനും ശക്തമായ ഒരു നീതിന്യായ വ്യവസ്ഥ അത്യന്താപേക്ഷിതമാണ്. ഒരു ഒറ്റപ്പെട്ട സംഭവം, മൊത്തം സംവിധാനത്തിന്റെ ശോഭ കെടുത്തുന്നതാണെങ്കിൽ, എത്രയും വേഗം അനിശ്ചിതത്വം നിവാരണം ചെയ്യേണ്ടത് നമ്മുടെ ധാർമ്മികമായ കടമയാണ്. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്. ലോകത്തെമ്പാടും അന്വേഷണം ഭരണനിർവ്വഹണ വിഭാഗത്തിന്റെ ഉത്തരവാദിത്തമാണ്. വിധിനിർണ്ണയമാകട്ടെ ജുഡീഷ്യറിയുടെ അധികാരപരിധിയിൽപ്പെടുന്ന മേഖലയാണ്.

ജനാധിപത്യത്തിൽ നിയമവാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, "നാം ഒരു ഞെട്ടിക്കുന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു. ഡൽഹിയിലെ ലുട്ട്യൻസിൽ ഒരു ജഡ്ജിയുടെ വസതിയിൽ നോട്ടുകെട്ടുകളും പണവും കത്തി നശിച്ചു. ഇതുവരെ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. നമ്മുടെ രാജ്യത്ത് നിയമവാഴ്ചയും ക്രിമിനൽ നീതിന്യായ വ്യവസ്ഥയും ഉണ്ട്. നിയമനിർമ്മാണം ഉൾക്കൊള്ളുന്ന നിയമ മേഖല പരിശോധിച്ചാൽ, ഒരു നിമിഷം പോലും വൈകിപ്പിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. കാരണം അതാണ് നിയമം നിർദ്ദേശിക്കുന്നത്. നിയമവാഴ്ചയാണ് സമൂഹത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനം. ജനാധിപത്യത്തെ പ്രധാനമായും മൂന്ന് തലങ്ങളിൽ നിർവചിക്കേണ്ടതുണ്ട്. ആവിഷ്കാരം, സംവാദം, ഉത്തരവാദിത്തം…… ജനാധിപത്യത്തെ ശരിക്കും പരിപോഷിപ്പിക്കണമെങ്കിൽ, ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ, എല്ലാ സ്ഥാപനങ്ങളെയും ഓരോ വ്യക്തിയെയും ഉത്തരവാദിത്തമുള്ളവരായും നിയമത്തിന് വിധേയപ്പെടേണ്ടവരായും നാം കണക്കാക്കുകയെന്നത് അനിവാര്യമാണ്."

"ഇന്ന് ഞാൻ ഏക ആധികാരിക വ്യക്തി അഥവാ സ്റ്റാൻഡിങ് ഡിറ്റക്ടർ എന്ന നിലയിലല്ല, മറിച്ച് നീതിന്യായവ്യവസ്ഥയുടെ ഒരു കാലാൾപ്പടയാളി എന്ന നിലയിലാണ് ചിന്തിക്കുന്നത്. എന്റെ ജീവിതത്തിലെ നല്ല കാലം മുഴുവൻ ഞാൻ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് ചെലവഴിച്ചത്. ഞാൻ അങ്ങേയറ്റം ഭാഗ്യവാനാണ്. ജുഡീഷ്യറിയുടെ അന്തസ്സിനെ അനതിവിദൂരഭാവിയിൽ ബാധിക്കുന്ന എന്തെങ്കിലും ചെയ്യുകയെന്നത് എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയില്ല. ആ കീഴ്വഴക്കങ്ങൾ പാലിച്ചുകൊണ്ടാണ് ഞാൻ പറയുന്നത്. ഞാൻ നിരന്തരം പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്, കാരണം ശക്തമായ ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ പൗരനും ജനാധിപത്യത്തിന്റെ നിലനിൽപ്പിനും ഏറ്റവും സുരക്ഷിതമായ ഉറപ്പാണ്. ... ദേശീയ താൽപ്പര്യത്തിന്റെ കാര്യത്തിൽ, നമുക്ക് അകത്തുള്ളവരോ പുറത്തുള്ളവരോ ആയി വിഭജിക്കാൻ കഴിയില്ല. ഭരണഘടനാ ബോധവും ചൈതന്യവും വളർത്തുന്നതിൽ നാമെല്ലാവരും ഐക്യപ്പെട്ടിരിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു..

ശാസ്ത്രീയമായ ഒരു ക്രിമിനൽ അന്വേഷണത്തിന്റെ ആവശ്യകതയെക്കുറിച്ച്  ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “ഇത് വെള്ള പൂശപ്പെടുമോ, കാലക്രമേണ ഇല്ലാതാകുമോ എന്നെല്ലാം രാജ്യത്തെ എല്ലാവരും ഇപ്പോൾ ചിന്തിക്കുന്നു. അവർ ശരിക്കും ആശങ്കാകുലരാണ്. മറ്റെല്ലാ വ്യക്തികളുടെയും കാര്യത്തിൽ പ്രവർത്തിക്കുമായിരുന്നതുപോലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ എന്തുകൊണ്ട് പ്രവർത്തനക്ഷമമായില്ല ?
ഭരണഘടനാ പദവി വഹിക്കുന്ന  ആദരണീയരായ രാഷ്ട്രപതിയെയും ഗവർണറെയും സംബന്ധിച്ച് മാത്രമേ പരിരക്ഷയുള്ളൂ. ആ പരിരക്ഷ അവർ പദവി വഹിക്കുന്ന സമയത്ത് മാത്രമാണ്. അതുകൊണ്ട്, ഇന്ന് നാം എന്താണെന്നും നമ്മുടെ ജനാധിപത്യം എന്താണെന്നും നിർവചിക്കുന്ന ഈ സ്ഥാപനത്തിന്റെ അവിഭാജ്യ ഘടകമാണ്. ആളുകൾ ശ്വാസമടക്കി കാത്തിരിക്കുന്ന ഈ പ്രശ്നത്തിൽ, പണം വന്ന വഴി, അതിന്റെ ഉറവിടം, അതിന്റെ ഉദ്ദേശ്യം, അത് നീതിന്യായ വ്യവസ്ഥയെ മലിനമാക്കിയോ? ആരാണ് വമ്പൻ സ്രാവുകൾ തുടങ്ങിയ കാര്യങ്ങൾ നാം കണ്ടെത്തേണ്ടതുണ്ട്.“

“മുഴുവൻ രാജ്യവും ആശങ്കയിലാണ്ടു പോയ ഒരു സംഭവം നടന്നു. മാർച്ച് 14 നും 15 നും ഇടയിലുള്ള രാത്രിയിലായിരുന്നു ആ സംഭവം. 140 കോടി ജനസംഖ്യയുള്ള ഒരു രാഷ്ട്രം അതിനെക്കുറിച്ച് അജ്ഞരായിരുന്നു. ഒരാഴ്ച മുമ്പ് വരെ. നമുക്ക് അറിയാത്ത മറ്റ് എത്ര സംഭവങ്ങൾ നടന്നിട്ടുണ്ടാകുമെന്ന് സങ്കൽപ്പിക്കുക, കാരണം ഓരോ വ്യക്തിയുടെയും.... സത്യസന്ധതയുടെ അത്തരം ലംഘനങ്ങൾ സാധാരണക്കാരെ ബാധിക്കുന്നു. നിയമവാഴ്ചയിലും അർഹതയിലും വിശ്വസിക്കുന്നവരെ ബാധിക്കുന്നു, അതിനാൽ നാം അതിനെക്കുറിച്ച് ഒരു മടിയും കാണിക്കരുത്. നിങ്ങൾ എപ്പോഴും ഓർത്തിരിക്കേണ്ട സുപ്രീം കോടതിയുടെ ആപ്ത വാക്യം, ഞാൻ അത് സദാ കാണാനിടയായിട്ടുണ്ട് - യതോ ധർമ്മസ്തതോ ജയഃ; ധർമ്മം എവിടെയുണ്ടോ അവിടെ വിജയമുണ്ട്. സത്യമേവ ജയതേ,  ഈ കേസിൽ സത്യം വിജയിക്കണം”, അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് അടുത്തിടെ നടത്തിയ പരാമർശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ശ്രീ ധൻഖർ ഇന്ന് പറഞ്ഞു, “രാജ്യത്തെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു കാര്യം ഇന്ന് രാവിലെ ഞാൻ ഓർക്കുകയായിരുന്നു. അത് എന്നെ ബാധിക്കുന്നതല്ല. നിലവിലെ ചീഫ് ജസ്റ്റിസ് പറഞ്ഞു. നാം  പ്രോട്ടോക്കോളിൽ വിശ്വസിക്കണം. രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പറയുന്നു, പ്രോട്ടോക്കോൾ വളരെ പ്രാധാന്യമുള്ളതാണ് . അദ്ദേഹം ഇത് സൂചിപ്പിച്ചപ്പോൾ, അത് വ്യക്തിപരമായിരുന്നില്ല, അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് വേണ്ടിയായിരുന്നു. ഇത് എല്ലാവരും മനസ്സിൽ സൂക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ സ്ഥാനമൊഴിയുമ്പോൾ, എന്റെ പിൻഗാമിയുടെ ഫോട്ടോ ഉണ്ടെന്ന് ഞാൻ ഉറപ്പാക്കും.  ഉദ്യോഗസ്ഥവൃന്ദത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന് നിലവിലെ ചീഫ് ജസ്റ്റിസിനോട് ഞാൻ ശരിക്കും കടപ്പെട്ടിരിക്കുന്നു, പ്രോട്ടോക്കോൾ പാലിക്കുകയെന്നത് അടിസ്ഥാനപരമായ കാര്യമാണ്.”

 
*****************

(Release ID: 2129886)
Read this release in: English , Urdu , Hindi , Tamil